Asianet News MalayalamAsianet News Malayalam

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

Ratheesh Bhasi on Deshantharam
Author
Dubai, First Published Feb 13, 2017, 10:19 AM IST

Ratheesh Bhasi on Deshantharam

ഞാനിപ്പോള്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍. ചെക്കിങ്ങ് കഴിഞ്ഞു. പാസ്  കിട്ടി.. ഇനി സ്വസ്ഥമായ ഒരിടം നോക്കി ഇരിക്കണം. വലിയ തിരക്ക് ഒന്നും ഇല്ലാത്ത ഒരിടം നോക്കി ഞാന്‍ ഇരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് പതിയേ റണ്‍ വയിലേക്ക് നോക്കി നിന്നു. അങ്ങുദൂരെ സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാരക്കെട്ട് ചുമന്ന് പൊങ്ങി പറന്ന് അകലുന്ന വിമാനം. എന്റെ കാഴ്ച്ചകള്‍ അകലങ്ങളിലേക്ക് സഞ്ചരിച്ചു. എന്റെ മനസ് പിന്നിലോട്ടും. വീട്. നാട്. ഉറ്റവര്‍. 

പെട്ടെന്നാണ്, ആരോ എന്റെ ദേഹത്ത് തട്ടി വിളിച്ചു. 'ഹലോ, അനിയാ...'

ചെറുതായി ഒന്ന് ഞെട്ടി. തിരിഞ്ഞു നോക്കി, അപരിചിതനായ ഒരാള്‍. 

'എന്തേ?'-  ഞാന്‍ ചോദിച്ചു.

'അനിയന്‍  ദുബായിലേക്കണോ?'.

അതെ. എന്തേ?. ഉള്ളിലെ അമര്‍ഷം പുറത്ത് കാണിക്കാതെ ഞാന്‍ ചോദിച്ചു.

'ഞാനും ദുബായിലേക്കാണ്'. അയാള്‍ പറഞ്ഞു. 'ആദ്യമായിട്ടാണ് ഞാന്‍ ദുബായിക്ക് പോകുന്നത്. വിസിറ്റ് വിസയി. ഒന്ന് പരിചയപ്പെടാം എന്ന് വിചാരിച്ചു'.

അതിനെന്താ, ചേട്ടന്‍ വാ' ഇരിക്ക്.'

പെട്ടെന്നാണ്, ആരോ എന്റെ ദേഹത്ത് തട്ടി വിളിച്ചു. 'ഹലോ, അനിയാ...'

കുറച്ച് നേരം സംസാരിച്ച് ഞങ്ങള്‍ അവിടെ ഇരുന്നു. അപ്പോഴേക്കും ഫ്‌ളൈറ്റ് പുറപ്പെടാനുള്ള  അനൗണ്‍സ്‌മെന്റ് വന്നു. ഞങ്ങള്‍ വരിവരിയായി അകത്തേക്ക് കയറി.     എയര്‍ ഹോസ്റ്റസ്  യാത്രക്കാരെ സ്വാഗതം ചെയ്തു. ഞാന്‍ എന്റെ സീറ്റ് നമ്പര്‍ നോക്കി ഇരുന്നു. മറ്റുള്ളവരും അവരവരുടെ സ്ഥാനം പിടിച്ചു.  എനിക്ക് അടുത്തുള്ള വിന്‍ഡോ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ആരായിരിക്കും സഹയാത്രികന്‍? ഞാനും ഒന്ന് പരതി. അയാള്‍ വന്നു. നേരത്തെ കണ്ട അതേ മനുഷ്യന്‍. നീരസം മുഖത്ത് കാട്ടാതെ ചെറുതായി ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. ആ ചെറു ചിരി ആ മനുഷ്യനില്‍ വളരെ അധികം  സന്തോഷം ഉളവാക്കി.

'ഹായ് ചേട്ടാ, ചേട്ടന്റെ അടുത്താണോ എന്റെ സീറ്റ!'. 

