കളിത്തോക്ക് ചൂണ്ടി കൊള്ളയടിക്കാന്‍ ശ്രമിച്ചവനെ മാര്‍ഷ്യല്‍ ആര്‍ട്സ് താരം എടുത്തിട്ടിടിച്ചു. പൊലീസിലും ഏല്‍പിച്ചു. ബ്രസീലിലാണ് സംഭവം. യൂബര്‍ ടാക്സി കാത്തുനില്‍ക്കുകയായിരുന്ന പോളിയാന എന്ന യുവതിയുടെ അടുത്തെത്തിയതാണ് കള്ളന്‍. കൊള്ളയടിക്കാന്‍ ശ്രമിച്ചത് കളിത്തോക്ക് ചൂണ്ടിയാണ്. എന്നാല്‍, സംഭവം കൈവിട്ടുപോയി. പോളിയാന മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമായിരുന്നു.  ഇവരുടെ അടുത്തെത്തിയ കള്ളന്‍ സമയം ചോദിക്കുകയായിരുന്നു. സമയം പറ‍ഞ്ഞുകൊടുത്തിട്ടും അയാള്‍ പോകാതായതോടെ പോളിയാനയ്ക്ക് സംശയം തോന്നി. 

ജാഗ്രതയോടെയാണ് പിന്നെ പോളിയാന നിന്നത്. അപ്പോഴേക്കും കള്ളനും സ്വന്തം സ്വഭാവം പുറത്തെടുത്തു. എന്‍റെ പക്കല്‍ ആയുധമുണ്ടെന്നും പ്രതികരിക്കാന്‍ ശ്രമിക്കരുതെന്നും ഫോണ്‍ തരൂ എന്നും അയാള്‍ ആവശ്യപ്പെട്ടു. കളിത്തോക്ക് ചൂണ്ടിയായിരുന്നു ഭീഷണി.  പോളിയാന ഒന്നും നോക്കിയില്ല. അയാളെ ആഞ്ഞുതൊഴിച്ചു. രണ്ട് തൊഴി കിട്ടിയതോടെ കള്ളന്‍ നിലത്തേക്ക് വീണു. അയാളെ കീഴടക്കിയ പോളിയാന നാട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാര്‍ഡ്ബോര്‍ഡ് കൊണ്ടുണ്ടാക്കിയ തോക്ക് കാണിച്ചാണ് കള്ളന്‍ ഭീഷണിപ്പെടുത്തിയത് എന്ന് മനസിലായത്.

അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈറ്ററായ പോളിയാന മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരങ്ങള്‍ക്കിടയില്‍ 'ഉരുക്ക് വനിത' എന്നാണ് അറിയപ്പെടുന്നത്. പോളിയാനയുടേയും പരിക്കേറ്റ കള്ളന്‍റെയും ചിത്രം യു.എഫ്.സിയാണ് പുറത്ത് വിട്ടത്.