Asianet News MalayalamAsianet News Malayalam

യു.എന്‍ സഹായത്തിന്‍റെ പേരിലുള്ള വിവാദങ്ങളില്‍ കാര്യമുണ്ടോ?

മിക്ക യു.എൻ എജസികൾക്കും സ്വന്തമായി വലിയ ഫണ്ടില്ല. മിക്കതിനെയും ഫണ്ടു ചെയ്യുന്നത് യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളാണ്. യൂറോപ്യൻ രാജ്യങ്ങളുടെ ഫണ്ട് ഒഴുക്ക് കുറഞ്ഞത് കൊണ്ട് പല ഏജൻസികളും സാമ്പത്തിക ഞെരുക്കത്തിലാണ്. പല 'തലവൻ ' മാർക്കും കൂടുള്ളത് രണ്ടോ മൂന്നോ പേരുള്ള ടീം ആണ്. സ്വീഡനോ, നോർവെയൊ കാശു കൊടുത്തില്ലെങ്കിൽ അർദ്ധപട്ടിണിയിലാകും പല ടീമുകളും. 

reality behind united nations help
Author
Thiruvananthapuram, First Published Aug 22, 2018, 6:21 PM IST

കേരളത്തിൽ ദുരന്ത സമയത്ത്,  'യു എന്നി (United Nations)നെ  വിളിക്കൂ' എന്ന് പലരും മുറവിളി കൂട്ടിയത് യു.എൻ സംവിധാനത്തെ കുറിച്ച് അധികം ധാരണയില്ലാത്തതിനാലാണ്. യു.എന്നിൽ ദുരന്ത രക്ഷാപ്രവർത്തനങ്ങൾക്ക് കപ്പാസിറ്റിയുള്ള വിഭാഗങ്ങൾ ഇല്ല. പിന്നെ, വലിയ സാമ്പത്തിക സഹായം നൽകുവാനുള്ള കപ്പാസിറ്റിയും യു.എൻ ഏജൻസികൾക്ക് ഇല്ല. അവർ മിക്കപ്പോഴും OECD (Organisation for Economic Co-operation and Development) രാജ്യങ്ങളിലെ ബൈ ലാറ്ററൽ ഓർഗനൈസേഷനിൽ പ്രൊപ്പോസൽ കൊടുത്ത എന്‍.ജി.ഒകൾ വാങ്ങുന്നത് പോലെ വാങ്ങി പ്രോജക്ട് നടപ്പിലാക്കാറുണ്ട്. കേരളത്തിലെ ഡിസാസ്റ്റർ പ്രിപ്പയഡ്നെസ്സിന് കേരള സർക്കാരുമായി ചേർന്ന് ഒരു കപ്പാസിറ്റി ഡെവലപ്മെന്‍റ് പ്രൊജക്റ്റ്, ഡൽഹിയിലെ UNDP (യുണൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം) കൺട്രി ഓഫീസ് നടപ്പിലാക്കി. ഡോണർ മണി കഴിഞ്ഞതോടെ ആ പ്രൊജക്റ്റ് അവസാനിച്ചു.

യു എന്നിന് ഒരുപാട് പൈസ ഉണ്ട് എന്ന തെറ്റിദ്ധാരണ പോലെയാണ് യു.എൻ ജോലികളെക്കുറിച്ചും മിക്കവർക്കും ധാരണയില്ല. സർക്കാർ ബ്യൂറോക്രസി പോലെയുള്ള ഒരു വെർട്ടിക്കൽ ഹൈരാർക്കിയാണത്. അതുപോലെ, ഒരാൾ യു.എന്നിൽ വല്യ പുള്ളിയാണെന്ന് പറഞ്ഞാൽ അത് മിക്കപ്പോഴും വല്യ പുളുവായിരിക്കും. കാരണം യു.എൻ സംവിധാനത്തിൽ പത്തമ്പത് ഏജൻസിയുണ്ട്. അവിടെ ആര്, എന്ത് പണി, എവിടെ ചെയ്യുന്നു എന്നറിയാതെ വെറുതെ യു.എൻ എന്ന് പറഞ്ഞാൽ പഞ്ചായത്തു മുതൽ പി.എം.ഓ വരെയുള്ളവർ സർക്കാർ ആണെന്ന് പറയുന്നത് പോലെയാണ്. പഞ്ചായത്ത് പ്രസിഡന്‍റിനും ഇന്ത്യൻ പ്രസിഡന്‍റിനും തമ്മിൽ വലിയ അന്തരമുണ്ട്. ഹവിൽ ദാർ മേജറും, മേജറും തമ്മിലും. അല്ലെങ്കിൽ നേവിയിലെ ക്യാപ്റ്റനും, ആർമിയിലെ ക്യാപ്റ്റനും പോലെ.