സന്തോഷത്തോടെ അയാള്‍ ഇരുന്നു. സംസാരം തുടര്‍ന്നു. അയാളുടെ നിര്‍ത്താത്ത സംസാരവും സാന്നിദ്ധ്യവും ഈ യാത്രയില്‍ ഉടനീളം എന്നെ അസ്വസ്ഥനാക്കും. സംസാരത്തിനിടയില്‍ അയാള്‍ ചില മലയാളം വാക്കുകള്‍ തപ്പിതിരയുന്നത് പോലെ.

'ചേട്ടന്റെ സ്ഥലം എവിടെയാ?'-എന്റെ കൗതുകം ചോദ്യമായി.  

അനിയാ, ഞാന്‍ കന്യാകുമാരിയിലാണ്. 

'മലയാളം  നന്നായി സംസാരിക്കുന്നുണ്ടല്ലോ?'-ഞാന്‍ ചോദിച്ചു. 

' ഇരുപത് വര്‍ഷം ബഹറിനില്‍ ആയിരുന്നു. റൂമില്‍ ഉണ്ടായിരുന്നവര്‍ മുഴുവനും മലയാളികള്‍ ആയിരുന്നു. അവരില്‍ നിന്നും പഠിച്ചു. പിന്നെ എന്റെ ഭാര്യ മലയാളി ആണ്. അതിനാല്‍,  കുറച്ച്കൂടി നന്നായി സംസാരിക്കാന്‍ പഠിച്ചു.'

'20 വര്‍ഷം  ബഹറിനില്‍ നിന്നിട്ട് ഒന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ലാ അല്ലേ?'-ഞാന്‍ ചോദിച്ചു. 

'എന്താ സംഭവിച്ചത്?'. 

'ഒന്നും ഉണ്ടാക്കിയില്ല എന്ന് പറയാന്‍ പറ്റില്ല. എനിക്ക്  സ്വന്തമായി ഒരു കാസറ്റ് കട ഉണ്ടായിരുന്നു. ഭാര്യയുമൊത്തു ഞാന്‍ ബഹറിനില്‍ ആയിരുന്നു. ഓരോ പ്രശ്‌നങ്ങള്‍ കാരണം കട നന്നായി നോക്കാന്‍ കഴിഞ്ഞില്ലാ. നന്നായി ഓടിക്കൊണ്ടിരുന്ന ഷോപ്പില്‍ആരും കയറാതായി. കാസറ്റുകള്‍ മാറി സിഡികള്‍ ഇറങ്ങുന്ന സമയമായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ ഞാന്‍  നടന്നു. കടം പെരുകി. വാടകയും റൂം റെന്റും മുടങ്ങി. നാട്ടിലെ  സമ്പാദ്യങ്ങള്‍ ഓരോന്നായി വിറ്റ്  ക്യാഷ്  ഇങ്ങോട്ട്  വരുത്താന്‍തുടങ്ങി. ജീവിതം വഴിമുട്ടി'.

'എന്താ സംഭവിച്ചത്?'. 

'അനിയാ, അതൊക്കെ മറന്നെന്ന് സ്വയം  വിശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ഇനി അതൊക്കെപ്പറഞ്ഞു അനിയനെ ബോറടിപ്പിക്കുന്നില്ല.' 

'ബോറടി!'. ചേട്ടന് തന്നെയറിയാം  യാത്രകളില്‍ ഏറ്റവും കൂടുതല്‍ ബോറടിക്കുന്ന യാത്രയിലാണ് നമ്മളിപ്പോള്‍ചേട്ടന്‍ പറഞ്ഞോളൂ, ബോറടിക്കില്ല.'.  

എന്റെ സംസാരം കേട്ടപ്പോള്‍ അയാള്‍ തുടര്‍ന്നു. 

