മാസങ്ങള്‍ക്ക് മുമ്പാണ് AV1 എന്ന ടെലപ്രസന്‍സ് റോബോട്ട് അവള്‍ക്ക് ലഭിച്ചത്. അതോടെ, അവളുടെ ക്ലാസ് മുറിയിലെ എല്ലാ സംഭവങ്ങളും അവളിലേക്കെത്തിത്തുടങ്ങി. 

ഓസ്ലോ: ഏകാന്തതയും, വിഷാദവും, ഒറ്റപ്പെടലുമെല്ലാം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെയൊന്നും ഭാഗമല്ലാതെ തന്നെയും ചിലരൊക്കെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു പോവാറുണ്ട്. അവര്‍ക്ക് കൂട്ടായി പകരം ചെല്ലുകയാണ് റോബോട്ടുകള്‍. സ്കൂളില്‍ ഈ കുട്ടികള്‍ക്ക് പകരം റോബോട്ടുകള്‍ പോകും. ക്ലാസ് മുറിയില്‍ നടക്കുന്ന ഓരോന്നും പിടിച്ചെടുക്കുകയും അതേ സമയം തന്നെ അത് വീട്ടിലിരിക്കുന്നയാളുടെ ലാപ്ടോപ്പിലേക്കോ സ്മാര്‍ട്ട് ഫോണിലേക്കോ എത്തിക്കുകയും ചെയ്യും. 

സോയി ജോണ്‍സണ്‍ എന്ന പതിനാറുകാരിക്ക് കൂട്ട് റോബോട്ടാണ്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടാമത്തെ വയസു മുതല്‍ സ്കൂളില്‍ പോകാന്‍ കഴിയുമായിരുന്നില്ല സോയിക്ക്. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം (Chronic Fatigue Syndrome) എന്ന അസുഖമായിരുന്നു അവളെ ബാധിച്ചത്. അതോടെ സ്കൂളും ക്ലാസും ചെയ്യുകയും ചെയ്തു. പിന്നീട് ഓണ്‍ലൈന്‍ ട്യൂട്ടറുടെ കൂടെയായി പഠനം. പക്ഷെ, സുഹൃത്തുക്കളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അതവളെ വേദനിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് AV1 എന്ന ടെലപ്രസന്‍സ് റോബോട്ട് അവള്‍ക്ക് ലഭിച്ചത്. അതോടെ, അവളുടെ ക്ലാസ് മുറിയിലെ എല്ലാ സംഭവങ്ങളും അവളിലേക്കെത്തിത്തുടങ്ങി. 'നോ ഐസൊലേഷന്‍' എന്നൊരു സ്റ്റാര്‍ട്ടപ്പാണ് ഈ കുഞ്ഞ് റോബോട്ടിനെ ഉണ്ടാക്കിയത്. ഈ റോബോട്ട് ക്ലാസിലിരിക്കുകയും ആ ശബ്ദങ്ങളും പാഠങ്ങളും പിടിച്ചെടുത്ത് സോയിയുടെ ലാപ്ടോപ്പിലേക്കോ മൊബൈലിലേക്കോ ലൈവായി എത്തിക്കുകയും ചെയ്യും. ചര്‍ച്ചകളില്‍ സോയിക്കും പങ്കെടുക്കാം. ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാം. റോബോട്ടിലൂടെ നഷ്ടപ്പെട്ട ക്ലാസ് മുറിയിലെ സന്തോഷം അവളിലേക്ക് തിരികെ വന്നു.

കരേന്‍ ഡോല്‍വയെന്ന ഇരുപത്തിയേഴുകാരിയാണ് നോ ഐസൊലേഷന്‍റെ സ്ഥാപക. ഈ കുട്ടികള്‍ അവരുടെ മാതാപിതാക്കളെ അല്ലാതെ ആരെയും കാണുന്നില്ല. ഒന്നിലും പങ്കെടുക്കുന്നില്ല. അവരുടെ അവസ്ഥ ദയനീയമാണ് അതുകൊണ്ടാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയതെന്ന് കരേന്‍ പറയുന്നു. കാണാതെ, ശബ്ദം മാത്രം എടുക്കുന്ന റോബോട്ടുകള്‍ കുട്ടികള്‍ക്ക് കൂടുതല്‍ കംഫര്‍ട്ടായിരിക്കാന്‍ സഹായിക്കുന്നുവെന്നും എന്നാല്‍, കാണാവുന്ന റോബോട്ടുകളുമുണ്ടെന്നും കരേന്‍ പറയുന്നുണ്ട്. 

ഇതുപോലെ, വയസായവര്‍ക്കും ഹോസ്പിറ്റലില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്കുമെല്ലാം കൂട്ടിനെത്തുന്ന റോബോട്ടുകളുമുണ്ട്. elliq അത്തരത്തിലൊന്നാണ്. പ്രായമായവരെ വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുക, കൂടെ പോവുക എന്നതെല്ലാം ഈ റോബോട്ട് ചെയ്യും. 

എന്നാല്‍, എത്രത്തോളം പ്രിയപ്പെട്ടവര്‍ക്ക് പകരം വയ്ക്കാനാകും ഇത്തരം റോബോട്ടുകളെ എന്നറിയില്ല. പക്ഷെ. സോയിയെ പോലുള്ള കുട്ടികള്‍ക്ക് അത് വലിയ ആശ്വാസമാണ്.