യു.എൻ എന്ന സംവിധാനത്തെ കുറിച്ച് ഒരു ചെറുവിവരണം

 ഒന്നാമത് മനസിലാക്കണ്ടത് യു.എൻ എന്നു പറഞ്ഞാൽ പടർന്നു കിടക്കുന്ന സർക്കാരിനെ പോലെ ഉള്ളൊരു സെല്‍ഫ് പ്രിസർവിങ്‌ സെറ്റ് അപ് ആണ്. അതിന് പ്രധാനമായും ജനറൽ അസംബ്ലിയും, സെക്രട്ടറിയേറ്റും, സെക്യൂരിറ്റി കൗൺസിൽ, എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ, ട്രസ്റ്റിഷിപ് കൗൺസിൽ, ഇന്‍റർനാഷണൽ ക്രിമിനൽ കോര്‍ട്ട് മുതലായ ആറ് ഓർഗൻസ് ഉണ്ട്. എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനോട് അഫിലിയേറ്റു ചെയ്ത ILO (ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍), FAO (ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍), WHO (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) മുതലായ 17 പ്രത്യേക ഏജൻസികളും, പിന്നെ, യു.എൻ ജനറൽ അസംബ്ലി പാസാക്കിയ റെസല്യൂഷൻ കൊണ്ടുണ്ടാക്കിയ UNICEF പോലുള്ള ഫണ്ടുകളും, UNDP പോലുള്ള വലിയ പ്രോഗ്രാമുകളും, പിന്നെ അനേകം ചെറിയ പ്രോഗ്രാം ഒക്കെയായി ഏതാണ്ടു മുപ്പത് എണ്ണം. പിന്നെ, വേറൊരു പത്തു റിസർച്ച് സെന്‍ററുകൾ. ചുരുക്കത്തിൽ പത്തറുപത് ചെറുതും വലുതുമായ ഏജൻസികൾ ചേർന്നുള്ള ഒരു നെറ്റ് വർക്കാണ് സംവിധാനം

അവിടെ, ബഹുഭൂരിപക്ഷവും സർക്കാർ ഉദ്യോഗസ്ഥരെപ്പോലെയാണ്. വെളിയിൽ നിൽക്കുന്നവർക്ക് വലിയ ഗ്ലാമർ ആണെന്ന് തോന്നും. അങ്ങനെ തോന്നുന്നത് മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്. ഞങ്ങൾ പലരെയും പോലെ, അകത്ത് കയറി പണി ചെയ്തവർക്ക് ഈ ഗ്ലാമറെല്ലാം വെറും ഷോ ആണെന്ന് അറിയാം. നാട്ടിൽ ഒരാൾ യു.എന്നിൽ ക്ലർക്ക് ആയാലും, സെക്ഷൻ ഹെഡ് ആയാലും ഒക്കെ വൻകക്ഷികളായി ചിലർ കരുതും. യു.എന്നിൽ പ്രൊഫഷണൽ ഗ്രേഡ്‌ പി 1 മുതൽ, പി 5 വരെ ഉണ്ട്. ഇത് മധ്യലെവൽ ഗ്രേഡുകളാണ്. പിന്നെ ഡി 1,(P6),D2 എന്നീ ഡയറക്ടർ ഗ്രേഡാണ്. അതുകഴിഞ്ഞ് അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ, അണ്ടർ സെക്രട്ടറി ജനറൽ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, സെക്രട്ടറി ജനറൽ എന്നിവയാണ് ശ്രേണി. ഇതിൽ D2 മുതലുള്ളവ മിക്കപ്പോഴും പൊളിറ്റിക്കൽ നിയമനമാണ്. അത്, അതാത് സർക്കാരിന്‍റെ ശുപാർശയുണ്ടെങ്കിലേ സാധാരണ കിട്ടാറുള്ളൂ.