'അതോടെ എന്റെ പെരുമാറ്റത്തില്‍ മാറ്റം സംഭവിച്ചുതുടങ്ങി. ഇതെല്ലം  കണ്ട് ഭാര്യയ്ക്ക് പേടി തുടങ്ങി'.'അങ്ങനെയിരിക്കെ ആണ് അവള്‍ ഗര്‍ഭിണി ആണെന്ന് അറിയുന്നത്. അതറിയുമ്പോള്‍ എനിക്ക് സന്തോഷമാകുമെന്ന് അവള്‍കരുതി. 

നേര്‍ വിപരീതമായിരുന്നു എന്റെ അവസ്ഥ. എന്റെ ശരീരം വിറക്കാന്‍തുടങ്ങി. കണ്ണുകളില്‍ ഇരുട്ട് കയറി.  ഞാന്‍ റൂമിന് പുറത്തേക്ക് ഇറങ്ങിനടന്നു.ഏറെ ദൂരം നടന്നപ്പോഴാണ് സ്വബോധം തിരിച്ചുകിട്ടിയത്. ഞാന്‍  തിരിച്ചു റൂമിലേക്ക് നടന്നു. അവളുടെ മനസ് വേദനിപ്പിക്കരുത് എന്നെനിക്ക് തോന്നി. എല്ലാം ഉള്ളിലൊതുക്കി ' മാസങ്ങള്‍ തള്ളിനീക്കി. അവളുടെ കാര്യങ്ങള്‍ ഒറ്റക്ക് നോക്കാന്‍ കഴിയില്ല എന്നായപ്പോള്‍ അവളെ നാട്ടിലേക്ക് അയച്ചു. നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ. ഡെലിവറി ഡേറ്റ്  അടുത്തു. ഇനി പത്ത് ദിവസം കൂടി. ഞാന്‍ നാട്ടിലെത്തി. ചെറിയ വേദന അനുഭവപ്പെട്ടതിനാല്‍ നേരത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ചെയ്തു.

എന്നിട്ട്...? എനിക്ക് ആകാംക്ഷ അടക്കാനായില്ല. 

'അന്ന് രാത്രിയില്‍, അവളെ ലേബര്‍ റൂമില്‍ കയറ്റി. ലേബര്‍ റൂമിലേക്ക് കൊണ്ട് പോകുന്നത് കാണുമ്പോള്‍ എനിക്ക് എനിക്ക് പഴയ കാര്യങ്ങള്‍ മനസിലേക്ക് കയറിവന്നു .വീണ്ടും എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നതുപോലെ. എന്റെ അമ്മയും സഹോദരങ്ങളും അടുത്തുണ്ട്. എങ്കിലും എന്റെ മനസ്സിലെ സംഘര്‍ഷം കൂടി വന്നു . പെട്ടെന്ന് ഞാന്‍ അവിടുന്ന്  എണീറ്റ്  എന്തൊക്കയോ സംസാരിച്ച് പുറത്തേക്ക നടന്നു.....

പെട്ടെന്ന് അദ്ദേഹം നിശ്ശബ്ദനായി. കുറച്ചു നേരത്തേക്ക് ഞങ്ങള്‍ക്കിടയില്‍ മൗനം നിറഞ്ഞു. 

എന്നിട്ട്...? 

എനിക്ക് ആകാംക്ഷ അടക്കാനായില്ല. 

അദ്ദേഹം ഒന്നും മിണ്ടാതെ  വിന്‍ഡോയിലൂടെ പുറത്തെ മേഘങ്ങളെ നോക്കിയിരുന്നു.

എന്റെ മനസ് അസ്വാസ്ഥമായിരുന്നു. എന്താണ്  അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത് ?

ഞാന്‍ അദ്ദേഹത്തെ തട്ടിവിളിച്ചു. ചെറിയ ഞെട്ടലോടോ അദ്ദേഹം തിരിഞ്ഞുനോക്കി.ആ കണ്ണില്‍നിന്ന് ഒരിറ്റ് കണ്ണുനീര്‍ എന്റെ കൈകളിലേക്ക് വീണു.  ആ മനസിലെ നീറുന്ന വേദനയുടെ കാഠിന്യം എനിക്ക് മനസിലായി. ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല. 

