സന്നിധാനത്ത് ഭഗവാനും ഭക്തനും തമ്മില്‍ ഭേദമില്ല; അതിനാല്‍ പരിഗണനയും വിവേചനവും പാടില്ല!

https://static.asianetnews.com/images/authors/b1b84807-c7a2-52a3-b63e-cadb3eb4d4b9.jpg
First Published 8, Oct 2018, 12:52 PM IST
S Biju opinion on Sabarimala supreme court verdict
Highlights

മാളികപ്പുറങ്ങള്‍ കൂടുതല്‍ കടന്നു വരുന്നുണ്ടെങ്കില്‍ അയ്യപ്പന്‍മാര്‍ വഴി മാറി കൊടുക്കണം. ആരെയും നിര്‍ബന്ധിച്ചു കൊണ്ടു വരികയും വേണ്ട, വരുന്നവരെ തടയുകയും വേണ്ട.  അവിടെ ഉള്‍ക്കൊള്ളാവുന്നവര്‍ മാത്രമായി ചുരുക്കണമെന്ന് മാത്രം.

സമഭാവന സങ്കല്‍പ്പമുള്ള, കല്ലും മുള്ളും കാലുക്ക് മെത്തയായ ശബരീ സന്നിധാനത്തില്‍ തീര്‍ത്ഥാടത്തിന് വരുന്നവര്‍ ഒരു സൗകര്യവും ആഗ്രഹിക്കുക പോലുമരുത്; സ്ത്രീയാലും പുരുഷനായാലും. ശബരിമല വര്‍ഷത്തില്‍ മുഴുവന്‍ തുറക്കുന്നത് പോയിട്ടു പഴയ രീതിയില്‍ ദിവസവും, സമയവും ചുരുക്കണം. യേശുദാസിന്റെ ഹരിവരാസനം കേട്ടുറങ്ങുന്ന ഭവവാനെയും ഭക്തനെയും പൂങ്കാവനത്തെയും പെട്ടെന്ന് ഉണര്‍ത്താമോ? ഭസ്മാഭിഷക്തനായി യോഗനിദ്രയില്‍ കുടികൊള്ളുന്ന ഭഗവാനെ അലോസരപ്പെടുത്തുന്ന ഒന്നും പൂങ്കാവനത്തില്‍ ഉണ്ടാകരുത്. നമ്മുടെ വാഹനങ്ങള്‍ക്ക് പകരം ഭഗവാന്റെ വാഹനങ്ങളായ  കടുവാ പുലികള്‍ വിരാജിക്കട്ടെ.  Image Courtesy: VInod Kadavath

ഏതു വെല്ലുവിളിയെയും അവസരമാക്കാനുള്ള കഴിവുള്ളവരാണ് ജീവിത വിജയം നേടുന്നത്. ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി തീരുമാനം പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ആര്‍ത്തവ കാലത്ത് മാത്രമല്ല, ആര്‍ത്തവ സമയത്ത് പോലും സ്തീകള്‍ക്ക് ക്ഷേത്രത്തില്‍ പോകാമെന്ന രീതിയിലാണ് ഹിന്ദുമത ക്ഷേത്ര പ്രവേശന നിയമം സുപ്രീം കോടതി ഭേദഗതി ചെയ്തിരിക്കുന്നത്. സ്വാഭാവികമായും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ അല്ലെങ്കില്‍ ആള്‍ക്കാരുടെ എണ്ണം കൂടും. ശബരിമല പോലുള്ള ക്ഷേത്രങ്ങളിലാകട്ടെ അന്യസംസ്ഥാനത്തും രാജ്യത്തിന് പുറത്തും നിന്നുമടക്കം തീര്‍ത്ഥാടകരുടെ എണ്ണം കൂടും. സ്വാഭാവികമായി അവിടത്തെ സൗകര്യങ്ങളൊന്നും മതിയാകാതെ വരും. പലതരം മനുഷ്യാവകാശ കാര്യങ്ങളും ഉയര്‍ത്തി പിടിക്കുന്ന ഈ കാലത്ത് അവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ആധുനിക നിലവാരത്തില്‍ നല്‍കിയേ പറ്റൂ. കുറേ വര്‍ഷങ്ങളായി ശബരിമലയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ഹൈക്കോടതിയായിരുന്നു. പുതിയ സാഹചര്യത്തില്‍ അത് സുപ്രീം കോടതി തന്നെ നിര്‍വഹിക്കും. അതിനാല്‍ വീഴ്ചയൊന്നും വരുത്താനാവില്ല. 