യു.എൻ സംഘടനകളിൽ വലുത് UNDP,UNICEF,UNHCR, UN women എന്നിവയാണ്. അതു കൂടാതെ UN Habitat, UNDF,UNEP മുതലായ ചിന്ന ഏജന്‍സികൾ പത്തു മുപ്പത് ഉണ്ട്. അതിലും ചിന്ന യു.എൻ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സോഷ്യൽ റിസര്‍ച്ച് ഉണ്ട്.  ഇതെല്ലം കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ തെറ്റി ദ്ധരിക്കപ്പെടാം. 

ശശി തരൂർ 23 വയസ്സിൽ യു.എൻ റെഫ്യൂജി ഓർഗനൈസേഷനിൽ ഇന്‍റേൺ ആയി, വിയറ്റ്നാമിലെ അഭയാർത്ഥി പ്രവാഹത്തെ മാനേജ് ചെയ്യാൻ സിംഗപ്പൂരിൽ അന്നുള്ള ഒരു യൂണിറ്റിൽ കയറിയതാണ്. അന്ന് ഇന്‍റേണികള്‍ക്ക് പി 1 ലെവലിൽ ജൂനിയർ റെഫ്യൂജി ഓഫീസർ ആകുവാൻ അവസരമുണ്ടായിരുന്നു. ഇന്ന് യു.എന്നിൽ ഇന്‍റേൺ ആയാൽ കാശും കിട്ടില്ല. ജോലി കിട്ടാൻ സാധ്യത ഇല്ല. അന്ന്, UNHCR ഇൽ ജോലി ചെയ്തിരുന്ന കോഫീ അണ്ണന്‍റെ ടീമിൽ ആയത് കൊണ്ട് കോഫി എസ്. ജി ആയപ്പോൾ ശശി തരൂരിന് ഡബിൾ ജംപ് പ്രൊമോഷൻ കിട്ടി യു.എസ്.ജി ആയി. അങ്ങനെ, ഏതാണ്ട് 28 കൊല്ലം കഴിഞ്ഞാണ് അദ്ദേഹം അവിടം വിട്ടത്. 

യു.എൻ മെയിൻ ഓർഗൻസിന് ഒരോ അംഗരാജ്യവും വാർഷിക വരിസംഖ്യ കൊടുക്കും. അതിൽ 22% കൊടുക്കുന്നത് അമേരിക്കയാണ്. പിന്നെയുള്ളത് ജപ്പാൻ, ജർമ്മനി, ചൈന എന്നിവയാണ്. ചൈനയുടെ പത്തിലൊന്നു കൊടുക്കുന്ന ഇന്ത്യ 25 ആം സ്ഥാനത്താണ്.

മിക്ക യു.എൻ എജസികൾക്കും സ്വന്തമായി വലിയ ഫണ്ടില്ല. മിക്കതിനെയും ഫണ്ടു ചെയ്യുന്നത് യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളാണ്. യൂറോപ്യൻ രാജ്യങ്ങളുടെ ഫണ്ട് ഒഴുക്ക് കുറഞ്ഞത് കൊണ്ട് പല ഏജൻസികളും സാമ്പത്തിക ഞെരുക്കത്തിലാണ്. പല 'തലവൻ ' മാർക്കും കൂടുള്ളത് രണ്ടോ മൂന്നോ പേരുള്ള ടീം ആണ്. സ്വീഡനോ, നോർവെയൊ കാശു കൊടുത്തില്ലെങ്കിൽ അർദ്ധപട്ടിണിയിലാകും പല ടീമുകളും. 