പൊള്ളുന്നൊരു ജീവിതം എനിക്കു മുന്നില്‍ ചുരുളഴിഞ്ഞു. 

സഹയാത്രികരില്‍ പകുതിപേരും നല്ല സുഖനിദ്രയിലായിരുന്നു. ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല. കണ്ണടച്ചിരുന്നു. 

പെട്ടെന്ന്, അയാളെന്നെ തൊട്ടു. 'അനിയാ..'. 

അദ്ദേഹം സംസാരിച്ചു. പൊള്ളുന്നൊരു ജീവിതം എനിക്കു മുന്നില്‍ ചുരുളഴിഞ്ഞു. 
'
കുടുംബത്തെ പ്രാരാബ്ധത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും  കര കയറ്റാന്‍ ഓരോരുത്തരും സ്വയമേ പ്രവാസം തിരഞ്ഞെടുക്കുകയാണ് ., അതില്‍ ചിലര്‍  ഇവിടുത്തെ പൊള്ളുന്ന ചൂടില്‍ ഉരുകി, ഉരുകി ഇവിടുത്തെ ചുടുമണല്‍ത്തരികളായി  മാറി പോവുന്നു. ചിലര്‍ പാതിവഴി തോറ്റ് മടങ്ങുന്നു. മറ്റു ചിലര്‍ പ്രതിസന്ധികളോട് പൊരുതി ജയിക്കുന്നു. ജയിച്ചവരുടെ കുട്ടത്തില്‍ ആയിരുന്നു അയാള്‍. 

'പ്രവാസത്തില്‍ എത്തുമ്പോള്‍, എന്റെ വീട്ടില്‍ കറണ്ട് ഇല്ല. അടച്ചുറപ്പുള്ള ഒരു മുറിയില്ല. അമ്മയും രണ്ടു പെങ്ങമ്മാരും തനിച്ച്. അച്ഛന്‍ കുഞ്ഞുനാളിലേ ഞങ്ങളെ  ഉപേക്ഷിച്ചു പോയി. അവരെ അവിടെ തനിച്ചാക്കി ഇവിടെ ഈ എസി മുറിയില്‍ കിടക്കുമ്പോള്‍ എനിക്ക് ഉറക്കം വന്നിരുന്നല്ല. ഇരുട്ടത്ത് മണ്ണണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പെങ്ങമ്മാരേയും ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയുടെ മുഖം ഓര്‍ക്കുമ്പോള്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറങ്ങാന്‍  മറന്ന  നാളുകള്‍, അരവയറുമായി  രാപ്പകല്‍ ഇല്ലാതെ അദ്ധ്വാനിച്ചു. വിധിയോട് പൊരുതി സ്വപ്നം കണ്ടതൊക്കെ ഓരോന്ന് ഓരോന്നായി സ്വന്തമാക്കി. നല്ല വീട്. എന്റെ പെങ്ങമ്മാരെ പഠിപ്പിച്ചു നല്ലരീതിയില്‍ കെട്ടിച്ചുവിട്ടു. സ്ഥലം വാങ്ങി. വിജയിയെപ്പോലെ തല ഉയര്‍ത്തി അമ്മയുടെ മുന്നില്‍ ചെന്ന് നിന്നു.

