Asianet News MalayalamAsianet News Malayalam

അറിയുമോ, ആര്‍ത്തവത്തുണി ഇല്ലാത്തതിനാല്‍ മണ്ണുപയോഗിക്കുന്ന സ്ത്രീകളെ!

Reality  Of Menstruation In Rural India
Author
Thiruvananthapuram, First Published Jan 25, 2018, 5:22 PM IST

പത്തോ പന്ത്രണ്ടോ വയസിൽ വിവാഹിതയാവുക, ഇരുപത് വയസിൽ രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയാവുക, മുപ്പത് വയസിൽ അമ്മൂമ്മയാവുക . വർത്തമാനകാലത്തെ മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയില്ല ഇത്. പക്ഷെ ഭൂരിഭാഗം ഇന്ത്യൻ ഗ്രാമങ്ങളിലേയും അവസ്ഥ ഇതാണ്. ഗ്രാമീണ മേഖലയിലെ സ്തീകള്‍ക്കും കൂട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സീറോ ഫൗണ്ടേഷന്റെ സ്ഥാപകനും മുഴുവന്‍ സമയ പ്രവര്‍ത്തകനുമായ നാസര്‍ ഗ്രാമീണ പെൺജീവിതങ്ങളെ പറ്റി എഴുതുന്നു.  ഇപ്പോൾ പശ്ചിമ ബംഗാളിലെ നോർത്ത്  പർഗാനസ് ജില്ലയിലെ ചക്ല എന്ന ഗ്രാമത്തിലാണ് നാസര്‍. ഈ ഗ്രാമത്തില്‍നിന്ന് നാസര്‍ അനുഭവിച്ചറിഞ്ഞ ജീവിതങ്ങളെ കുറിയ്ക്കുകയാണ് ഇവിടെ...

Reality  Of Menstruation In Rural India

ഓരോ മഞ്ഞുകാലവും പലതരം അനുഭവങ്ങൾ സമ്മാനിച്ചാണ് കടന്നു പോവുക. പൂത്തുനിൽക്കുന്ന കടുകുപാടങ്ങൾ , മൺപാതകൾ, മാവിൻ തോപ്പുകൾ അങ്ങനെ ഭംഗിയുള്ള കാഴ്ചകളേറെയുണ്ട്. പ്രഭാത കാഴ്ചകൾ അതി ഗംഭീരമാണ്. പൂർണ നിലാവിൽ കടുകുപാടങ്ങൾക്ക് നടുവിലൂടെ സൈക്ലിംഗ്
 ചെയ്യുന്നത് ഞാൻ ഏറ്റവും ആസ്വദിക്കുന്ന ഒന്നാണ്.

നിലാവിൽ നിശബ്ദമായി സൈക്കിളിൽ പോകുമ്പോൾ, ചുറ്റിലുമുള്ള കടുകുപാടങ്ങളുടെ നേരെ നോക്കി നിൽക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്, ഞാനൊരു മനുഷ്യനാണോ അതോ ഏതോ നാടോടി കഥയിലെ കഥാപാത്രമാണോ എന്ന്. ഈ ജീവിതത്തിന്നിടയിലും എന്റെ ചുറ്റുമുള്ള മനുഷ്യരുടെ ദയനീയ ജിവിതങ്ങളെ തണുപ്പുകാലം എങ്ങനെയാണ് കഷ്ടപ്പെടുത്തുന്നത് എന്നതും എന്നെ സങ്കടപ്പെടുത്താറുണ്ട്.

ഇവിടെ വന്ന കാലം മുതൽ മഞ്ഞുകാലത്ത് ഞങ്ങൾ ധാരാളം വസ്ത്രങ്ങൾ വിതരണം ചെയ്യാറുണ്ട്. ധാരാളം സുഹൃത്തുക്കൾ അതിന്റെ ഭാഗമായി ഉപയോഗിക്കാൻ കഴിയുന്ന പഴയ വസ്ത്രങ്ങൾ അയച്ചുതരികയോ പുതിയവ വാങ്ങി നൽകാനുള്ള പണം തരികയോ ചെയ്യാറുണ്ട്. ഇത്തവണയും ധാരാളം സുഹൃത്തുക്കൾ വസ്ത്രങ്ങളയച്ചു തന്നു. അതെല്ലാം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണ് അതിവിചിത്രമായ അനുഭവങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത്.