അതുകൊണ്ട് UN പൈസ കൊണ്ടു വരും, സാമ്പത്തിക സഹായം ചെയ്യും എന്നതൊക്കെ 'എല നക്കി നായയുടെ ചിറി നിക്കി നായ് ' എന്ന് പറഞ്ഞത് പോലെയാണ്. പിന്നെ ഉള്ളത് ടെക്നിക്കൽ അഡ്വൈസ് ആണ്. അതിന് ചിന്ന രാജ്യങ്ങളിൽ വല്ല കാര്യവുമുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇഷ്ടം പോലെ ടെക്നിക്കൽ കപ്പാസിറ്റിയുണ്ട്. പിന്നെ, തിരുവന്തപുരത്തും, ഡൽഹിയിലും അഡ്വവൈസർമാരെ തട്ടിയിട്ട് നടക്കാൻ വയ്യ. ചിലപ്പോൾ 'മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്' ചമയുമെങ്കിലും ഇന്ത്യൻ സർക്കാർ ഗൗനിക്കില്ല. അതിന് ഒരു കാരണം സീനിയർ സിവിൽ സർവൻറ്സ് അവരുടെ കളത്തിൽ കയറി മേയാൻ വന്നാൽ അപ്പം പണി കൊടുത്ത് ഒതുക്കും. ഇന്ത്യയിലെ മിക്ക ഐ.എ.എസ്സുകാർക്കും UN ടാക്സില്ല. ഡോളർ വാങ്ങുന്നവരോട് അൽപം കലിപ്പും ഉണ്ട്. അതുകൊണ്ട് എന്‍റെ യു.എൻ യാത്രകളിൽ ഇന്ത്യയെ ഒഴിവാക്കി ഭൂട്ടാനിൽ പോയാൽ അല്പം റിലാക്സേഷൻ ഒക്കെയുണ്ടായിരുന്നു.

സഹായമെങ്ങനെ

ടെക്നിക്കൽ കപ്പാസിറ്റിയാണ് മിക്ക യു.എൻ ഏജൻസികള്‍ക്കും തരാനാകുന്നത്.  ടെക്നിക്കൽ കപ്പാസിറ്റി എന്ന് പറഞ്ഞാൽ ചില മേഖലകളിൽ വൈദഗ്ധ്യം ഉള്ള ആളുകളുടെ സഹായവും, അല്പം സാമ്പത്തിക സഹായവും, ചിലപ്പോൾ ചില എക്യുപ്മെന്‍റ് വാങ്ങാനുള്ള സഹായവുമാണ്. ഇത്, ചെറിയ രാജ്യങ്ങൾക്കും, വലിയ കപ്പാസിറ്റി ഇല്ലാത്ത രാജ്യങ്ങൾക്കും പ്രയോജനകരമാണ് . യു.എൻ.ഡി.പി ഇന്ത്യക്ക് ചെയ്ത ഏറ്റവും വലിയ സഹായങ്ങളിൽ ഒന്ന് ഇവിടെ ഐ.ടി പ്രോഗ്രാമിന് നാഷണൽ ഇൻഫർമേഷൻ സിസ്റ്റവും സിഡാക്ക് പോലുള്ളതിന്‍റെ വളരെ മുന്നേ ഉള്ള തുടക്കമാണ്. അന്ന്, ഇന്ത്യക്ക് ആദ്യമായി കംപ്യൂട്ടിങ് കപ്പാസിറ്റിക്ക് വിദഗ്ധ സഹായവും കമ്പ്യൂട്ടറുകളും അമേരിക്കയുടെ സഹായത്തോടെ UNDP നൽകി. എന്നാൽ, ഇന്ന് ലോകമാകമാനം ഇന്ത്യയാണ് ഈ ടെക്നിക്കൽ കപ്പാസിറ്റിയുടെ മുൻനിരയിൽ. ചുരുക്കത്തിൽ ദുരന്ത നിവാരണത്തിൽ ഉൾപ്പെടെ യു.എൻ ടെക്നിക്കൽ കപ്പാസിറ്റിയെക്കാൾ അധികം കപ്പാസിറ്റി ഇന്ത്യക്ക് ഉണ്ടെന്നതാണ് വാസ്തവം .