അമ്മ ഒരു സര്‍പ്രൈസ് കാത്തുവെച്ചിരുന്നു. കല്യാണം. അമ്മ തന്നെയാണ് അത് പറഞ്ഞുറപ്പിച്ചത്. അങ്ങനെ വിവാഹം. അധികനാള്‍  ലീവ് ഇല്ലാത്തതിനാല്‍ ഞാന്‍ തിരിച്ച്   ബഹറിനിലേക്ക് പോയി. രണ്ട് മാസത്തിന് ശേഷം ഭാര്യയെയും  കൊണ്ട് പോയി. സന്തോഷമുള്ള ജീവിതം. അങ്ങനെ ഒരു നാള്‍ അവള്‍ ഗര്‍ഭിണിയായി. അതിനിടെ, അവളുടെ ആഗ്രഹപ്രകാരം സ്വന്തമായി ഒരു ഷോപ്പ് ഇട്ടു. പിന്നെ നാട്ടിലെ ആ സ്ഥലം ഞാന്‍ സ്വന്തമാക്കി. അതവളെ ഞാനറിയിച്ചില്ല. പ്രസവശേഷം  ഞങ്ങളുടെ കുഞ്ഞിനെ സാക്ഷിയാക്കി ഈ സമ്മാനം അവള്‍ക്ക് നല്‍കണം എന്ന് എനിക്ക് തോന്നി. നല്ല ചികിത്സ നാട്ടില്‍ കിട്ടുമെന്നതിനാല്‍, അവളെ നാട്ടിലാക്കി . തിരിച്ചുപോയി. കുറച്ചുനേരത്തെ അവളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.ഡെലിവറി ഡേറ്റിനു ഒരാഴ്ച മുമ്പേ ഞാന്‍ നാട്ടിലേക്ക് തിരിച്ചു. 

പൊട്ടിക്കരഞ്ഞു കൊണ്ട് ഞാനവളെ കെട്ടിപ്പുണര്‍ന്നു'.

തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ പതിവില്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിക്കാന്‍ എത്തിയിരുന്നു. അവരുടെ വരവില്‍ എന്തോ അപകടം മണത്തു. 'എന്താ എല്ലാരും കൂടി ?'  ഞാന്‍ ചോദിച്ചു. 'ചെറിയവേദന വന്നതിനാല്‍ മുത്തുലക്ഷ്മിയെ ലേബര്‍ റൂമിലേക്ക് കയറ്റി'-അവര്‍ പറഞ്ഞു. പെട്ടന്ന്  അവര്‍  എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു. രണ്ടാം  നിലയിലെ വരാന്തയുടെ അങ്ങേയറ്റം  കുറേ ആളുകള്‍കൂടി നില്‍ക്കുന്നു. പെട്ടെന്ന് ഞങ്ങളെ തള്ളിമാറ്റിയിക്കൊണ്ട് കുറച്ച് സ്ത്രീകള്‍ ആ ആള്‍ക്കൂട്ടത്തിലേക്ക് നുഴഞ്ഞു കയറി. കയറിയവര്‍ ഓരോരുത്തരായി തലയില്‍ കൈവെച്ചുമടങ്ങുന്നു. എന്താണാ ആള്‍ക്കൂട്ടം എന്നാലോചിച്ചപ്പോള്‍ അമ്മയുടെയും സഹോദരിമാരുടെയും കരച്ചില്‍ കേട്ടു. നടത്തത്തിന്റെ വേഗത നന്നേ കുറഞ്ഞു . കൈകാലുകള്‍ വിറക്കാന്‍തുടങ്ങി. അത്  മനസിലാക്കിയ സുഹൃത്തുക്കളും , ബന്ധുക്കളും എന്റെ കൈയില്‍ മുറുകെപ്പിടിച്ച് ആള്‍ക്കൂട്ടത്തിലേക്ക് എന്നെ നടത്തി. ബോധം മറഞ്ഞതുപോലെ തോന്നി. ഐസിയുവിനകത്ത് ഒരു മൂലയില്‍ നീല തുണികൊണ്ട്  മറച്ച ഒരു ബെഡിലേക്ക് അവര്‍ എന്നെ കൊണ്ടുപോയി. രണ്ട്  നേഴ്‌സുമാര്‍ തുണി രണ്ട് സൈഡിലേക്ക് മാറ്റി. കണ്ണില്‍ ഇരുട്ട് കയറിയിരുന്നു. എനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല. 'പ്രസവത്തോടെ തള്ളയും കുഞ്ഞും നമ്മളെ വിട്ടുപോയി'-ആരോ പറഞ്ഞു. പൊട്ടിക്കരഞ്ഞു കൊണ്ട് ഞാനവളെ കെട്ടിപ്പുണര്‍ന്നു'.