വിഗ്രഹത്തെക്കാള്‍ ശക്തി വെളിച്ചപ്പാടിനുള്ള കാലമാണിത്. സുപ്രീം കോടതി വിധിയെ ബി.ജെ.പിയിലെയും ആര്‍.എസ്.എസിലെയുമൊരു വിഭാഗവും അവരുടെ ദേശീയ വനിതാ കമ്മീഷനുമൊക്കെ പ്രത്യക്ഷത്തിലെങ്കിലും സ്വാഗതം ചെയ്യുമ്പോള്‍, കേരളത്തിലെ ബി.ജെ.പി നേതൃത്വം ആകെ വിഷമവൃത്തതിലാണ്. സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാകട്ടെ എന്ത് പറയണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയാനാകാത്ത അവസ്ഥയിലാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാകട്ടെ പരമ ഭക്ത ശിരോമണിയായി നിന്ന് ലിംഗഭേദമില്ലാതെ എല്ലാ സൗകര്യങ്ങളുമൊരുക്കാനുള്ള പുറപ്പാടിലാണ്. പുരാണപാരായണ കുടുംബത്തില്‍ നിന്നു വന്ന മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരനാകട്ടെ താന്‍ വിശ്വാസത്തോടെയാണ് മല പലവട്ടം ചവിട്ടിയതെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നൂറ്റാണ്ട് കണ്ട പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് മോചനമായില്ലെങ്കിലും വരുന്ന മണ്ഡലകാലത്തിന് മുമ്പ് പ്രളയം പിഴുതെറിഞ്ഞ പമ്പയിലടക്കം എല്ലാ കാര്യങ്ങളും ശരിയാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല പ്രവൃത്തി പഥത്തില്‍ മുന്‍ നിരയില്‍ നിന്ന് നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പം എന്ത് വില കൊടുത്തും എല്ലാ വനിതകളയും കയറ്റുമെന്നും. 

അവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ആധുനിക നിലവാരത്തില്‍ നല്‍കിയേ പറ്റൂ.

ചികിത്സക്ക് അമേരിക്കയില്‍ പോകും മുന്‍പ് ടാറ്റാ പ്രോജക്റ്റ്‌സിനെ കൊണ്ട് അദ്ദേഹം ശബരിമല പുനരുദ്ധാരണ പണിയും തുടങ്ങിപ്പിച്ചു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് ഒപ്പം നില്‍ക്കുന്ന എല്ലാവരെയും സമഭാവനയോടെ കാണുന്ന സഖാവ് സ്വാമിക്കൊപ്പം ശരണം വിളിച്ച് നില്‍ക്കുമ്പോഴാണ് മാളികപ്പുറങ്ങള്‍ക്ക് സുപ്രീം കോടതിയും കഠിനമായ കരിമലകയറ്റത്തിന് താങ്ങ് നല്‍കിയത്. അവരെ നീലിമലയും, അപ്പാച്ചിമേടും, ശരകുത്തിയും, എന്തിന് പതിനെട്ടാം പടിയും ഏറ്റി വിടാന്‍ ജനാധിപത്യ മഹിളാസംഘം തന്നെ ഉടന്‍ രംഗത്തിറങ്ങുമായിരിക്കും. പാണ്ടി സ്വാമികളായ അയ്യപ്പ വിശുദ്ധി സേനക്കൊപ്പം കുടുംബശ്രീയും നീലിമലയെ പരിപാലിക്കാന്‍ തയ്യാറാകുമായിരിക്കും. ഒളിച്ചും പതുങ്ങിയും ദര്‍ശനം നടത്തിയിരുന്ന സഖാക്കള്‍ക്ക് ഇനി ധൈര്യമായി 41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പ ഭജനമെടുത്ത് അയ്യപ്പന്‍ പാട്ടുമായി വൃശ്ചിക പുലരികളെ വൃതശുദ്ധിതരും പൊന്‍ പുലരികളാക്കാം. ഇക്കാര്യത്തില്‍ മുന്നൊരുക്കം നടത്തിയിട്ടുള്ള സഖാവ് പി. ജയരാജന്‍ തന്നെ ഇതിന് നേതൃത്വം നല്‍കുമായിരിക്കും. ഇങ്ങനെ സഖാക്കള്‍ കര്‍സേവ ഏറ്റെടുത്ത് സംഘപരിവാറുകാരുടെയും മുല്ലപ്പള്ളി ചെന്നിത്തല സ്വാമിമാരുടെയും കഞ്ഞികുടി മുട്ടിക്കരുത്. 