യു.എൻ ഏജൻസി ദുരന്ത വിദഗ്‌ദ്ധരെക്കാൾ എത്രയോ മടങ്ങ് പ്രായോഗിക വൈദഗ്ധ്യം ഉള്ളവർ ഇന്ത്യയിലും കേരളത്തിലും ഉണ്ടെന്ന് എനിക്ക് നേരിട്ടറിയാം. ദുരന്ത നിവാരണ രംഗത്ത് ലോകനിലവാരത്തിൽ പ്രായോഗിക ടെക്നിക്കൽ കപ്പാസിറ്റിയുള്ള ഒരുപാട് പേരുണ്ട്. അവർ സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്തത് കൊണ്ട് അവരെ പലരെയും ഇവിടെ ആർക്കും അറിയില്ല. ഉദാഹരണത്തിന് കണ്ണൂർക്കാരൻ ഡോ. പി.വി ഉണ്ണികൃഷ്ണനാണ് ഈ രംഗത്ത് 25 കൊല്ലത്തിൽ കൂടുതൽ ദേശീയ-അന്തർ ദേശീയ പ്രായോഗിക വിദഗ്ധൻ. രണ്ടു ദശകങ്ങൾക്കു മുന്നേ 'ഇന്ത്യ ഡിസാസ്റ്റർ റിപ്പോർട്ടി'ന്‍റെ ഓതർ . പക്ഷെ ഉണ്ണി വളരെ ലോ പ്രൊഫൈൽ ആണ്. തള്ളൽ വിദഗ്ധനല്ല. ഫേസ്ബുക്കിലില്ല. ഉണ്ണി മെൽബോണിൽ നിന്ന് കേരളത്തിൽ വന്ന് ദുരിതാശ്വാസ ക്യാംപുകളിൽ ആണെന്ന് എത്ര പേർക്കറിയാം? അതുപോലെ, ഇപ്പോഴത്തെ റിലീഫ് കമീഷണർ പി.എച്ച് കുര്യന് ഒറീസയിലും ദുരന്ത നിവാരണത്തിൽ നേരിട്ട് പരിചയം ഉണ്ടെന്ന് എത്ര പേർക്കറിയാം? നാഷണൽ ഡിസാസ്റ്റർ അതോറിറ്റി മെമ്പറായിരുന്ന വിനോദ് മേനോനെ എത്ര പേർക്കറിയാം? ഈ രംഗത്ത് യു.എന്നിൽ ഉള്ള ആളുകൾക്ക് ട്രെയിനിങ് കൊടുക്കുന്നത് ഇന്ത്യയിൽ നിന്നുള്ള സിവിൽ സർവെന്‍റ്സും ഇന്ത്യൻ എൻ.ജി.ഓകളിൽ ഉള്ള വിദഗ്ധരുമാണ്. 

ഞാൻ നേത്വത്വം നൽകിയിരുന്ന 30 മില്യൻ വാർഷിക ബജറ്റ് ഉണ്ടായിരുന്ന UNDP ഗ്ലോബൽ പ്രോഗ്രാം ഡി.എഫ്.ഐ.ഡി, (യുകെ ) സ്വീഡൻ, നോർവേ, ഈ യു , തുടങ്ങിവരുടെ കണ്‍സോഷ്യം ഫണ്ട് ആയിരുന്നു . ഞങ്ങളുടെ പണി ഗവേണന്‍സ് അസസ്മെന്‍റ് കപ്പാസിറ്റി സപ്പോർട് ആയിരുന്നു. പല രാജ്യങ്ങൾക്കും ഗവേണന്‍സ് ഡാറ്റ ബേസ് ഇല്ലാത്തപ്പോൾ അവരുടെ പ്ലാനിങ്, സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്‍റുകളെ സഹായിക്കുകയും ഉപദേശിക്കുകയും ആയിരുന്നു പണി. അതിന് ഞങ്ങൾ ഒരു മില്യൺ കൊടുത്താൽ സർക്കാർ ഒരു മില്യൺ ഇടണം. ഈ ഒരു മില്യൺ (ആറു കോടി രൂപ )ഇന്ത്യയെ സംബന്ധിച്ച് 'ആനവായിൽ അമ്പഴങ്ങ' എന്നത് പോലെയായിരുന്നു. ഞങ്ങളെക്കാളും കപ്പാസിറ്റിയും, പതിന്മടങ് ബജറ്റുമുള്ള പ്ലാനിങ് കമ്മീഷന് (പണ്ട്, രണ്ടു കൊല്ലം അവിടെ ഗവേണന്‍സ് വർക്കിങ് ഗ്രൂപ് മെമ്പർ ആയതിനാൽ നേരിട്ട് അറിയാം ) ഞങ്ങളുടെ ടെക്നിക്കൽ സപ്പോർട് ആവശ്യമില്ലായിരുന്നു .

