ഇപ്പോള്‍ പെണ്ണമ്മ ഭവനത്തിന്റെ ദത്തുപുത്രനാണ് 'ഫ്‌ളഡി'. സ്‌നേഹവും കരുതലും കാവലുമായി ഇവിടെയെത്തുന്ന ഓരോരുത്തരേയും സ്വീകരിക്കുന്നതും യാത്ര പറഞ്ഞയയ്ക്കുന്നതും 'ഫ്‌ളഡി'യാണ് 

തിരുവല്ല: പ്രളയത്തിന്റെ ആദ്യ ദിവസങ്ങളില്‍ കേരളത്തിന് നല്‍കിയ ഞെട്ടലിലായിരുന്നു തിരുവല്ല പെണ്ണമ്മ ഭവനവും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ കേന്ദ്രമായ പെണ്ണമ്മ ഭവനം പിന്നീട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറി. പ്രളയത്തിലൊറ്റപ്പെട്ടുപോയവര്‍ക്കായി ഭക്ഷണം പാകം ചെയ്ത് എത്തിക്കുകയായിരുന്നു സംഘം ആദ്യമേറ്റെടുത്ത ദൗത്യം. തുടര്‍ന്ന് റിലീഫ് മെറ്റീരിയല്‍സ് ശേഖരിക്കുന്നതിന്റെയും അവ വിതരണം ചെയ്യുന്നതിന്റെയുമെല്ലാം തിരക്കിലായി അവിടെയുള്ള ഓരോരുത്തരും. 

ഈ തിരക്കിനിടയിലെപ്പോഴോ ആണ് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു പട്ടിയെ ഇവര്‍ കണ്ടത്. തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന ചെറുകഥയെ ഓര്‍മ്മിപ്പിക്കും വിധത്തിലാണ് 'ഫ്‌ളഡി'യുടെ കഥയും. കുത്തിയൊലിച്ചുവന്ന വെള്ളത്തിലൂടെ ജീവന്‍ കയ്യിലാക്കി നീന്തി വന്നതാണ്. എവിടെ നിന്നാണെന്നോ, ആര് വളര്‍ത്തിയതാണെന്നോ ഒന്നുമറിയില്ല. എങ്ങനെയോ ക്യാമ്പിലെത്തിപ്പെട്ടതാണ്. ഇവിടെയെത്തുമ്പോള്‍ അതീവ ക്ഷീണിതനായിരുന്നെങ്കിലും ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോള്‍ അവന്‍ ഉഷാറായി. കുറേ നാള്‍ വിശന്നിരുന്ന പോലെ സംഘാംഗങ്ങള്‍ നല്‍കിയ ബിസ്‌കറ്റും റസ്‌കുമെല്ലാം അവന്‍ ആര്‍ത്തിയോടെ കഴിച്ചു. ഫ്‌ളഡില്‍ ഒഴുകിയെത്തിയ അതിഥിയെ അങ്ങനെ 'ഫ്‌ളഡി' എന്ന ഓമനപ്പേരുമിട്ട് അവര്‍ ക്യാമ്പിലെ അന്തേവാസിയായി അംഗീകരിച്ചു. 

ഇപ്പോള്‍ പെണ്ണമ്മ ഭവനത്തിന്റെ ദത്തുപുത്രനാണ് 'ഫ്‌ളഡി'. സ്‌നേഹവും കരുതലും കാവലുമായി ഇവിടെയെത്തുന്ന ഓരോരുത്തരേയും സ്വീകരിക്കുന്നതും യാത്ര പറഞ്ഞയയ്ക്കുന്നതും 'ഫ്‌ളഡി'യാണ്. ക്യാമ്പില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. എല്ലാ ജോലിക്കുമൊപ്പം 'ഫ്‌ളഡി'യും കൂടെയുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തങ്ങളുടെയെല്ലാം ഹൃദയം കീഴടക്കിയ 'ഫ്‌ളഡി'ക്ക് പ്രിയപ്പെട്ടവരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ അവനെയും, തിരിച്ച് അവന്‍ അവരെയും കാണാതെ എത്ര വേദനിക്കുന്നുണ്ടാകുമെന്ന ചിന്തയാണ് ക്യാമ്പ് സംഘാടകനായ ഷിബി പീറ്ററിന് ഫേസ്ബുക്ക് പോസ്റ്റിടാന്‍ പ്രേരണയായത്. 

'ഫ്‌ളഡി'യെ തേടുന്നവരാരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ നമ്പരും വിലാസവും സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതുവരെ ആരും അവനെ തേടിയെത്തിയിട്ടില്ലെന്നും ഇനി ആരെങ്കിലും വരുന്നത് വരെ 'ഫ്‌ളഡി' അവിടെത്തന്നെ സുരക്ഷിതനായിരിക്കുമെന്നും ഇവര്‍ പറയുന്നു.