ഞാനൊരാണായതു കൊണ്ടും ഗ്രാമീണ സംസ്കാരത്തിന്റെ നിശബ്ദമായ കാര്യങ്ങളിൽപ്പെട്ടതായതുകൊണ്ടും പെൺകുട്ടികളുടെ ജീവിതം,  പ്രത്യേകിച്ച് അവരുടെ അടിവസ്ത്രം, ആർത്തവം എന്നിവയൊക്കെപറ്റി കാര്യമായി ചിന്തിക്കാറില്ലായിരുന്നു. ഗ്രാമങ്ങളിലെ സ്ത്രീകൾ തീണ്ടാരി തുണി ഇല്ലാത്തതു കൊണ്ട് മണ്ണ് ഉപയോഗിക്കുന്നു എന്നൊക്കെ ചിലപ്പോഴൊക്കെ കേട്ടിട്ടുണ്ടെങ്കിലും അത്ര കാര്യമാക്കിയിരുന്നില്ല.

ഇത്തവണ വന്ന വസ്ത്രങ്ങൾ തരം തിരിക്കുന്നതിതിനിടയിൽ പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ മാറ്റി വയ്ക്കുമ്പോഴാണ് പെൺകുട്ടികളുടെ ഇത്തരം ജീവിതത്തെ കുറിച്ച് കാര്യമായി ആലോചിച്ചത്. ആണുങ്ങൾ ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല, അറിയാറുമില്ല. കടകളിൽ വിൽക്കുന്ന സാനിറ്ററി നാപ്കിനുകൾ വല്ലപോഴും വാങ്ങുന്നതൊഴിവാക്കിയാൽ ആണുങ്ങൾ ഇതിനെ പറ്റി ചിന്തിക്കാറേ ഇല്ല. ഇത്തരം കാര്യങ്ങള്‍ സ്വന്തം ഭാര്യമാർ പോലും വളരെ കുറച്ചുമാത്രമാണ് ഭർത്താക്കൻമാരോട് പറയുക.

അത്യാവശ്യ കാര്യങ്ങൾ പോലും പങ്കുവയ്ക്കാത്ത പെണ്ണുങ്ങളാണ് അധികവും. ചെറിയ പ്രശ്നങ്ങൾ പോലും ഡോക്ടറോടുപോലും പറയാതെ അതിഭീകരമായ അവസ്ഥയിലെത്തുന്ന ധാരാളം കേസുകൾ ഈ ഉള്ളവൻ കണ്ടിട്ടുണ്ട്. ഗുഹ്യ രോമം വടിച്ചു കളയണം എന്ന് സ്വന്തം ഭർത്താവിനോട് പറയാൻ മടിച്ച് വീട് വിട്ടു പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ പോയ ഭർത്താവിന്റെ കൂട്ടത്തിൽ പോയ ഒരാളുടെ ഓർമകളുണ്ട്.വളരെയേറെ നീണ്ട സംഭാഷണങ്ങൾക്ക് ശേഷമാണ് ഭാര്യ വീട് വിടാനുണ്ടായ കാരണം മനസിലായത്. അവളെ തിരികെ കൊണ്ടുവരും നേരം പട്ടണത്തിലെ കടയിൽ നിന്നും മുന്തിയ ഇനം ഡ്രിമ്മർ ആണ് അയാൾ ആ ദമ്പതികൾക്ക് സമ്മാനിച്ചത്.