അതുകൊണ്ട് സൗത്ത് ഏഷ്യയിൽ ഞങ്ങൾ സപ്പോർട്ട് ചെയ്ത് ഭൂട്ടാന്‍റെ ഹാപ്പിനെസ്സ് ഇൻഡക്സ് ആയിരുന്നു. അതുമാത്രമല്ല ഡാറ്റ മാനേജ്മെന്‍റിലും, ഇന്‍റികേറ്റേഴ്സിലും , സ്റ്റാറ്റിസ്റ്റിക്സിലും എല്ലാം യു.എൻ കപ്പാസിറ്റിയെക്കാൾ വളരെ അധികമാണ് ഇന്ത്യാ ഗവൺമെന്‍റ് കപ്പാസിറ്റി. റിമോട്ട് സെൻസിംഗ് മുതലായവയിൽ യു.എൻ ഏജൻസികളിൽ വിദഗ്ദ്ധരുണ്ട്. പക്ഷെ, ഇന്ത്യയിൽ അതിന് കപ്പാസിറ്റിയുണ്ട്. ചുരുക്കത്തിൽ, വലിയ ടെക്നിക്കൽ കപ്പാസിറ്റിയും സാമ്പത്തിക ബജറ്റും ഒക്കെയുള്ള രാജ്യങ്ങളിൽ യു.എന്നിന് റോള് കുറവാണ് .

ഇന്ത്യയിലെ യു.എൻ ഏജൻസികളുടെ ടോട്ടൽ ബജറ്റ് അത്ര വലുതല്ല. കേരളത്തിന്‍റെ ഒരു ഡിപാർട്മെന്‍റ് ബജറ്റിലും കുറവ് . അതിൽ തന്നെ, സർക്കാരുകളെ പോലെ കൂടുതൽ ബജറ്റ് ശമ്പളത്തിനും മറ്റുമാണ്. ഇന്ത്യയിൽ, പല സംസ്ഥാനങ്ങളിലും സജീവമായത് UNICEF ആണ്. ഒരു പരിധിവരെ UNDPയും UN women,WHO,ILO എന്നിവയ്ക്കും പ്രോഗ്രാമുകൾ ഉണ്ട്. പക്ഷെ, ബജറ്റ് കാര്യമായുള്ളത് UNICEFഇനും UNDPക്കുമാണ്. അതിൽ തന്നെ ഗണ്യഭാഗം ബൈ ലാറ്ററൽ ഡോണർ ഫണ്ടഡ് ആണ് .

(ലേഖകൻ യു  എൻ  ഹ്യൂമൻ  റൈറ്റ്സ് കൗൺസിൽ അക്രെഡിറ്റെഷനുള്ള ഫോറം ഏഷ്യ എന്ന അന്താരാഷ്ട സംഘടനയുടെ സി ഇ ഒ ആണ്. നേരത്തെ യും  യു ഏൻ ഡി പി ഗ്ലോബൽ ഡെമോക്രാറ്റിക് ഗവേണൻസ് അസെസ്മെന്റ് പ്രോഗ്രാം ഡയറക്റ്റർ,  ആക്ഷൻ എയ്ഡ് ഇന്റർനാഷനലിന്റെ ഇന്റർ നാഷണൽ ഡയറക്റ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്). 

Follow Us:
Download App:
  • android
  • ios