'പുലര്‍ച്ചെ ഞാന്‍  കണ്ണുതുറന്ന് എഴുന്നേറ്റത് മറ്റേതോ ലോകത്തിലേക്കായിരുന്നു.അവിടെ എനിക്ക് മറ്റാരുമുണ്ടായിരുന്നില്ല. ഭാര്യയുടെയും മകളുടെയും മരണാനന്തരകര്‍മ്മങ്ങള്‍ നടക്കുകയായിരുന്നു. അനുസരണയോടെ എല്ലാം കണ്ടുകൊണ്ട് ഞാന്‍ അവിടെ ഇരുന്നു. പതുക്കെ എന്റെ ലോകത്ത് വെളിച്ചം വീണതുപോലെ. ചുറ്റും മുഴങ്ങിക്കേട്ട ശബ്ദങ്ങള്‍ ഇല്ലാതായി. അതുവരെ കൂടെ ഉണ്ടായിരുന്ന നിഴലുകളും ഇല്ലാതായി ഞാന്‍ സ്വാതന്ത്രനായിരിക്കുന്നു'.

ഭാര്യയേയും മകളേയും അടക്കം ചെയ്തിടത്ത് തന്നെ താമസിക്കുകയായിരുന്നു അയാള്‍. എങ്ങും പോയില്ല. കണ്ടുകൊണ്ട് നാട്ടുകാര്‍ അയാളെ ഭ്രാന്തന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അടുത്തേക്ക് ചെല്ലുന്നവരെ അയാള്‍ കല്ലുകള്‍ വാരി ഏറിയും. ദിവസം കഴിയുംതോറും അവസ്ഥ കൂടുതല്‍ വഷളായി.അമ്മ മകനെ കാണാന്‍ ചെന്നു. അവനവരെ കല്ലെറിഞ്ഞു. അവര്‍ അവനെയും എറിഞ്ഞു. അതു ഭക്ഷണപ്പൊതികളായിരുന്നു. അടുത്ത് വന്ന് വീഴുന്നത് പഴങ്ങളും പലഹാരപ്പൊതിയും ആണെന്നയാള്‍ക്ക് ബോധ്യമായി. പതിയെ ഓരോന്നായി എടുത്തു കഴിച്ചുതുടങ്ങി. പതിയെ അയാളുടെ അവസ്ഥ മാറി.  ആ അവസരം അമ്മ ഉപയോഗിച്ചു. അവരവനെ വീട്ടിലേക്ക് കൊണ്ടുവന്നു. അയാള്‍ അരിയാഹാരം കഴിച്ചുതുടങ്ങി. പക്ഷേ, വാരിക്കൊടുക്കണം. അങ്ങനെ ഭക്ഷണം വാരിക്കൊടുത്തുകൊണ്ടിരുന്ന ഒരു ദിവസം ഭാര്യയെയും, മകളേയും അടക്കം ചെയിതിടത്തേക്ക് തന്നെ നോക്കി പൊട്ടിക്കരഞ്ഞു. ആ കാഴ്ച്ച അമ്മക്ക് സമാധാനം നല്‍കി. ഒരു പക്‌ഷേ ഈ ലോകത്തില്‍ ഒരു മകന്‍ കരയുന്നത് കണ്ട്  അമ്മ ചിരിക്കുന്ന അപൂര്‍വ്വ നിമിഷം. മകന്‍ നോര്‍മലാവുന്നു എന്ന തിരിച്ചറിവ്  അമ്മയ്ക്ക് ആശ്വാസം നല്‍കി. 

