വണ്ടിക്കടിയില്‍ അവള്‍  കീറിപ്പറിഞ്ഞ് കിടപ്പായിരുന്നു!

First Published 9, Mar 2018, 9:21 PM IST
Sahad bnu Abdulla on truck drivers experience
Highlights
  • ഒരു ട്രക്ക് ഡ്രൈവറുടെ പൊള്ളിക്കുന്ന അനുഭവം
  • സഹദ് ഇബ്‌നു അബ്ദുല്ല എഴുതുന്നു

ആലപ്പുഴ കരുവാറ്റ സ്വദേശിനിയാണ്. കൊല്‍ക്കത്തയില്‍ നേഴ്‌സ് ആയിരുന്നു. ചതിയില്‍ പെട്ട് സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ പെട്ടത് മുതല്‍ ആന്ധ്രായിലെ കല്‍ക്കരിപ്പാടത്തെത്തുന്നത് വരെയുള്ള എല്ലാ കഥകളും പറഞ്ഞു. അവസാനം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഞാന്‍ പറഞ്ഞു. 'ചേച്ചി ഉറങ്ങിക്കോ,നമുക്ക് കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലില്‍ പോകാം'

സ്വാതന്ത്ര്യ ദിനത്തിന്റെ അന്നും കൂട്ടുകാരന്‍ പറഞ്ഞു.'സഹദേ,നീ ഓട്ടം പോകരുത്, കല്യാണത്തിന് നിങ്ങളൊക്കെ കൂടെയുള്ളതാണ് എനിക്കൊരു സമാധാനം. നീ മുതലാളിയോട് വിളിച്ചു പറയ് ഒരാഴ്ചത്തെ ലീവ് വേണമെന്ന്.' ഞാന്‍ പറഞ്ഞു 'ഒഴിവാക്കാനാവാത്ത ഒരു ട്രിപ്പാണിത്. നിന്റെ കല്യാണത്തിന്റെ തലേന്നാള്‍ ഞാനിവിടുണ്ടാവും. ഉറപ്പ്.' 
 
ഒരു ലോറിയില്‍ ജോലി ചെയ്തിരുന്ന സമയം. ഇത്തവണ ഒറീസയിലേക്കാണ് ലോഡ്. കൊല്ലത്തുനിന്നും കൊച്ചിയില്‍ നിന്നും പെരുമ്പാവൂരില്‍ നിന്നുമായി വണ്ടിയില്‍ സാധനങ്ങള്‍ നിറച്ചു. സാധാരണ പോകാറുള്ള വണ്ടിയല്ല. പത്തു വീലുകളുള്ള ടോറസ്സാണ്. ക്‌ളീനര്‍ വാസുവേട്ടന്‍ ഭാര്യയുടെ പ്രസവവുമായി ആശുപത്രിയിലാണ്. ദൂരം കൂടുതലുള്ളത് കാരണം മറ്റാര്‍ക്കും വരാന്‍ താല്‍പ്പര്യമില്ല. നാട്ടിലെ കൂട്ടുകാരെ വിളിച്ചു. നാടും മേടും കാഴ്ചകളും കാണാന്‍ ഇഷ്ടപ്പെടുന്ന പലരെയും വിളിച്ചു നോക്കി.ആരും വന്നില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. മണല്‍ മാഫിയകളിലാണ് അവരൊക്കെ ജോലി ചെയ്യുന്നത്. കുറഞ്ഞ സമയം ജോലി, കൂടുതല്‍ പണം.
 
ഇനി സമയം പാഴാക്കാനില്ല. നേരം പുലരുമ്പോഴേക്കും തെങ്കാശിയില്‍ കുറച്ചു സാധനങ്ങള്‍ എത്തിക്കണം. കൂട്ടുകാരനോട് കല്യാണത്തിന് വരാമെന്ന് വാക്കു കൊടുത്തതാണ്. അങ്ങനെ വണ്ടി യാത്ര തിരിച്ചു. മഹാനദിയുടെ നാട്ടിലേക്ക്.