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലി വാവര്‍പള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി കഴിഞ്ഞു.   സ്ത്രീപ്രവേശനത്തിന് നേരത്തെ തന്നെ യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥലമാണ് വാവര് പള്ളിയെന്നും മഹല്ല് കമ്മിറ്റി കഴിഞ്ഞ ദിവസം പരസ്യ നിലപാടും പ്രഖ്യാപിച്ചു. കന്യാസ്ത്രീകളെ നിയന്ത്രിച്ചു നിര്‍ത്തുമെങ്കിലും തങ്ങള്‍ക്ക് സ്വാധീനമുള്ള മധ്യകേരളത്തിലെ സമ്പത്ത് വ്യവസ്ഥക്ക് താങ്ങായി നില്‍ക്കുന്ന ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുള്ള വനിതകളും കൂടി വരുന്നതില്‍ സഭയ്ക്കും സന്തോഷമേയുണ്ടാകൂ. പണ്ടേ അയ്യപ്പന്‍ പാട്ടുകളില്‍ വാവര്‍ക്കൊപ്പം ഇടം പിടിച്ചയാളാണല്ലൊ കൊച്ചുതൊമ്മന്‍ സ്വാമി. ശബരിമല കത്തിയമര്‍ന്നപ്പോള്‍ ഏറെ പണിപ്പെട്ട് അവിടം പുനര്‍നിര്‍മ്മിക്കാന്‍ കരാറെടുത്ത കൊച്ചുതൊമ്മന്‍ പിന്നിട് അയ്യപ്പ ഭക്തനായതോടെയാണ് അയ്യപ്പന്‍ പാട്ടുകളില്‍  നമ്മുടെ യേശുദാസിനൊപ്പം ഭാഗമായത്.    

നിലയ്ക്കല്‍ പ്രക്ഷോഭ നായകന്‍ കുമ്മനംജിക്കാകട്ടെ ഇപ്പോള്‍ ബിഷപ്പുമാരുടെ കൈമുത്താനുള്ള തിരക്കില്‍ ശബരിമലയൊന്നും ശ്രദ്ധിക്കാന്‍ നേരമില്ല. മാത്രമല്ല  87 ശതമാനം ക്രിസ്ത്യാനികളുള്ള  മിസോറാമിനെ വരുതിയിലാക്കാന്‍ അമിത് ഷാജി നിയോഗിച്ചിട്ടുള്ള കുമ്മനംജിക്ക് ഗവര്‍ണ്ണറെന്ന പദവി നല്‍കുന്ന നിയന്ത്രണം മൗനം അവലംബിക്കാനുള്ള സൗകര്യവും നല്‍കുന്നു. അത്  ലംഘിച്ചാല്‍ പാമ്പിന്‍ വിഷം പാമ്പിനെ കൊണ്ടിറക്കുന്ന മോദിജി വെറുതേ വിടുമെന്ന് വിചാരിക്കുകയും വേണ്ട.

സുഗതകുമാരി ടീച്ചറെയും കൂട്ടി കുമ്മനം തന്നെ ശബരിമലയിലെ പരിസ്ഥിതി സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം. 