ഒരു പക്‌ഷേ ഈ ലോകത്തില്‍ ഒരു മകന്‍ കരയുന്നത് കണ്ട്  അമ്മ ചിരിക്കുന്ന അപൂര്‍വ്വ നിമിഷം

എളുപ്പമായിരുന്നില്ല ഒന്നും. എങ്കിലും അയാള്‍ പതിയെ മാറുന്നുണ്ടായിരുന്നു. മറവി ഓരോ മുറിവുകളായി ഉണക്കിക്കൊണ്ടിരുന്നു. വൈകാതെ അവര്‍ കുറച്ച് അകലേക്ക് താമസം മാറ്റി. അമ്മ കൂട്ടിരുന്നു. ഇത്തിരി കഴിഞ്ഞപ്പോഹ അയാള്‍ ബഹറിനിലേക്ക് തിരിച്ചുപോയി. നാട്ടില്‍, അമ്മ വെറുതെയിരുന്നില്ല. അവര്‍ മകനുവേണ്ടി കല്യാണാലോചനകള്‍ തുടങ്ങി. അങ്ങനെ അമ്മയുടെ നാടായ കേരളത്തില്‍നിന്നും ശാലിനി അയാളുടെ വീട്ടിലേക്ക് വന്നു. ആദ്യമവള്‍ സമ്മതിച്ചില്ല. ആദ്യ ഭര്‍ത്താവിന്റെ ക്രൂരപീഡനം കാരണം വിവാഹബന്ധം വേര്‍പിരിഞ്ഞു നില്‍ക്കുകയായിരുന്നു അവള്‍. പിന്ന അമ്മയുടെ നിര്‍ബന്ധത്തിന് അവള്‍ വഴങ്ങി. അധികം താമസിച്ചില്ല കല്യാണത്തിന്. 

അവളാണ് നേരത്തെ പറഞ്ഞ ഭാര്യ. അവള്‍ ആശുപത്രിയിലായപ്പോഴാണ്, പഴയ ഓര്‍മ്മകളില്‍ മുറിഞ്ഞുതറഞ്ഞ് അയാള്‍ ഇറങ്ങിനടന്നത്. 

'അന്ന് ഹോസ്പ്പിറ്റലില്‍നിന്ന് എങ്ങോട്ടേക്കാണ് ഇറങ്ങിപ്പോയത് ?'-ഞാന്‍ ചോദിച്ചു. 

'ആ ഹോസ്പ്പിറ്റലും അന്തരീക്ഷവും കണ്ടപ്പോള്‍ പഴയതൊക്കെ ആവര്‍ത്തിക്കുന്നത് പോലെ തോന്നി. ഞാന്‍ ഇറങ്ങിനടന്നു. നേരം  വെളുത്തപ്പോള്‍ എല്ലാവരും എന്നെ 
അന്വേഷിച്ചു. അമ്മയ്ക്കറിയാമായിരുന്നു മകന്‍ എവിടെയാവുമെന്ന്. പഴയ  കുടുംബവീടിനടുത്തു ആദ്യഭാര്യയുടെയും മകളുടെയും കുഴിമാടങ്ങള്‍ക്കരികെ ഞാന്‍ കിടപ്പുണ്ടായിരുന്നു. അമ്മ പെട്ടെന്ന് തന്നെ, അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു.

അപ്പോഴാണ്  ഹോസ്പിറ്റലില്‍ നിന്ന് ഫോണ്‍ വന്നത്. ഫോണ്‍ എടുത്ത അമ്മ ആ വിശേഷം പറഞ്ഞു. അവള്‍ പ്രസവിച്ചു. രണ്ടു പെണ്‍മക്കള്‍!'. 

അയാള്‍ അമ്മയ്‌ക്കൊപ്പം ആശുപത്രിയിലേക്കു പാഞ്ഞു. 

ഫോണ്‍ എടുത്ത അമ്മ ആ വിശേഷം പറഞ്ഞു. അവള്‍ പ്രസവിച്ചു. രണ്ടു പെണ്‍മക്കള്‍!'. 