നാലാം നാള്‍ ലക്ഷ്യസ്ഥാനത്തെത്തി ചരക്കുകളെല്ലാം ഇറക്കി. തിരിച്ചു കേരളത്തിലേക്ക് ചരക്കൊന്നുമില്ല. ആന്ധ്രയില്‍ പോയാല്‍ കല്‍ക്കരിയുണ്ടാവും. ആലപ്പുഴ, കൊല്ലം, ആലുവ, ബേപ്പൂര്‍ ഭാഗങ്ങളില്‍ ആവശ്യക്കാരുണ്ട്. അങ്ങനെ അടുത്ത ദിവസം വൈകിട്ട് ആന്ധ്രയിലെ രുദ്രംപൂര്‍ ജില്ലയിലെ സിങ്കരേണിയിലെത്തി. കല്‍ക്കരി ഖനന മേഖലയാണ്. കരുതിയതു പോലെ കേരളത്തിലേക്ക് ചരക്കുണ്ട്. ആറേഴു വണ്ടികള്‍ കഴിഞ്ഞാല്‍ ചരക്കു കയറ്റാവുന്ന വിധം ടോക്കണും ലഭിച്ചു.
 
അന്ന് തന്നെ ചരക്കു കയറ്റാന്‍ കഴിഞ്ഞെങ്കിലും ബില്ല് കിട്ടിയില്ല. രാവിലെ ഓഫീസ് തുറക്കുന്നത് വരെ കാത്തിരിക്കണം. നല്ല ക്ഷീണം. ഭക്ഷണം പാകം ചെയ്യാറാണ് പതിവ്. വല്ലാതെ തളര്‍ന്നിരുന്നത് കൊണ്ട് അടുത്തുള്ള ഹോട്ടലിലേയ്ക്ക് നടന്നു. ഒന്നാന്തരം മസാല ദോശ. നല്ല രുചി. ഒരെണ്ണം കൂടി കഴിച്ചു. വയറു നിറഞ്ഞു. ഇനിയൊന്നു വിശാലമായി ഉറങ്ങണം.
 
അങ്ങനെ വണ്ടിക്കുള്ളില്‍ കയറി. രണ്ടു പുകയെടുക്കണം. അന്ന് ചെറിയ രീതിയില്‍ കഞ്ചാവ് ഉപയോഗിക്കും. കയ്യില്‍ സാധനമുണ്ട്. രാവിലെ ഒറീസയിലെ സാലൂരിലെ ചുരത്തില്‍ വെച്ചു മൂത്രമൊഴിക്കാന്‍ ഇറങ്ങിയപ്പോള്‍ പൊന്നും വില കൊടുത്തു വാങ്ങിയതാണ്. നല്ല മുതല്‍! നല്ല കയറ്റം! വലിച്ചു. ഒന്നല്ല, ഒരു അര കൂടി. റൂഫില്‍ നിറയെ ചിത്രങ്ങളാണ്. കുടചൂടി നില്‍ക്കുന്ന കാമുകിക്ക് മുട്ടില്‍ നിന്ന് പൂവ് നീട്ടുന്ന കാമുകന്റെ ചിത്രം. ലഹരി തലച്ചോറിലേക്ക് എന്തൊക്കെയോ സന്ദേശങ്ങള്‍ പായിക്കുന്നു. എന്റെ പ്രണയിനിയെ ഓര്‍മ്മ വന്നു. സെല്‍ ഫോണെടുത്തു അവളെ വിളിച്ചു. നാശം! റേഞ്ച് ഇല്ല. അവള്‍ക്ക് ഞാനൊരു മൊബൈല്‍ വാങ്ങി കൊടുത്തിട്ടുണ്ട്. ഇടയ്ക്കിടെ വിളിക്കാലോ! ചിന്തകളെയെല്ലാം ലഹരി കൊണ്ട് പോയി. പാതിയടഞ്ഞിരുന്ന കണ്ണുകള്‍ മുഴുവനായും ഉറക്കത്തിലേക്ക് ലയിച്ചു.
 
ഇടയ്‌ക്കെപ്പോഴോ ഞെട്ടിയുണര്‍ന്നു. ഒരു സ്ത്രീയുടെ നിലവിളി. വലിച്ച സാധനത്തിനോട് വല്ലാത്ത മതിപ്പ് തോന്നി. പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ഈ ഖനി മേഖലയില്‍ ഒരു പെണ്ണിന്റെ സ്വരം! 