അയല്‍പക്കത്തെ യുവാവിന്റെ പഴയ ജീൻസ് കീറി 'തീണ്ടാരി തുണിയാക്കി, ഒടുവില്‍ പ്രണയിച്ച് അയാളെ തന്നെ വിവാഹം കഴിച്ച പെണ്‍കുട്ടി

എങ്ങനെയാണ് ആർത്തവ ദിനങ്ങളിൽ മണ്ണ് ഉപയോഗിക്കുന്നത്...
ആർത്തവ ദിനങ്ങളിൽ ഉപയോഗിക്കാനുള്ള തുണി കുറവായിരിക്കും . കൂടുതൽ ബ്ലീഡിങ് ഉള്ള പെണ്ണുങ്ങൾ അപ്പൊ ഉള്ള തുണിയിൽ ഇത്തിരി മണ്ണ് ചേർത്ത് മടക്കി എടുക്കും. മണ്ണ് രക്തം വലിച്ചെടുക്കുമല്ലോ. ശ്രദ്ധയോടെ ചെയ്യെണ്ടതാണ് അല്ലെങ്കിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടും. പിന്നെ ആ തുണി കഴുകി വീണ്ടും ഉപയോഗിക്കും .

അത്യാവശ്യം പഠിപ്പും വാങ്ങാൻ പണവും ഉള്ളവർ നല്ല അടിവസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും വാങ്ങും . അല്ലാത്തവർ അടിവസ്ത്രങ്ങൾ ഉപയോഗിക്കാറില്ല, ആർത്തവകാലത്താകട്ടെ വെറും തുണി ഉപയോഗിക്കും. സാനിറ്ററി നാപ്കിനുകൾ വാങ്ങുന്ന മരുമക്കളെ പരിഷ്കാരികളും ആഢംബര ഭ്രമം ഉള്ളവരുമായി കാണുന്ന അമ്മായിഅമ്മമാരെ ഗ്രാമീണ ജീവിതത്തിലെ ഉള്ളറകളിൽ ധാരാളം കണ്ടെത്താൻ കഴിയും .എന്റെ മകന്റെ എത്ര പണമാണവൾ തീണ്ടാരി തുണി വാങ്ങി നഷ്ടപ്പെടുത്തുന്നത് എന്ന് പറഞ്ഞു ആ സ്ത്രീകൾ നിശബ്ദമായും ചിലപ്പോൾ ഉറക്കെയും ആവലാതിപ്പെടും. അതുപോലെ വീട്ടിൽ കുളിമുറി വേണം, കക്കൂസ് വേണം എന്നുപറയുന്ന മരുമക്കളെ കുറിച്ചും അമ്മായിഅമ്മമാർ ഇത് തന്നെയാണ് പറയുക.

താൻ ആദ്യമായി ഋതുമതി ആയപ്പോൾ വീട്ടിൽ തുണി ഇല്ലാതെ വന്നതും അയല്‍പക്കത്തെ യുവാവിന്റെ പഴയ ജീൻസ് കീറി 'തീണ്ടാരി തുണി ആക്കി അമ്മ നൽകിയതും ഒരു യുവതി നാണത്തോടെ വെളിപ്പെടുത്തി. ആ ജീൻസ് തീണ്ടാരി തുണി ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു . ആ യുവാവിനെയാണ്പിന്നീട് ആ പെൺകുട്ടി വിവാഹം കഴിച്ചത് . അവരിപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു.

കല്യാണത്തിന് കടം വാങ്ങിയ ബ്രാ ഇട്ടു പോകുന്ന പെൺകുട്ടിയെ , കീറിയ പാന്റീസ് വീണ്ടും വീണ്ടും തുന്നി ഉപയോഗിക്കുന്ന പെൺകുട്ടിയെ കാണാം ഈ ഗ്രാമങ്ങളില്‍

സാനിറ്ററി നാപ്കിനും മരുന്നിനുമായൊരു പ്രണയം
മാസാമാസം ഉണ്ടാകുന്ന കഷ്ടപ്പാടിന് , ആ വേദനക്ക് , ചോരയൊലിപ്പിന് ഇത്തിരി ആശ്വാസം നൽകാൻ ഒരു സാനിറ്ററി നാപ്കിനോ, ഇത്തിരി മരുന്നോ വാങ്ങി തരാനുള്ള കഴിവുള്ളതുകൊണ്ട് മാത്രമാണ് ആ പെൺകുട്ടി ഒരാളെ പ്രണയിച്ചു തുടങ്ങിയത്. തൻറെ സങ്കല്പത്തിലെ ആളല്ല അവളുടെ കാമുകൻ, പക്ഷെ എല്ലാ മാസവും അവൾക്കു കൃത്യമായി സാനിറ്ററി പാഡുകളും മരുന്നും നല്കുന്നതുകൊണ്ടു മാത്രം ആ പെൺകുട്ടി അയാളെ പ്രണയിക്കുന്നു .

