ഉഷ എസ് എഴുതുന്നു

കാലം ചേച്ചിയ്ക്ക് വല്ലാത്ത തന്‍േറടം കൊടുത്തു. കവലച്ചട്ടമ്പിമാരും ഗുണ്ടാരാജാക്കളുടേയുമിടയില്‍ അവര്‍ പിടിച്ചു നിന്നു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ആ സ്ത്രീയെ കാണുന്നത്. ആദ്യത്തെ സേലം വാസത്തിനായി എത്തിയതായിരുന്നു. ഒരു മാസത്തെ താമസം എന്നുദ്ദേശിച്ചതിനാല്‍ ശാപ്പാടൊക്കെ ഹോട്ടലില്‍. തമിഴ് ഭക്ഷണം പിടിക്കാത്ത എന്നോട് ഒരു പരിചയക്കാരനാണ് മലയാളി സ്ത്രീ നടത്തുന്ന ഹോട്ടലിനെപ്പറ്റി പറഞ്ഞത്. 

അങ്ങനെ ഞാന്‍ 'ചേച്ചി മെസ്സി' ലെത്തി. ചെല്ലുമ്പോള്‍ നല്ല കാഴ്ച. ഒരു സ്ത്രീ സ്‌ക്കൂട്ടറില്‍ കയറി പോയ പയ്യനെ വണ്ടിക്ക് വട്ടം നിന്ന് താഴെ പിടിച്ചിറക്കുന്നു. കാര്യം എന്താന്നല്ലേ? ഊണു കഴിച്ച് പൈസ കൊടുക്കാതെ ചേച്ചിയെ പറ്റിക്കാന്‍ നോക്കിയതാണത്രേ. അവന്റെ ഷര്‍ട്ടിനു പിടിച്ചപ്പോഴേയ്ക്കും കൂട്ടുകാരാരോ പൈസ കൊടുത്തു. അകത്തേയ്ക്കു വന്ന് എന്നെ കണ്ടതും ചിരിച്ചു. അവരാണ് ചേച്ചിമെസ്സ് നടത്തുന്ന സാക്ഷാല്‍ ചേച്ചി. 

പഠിക്കാന്‍ വരുന്ന കുട്ടികളുടെ ഉഴപ്പും വീട്ടിള്‍ നിന്നയയ്ക്കുന്ന പൈസ മുഴുവന്‍ ഒറ്റയടിയ്ക്കു തീര്‍ക്കുന്നതും പിന്നെ പട്ടിണി കിടക്കുന്നതും ചിലരൊക്കെ ഇതു പോലെ ഹോട്ടലുകാരെ പറ്റിക്കുന്നതുമൊക്കെ അവര്‍ വാ തോരാതെ പറഞ്ഞു. എന്തോ എനിക്കവരോട് അത്ര അടുപ്പം തോന്നിയില്ല. ചിലരോട് നമുക്ക് കാണുമ്പോഴേ ഇഷ്ടം തോന്നും. ചിലര്‍ സ്‌നേഹം കൊണ്ട് പിന്നീട് നമ്മെ അവരിലേയ്ക്ക് അടുപ്പിക്കും. മറ്റ് ചിലരോടാകട്ടെ ഒരിക്കലും അടുക്കാന്‍ തോന്നില്ല. 

ഭക്ഷണം കഴിക്കുന്നതിനിടെ മേശപ്പുറത്തു കിടന്ന മാസിക ഞാന്‍ മറിച്ചു നോക്കിയിരുന്നു. പിറ്റേ ദിവസം ഊണു കഴിഞ്ഞു പോരാന്‍ നേരം ആ ആഴ്ചത്തെ ആഴ്ചപ്പതിപ്പുകളുമായി അവര്‍. എനിക്കായി സഹായിയെക്കൊണ്ട് ടൗണില്‍ നിന്നും വാങ്ങിപ്പിച്ചത്. അന്നാദ്യമായി ഞാന്‍ അവരെ നോക്കി ചിരിച്ചു. 