കണ്ണുകള്‍ പിന്നെയും ഉറക്കത്തിലേക്ക് വഴുതി. വീണ്ടും ആ നിലവിളി കേട്ടു. വളരെ അടുത്ത് നിന്ന്! കാബിനിനുള്ളില്‍ ഞാന്‍ മാത്രമേയുള്ളൂ. പുറത്തേക്ക് ചാടിയിറങ്ങി. വേറെയും ഒരുപാടു ലോറികള്‍ കിടപ്പുണ്ട്. എല്ലാവര്‍ക്കും രാവിലെയെ ബില്ല് കിട്ടൂ. വണ്ടികള്‍ക്കുള്ളില്‍ നിന്നും അടിയില്‍ നിന്നും ജീവനക്കാര്‍ കണ്ണും തിരുമ്മി എഴുന്നേറ്റു വന്നു. എല്ലാവരും കേട്ടുവെന്നു തോന്നുന്നു ആ സ്ത്രീയുടെ നിലവിളി. പക്ഷെ എല്ലാവരും പഴയത് പോലെ  കിടന്നുറങ്ങാനായി മാളങ്ങളിലേയ്ക്ക് വലിഞ്ഞു.

ഇത് നിത്യസംഭവമാണ്. ലോറിക്കാരോ ഖനിയിലെ തൊഴിലാളികളോ ഏതെങ്കിലും പെണ്‍പിള്ളേരെ രാത്രിക്കൂട്ടിന് കൊണ്ടുവന്നതാവും. പകല്‍ പോലും എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. 70-80 രൂപ കൊടുത്താല്‍ കൂട്ടുകിടക്കാന്‍ റെഡിയാണ്, പെണ്ണും ആണും. ആ പണിക്ക് പോവില്ല എന്ന് ഉമ്മയ്ക്കും കാമുകിയ്ക്കും കൊടുത്ത വാക്ക് ആ നിമിഷം വരെ പാലിച്ചിട്ടുണ്ട്.


 
പിന്നെ ശബ്ദമൊന്നും കേട്ടില്ല. ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. നേരം പുലര്‍ന്നപ്പോള്‍ ബില്ല് കിട്ടി. ആദ്യ ഡെലിവറി തിരുനെല്‍വേലി. പിന്നെ കൊല്ലം. അത് കഴിഞ്ഞാല്‍ ആലുവ. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അപ്പോള്‍ ബെല്‍ക്രാങ്കില്‍ (പത്തു ചക്രത്തിലധികമുള്ള വണ്ടികളുടെ പുറകില്‍ ഒരു വശത്തു തന്നെ രണ്ടു ലീഫ് സെറ്റ് ഉണ്ടാകും. ആ ലീഫ് സീറ്റുകള്‍ ബന്ധിപ്പിക്കുന്ന ത്രികോണാകൃതിയിലുള്ള വസ്തുവാണ് ബെല്‍ക്രാങ്ക്) നിന്നും കല്ലടിക്കുന്ന പോലൊരു ശബ്ദം. ഇറങ്ങി നോക്കിയപ്പോള്‍ ഒരു പെണ്ണിന്റെ ഏങ്ങല്‍. ടയറുകള്‍ക്കിടയിലെ വിടവിലിരുന്ന് ഒരു പെണ്‍കുട്ടി എന്നെ നോക്കുന്നു. എന്തോ ചോദിക്കാനാഞ്ഞപ്പോള്‍ ശൂ എന്ന് ചുണ്ടത്ത് വിരലമര്‍ത്തി നിസ്സഹയതയോടെ അവള്‍ എങ്ങി.

'നിങ്ങള്‍ മലയാളിയാണോ'-എന്നോടവള്‍ ചോദിച്ചു.

'അതേ'- ഞാന്‍ മറുപടി പറഞ്ഞു.

'നിങ്ങളെങ്ങോട്ടാണ്?'

'കൊല്ലം'

'എന്നെയും കൂടെ കൂട്ടുമോ'

'നീ ആരാണ്,എങ്ങിനെ ഇവിടെയെത്തി?'

'എന്നെയും കൊണ്ട് പോകുമോ കൊല്ലത്തേക്ക്? അല്ലെങ്കില്‍ എന്റെ ദേഹത്തൂടെ വണ്ടി കയറ്റി എന്നെ കൊന്നു താ!'-ഒരു പൊട്ടിക്കരച്ചില്‍.

