Asianet News MalayalamAsianet News Malayalam

റോസാ ലക്സംബര്‍ഗിനെ, ലാൻവെർ കനാലിൽ കൊന്ന് തള്ളിയിട്ട് 100 വര്‍ഷമാകുമ്പോള്‍

ജർമ്മനിയിലെ മറ്റു വിപ്ലവകാരികളോട് ചേർന്നുകൊണ്ട് 1916 -ൽ 'ആന്റി വാർ സ്പാർട്ടക്കസ് ലീഗ് ' തുടങ്ങിയ അവർ താമസിയാതെ തന്നെ  ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറി. ഒളിവിലിരുന്നുകൊണ്ട് ലിബിനെക്റ്റ് ഭരണവർഗ്ഗത്തെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട്, 'സ്പാർട്ടക്കസ് കത്തുകൾ' എന്ന്  പിൽക്കാലത്തറിയപ്പെട്ട നിരവധി ലഘുലേഖകൾ പുറത്തിറക്കി. സംഘടനയുടെ പ്രവർത്തനങ്ങൾ തികഞ്ഞ രഹസ്യസ്വഭാവമുള്ളതായിരുനെങ്കിലും, തങ്ങളുടെ യുദ്ധത്തോടുള്ള തങ്ങളുടെ എതിർപ്പുകൾ അവർ തുറന്നുതന്നെ പ്രകടിപ്പിച്ചിരുന്നു. 

rosa luxemburg
Author
Thiruvananthapuram, First Published Jan 16, 2019, 10:25 AM IST

ഇന്നലെ ചരിത്ര പ്രധാനമായ ഒരു ദിവസമായിരുന്നു. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ രണ്ടു നെടുംതൂണുകളെ വലതുപക്ഷ ഭരണകൂടം ഇല്ലായ്മ ചെയ്ത നാൾ. അതിന്റെ നൂറാം വാർഷികം. 1919  ജനുവരി 15 -നായിരുന്നു  റോസാ ലക്സംബർഗും കാൾ ലിബിനെക്റ്റും താമസിച്ചിരുന്ന അപ്പാർട്ടുമെന്റിലേക്ക് ഇരച്ചുകേറിയ പട്ടാളം അവരെ കസ്റ്റഡിയിലെടുത്തത്. ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം അവർ റോസയെ കൊന്ന് ക്രൂസ്ബർഗിലെ ലാൻവെർ കനാലിൽ തള്ളി. മാസങ്ങൾക്കുശേഷം മാത്രമേ ലോകമെങ്ങും ആരാധിക്കപ്പെട്ടിരുന്ന ആ കമ്യൂണിസ്റ്റുകാരിയുടെ മൃതദേഹം പോലും പുറം ലോകം കണ്ടുള്ളൂ. ലിബിനെക്റ്റിനെ പട്ടാളം നേരെ ടൈയർഗാർട്ടൻ പാർക്കിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ തലയിൽ അവർ ഒരു വെടിയുണ്ട നിക്ഷേപിച്ചു. അങ്ങനെ, മണിക്കൂറുകളുടെ ഇടവേളയിൽ, ജർമ്മനിയിലെ വിപ്ലവത്തിന്റെ രണ്ടഗ്നിസ്ഫുലിംഗങ്ങൾ നിയമവിരുദ്ധമായി കൊല ചെയ്യപ്പെട്ടു. 

ലിബിനെക്റ്റിനെ പട്ടാളം നേരെ ടൈയർഗാർട്ടൻ പാർക്കിലേക്ക് കൊണ്ടുപോയി

1871 റഷ്യൻ നിയന്ത്രിത പോളണ്ടിലായിരുന്നു റോസയുടെ ജനനം. സ്കൂൾ കാലഘട്ടത്തിൽ തന്നെ കമ്യൂണിസത്തെ താത്പര്യം ജനിച്ച റോസ തന്റെ പതിനെട്ടാമത്തെ വയസ്സിൽ സ്വിറ്റ്സർലൻഡിലേക്ക് കടന്നു. അവിടത്തെ തന്റെ റഷ്യൻ സഹപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയെങ്കിലും, ഒരു കാര്യത്തിൽ മാത്രം റോസയ്ക്ക് എതിർപ്പായിരുന്നു അവരോട്. 'ദേശീയതാ വാദ'ത്തെ റോസ എന്നും ഒരു ബൂർഷ്വാ സങ്കല്പമായി മാത്രം കണ്ടു. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോസ ജർമ്മനിയിലെത്തുന്നു. അവിടെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി (SPD)യിൽ ചേർന്ന് പ്രവർത്തിക്കാൻ റോസ തീരുമാനിച്ചു.  ഒടുവിൽ പാർട്ടി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയെ പിന്തുണച്ചപ്പോൾ യുദ്ധത്തെ എന്നും എതിർക്കുക മാത്രം ചെയ്തിരുന്ന അവർ  സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വിട്ടു. 

