നീലം കുമാര്‍ എന്ന കസ്റ്റമര്‍ പറയുന്നത്, 'ഇത് വളരെ നന്നായിരിക്കുന്നു. നേപ്പാളിലാണ് ഇതുണ്ടാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു' എന്നാണ്. ഇനിയും ഇത്തരം റോബോട്ടുകള്‍ നിര്‍മ്മിച്ച് നേപ്പാളിനകത്തും പുറത്തും അവയെത്തിക്കാനുള്ള ശ്രമത്തിലാണ് പായില ടെക്നോളജി. 

കാഠ്മണ്ഡു: 'പ്ലീസ് എന്‍ജോയ് യുവര്‍ മീല്‍' (please enjoy your meal) പറയുന്നത് ഒരു റോബോട്ടാണ്. നേപ്പാളിലെ ആദ്യത്തെ റോബോട്ട് വെയിറ്റര്‍. പേര് ജിഞ്ചര്‍. വിശന്ന് കാത്തിരിക്കുന്ന കസ്റ്റമേഴ്സിന്‍റെ അടുത്തേക്ക് റോബോട്ട് പ്ലേറ്റില്‍ വിഭവങ്ങളുമായി ചെല്ലുകയാണ്. ടെക്നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെ സാമര്‍ത്ഥ്യം കുറഞ്ഞ സ്ഥലമെന്ന് അറിയപ്പെടുന്ന ഇടമാണ് നേപ്പാള്‍. എന്നാല്‍, ബുദ്ധിയും കഴിവും ഒത്തുചേര്‍ന്ന കുറച്ച് ചെറുപ്പക്കാരായ സംരംഭകരാണ് ഈ ചിന്തയെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

നൌല എന്ന റെസ്റ്റോറന്‍റില്‍ ആണ് റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നത്. പായില ടെക്നോളജി (paaila technology) യാണ് ജിഞ്ചറെന്ന റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചടി നീളമുണ്ട് ഈ റോബോട്ടിന്. ഇംഗ്ലീഷ്, നേപ്പാളി ഭാഷകള്‍ മനസിലാവും. ഇതൊരു പരീക്ഷണം മാത്രമാണ്. കസ്റ്റമേഴ്സില്‍ നിന്ന് കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുകയാണ് എന്നാണ് കമ്പനിയുടെ സിഇഒ ബിനായ് റൌട്ട് പറയുന്നത്. 

25 പേരടങ്ങുന്ന ഒരു സംഘമാണ് റോബോട്ട് നിര്‍മ്മിച്ചത്. അതില്‍ ഏറ്റവും പ്രായം ചെന്നയാള്‍ ഇരുപത്തിയേഴുകാരനായ റൌട്ട് ആണ്. മൂന്ന് മുറികള്‍ മാത്രമുള്ള അവരുടെ ഓഫീസില്‍ മാസങ്ങളുടെ മാത്രം പ്രയത്നത്താലാണ് റോബോട്ട് രൂപമെടുത്തത്. 

നേപ്പാളില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച വളരെ പരിമിതമാണ്. അടുത്തുള്ള കാര്‍ വര്‍ക് ഷോപ്പില്‍ നിന്നാണ് പ്ലാസ്റ്റിക് നിര്‍മ്മിതമായ ജിഞ്ചറിന് പെയിന്‍റ് അടിച്ചത്. നാല് മാസം മുമ്പ് മാത്രമാണ് നൌലോ എന്ന റെസ്റ്റോറന്‍റ് പ്രവര്‍ത്തനമാരംഭിച്ചത്. അതുകൊണ്ടു തന്നെ എല്ലാ പ്രായത്തിലുമുള്ള കസ്റ്റമേഴ്സിനെ അവിടേക്ക് ആകര്‍ഷിക്കാന്‍ ജിഞ്ചറിന് കഴിഞ്ഞിട്ടുണ്ട്. 

എന്തെങ്കിലും തടസമോ, ചലനമോ അടുത്തുണ്ടായാല്‍ അത് തിരിച്ചറിയാന്‍ റോബോട്ടിനാകും. ഭക്ഷണം നിറച്ച ട്രേയുമായി എങ്ങും തട്ടാതെയും തടയാതെയും ഭക്ഷണം ആവശ്യപ്പെട്ടവരുടെ അടുത്തെത്തും. കസ്റ്റമേഴ്സ് അവരുടെ ടേബിളില്‍ പിടിപ്പിച്ചിരിക്കുന്ന ടച്ച് സ്ക്രീനിലുള്ള മെനുവില്‌ നിന്ന് ആവശ്യമുള്ളവ തിരഞ്ഞെടുക്കാം. ഭക്ഷണം റെഡിയാകുമ്പോള്‍ റോബോട്ട് അടുക്കളയിലേക്ക് വിളിപ്പിക്കപ്പെടുകയും വിഭവങ്ങള്‍ ആവശ്യക്കാരിലെത്തിക്കുകയും ചെയ്യും.

ഇത് എന്തുകൊണ്ടും ഒരു പുതിയ അനുഭവമാണ് എഴുപത്തിമൂന്നുകാരനായ ഷാലിക്രാം ശര്‍മ്മ പറയുന്നു. നേപ്പാളില്‍ ടിവി വരുന്നതിന് മുമ്പ് ജനിച്ചയാളാണ് അദ്ദേഹം. ഇപ്പോ ഒരു സെല്‍ഫീ സ്റ്റാര്‍ കൂടിയാണ് ഈ റോബോട്ട്. കുട്ടികള്‍ റോബോട്ടിനൊപ്പം ഫോട്ടോയെടുക്കാന്‍ തിരക്ക് കൂട്ടുകയാണ്. 

നീലം കുമാര്‍ എന്ന കസ്റ്റമര്‍ പറയുന്നത്, 'ഇത് വളരെ നന്നായിരിക്കുന്നു. നേപ്പാളിലാണ് ഇതുണ്ടാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു' എന്നാണ്. ഇനിയും ഇത്തരം റോബോട്ടുകള്‍ നിര്‍മ്മിച്ച് നേപ്പാളിനകത്തും പുറത്തും അവയെത്തിക്കാനുള്ള ശ്രമത്തിലാണ് പായില ടെക്നോളജി. 

നിലവില്‍ കുറച്ച് മനുഷ്യരുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ മനുഷ്യരുടെ സഹായം തീരെയില്ലാതെ ഇത് പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു.