ഇപ്പോള്‍ നിങ്ങള്‍ പുറമ്പോക്കിലാണ്? കാട്ടിക്കുന്ന് ലക്ഷം വീട് കോളനിയിൽ ഷീജയുടെ വീടിന്‍റെ ഉമ്മറപ്പടിയിലിരുന്ന് അങ്ങനെയൊരു ചോദ്യം ഷീജയോട് ചോദിക്കാതിരിക്കാനാവുമായിരുന്നില്ല ..

അതെ പുറമ്പോക്കിലാണ് എന്ന് മറുപടി.

സര്‍ക്കാര്‍ ഇറങ്ങിപ്പോകാൻ പറഞ്ഞാൽ .?

വില കൊടുത്ത് വാങ്ങി ഭൂമിയിൽ നിന്ന് ഞങ്ങള്‍ എങ്ങോട്ട് പോകും..........

ഷീജയുടെ വാക്കുകളുടെ തുടര്‍ച്ച മുറ‍ിഞ്ഞു..കരച്ചിൽ കടിച്ചമര്‍ത്തിയപ്പോള്‍ വാക്കുകളും തൊണ്ടയിൽ തടഞ്ഞു ... സ്വന്തമായി ഉള്ള നാലു സെന്‍റും കൊച്ചു കൂരയും നഷ്ടപ്പെടുമോയെന്ന ആധിയിൽ രണ്ടു വര്‍ഷമായി തീ തിന്ന് ജീവിക്കുന്ന ഒരു വീട്ടമ്മ. പട്ടയവും മുന്നാധാരങ്ങളുമെല്ലാം ഉണ്ട്. എന്നിട്ടും ഷീജയെയും കുടുംബത്തെയും റീസര്‍വേ ചങ്ങല വരിഞ്ഞു മുറുക്കി കെട്ടിയിരിക്കുന്നു. സ്വന്തം മണ്ണ് സര്‍ക്കാര്‍ ഭൂമിയായി ഇനം മാറിയപ്പോള്‍ ആ കൊച്ചു വീട്ടിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കടിച്ചമര്‍ത്തുന്ന നോവിനായി മാറിക്കൊടുത്തു.

റീസര്‍വേ തന്‍റെ മണ്ണിനെ സര്‍ക്കാര്‍ ഭൂമിയാക്കിയെന്ന് ഷീജയ്ക്ക് അറിയാം. അതു പോലും അറിയാത്തവര്‍ ആ കോളനിയിലുണ്ട് . സര്‍ക്കാര്‍ കെട്ടിത്തന്ന എം എന്‍ വീട്. ഇത്ര കാലം കരമടച്ച മണ്ണ്. അവിടെ ഇപ്പോഴും ജീവിക്കുന്നു. റീസര്‍വേ കഴിഞ്ഞപ്പോള്‍ അത് സര്‍ക്കാര്‍ ഭൂമിയായെന്ന് പറയുന്ന കോളനിയിലെ മറ്റുള്ളവരെ തിരുത്തുന്ന വൃദ്ധ മാതാക്കളെയും ഞങ്ങള്‍ കണ്ടു. ജീവിത സായാഹ്നത്തിൽ അവര്‍ അങ്ങനെ വിശ്വസിച്ചോട്ടെയെന്ന് ഒരു പാതിയിൽ വിചാരിച്ചു. പക്ഷേ അവരുടെ മണ്ണ് അളന്ന് പുറന്പോക്കിലാക്കിയ ഉദ്യോഗസ്ഥര്‍ എന്തു കൊണ്ട് അങ്ങനെ ചെയ്തുവെന്ന് ഇവരെ അറിയിക്കേണ്ടതല്ലേ?
ഭൂമി ഇപ്പോഴും സ്വന്തമായുണ്ടെന്ന് ധരിക്കുന്ന ഇവര്‍ റീസര്‍വേ പ്രശ്നം തീര്‍ക്കാൻ ഇറങ്ങാതിരുന്നാൽ ?. അറിവില്ലാത്തവരെ മണ്ണിലാത്തവരാക്കുന്ന പണിയല്ലേ ഫലത്തിൽ ചെയ്യുന്നത് ?

റീസര്‍വേയ്ക്ക് വന്നപ്പോള്‍ അവര്‍ ഈ രേഖ കാണിച്ചില്ല ... ആ രേഖ കാണിച്ചില്ല ... ഇതാണ് ഉദ്യോഗസ്ഥ ന്യായങ്ങള്‍ .. ആധാരമുണ്ട് . .പോക്കുവരവ് നടത്തി. കരമടയ്ക്കുന്നു . ഇതില്‍ കൂടുതൽ ഭൂമി തന്‍റേതെന്ന പറയാൻ മറ്റെന്ത് തെളിവ് വേണം. ഒരു സാധാരണക്കാരൻ ഇതിലപ്പുറം ചിന്തിക്കേണ്ട ആവശ്യമില്ല . ഭൂമി ഉടമസ്ഥതയിലും അളവിലും നിജസ്ഥിതിയിലും, ഇതിനപ്പുറമാണ് റീസര്‍വേയുടെ പ്രാധാന്യമെന്ന് ഭരണകൂടം ആരെയെങ്കിലും പഠിപ്പിച്ചോ? ബ്യൂറോ ക്രാറ്റ് ഭാഷയും രീതിയും അറിയാവുന്നവരാണ് എല്ലാവരുമെങ്കിൽ ഭരണകൂട നടത്തിപ്പിന് പ്രത്യേകം ആളെ നിയമിക്കേണ്ടല്ലോ?

രേഖ കാണിക്കാത്തതിന് സാധാരണക്കാരെ കുറ്റപ്പെടുത്തുന്ന സര്‍ക്കാര്‍ നടത്തിപ്പുകാര്‍, ഭൂ രേഖകള്‍ കൃത്യമായി പുതുക്കി സൂക്ഷിച്ചോ?(കരമടവ് രജിസ്തറും തണ്ടപ്പേര്‍ റജിസ്തറും പട്ടയ രേഖകളും) ഭൂമി കൈമാറ്റ, പതിവ് രേഖകള്‍ ഒത്തു നോക്കാൻ മെനക്കെട്ടോ? ഒന്നും കൃത്യസമയത്ത് ചെയ്യാതിരുന്നതു കൊണ്ടാണല്ലോ സര്‍ക്കാര്‍ പട്ടയം കൊടുത്ത ഷീജയുടെ മണ്ണ് പോലും ഇനം മാറ്റുന്ന സിവിൽ സര്‍വീസ് കാര്യക്ഷമത നടപ്പായത്.

കാട്ടിക്കുന്ന് കവലയിൽ ഞങ്ങളെത്തുന്പോള്‍ കിഴുവിലം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഗിരീഷ് കുമാറിനും സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീകണ്ഠനുമൊപ്പം ഒരു വലിയ ആള്‍ക്കുട്ടുമുണ്ടായിരുന്നു.. എല്ലാവരും റീസര്‍വേയ്ക്കെതിരായ പരാതിക്കാര്‍. കിഴുവിലത്തെ റീസര്‍വേ അബദ്ധ പഞ്ചാംഗമെന്ന് പറയാൻ ഇതിൽ കൂടുതൽ എന്തു സാക്ഷ്യം വേണം.