അച്ഛന്റെ സ്‌നേഹം.

അതിനൊരു മറയുണ്ട്. മുഴുവനും ഒരിക്കലും അണപൊട്ടി ഒഴുക്കാറില്ല അവര്‍. മനസ്സിന്റെ ഉള്ളറകളില്‍ എവിടൊക്കെയോ തടയിണകള്‍ കെട്ടിയൊഴുക്കി വിടുന്ന ചെറുചാലുകള്‍ .

എപ്പോഴൊക്കെയോ നമ്മളെ സ്‌നേഹത്തിന്റെ ആ കൈകള്‍ പൊതിയുമ്പോള്‍ അതിലെ സുരക്ഷിതത്വം ആകും അപ്പോഴും മുമ്പില്‍ നില്‍ക്കുന്നത് .

മുന്‍ തലമുറയിലെ കര്‍ക്കശക്കാരനായ, ഉത്തരവുകള്‍ മാത്രം പറയുന്ന അച്ഛനില്‍ നിന്നൊരു പാട് ദൂരം താണ്ടിയിരിക്കുന്നു ഇന്നത്തെ അച്ഛന്മാര്‍.

കൂടെ കളിക്കാനും ചിരിക്കാനും കുസൃതി കാട്ടാനും അവര്‍ കുഞ്ഞുങ്ങള്‍ക്ക് കൂട്ടുകാരാവുമ്പോള്‍ ഒരിക്കലെങ്കിലും ഉള്ളില്‍ പറഞ്ഞിട്ടുണ്ടാവും 'എന്റെ അച്ഛന്‍ എനിക്ക് തന്ന സ്‌നേഹത്തിന്റെ ഇരട്ടി എനിക്ക് എന്റെ കുഞ്ഞിന് പകര്‍ന്നു കൊടുക്കണം എന്ന്'.

അതിനൊരു മറയുണ്ട്. മുഴുവനും ഒരിക്കലും അണപൊട്ടി ഒഴുക്കാറില്ല അവര്‍.

അച്ഛന്റെ സ്‌നേഹത്തില്‍ ഒരു അധികാരമുണ്ട്. എന്റെ മാത്രം എന്നൊരു കരുതല്‍. പലപ്പോഴും എന്റെ സ്വന്തം എന്ന പദം അവര്‍ ഏറ്റവും കൂടുതല്‍ പറയുന്നത് കുഞ്ഞുങ്ങളെ പറ്റി പറയുമ്പോളാകും.

നിലാവ് പോലെ ആണ് അച്ഛന്റെ സ്‌നേഹം. എന്നെങ്കിലും ഒരിക്കല്‍ ഇരുട്ടില്‍ എത്തുമ്പോള്‍ മാത്രം മറനീക്കി പുറത്തു വരുന്ന സ്‌നേഹ വെളിച്ചം.

കാര്‍ക്കശ്യത്തിന്റെ കരിമ്പടം പുതച്ചൊരു ജന്മം അതല്ലേ പല അച്ഛന്മാരും.

ഒരു അടി തന്നാല്‍ അവന്/ അവള്‍ക്കു വേദനിച്ചോ എന്ന് അമ്മയോട് പലവട്ടം ചോദിച്ചു ഉള്ളില്‍ തേങ്ങുന്ന അച്ഛന്‍ .

പിണങ്ങി ഉറങ്ങുന്ന മക്കളെ നോക്കി എനിക്കും ഇന്ന് വിശപ്പില്ലെന്നു പറയുന്ന അച്ഛന്‍. എത്ര ഒക്കെ ഇല്ലായ്മ പറഞ്ഞാലും ഒരു ആഗ്രഹവും ബാക്കി വെക്കാതെ നടത്തി തരുന്ന അച്ഛന്‍. എല്ലാ പരാതികളും തീര്‍ക്കുന്ന ആരോടും പരാതി പറയാത്ത അച്ഛന്‍.

വിവാഹശേഷം പടിയിറങ്ങുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മുഖം കണ്ടിട്ടുണ്ടോ ? 

ആരോ പറഞ്ഞ പോലെ അമ്മയെന്ന സൂര്യന് മുന്‍പില്‍ ഒരിക്കലും ജ്വലിക്കാത്ത അച്ഛനെന്ന നിലാവ്.

അച്ഛന്മാര്‍ കരയുന്നതു നമ്മള്‍ മക്കള്‍ കണ്ടിട്ടുണ്ടാവില്ല. പലപ്പോഴും നമ്മളെ ഓര്‍ത്തു വിങ്ങുന്ന അച്ഛനെ അമ്മ കണ്ടിട്ടുണ്ടാവും .

വിവാഹശേഷം പടിയിറങ്ങുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മുഖം കണ്ടിട്ടുണ്ടോ ? 

മക്കള്‍ ദൂരെ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ വീട്ടില്‍ നിന്ന് അച്ഛന്റെ കണ്മുന്നില്‍ നിന്ന് അകലെയാവുമ്പോള്‍ അവരുടെ കണ്ണ് നിറയാറുണ്ട്. ഗൗരവത്തിന്റെ ആ മുഖമൂടിക്ക് താഴെ അലിവിന്റെ ഒരു മുഖം ഉണ്ട് എല്ലാ അച്ഛന്മാര്‍ക്കും .

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയില്‍ ഫോണിലൂടെ മാത്രം തന്റെ കുഞ്ഞുങ്ങളുടെ കുസൃതി അറിയാന്‍ സ്‌ക്രീനില്‍ തെളിയുന്ന ചിത്രങ്ങളില്‍ വിരലോടിച്ചു സംതൃപ്തി അടയുന്ന ഒരായിരം അച്ഛന്മാരുണ്ട് നമുക്ക് ചുറ്റും.

കണ്ണടച്ചാല്‍ ഇന്നും ചിരിക്കുന്നൊരു മുഖം തെളിയും എന്റെ അച്ഛന്‍ .

ആകാശത്തിനപ്പുറം ഒരു കോട്ടയില്‍ വിരുന്നു പോയ ഒരച്ഛന്‍.