'കണ്‍ കുളിര്‍ക്കെ ഞാന്‍ ഭാര്യയെയും മക്കളെയും കണ്ടു. പിന്നീട്, ഒരു നിമിഷം പോലും അവരില്‍ നിന്ന് അകന്നുനിന്നില്ല.  കുട്ടികളുടെ ചിരിയും കളികളും കണ്ട് ഞാന്‍ ദിവസങ്ങളും  മാസങ്ങളും തള്ളിനീക്കി'-അയാള്‍ പറഞ്ഞു. 

അപ്പോഴേക്കും അയാള്‍ സാമ്പത്തികമായി തകര്‍ന്നിരുന്നു. ഒരു പാട് ബുദ്ധിമുട്ടുകള്‍. പല ജോലികള്‍ ചെയ്തിട്ടും രക്ഷ ഉണ്ടായില്ല. അങ്ങനെയാണ് അയാള്‍ ദുബൈക്ക് വരാന്‍ തീരുമാനിച്ചത്. ആ യാത്രയാണിത്. 

വക്കില്‍ ചോര പൊടിയുന്ന ആ നീണ്ട കഥ തീര്‍ന്നപ്പോഴേക്കും ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തിരുന്നു. ഞങ്ങള്‍ വരി വരിയായി പുറത്തേക്കിറങ്ങി.അയാളുടെ നീറുന്ന ജീവിത കഥകേട്ട് ഞാനാകെ വികാരാധീനനായിനിന്നു. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും? എമിഗ്രേഷന്‍ കഴിഞ്ഞ് ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. 

'പാക്കലാം'. പെട്ടെന്ന്, അയാള്‍ പറഞ്ഞു. പിന്നെ തിരിഞ്ഞു നടന്നു.

സമാധാനിപ്പിക്കാനുള്ള വാക്കുകള്‍ക്കായി ഞാന്‍ പരതുന്നതിനിടെ അയാള്‍ പറഞ്ഞു. 'അനിയന് അറിയുമോ, എന്റെ ഈ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതായിരുന്നു ഞാന്‍. ഒരു നിമിഷം എന്റെ അമ്മയുടെ മുഖം എനിക്ക് ഓര്‍മ്മവന്നു.കുട്ടിക്കാലത്ത് അച്ഛന്‍ ഉപേക്ഷിച്ചുപോയപ്പോള്‍ അമ്മ ഞങ്ങളെ എങ്ങനെ പോറ്റിവളര്‍ത്തിയെന്ന് ഞാനോര്‍ത്തു. പിന്നെ, മരിക്കാന്‍ തോന്നിയിട്ടില്ല'. 

അതു കേട്ട് ഞാനപ്പോഴും തളര്‍ന്നു നില്‍ക്കുകയായിരുന്നു. 

'പാക്കലാം'. പെട്ടെന്ന്, അയാള്‍ പറഞ്ഞു. പിന്നെ തിരിഞ്ഞു നടന്നു.

അയാള്‍ക്ക് കോണ്‍ടാക്ട് നമ്പര്‍ ഒന്നുമുണ്ടായിരുന്നില്ല. വിലാസം പോലും വാങ്ങാന്‍ കഴിഞ്ഞില്ല. എന്റെ വിലാസം നല്‍കാനും മറന്നു. അയാള്‍ ഇപ്പോള്‍ എവിടെയാവും എന്നു ഞാനോര്‍ക്കാറുണ്ട്. ദുബായ് നഗരത്തിലൂടെ പായുമ്പോള്‍ വ്യര്‍ത്ഥമായി ഞാനയാളെ തിരയും. കണ്ടിട്ടില്ല. ഒരേ നഗരത്തിന്റെ രണ്ടിടങ്ങളിലായി ഞങ്ങള്‍ ഇപ്പോഴും കഴിയുന്നുണ്ടാവും. ഒരാഗ്രഹമേ ഇപ്പോഴുള്ളൂ. എന്നെങ്കിലും അയാളെ കണ്ടാല്‍, എനിക്കൊന്ന് കെട്ടിപ്പിടിക്കണം!

 

Follow Us:
Download App:
  • android
  • ios