കാര്യമിതൊക്കെയാണെങ്കിലും കുമ്മനം രാജശേഖരന്‍ ഒരു തികഞ്ഞ അയ്യപ്പ ഭക്തനാണ്. മാത്രമല്ല നല്ല പരിസ്ഥിതി വാദിയുമാണ്. ഈ രണ്ടു കാര്യങ്ങളും നേരിട്ട് ബോധ്യമുള്ളതാണ്. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ശുദ്ധമായ ഭക്ഷണം നല്‍കാന്‍ ബൃഹത്തായ പദ്ധതി നടപ്പാക്കിയ ആളാണ് കുമ്മനം. ശുദ്ധമായ അന്നം നല്‍കാന്‍ വിശ്വാസികളെകാണ്ട് തന്നെ മുന്‍കൂട്ടി അരിയും പച്ചക്കറിയുമൊക്കെ ജൈവ രീതിയില്‍ ഭക്തിപൂര്‍വം വിളയിച്ച് അത് മനശുദ്ധിയോടെ അയ്യപ്പ ഭക്തര്‍ക്ക്  അന്നദാനം നടത്തുന്ന ആളാണദ്ദേഹം. ഒരിക്കല്‍ ശബരിമല റിപ്പോര്‍ട്ടിങ്ങ് കഴിഞ്ഞിറങ്ങിയപ്പോള്‍ ആ അന്നദാനം സ്വീകരിച്ചതിന്റെ അനുഭവ സാക്ഷ്യമാണിത്. അതുപോലെ ആറന്‍മുള നെല്‍പ്പാടങ്ങളും പരിസ്ഥിതിയുമൊക്കെ സംരക്ഷിക്കാന്‍ ജാതി മത രാഷ്ടീയ ഭേദമില്ലാതെ നടന്ന വിമാനത്താവള വിരുദ്ധ സമരത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയുമാണ് അദ്ദേഹം. അന്ന് അദ്ദേഹത്തോടൊപ്പം ആറന്‍മുളയിലെ പരിസ്ഥിതി സംരക്ഷിക്കാന്‍ ഒപ്പം നിന്ന് പോരാടിയ സുഗതകുമാരി ടീച്ചറെയും കൂട്ടി കുമ്മനം തന്നെ ശബരിമലയിലെ പരിസ്ഥിതി സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം. 

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങ് കഴിഞ്ഞ് തിരികെ വന്നപ്പോള്‍ ചാലക്കയം പിന്നിട്ട് വരുമ്പോള്‍ കാട്ടിലെ ഭംഗിയുള്ള കാഴ്ച കണ്ട് ഞങ്ങള്‍ വണ്ടി നിര്‍ത്തി. പച്ചചാര്‍ത്തണിഞ്ഞ പൂങ്കാവനത്തില്‍ ചെമ്പട്ട് ഞൊറിയിട്ടപോലെ ചുവന്ന പൂക്കളുടെ കാഴ്ച പകര്‍ത്താന്‍ ക്യാമറമാന്‍ കെ.പി വിനോദിനോട് ആവശ്യപ്പെട്ടു. തിരികെ തിരുവനന്തപുരത്തെത്തി ആ സ്‌റ്റോറി എഡിറ്റ് ചെയ്യവേ എന്താണീ പൂമരത്തിന്റെ പേരെന്ന കാര്യത്തില്‍ സംശയമായി . സഹായത്തിനായി സുഹൃത്ത് കോഴഞ്ചേരി കോളേജിലെ ബോട്ടണി അദ്ധ്യാപകന്‍ തോമസ് പി തോമസിനെ വിളിച്ചു. ഇക്കാര്യം പറഞ്ഞപ്പോഴേ തോമസിന് സംശയം. നിത്യഹരിത വനമായ പൂങ്കാവനത്തില്‍ 'ഫ്‌ളെയിം ഓഫ് ദ ഫോറസ്റ്റ്' എന്ന വിശേഷണമുള്ള മേയ് ഫ്‌ളവര്‍ വരാന്‍ സാധ്യതയില്ലലോ എന്ന് തോമസിന് സംശയം. താന്‍ അടുത്ത ദിവസം തിരുവനന്തപുരത്തെി സംശയങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പു നല്‍കി. പിന്നീട് അത് സ്ഥിരീകരിച്ചപ്പോള്‍ തോമസ് ഒന്ന് കൂടി പറഞ്ഞു. ആ സസ്യത്തിന്റെ സാന്നിധ്യം ശബരിമല പൂങ്കാവനം നിത്യ ഹരിത വനത്തില്‍ നിന്ന് ഇലപൊഴിയും  വനത്തിലേക്കുള്ള അപചയത്തെയാണ് സൂചിപ്പിക്കുന്നത്. പിന്നീട് ആറന്‍മുള സമരത്തില്‍ കുമ്മനത്തിന് എല്ലാ പരിസ്ഥിതി രേഖകളും നല്‍കി പിന്തുണച്ചത് തോമസായതിനാല്‍ അദ്ദേഹത്തെ നിങ്ങള്‍ക്കും വിശ്വസിക്കാം. 

