Asianet News MalayalamAsianet News Malayalam

ശബരിമല സ്ത്രീപ്രവേശനം: വിവാദങ്ങള്‍ക്കിടയില്‍ കാണാതെ പോവുന്നത്

ഈ അവകാശത്തിനായി പൊരുതുന്നവർ അയ്യപ്പനെക്കാണാൻ പറ്റാതെ വിവശരായിക്കഴിയുന്നവരല്ല. അവർ പൊരുതുന്നത് സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനാണ്. അത് അമ്പലമായാലും പള്ളിയായാലും അവിടെ ആരു പോകണമെന്നാഗ്രഹിച്ചാലും അവരെ തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല.

sabarimala
Author
Thiruvananthapuram, First Published Aug 10, 2018, 6:57 PM IST

ആദ്യത്തെ വാദം പരിഗണിക്കുമ്പോൾ അയ്യപ്പൻ ദൈവമല്ലേ? ദൈവത്തിന് മനുഷ്യന്റെ ചാഞ്ചല്യങ്ങൾ ഉണ്ടാകുമോ? ഋതുമതികളായ സ്ത്രീകളെ കണ്ടാൽത്തന്നെ അയ്യപ്പനു ബ്രഹ്മചര്യം നഷ്ടമാകുമോ? അങ്ങനെയെങ്കിൽ നമ്മുടെ മുൻ രാഷ്ട്രപതി കലാമും മുൻ പ്രധാനമന്ത്രി വാജ്പേയിയുമൊക്കെ അയ്യപ്പനെക്കാൾ മനശക്തിയുള്ളവരായിരിക്കും. പിന്നെയും എത്രയോ ബ്രഹ്മചാരികൾ ഈ ചഞ്ചലചിത്തരെന്ന് പറയുന്ന മനുഷ്യഗണത്തിലുണ്ട്. ഇവരെയൊക്കെക്കാൾ ദുർബലനാണോ നമ്മുടെ അയ്യപ്പ ഭഗവാൻ.

sabarimala

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ തുടരുമ്പോള്‍ ചിലത് പറയണമെന്ന് തോന്നുന്നു. വിഷയത്തില്‍, സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റിവെച്ചു. കോടതി നടത്തിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് സ്ത്രീകൾക്ക് അനുകൂലമായ വിധി ഉണ്ടാവുമെന്നാണ്. സംസ്ഥാന സർക്കാരും അനുകൂലിക്കുന്നു. എന്നാൽ ദേവസ്വം ബോർഡും വിശ്വാസികളുടെ പ്രതിനിധികളെന്ന് അവകാശപ്പെടുന്നവരും എതിർക്കുന്നു.

10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്കാണ് വിലക്കുള്ളത്. അതിനാൽ ഇത് സ്ത്രീകളോടുള്ള വിലക്കല്ല, അവരുടെ ജീവശാസ്ത്രപരമായ അവസ്ഥയാണ് പ്രശ്നം. അതായത് ആർത്തവമാണ് വില്ലൻ. ഇതിനെ മുൻനിർത്തി 2 വാദങ്ങളാണ് പ്രധാനമായും നിരത്തുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതിനാൽ ആർത്തവചക്രത്തിന്റെ പരിധിയിൽവരുന്ന സ്ത്രീകളെ അയ്യപ്പന് കാണണ്ട. മറ്റൊന്ന് 41 ദിവസത്തെ  വ്രതം അനുഷ്ഠിച്ചാണ് ശബരിമലയിൽ ദർശനത്തിന് പോകുന്നത്. 28 ദിവസം കൂടുമ്പോൾ വരുന്ന ആർത്തവം 41 ദിവസത്തെ വ്രതത്തിന് സ്ത്രീകളെ  അനുവദിക്കുന്നില്ല. ഈ 41 ദിവസത്തെ വ്രതം എത്ര പുരുഷൻമാർ അനുഷ്ഠിക്കുന്നു?

ആദ്യത്തെ വാദം പരിഗണിക്കുമ്പോൾ അയ്യപ്പൻ ദൈവമല്ലേ? ദൈവത്തിന് മനുഷ്യന്റെ ചാഞ്ചല്യങ്ങൾ ഉണ്ടാകുമോ? ഋതുമതികളായ സ്ത്രീകളെ കണ്ടാൽത്തന്നെ അയ്യപ്പനു ബ്രഹ്മചര്യം നഷ്ടമാകുമോ? അങ്ങനെയെങ്കിൽ നമ്മുടെ മുൻ രാഷ്ട്രപതി കലാമും മുൻ പ്രധാനമന്ത്രി വാജ്പേയിയുമൊക്കെ അയ്യപ്പനെക്കാൾ മനശക്തിയുള്ളവരായിരിക്കും. പിന്നെയും എത്രയോ ബ്രഹ്മചാരികൾ ഈ ചഞ്ചലചിത്തരെന്ന് പറയുന്ന മനുഷ്യഗണത്തിലുണ്ട്. ഇവരെയൊക്കെക്കാൾ ദുർബലനാണോ നമ്മുടെ അയ്യപ്പ ഭഗവാൻ.

രണ്ടാമത്തെ വാദം സ്ത്രീകളുടെ ആർത്തവമാണ്. ആർത്തവം വരുന്നത് അശുദ്ധിയാണോ? ആർത്തവ രക്തം അശുദ്ധമാണോ? എന്താണ് ആർത്തവം?