ആർത്തവ തുണികൾ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കും. നാണം മാത്രമല്ല ഇതിന് പിന്നിൽ, മന്ത്രവാദികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളിലൊന്നാണ് ആർത്തവ രക്തം പറ്റിയ തുണി. ഏതെങ്കിലും വീട്ടിൽ നിന്നും ഇത്തരം തുണികൾ കാണാതായാൽ ഉടൻ പ്രതിക്രിയകൾ ചെയ്യും. ഇല്ലെങ്കിൽ ആ വീട്ടിലെ സ്ത്രീകൾക്ക് പ്രത്യേകിച്ച് കന്യകമാരായ പെൺകുട്ടികൾക്ക് ആപത്ത് വരുമെന്നാണ് വിശ്വാസം

പലപ്പോഴും അജ്ഞതയുടെ ആഴക്കടലുകളാണ് ഗ്രാമീണ യുവതികൾ. എല്ലാ മാസവും ഉണ്ടാകുന്ന ആർത്തവം എന്താണെന്നറിയാതെ ആ സമയങ്ങളിൽ ഗുഹ്യസ്ഥാനത്ത് തുണി തിരുകി വക്കുന്ന ഒരു പെൺകുട്ടി. ഋതുമതി ആയതിന് ശേഷം ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് സ്ഥലത്തെ ഒരു സാമൂഹ്യ സേവിക അവളെ തിരിച്ചറിഞ്ഞതും വേണ്ട നിർദേശങ്ങൾ നൽകിയതുംസാനിറ്ററി പാഡ് എങ്ങനെ ഉപയോഗിക്കണം എന്ന് പഠിപ്പിച്ചതും.

എല്ലാ മാസവും അവൾക്കു കൃത്യമായി സാനിറ്ററി പാഡുകളും മരുന്നും നല്കുന്നതുകൊണ്ടു മാത്രം ആ പെൺകുട്ടി അയാളെ പ്രണയിക്കുന്നു. 

പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയാല്‍...
കഴിഞ്ഞ ദിവസമാണ് ഒരു പയ്യൻ വന്നത്. അവന്റെ ഭാര്യ ഗർഭിണിയാണ്. ഗർഭിണികൾക്ക് സർക്കാരിന്റെ ചില സഹായങ്ങൾ കിട്ടും പക്ഷെ, അവന്റെ ഭാര്യക്ക് 18 വയസ് ആയിട്ടില്ല. 18 വയസ് തികയാത്തതിനാൽ സഹായം കിട്ടില്ല. എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നന്വേഷിക്കാൻ വന്നതാണ്. പൊതുവെ പ്രസവങ്ങൾ വീടുകളിലാണ് നടക്കുക . ഇനി നഗരത്തിലുള്ള ആശുപത്രികളിൽ ചെന്നാൽ എപ്പോഴും ഇവർ വയസ് കൂട്ടിയാണ് പറയുക .  പിന്നെ ആശുപത്രിക്കാർ ഇത് കാര്യമാക്കാറുമില്ല . 

ഗ്രാമങ്ങളിൽ  ഏതെങ്കിലും പെൺകുട്ടി അവിഹിത ഗർഭം ധരിക്കുകയോ അക്രമിക്കപ്പെടുകയോ ചെയ്താൽ ഉത്തരവാദി ആയ ആൾ അബോർഷനുള്ള പണം കൊടുത്താൽ തീരുന്നതേയുള്ളൂ പരാതി. പ്രശ്നം ഗുരുതരമാണെങ്കിൽ ഇത്തിരി നഷ്ടപരിഹാരവും ആ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള സഹായവും നൽകിയാൽ മതി. അതോടെ എല്ലാ പരാതിയും അവസാനിക്കും.

ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാൻ ചെന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പറയുന്ന ഒരു ക്ലീഷേ ഡയലോഗുണ്ട്, കഴിഞ്ഞത് കഴിഞ്ഞു, ഇനി അവളുടെ ഭാവി ഓർത്ത് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല.

ഇവിടെ ഒരു  ദമ്പതികൾക്കുണ്ടായ ആദ്യത്തെ കുഞ്ഞ് പെണ്ണായിരുന്നു. ആ കാരണം കൊണ്ട് മാത്രം ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറക്കി വിട്ട ആ പെൺകുട്ടി സ്വന്തം കുഞ്ഞിനെ നോക്കി ഇപ്പോഴും ഈ ഗ്രാമത്തിൽ ജീവിക്കുന്നു. ആ കുഞ്ഞിനിപ്പോൾ മൂന്ന് വയസാകുന്നു . തന്റെ മൂന്ന് പെൺമക്കളിൽ മൂത്തവൾക്ക് ഈ ഗതി വന്നല്ലോ എന്നോർത്ത് സങ്കടപെടുന്ന ആ പെൺകുട്ടിയുടെ പിതാവ് ഇന്ന് രാവിലെയും ചന്തയിൽ വന്നിരുന്നു. അയാളുടെ കൂടെ പേരക്കുട്ടിയും ഉണ്ടായിരുന്നു.

ആവശ്യത്തിന് വസ്ത്രങ്ങൾ ഇല്ലാത്ത ഒരു പെൺകുട്ടി എങ്ങനെയാണ് ജീവിക്കുക ? അവളുടെ വളർച്ചക്ക് അനുസരിച്ചു വേണ്ട വസ്ത്രങ്ങൾ ഇല്ല, ,അവളെന്തു ചെയ്യും ? പലപ്പോഴും തൻറെ പഴയ ഇറുകിയ വസ്ത്രം ധരിച്ചു പുറത്തിറങ്ങാൻ കഷ്ടപ്പെടുന്ന പെൺകുട്ടികളുണ്ട് . ശരീര വളർച്ച ഒതുക്കിവയ്ക്കാൻ ആളുകളുടെ കൂർത്ത നോട്ടങ്ങളിൽ നിന്നും രക്ഷപെടാൻ കഷ്ടപ്പെടുന്ന പെൺകുട്ടികൾ ഉണ്ട് . ആൺകുട്ടികൾ പൊതുവെ പുറത്തിറങ്ങിഎന്തെങ്കിലും ജോലി ചെയ്തോ മറ്റോ അത്യാവശ്യം സമ്പാദിക്കുകയും വേണ്ട വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും , പക്ഷെ ഒരു പെൺകുട്ടിയെ സംബന്ധിച്ചു ഇത് അസാധ്യമായ കാര്യമാണ് . കല്യാണത്തിന് കടം വാങ്ങിയ ബ്രാ ഇട്ടു പോകുന്ന പെൺകുട്ടിയെ , കീറിയ പാന്റീസ് വീണ്ടും വീണ്ടും തുന്നി ഉപയോഗിക്കുന്ന പെൺകുട്ടിയെ , എല്ലാം ഈ ജീവിതത്തിൽ കണ്ടിരിക്കുന്നു. ഓർത്തെടുത്താൽ ഇനിയും ഒരുപാടുണ്ട്. ചോര പൊടിയുന്ന സങ്കടങ്ങളുടെയും വേദനകളുടെയും ജീവിതങ്ങൾ. അയ്യോ ഇത്തിരി തുണി പോലും എടുക്കാൻ ഇല്ലാത്ത വീടുകളോ , നാടോ എന്നൊക്കെ ചിന്തിക്കുന്ന പലരും ഉണ്ടാകും . അവരോടൊന്നും പറയാനില്ല .

 

Follow Us:
Download App:
  • android
  • ios