ദിവസങ്ങള്‍ പോകെ., മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാന്‍ ചേച്ചിമെസ്സില്‍ കുറ്റിയടിച്ചു. ചേച്ചിയ്ക്ക് തെരക്കോടു തെരക്ക്. മീന്‍ മുറിക്കുന്നതും പച്ചക്കറി നുറുക്കുന്നതും അരയ്ക്കുന്നതുമൊക്കെ എന്തു സ്പീഡിലാണെന്നോ? അതിനിടെ സാവധാനം പാത്രം കഴുകുകയും മേശ ക്‌ളീന്‍ ചെയ്യുകയും ഒക്കെ ചെയ്യുന്ന സഹായിയെ ചീത്ത പറയുന്നുണ്ടാവും.അവരുടെ പാചകം നോക്കി ഞാന്‍ എന്റെ കറിക്കൂട്ടുകള്‍ പറയും. അവര്‍ എരിശ്ശേരിയുടെയും കൂട്ടുകറിയുടേയും കൂട്ടു പറഞ്ഞപ്പോള്‍ എനിക്കത്ഭുതം. അപ്പോഴാണ് അവര്‍ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആളാണൈന്ന് മനസ്സിലാവുന്നത്. കുരിശുമാലയൊക്കെയിട്ട് നാഴികയ്ക്ക് നാല്പതുവട്ടം വേളാങ്കണ്ണിമാതാവിനെ വിളിക്കുന്ന അവര്‍ മതം മാറിയതാണെന്നു വിശ്വസിക്കാന്‍ പറ്റിയില്ല. 

അതുകൊണ്ടുതന്നെ മുറിവുകള്‍ വേഗം ഉണങ്ങും. 

തിരുവനന്തപുരത്തെ ഒരു പഴയ നായര്‍ കുടുംബാംഗം. അല്ലലില്ലാതെ ബാല്യം. പത്താം ക്‌ളാസ്സു കഴിഞ്ഞ് തയ്യല്‍ പഠനത്തിനിടയിലാണ് നായകന്റെ രംഗപ്രവേശം. അവിടെ സ്ഥലം മാറിവന്ന ക്രിസ്ത്യാനിചെക്കന്‍. സ്‌നേഹം വന്നാല്‍ ജാതീം മതോന്നും കാര്യമല്ല. ഇത് ചേച്ചിയുടെ സംസാരാണു കേട്ടോ. അങ്ങനെ രായ്ക്കുരാമാനം സ്ഥലം വിട്ടു. പിന്നെ മാമ്മോദിസാ മുങ്ങി കല്യാണം. നാട്ടിലും ബന്ധുക്കള്‍ക്കിടയിലുമൊക്കെ കുറെനാള്‍ വാര്‍ത്തയായിരുന്നത്രേ. അന്ന് ജാതിയും മതവും വിട്ടുളള കല്യാണം ഒരു ഷോക്കാണ്. ചിലരൊക്കെ പെണ്ണിനെ തിരികെ കൊണ്ടു വരാന്‍ ശ്രമിച്ചെന്നിരിക്കും. ചിലേടത്ത് ചെറിയതോതില്‍ കൈയാങ്കളിയും നടക്കും. പക്ഷേ ഇന്നത്തെപ്പോലെ ആളെക്കൂട്ടി ചേരിതിരിഞ്ഞ് യുദ്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ മുറിവുകള്‍ വേഗം ഉണങ്ങും. 