എന്താണീ പൂങ്കാവനം?  കാനനവാസനായ അയ്യപ്പ സ്വാമി കുടികൊള്ളുന്നത് ഏതാണ്ട് 998 ഹെക്ടര്‍ വരുന്ന പെരിയാര്‍ കടുവാ സങ്കേതത്തിലാണ്. അതില്‍ 59 ഏക്കറാണ് ശബരിമലക്ക് രേഖാ മൂലം വിട്ടു കെടുത്തിട്ടുള്ളത്. ചുരുങ്ങിയത് 96 ഏക്കര്‍ ഇതിനകം തന്നെ ഭക്തര്‍ ഉപയോഗിക്കുന്നു. അനുബന്ധ ആശ്രയം വേറെ. മിച്ചമുള്ള കുറച്ച് സഥലത്താണ് 38 കടുവകളും, 60 പുലികളും, 120 കരടികളും, 1400 ആനകളും പുറമേ കാട്ടുപോത്തും  മാനും, മ്ലാവും, നരിയും, രാജവെമ്പാലയും, തേനീച്ചയും, മയിലും, ആയിരകണക്കിന് മറ്റ് ജീവജാലങ്ങളും വൈവിദ്ധ്യമായ സസ്യ ലതാദികളും ഒപ്പം അയ്യപ്പന്റെ കൂടപിറപ്പുകളായ മലപണ്ടാര വിഭാഗത്തിലെ ആദിവാസികളും വസിക്കുന്നത്. കേരളത്തിനും തമിഴ്‌നാടിനും ദാഹമകറ്റുന്ന പമ്പയും പെരിയാറുമൊക്കെ ഉത്ഭവിക്കുന്നതും ഈ മലനിരകളില്‍ നിന്നാണ്. 

പൂങ്കാവനത്തിന് ചുറ്റുമുള്ള പ്രദേങ്ങളിലെ കൈയ്യേറ്റത്താല്‍ എത്രത്തോളം ലോലമാണ്  പെരിയാര്‍ കാടുകളെന്നറിയാന്‍ പൊന്നമ്പലമേട്ടില്‍ പോയാലറിയാം. അതെ, മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട് തന്നെ. വൈദ്യുത വകുപ്പ് ജീവനക്കാരനായിരുന്ന അച്ഛന്‍ ഡ്യൂട്ടിക്ക് ഗവിയില്‍ പോയപ്പോള്‍ മനസ്സിലാക്കിയിരുന്ന ജ്യോതി പുരാണം ഞങ്ങള്‍ക്ക് കുഞ്ഞിലെ പറഞ്ഞു തന്നിരുന്നു. പണ്ടൊക്കെ ആദിവാസികളും പിന്നീട് വൈദ്യുത വകുപ്പ് ജീവനക്കാരുമൊക്കെ മകരവിളക്ക് നാള്‍ സന്ധ്യാ പൂജക്ക് അയ്യപ്പനെ കര്‍പ്പൂരാരാധന നടത്തിയിരുന്നു. അത് കണ്ട് ആ ഭാഗത്ത് ആ നേരം ഉദിക്കുന്ന മകരനക്ഷത്രമാണ് ഇതെന്ന്  തെറ്റിദ്ധരിച്ച ഇതരസംസ്ഥാനക്കാരായ ഭക്തര്‍ അതിനെ ദിവ്യജോതിയാക്കി. ആദ്യമൊക്കെ പുലിയെ പേടിച്ച് കുറച്ച് പേര്‍ മാത്രം പോയിരുന്ന മകരവിളക്ക് സീസണ്‍ ഇതോടെ ഉഷാറായി. ആകാശവാണി തത്സമയ പ്രക്ഷേപണം കൂടി തുടങ്ങിയതോടെ പോലീസും ദേവസ്വക്കാരുമൊക്കെ പൊന്നമ്പലമേട്ടില്‍ പോയി തിരുവാഭരണം ചാര്‍ത്തിയതായി കമന്ററി കിട്ടിയാല്‍ ജ്യോതി തെളിയിക്കലായി. 