ലിബിനെക്റ്റ് റോസയെക്കാൾ ആറുമാസം ചെറുപ്പമായിരുന്നു. കമ്യൂണിസം നിരോധിക്കപ്പെട്ടിരുന്ന ഒരു കാലത്ത് ഇടതുപക്ഷാഭിമുഖ്യമുള്ള ഒരു കുടുംബത്തിൽ ജനിച്ചുവളർന്ന അദ്ദേഹം ലിപ്‌സിഗിലും ബെർലിനിലുമായി നിയമത്തിലും പൊളിറ്റിക്കൽ സയൻസിലും ഉന്നത വിദ്യാഭ്യാസം നേടി. ഒരു വക്കീലായും എഴുത്തുകാരനായും ഖ്യാതി നേടിയ അദ്ദേഹം 'മിലിട്ടറിസം ആന്റിമിലിട്ടറിസം' എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് പേരിൽ തുറുങ്കിലടക്കപ്പെട്ടു. ജയിലിൽ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം വിജയിച്ച് പാർലമെന്റംഗമായി. 

ഒരു പാർലമെന്റേറിയൻ ആയിരുന്നിട്ടും അദ്ദേഹത്തെ ലോകമഹായുദ്ധത്തിന്റെ കിഴക്കൻ ഫ്രണ്ടിലേക്ക് യുദ്ധേതര ജോലികൾക്കായി  നിയോഗിക്കപ്പെട്ടു. ഉരുളക്കിഴങ്ങു തൊലിപൊളിക്കുക, മരങ്ങൾ വെട്ടുക, ജഡങ്ങൾ മറവുചെയ്യുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലികൾ. അവിടെവെച്ച് ആരോഗ്യം മോശമായപ്പോൾ അദ്ദേഹത്തെ അവർ SPDയിൽ നിന്നും പുറന്തള്ളി. അതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവ്. ആ സംഭവത്തിന് ശേഷമായിരുന്നു അദ്ദേഹം റോസാ ലക്സംബർഗിനെ കണ്ടുമുട്ടുന്നത്. 

പക്ഷേ, അവരുടെ നാളുകൾ  എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു

ജർമ്മനിയിലെ മറ്റു വിപ്ലവകാരികളോട് ചേർന്നുകൊണ്ട് 1916 -ൽ 'ആന്റി വാർ സ്പാർട്ടക്കസ് ലീഗ് ' തുടങ്ങിയ അവർ താമസിയാതെ തന്നെ  ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറി. ഒളിവിലിരുന്നുകൊണ്ട് ലിബിനെക്റ്റ് ഭരണവർഗ്ഗത്തെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട്, 'സ്പാർട്ടക്കസ് കത്തുകൾ' എന്ന്  പിൽക്കാലത്തറിയപ്പെട്ട നിരവധി ലഘുലേഖകൾ പുറത്തിറക്കി. സംഘടനയുടെ പ്രവർത്തനങ്ങൾ തികഞ്ഞ രഹസ്യസ്വഭാവമുള്ളതായിരുനെങ്കിലും, തങ്ങളുടെ യുദ്ധത്തോടുള്ള തങ്ങളുടെ എതിർപ്പുകൾ അവർ തുറന്നുതന്നെ പ്രകടിപ്പിച്ചിരുന്നു. അവരെ ഭരണകൂടം തുറുങ്കിലടച്ചുവെങ്കിലും ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനം ഉയർന്ന യുദ്ധവിരുദ്ധ ജനവികാരം കൊണ്ട് അവരെ മോചിപ്പിക്കേണ്ടി വന്നു. 1918 ൽ 'സ്പാർട്ടക്കസ് ലീഗ്', 'കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ജർമ്മനി' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു . 1919  ജനുവരി ആയപ്പോഴേക്കും പാർട്ടി ജർമ്മനിയിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു തുടങ്ങി.  പാർട്ടിക്ക് തീവ്രസ്വഭാവം കൈവന്നു തുടങ്ങിയതോടെ ഭരണകൂടം സമരം അടിച്ചമർത്താൻ പട്ടാളത്തിന്റെ സഹായം തേടി.  

റോസയും ലിബിനെക്റ്റും ഒളിവിൽ പോയി. പക്ഷേ, അവരുടെ നാളുകൾ  എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു. മൂന്നുദിവസങ്ങൾക്കുള്ളിൽ പട്ടാളത്തിന് അവരുടെ രഹസ്യസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നുകിട്ടി. കസ്റ്റഡിയിൽ എടുത്തപ്പോഴും കൊലചെയ്യപ്പെടും എന്ന ധാരണ റോസയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് അവർ വായിക്കാനായി കുറെ പുസ്തകങ്ങളും കയ്യിലെടുത്താണ് പട്ടാളക്കാർക്കൊപ്പം ചെന്നത്. 1919 -ലെ വിപ്ലവകാരികളെ ഭരണകൂടം അടിച്ചമർത്തിയെങ്കിലും അവരുടെ പ്രത്യയശാസ്ത്രങ്ങൾ മരണമില്ലാത്ത അവശേഷിക്കുന്നു. ഇവർ കൊല്ലപ്പെട്ട ദിവസത്തിന്റെ ഓർമയ്ക്കായി വർഷാവർഷം ബെർലിനിൽ കമ്യൂണിസ്റ്റ് പാർട്ടികൾ റാലി സംഘടിപ്പിച്ചു വരുന്നുണ്ട്. "യഥാർത്ഥ സ്വാതന്ത്ര്യമെന്നത്, വേറിട്ട് ചിന്തിക്കുന്നവന്റെ സ്വാതന്ത്ര്യമാണ് " എന്ന റോസാ ലക്സംബർഗിന്റെ വാചകങ്ങളെ ഇന്നും ലോകം മനസ്സിൽ സൂക്ഷിക്കുന്നു. 

Follow Us:
Download App:
  • android
  • ios