വര്‍ഷങ്ങള്‍ പോകെ ചേച്ചിയ്ക്ക് മൂന്നു കുട്ടികള്‍. രണ്ടാണും ഒരു പെണ്ണും. പിന്നെ അവരെ വളര്‍ത്തല്‍. വല്ലപ്പോഴും ചെറുനോവായി വീടും വീട്ടുകാരും. കുഞ്ഞിന്റെ കരച്ചിലിലോ മുതിര്‍ന്ന കുട്ടികളുടെ കളിചിരിയിലോ വഴിപിരിയുന്ന ഓര്‍മ്മകള്‍. മൂത്ത മോന്‍ ഹൈസ്‌ക്കൂള്‍ ക്‌ളാസ്സിലെത്തിയപ്പോഴായിരുന്നു ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണം. അങ്ങനെ സങ്കടപ്പെട്ടിരുന്നാല്‍ നോക്കാനാരുമില്ലായിരുന്നു. ഭര്‍ത്താവിന്റെ സ്വന്തത്തിലൊരു കുട്ടി ആയിടെയാണ് സേലത്ത് ദന്തല്‍ പഠനത്തിനു പോയത്. അവന് ഭക്ഷണം വച്ചുകൊടുക്കാനാണ് ചേച്ചി ആദ്യമായി സേലത്തെത്തുന്നത്. അവനും കൂട്ടുകാര്‍ക്കും ഭക്ഷണമൊരുക്കി. പഠനത്തിനുശേഷം അവന്‍ സേലം വിട്ടെങ്കിലും ചേച്ചി പോയില്ല. വാടകവീട്ടില്‍ താമസിച്ച് ഭക്ഷണമൊരുക്കിത്തുടഞ്ങ്ങി. അന്ന് മലയാളിക്കടകള്‍ തീരെ കുറവ്. ധാരാളം കുട്ടികള്‍ വന്നു തുടങ്ങി. അവരെഉപദേശിക്കുകയും കണ്ണുപൊട്ടെ ചീത്ത പറയുകയും ചെയ്യും. ഏതു വില്ലനും ചേച്ചിയൂടെ മുമ്പില്‍ അനുസരണക്കുട്ടി. 

കാലം ചേച്ചിയ്ക്ക് വല്ലാത്ത തന്‍േറടം കൊടുത്തു. കവലച്ചട്ടമ്പിമാരും ഗുണ്ടാരാജാക്കളുടേയുമിടയില്‍ അവര്‍ പിടിച്ചു നിന്നു. അമ്മമയുടെ അസുഖസമയത്തും മരണസമയത്തും അമ്മയ്ക്കരികില്‍. ഭാഗം ചെയ്തപ്പോള്‍ വീടിനോട് ചേര്‍ന്നു കിട്ടിയ സ്ഥലത്ത് ഒരു വീടുയര്‍ന്നു. അതിനിടയില്‍ കുട്ടികള്‍ വളര്‍ന്നു. മൂത്ത മകന് ജോലി കിട്ടിയിരുന്നു. മകളെ നല്ല നിലയില്‍ വിവാഹം ചെയ്തു. ഇളയ മകനും ജീവിത മാര്‍ഗമായി. ഭര്‍ത്താവു മരിക്കുമ്പോള്‍ ഒക്കത്തിരുന്ന ഒന്നരവയസ്സുകാരന്റെ മോള്‍ക്ക് മാമ്മോദിസ. അതിന് നാട്ടില്‍ പോണം. 

എല്ലാ വര്‍ഷവും മെയ്മാസം ഇവിടെ സമ്മര്‍ വെക്കേഷനാണ്. ചേച്ചിയും കടയൊക്കെ പൂട്ടിക്കെട്ടി യാത്രയാവും. ഇത്തവണ കുഞ്ഞിന്റെ മാമ്മോദിസ പിന്നെ വേളാങ്കണ്ണിയില്‍ നേര്‍ച്ച. മക്കള്‍ ഈ പാടൊക്കെ വിട്ട് അവരുടെ കൂടെ ചെല്ലാന്‍ പറയുന്നു. ഇന്നുവരെ ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല.ഇനിയും അങ്ങനെയാവണം. ഇതു പറയുമ്പോള്‍ വാക്കുകള്‍ക്ക് വല്ലാത്ത ഉറപ്പ്. 

നാട്ടില്‍ സഹോദരങ്ങള്‍ക്കിടയില്‍ ഇപ്പോഴും അവര്‍ കുഞ്ഞിപെങ്ങള്‍. സ്‌നേഹബന്ധങ്ങള്‍ക്കെന്തു ജാതിവ്യത്യാസമല്ലേ? ചേച്ചി യാത്രയാകുന്ന ദിവസം ഞാനും വിട പറയാനെത്തിയിരുന്നു. ചേച്ചി പള്ളിയില്‍ പോയിരിക്കുകയായിരുന്നു. അന്ന് ഹോട്ടലില്ലെങ്കിലും എനിക്കായി ചായയും പലഹാരവും റെഡി. പള്ളിയില്‍ നിന്നു വന്ന ചേച്ചിയുടെ കൈയില്‍ എനിക്കായ് മാസികകള്‍.