അയ്യപ്പനെയും മാളികപ്പുറത്തമ്മെയും കാണാന്‍ ലിംഗ- പ്രായ ജാതി മത ഭേദമന്യേ ആരും കടന്നുവന്നോട്ടേ.

പൊന്നമ്പലമേട്ടില്‍ പൊലീസിനെയും വനംവകുപ്പിനെയും കണ്ണ് വെട്ടിച്ച് പോകാനായപ്പോള്‍ അവിടത്തെ പ്രത്യേകത മനസ്സിലാക്കാനായി. അവിടത്തെ ഒരു ചെറിയ തിട്ടയില്‍ നിന്ന് നോക്കിയാല്‍ ശബരിമല വ്യക്തമായി കാണാം, അയ്യപ്പനെ തൊഴാനുമാകും. ഒപ്പം ഒരു കാര്യം കൂടി മനസ്സിലാകും. ചുറ്റുമുള്ള പ്രദേശങ്ങളൊക്കെ കൂപ്പും കയ്യേറ്റവുമായി എത്രത്തോളം നശിച്ചിട്ടുണ്ടെന്നും, ശബരിമല പൂങ്കാവനം എത്രത്തോളം ഭീഷണി നേരിടുന്നുവെന്നും. മദ്യ രാജാവും ഇപ്പോള്‍ നമ്മുടെ ഈ വിഷയത്തില്‍ നേട്ടം കൊയ്യാന്‍ മത്സരിക്കുന്ന രാഷ്ടീയക്കാര്‍ സംരക്ഷിച്ചു വിദേശത്താക്കിയ  വിജയ് മല്യ തീര്‍ത്ത സ്വര്‍ണ്ണ മേല്‍ചട്ടയില്‍ നിന്ന് അയ്യപ്പനെ രക്ഷിക്കണം. കോവിലില്‍ പതിപ്പിച്ച ലോഹത്തിന്റെ തിളക്കം അയ്യപ്പ സ്വാമിയുടെ വാഹനമായ  പുലികള്‍ക്ക് എത്ര അസ്വാസ്ഥ്യം ഉണ്ടാക്കുമെന്ന് ഏത് വനശാസ്ത്രഞ്ജനോടും ചോദിച്ചു നോക്കൂ. ഉച്ച നേരത്ത് നമ്മുടെ കണ്ണ് പോലും മഞ്ഞളിച്ച് പോകും. അവിടെ വരുന്ന ഭക്തര്‍ വിശുദ്ധമായ പൂങ്കാവനത്തെ മലീമസമാക്കുന്നത് മൂലം വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കുമൊക്കെ വന്‍ നാശമാണ് ഉണ്ടാക്കുന്നത്. വിസര്‍ജ്യത്തിന്റെ നാറ്റം കാരണം പക്ഷികള്‍ പോലും അവിടം വിടുന്നതായി പഠനങ്ങള്‍ പറയുന്നു. ആനയും മാനുമൊക്കെ പ്‌ളാസ്റ്റിക്ക് തിന്ന് അപകടത്തില്‍പ്പെടുന്നു.വിസര്‍ജ്യം ഇഷ്ടപ്പെടുന്ന  പന്നികള്‍ ശബരിമലയില്‍ തീര്‍ത്ഥാടന പാതകളിലെങ്ങും കാണാം. ഇത് മൃഗങ്ങള്‍ക്ക് മാത്രമല്ല മനുഷ്യനും ഏറെ ദോഷം വരുത്തുന്നു. മാലിന്യം പേറുന്ന ഞുണങ്ങാര്‍ പമ്പയിലാണ് പതിക്കുന്നത്. അനുവദനീയമായതിന്റെ എത്രയോ ഇരട്ടി,  മനുഷ്യ വിസര്‍ജ്യം പുറംതള്ളുന്ന ഹാനികരമായ കോളിഫോം ബാക്ടീരിയയും മറ്റ് വിഷാംശവും പേറിയാണ്  സീസണ്‍ കാലത്ത് പമ്പ ഒഴുകുന്നത്. സ്രോതസ്സില്‍ വച്ച് തന്നെ ഈ മാലിന്യം സംസ്‌കരിക്കാന്‍ പലരും സൗജന്യമായി തയ്യാറായി വരുമ്പോള്‍ അമ്പലവിഴുങ്ങികളായ ദേവസ്വക്കാരും ഉദ്യോഗവൃന്ദവും തടയിടുന്നു.  