ഒരു സ്ത്രീയുടെ ജൻമം സഫലമാകുന്നത് അവൾ അമ്മയാകുമ്പോഴാണെന്ന് എല്ലാവരും പറയുന്നു. മനുഷ്യതലമുറയെ നിലനിർത്തുന്നത് സ്ത്രീ. അതിന് പ്രകൃതി അവളെ പ്രാപ്തയാക്കുന്നത് ആർത്തവചക്രത്തിലൂടെ. എല്ലാ മാസവും അവളുടെ അണ്ഡാശയം അണ്ഡത്തെ ഉൽപ്പാദിപ്പിക്കുന്നു. ഈ അണ്ഡം ഫാലോപ്യൻ ട്യൂബിലെത്തുന്ന സമയത്താണ് പുരുഷനുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതെങ്കിൽ പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിച്ച് ഭ്രൂണമായി മാറും. ഈ ഭ്രൂണത്തെ സ്വീകരിക്കാൻ  ശരീരത്തിലെ കൊഴുപ്പുകളും രക്തകോശങ്ങളും ചേർന്ന് ഗർഭപാത്രത്തിന് ഉൾവശം മെത്ത പോലെയാക്കി തയ്യാറായിരിക്കും. ഈ സമയത്ത് ശാരീരിക ബന്ധം നടന്നില്ലെങ്കിൽ ഈ ഒരുക്കിയതൊക്കെ ക്രമേണ ചുരുങ്ങി ഗർഭപാത്രത്തിന്റെ ഭിത്തിയിൽനിന്ന് വേർപെടാൻ തുടങ്ങും. ആർത്തവ രക്തമായി ഇത് പുറത്തേക്ക് പോകും. ഓരോ ജീവി വർഗ്ഗത്തിന്റെയും പ്രഥമമായ കർത്തവ്യമാണ് തലമുറയെ നിലനിർത്തുന്നത്. ആ കർത്തവ്യത്തിന് പെണ്ണിനെ പ്രാപ്തമാക്കുന്ന ആർത്തവചക്രത്തെ ഏറ്റവും പുണ്യമായല്ലേ കാണേണ്ടത്. അത് എങ്ങനെയാണ് അശുദ്ധമാകുന്നത്.

ഒരു കോൺഗ്രസ് നേതാവ് ചാനൽ ചർച്ചയിൽ ചോദിക്കുന്നത് കേട്ടു, ശബരിമല പ്രവേശനമാണോ സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നമെന്ന്? ഈ അവകാശത്തിനായി പൊരുതുന്നവർ അയ്യപ്പനെക്കാണാൻ പറ്റാതെ വിവശരായിക്കഴിയുന്നവരല്ല. അവർ പൊരുതുന്നത് സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനാണ്. അത് അമ്പലമായാലും പള്ളിയായാലും അവിടെ ആരു പോകണമെന്നാഗ്രഹിച്ചാലും അവരെ തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല. ജനാധിപത്യം എന്നു പറയുന്നത് വോട്ടു ചെയ്ത് ഭരണാധികാരികളെ തിരഞ്ഞെടുക്കുക മാത്രമല്ല. അസമത്വം ഇല്ലാതാകുമ്പോഴേ ജനാധിപത്യത്തിന് അർത്ഥമുണ്ടാവൂ. ആൺപെൺ വിവേചനം അവസാനിക്കുന്നിടത്തേ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിക്കൂ. സ്ത്രീ പുരുഷനു വേണ്ടിയാണ്, പുരുഷൻ നിശ്ചയിക്കുന്നിടത്താണ് സ്ത്രീയുടെ പരിധികൾ എന്നു വിശ്വസിക്കുന്നിടത്തോളം സ്ത്രീ സുരക്ഷിതത്വത്തിനായുള്ള നിയമങ്ങൾ വെറും നോക്കുകുത്തികളാണ്. തന്റെ സഹജിവിയായി, തുല്യയായി പുരുഷൻ സ്ത്രീയെ കാണണമെങ്കിൽ ആദ്യം വേണ്ടത് ആർത്തവരക്തത്തെ അശുദ്ധമായിട്ട് കാണുന്നത് അവസാനിപ്പിക്കണം. ആർത്തവദിനങ്ങളിലും വിളക്കു കത്തിക്കാനും അമ്പലത്തിൽ പോകാനും പെൺകുട്ടികളെ വിലക്കരുത്. പെണ്ണെന്ന പേരിൽ വിവേചനം ഒരിടത്തും ഉണ്ടാവില്ല എന്ന് ഉറപ്പാക്കേണ്ടത് ഒരോ പുരോഗമനവാദിയുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കടമയാണ്. എന്നും ദുർബലരെന്ന് കരുതപ്പെടുന്നവരാണ് അക്രമണത്തിന് ഇരയാകുന്നത്. ശക്തരും ദുർബലരും ഇല്ല, ഈ പ്രപഞ്ചത്തിന് എല്ലാ ജീവികളും തുല്യരാണ് എന്ന് കരുതുന്നിടത്തേ സമാധാനം ഉണ്ടാവൂ.

Follow Us:
Download App:
  • android
  • ios