അയ്യപ്പനെയും മാളികപ്പുറത്തമ്മെയും കാണാന്‍ ലിംഗ- പ്രായ ജാതി മത ഭേദമന്യേ ആരും കടന്നുവന്നോട്ടേ. കരിമല മുകളിലുള്ള കാനന വാസനെ കാണാനെത്തുന്നവര്‍ക്ക് ശരീരശുദ്ധി അല്‍പ്പം കുറഞ്ഞാലും മനശുദ്ധി ഉണ്ടായാല്‍ മതി. വരുന്ന ഭക്തര്‍ക്ക് സൗകര്യം ഒരുക്കാന്‍ 500 ഏക്കറെങ്കിലും വേണമെന്നാണ് കഴിഞ്ഞ ദേവസ്വം ആവശ്യപ്പെട്ടത്. ഭൂമിയില്‍ വനം- ദേവസ്വം തര്‍ക്കം കാലാകാലങ്ങളായി തുടരുകയാണ്. പൂങ്കാവനത്തില്‍പ്പെട്ട നിലയ്ക്കലിലെ വനഭൂമിയില്‍ ഫാമിങ്ങ് കോര്‍പ്പറേഷന്‍ റബര്‍ കൃഷി നടത്തിവരുകയായിരുന്നു. ശബരിമലയിലെ ആശ്രയത്വം കുറയ്ക്കാന്‍ നിലയ്ക്കല്‍ ഇടത്താവളമാക്കണമെന്ന് 1998ല്‍ പമ്പാപരിരക്ഷണ സമിതിയാണ് ആവശ്യപ്പെടുന്നത്. ഏഴരക്കോടി വനംവകുപ്പിന് നല്‍കി ദേവസ്വം ബോര്‍ഡ് 250 ഏക്കര്‍ 2005ല്‍ നിലക്കലില്‍ പാട്ടകാലാവധി കഴിഞ്ഞ ഭൂമി നേടിയതോടെയാണ് അവിടെ ഇടത്താവളമായത്. ശബരിമല, പമ്പ എന്നിവിടങ്ങളില്‍ ഭൂമിക്കായി നടന്ന ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ 1980ലെ കേന്ദ്ര വന നിയമം അനുവദിക്കുന്നില്ല. ഇതിനിടയ്ക്ക് രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത്  നല്‍കിയ 12.50 ഏക്കര്‍ സ്ഥലം  ഉപയോഗിച്ച് പമ്പ ശബരീപീഠം പാതയില്‍ നടപ്പന്തല്‍ നിര്‍മ്മിച്ചിരുന്നു. ആനത്താരയില്‍ അതിന് തടസ്സമായി നടത്തുന്ന നിര്‍മ്മാണം തന്നെ വന വിദഗ്ദ്ധര്‍ ചോദ്യം ചെയ്തിരുന്നു. എന്തായാലും സീസണ്‍ കഴിയുമ്പോള്‍ കരിവീരന്‍മാര്‍  നിര്‍മ്മിതി തകര്‍ത്ത് തങ്ങളുടെ താര വീണ്ടെടുക്കാറുണ്ട്. ഇപ്പോള്‍ വന്ന മഹാ പ്രളയം പമ്പാതടത്തെയും ശുദ്ധമാക്കിയിട്ടുണ്ട്. ബുദ്ധപാരന്പര്യവുമായി ഏറെ സാദൃശ്യമുള്ള ത്യാഗമൂര്‍ത്തിയാണ് അയ്യപ്പ സങ്കല്‍പ്പമെന്ന് നിരീക്ഷണമുണ്ട്. 

സമഭാവന സങ്കല്‍പ്പമുള്ള, കല്ലും മുള്ളും കാലുക്ക് മെത്തയായ ശബരീ സന്നിധാനത്തില്‍ തീര്‍ത്ഥാടത്തിന് വരുന്നവര്‍ ഒരു സൗകര്യവും ആഗ്രഹിക്കുക പോലുമരുത്; സ്ത്രീയാലും പുരുഷനായാലും. ശബരിമല വര്‍ഷത്തില്‍ മുഴുവന്‍ തുറക്കുന്നത് പോയിട്ടു പഴയ രീതിയില്‍ ദിവസവും, സമയവും ചുരുക്കണം. യേശുദാസിന്റെ ഹരിവരാസനം കേട്ടുറങ്ങുന്ന ഭവവാനെയും ഭക്തനെയും പൂങ്കാവനത്തെയും പെട്ടെന്ന് ഉണര്‍ത്താമോ? ഭസ്മാഭിഷക്തനായി യോഗനിദ്രയില്‍ കുടികൊള്ളുന്ന ഭഗവാനെ അലോസരപ്പെടുത്തുന്ന ഒന്നും പൂങ്കാവനത്തില്‍ ഉണ്ടാകരുത്. നമ്മുടെ വാഹനങ്ങള്‍ക്ക് പകരം ഭഗവാന്റെ വാഹനങ്ങളായ  കടുവാ പുലികള്‍ വിരാജിക്കട്ടെ.  

നിലയ്ക്കലില്‍ ഹെലിപാഡും, എരുമേലിയില്‍ വിമാനത്താവളവും ശബരിമലയ്ക്കായി എന്തിന്? പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പോലും അവിടെ  ഹെലികോപ്ടറില്‍ എത്താന്‍ ഭഗവാന്‍ അനുവദിച്ചില്ലലോ.  റോപ്പ് വേ എന്തിന്? മനസ്സിന്റെ ആഗ്രമുണ്ടെങ്കില്‍ ആര്‍ക്കും മല കയറാം. വന്ദ്യവയോധികനായ വി.എസ്. അച്യതാനന്ദന്‍ പോലും ആയാസമില്ലാതെ കയറിയില്ലേ. മറ്റുള്ളവര്‍ക്ക് പാദം നല്‍കാനായി ശബരിമലയിലേക്കുള്ള പ്രവാഹം ഭക്തര്‍ സ്വയം നിയന്ത്രിക്കണം. പുല്‍മേട്ടിലും, ത്രിവേണി ഹില്‍ടോപ്പിലുമൊക്കെയുണ്ടായ ദുരന്തങ്ങള്‍ ഇനിയാവര്‍ത്തിക്കരുത്. 

മാളികപ്പുറങ്ങള്‍ കൂടുതല്‍ കടന്നു വരുന്നുണ്ടെങ്കില്‍ അയ്യപ്പന്‍മാര്‍ വഴി മാറി കൊടുക്കണം. ആരെയും നിര്‍ബന്ധിച്ചു കൊണ്ടു വരികയും വേണ്ട, വരുന്നവരെ തടയുകയും വേണ്ട.  അവിടെ ഉള്‍ക്കൊള്ളാവുന്നവര്‍ മാത്രമായി ചുരുക്കണമെന്ന് മാത്രം. സന്നിധാനത്ത് ഭഗവാനും ഭക്തനും തമ്മിലുള്ള ഭേദമൊന്നുമില്ല. അതിനാല്‍ ഒരു തരത്തിലുമുള്ള പരിഗണനയും വിവേചനവും പാടില്ല. ഭഗവാനും ഭക്തനും സാമി തന്നെ. ശുദ്ധബോധമായ ബ്രഹ്മത്തെ അറിയാനാണല്ലോ മല കയറുന്നത്. അത് താന്‍ തന്നെയെന്ന് അറിയണമെന്ന് മാത്രം. തത്ത്വമസി. 

(ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ്  എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ലേഖകന്‍) 

loader