'ഞാന്‍ കാലനല്ല, വന്ന് വണ്ടിയില്‍ കേറ്'

'എനിക്ക് പാന്റ്‌സ് മാത്രേയുള്ളൂ. ഉടുപ്പ് ആ ദ്രോഹികള്‍ കീറികളഞ്ഞു'

'ആര്? ഇന്നലെ രാത്രി നിലവിളിച്ചത് നീയായിരുന്നോ?'

'അതൊക്കെ പിന്നെ പറയാം. ചേട്ടന്റെ ഷര്‍ട്ട് എനിക്ക് തരൂ' 

അങ്ങനെ കഴുകി ഉണക്കിയ മറ്റൊരു ഷര്‍ട്ട് ഞാനവള്‍ക്ക് കൊടുത്തു. അവള്‍ അതണിഞ്ഞു വന്നു.  നോക്കിയപ്പോള്‍ പാന്റ്‌സ് മുഴുവന്‍ കീറിയിരിക്കുന്നു, വലതു കൈ ഒടിഞ്ഞിരിക്കുന്നു, ദേഹമാസകലം ചോരയും അടി കൊണ്ട പാടും. ഞാനവളെ വണ്ടിയിലേക്ക് ഉന്തികയറ്റി. ഒരു തുണിയും ഉടുക്കാന്‍ കൊടുത്തു. ആരെങ്കിലും കാണും മുമ്പ് വേഗം വണ്ടിയെടുത്തു സ്ഥലം വിട്ടു.
 
ആദ്യം എന്നേ പരിചയപ്പെടുത്തി. സാവധാനം അവള്‍ സ്വന്തം വിവരങ്ങള്‍ പറഞ്ഞു. ആലപ്പുഴ കരുവാറ്റ സ്വദേശിനിയാണ്. കൊല്‍ക്കത്തയില്‍ നേഴ്‌സ് ആയിരുന്നു. ചതിയില്‍ പെട്ട് സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ പെട്ടത് മുതല്‍ ആന്ധ്രായിലെ കല്‍ക്കരിപ്പാടത്തെത്തുന്നത് വരെയുള്ള എല്ലാ കഥകളും പറഞ്ഞു. അവസാനം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഞാന്‍ പറഞ്ഞു. 'ചേച്ചി ഉറങ്ങിക്കോ,നമുക്ക് കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലില്‍ പോകാം'
 
'എന്റെ കൈയ്യില്‍ കാശില്ല കുഞ്ഞാണീ. നമുക്ക് നാട്ടിലെത്തിയിട്ട് ഹോസ്പിറ്റലില്‍ പോകാം.'

'കാശ് എന്റെ കയ്യിലുണ്ട്, ആദ്യം നമുക്ക് ഡ്രസ് വാങ്ങാം.'

'എന്നെയും കൊണ്ട് പോകുമോ കൊല്ലത്തേക്ക്? അല്ലെങ്കില്‍ എന്റെ ദേഹത്തൂടെ വണ്ടി കയറ്റി എന്നെ കൊന്നു താ!'-

അങ്ങനെ ഒരിടത്തു നിന്നും രണ്ടു ജോഡി വസ്ത്രം വാങ്ങി. രാത്രിയില്‍ ഒരിടത്തു ഒരു ചെറിയ നീരൊഴുക്ക് കണ്ടു. അവിടെ കുളിച്ചു വസ്ത്രം മാറി. നാട്ടില്‍ നിന്നും വിട്ടിട്ട് ആറു ദിവസം കഴിയുന്നു. ഈ ആറു ദിവസത്തിനുള്ളില്‍ എന്റെ ആദ്യത്തെ കുളിയും ഇതാണ്. രണ്ടു മൂന്നു ഹോസ്പിറ്റലുകളില്‍ പോയെങ്കിലും അവര്‍ക്കെല്ലാം ഇതെങ്ങനെ സംഭവിച്ചതാണെന്നറിയണം, പോലീസില്‍ അറിയിക്കണം. ഒരു രക്ഷയുമില്ല!
 
പിറ്റേന്ന് വൈകിട്ടോടെ തിരുനെല്‍വേലിയെത്തി. ഹോസ്പിറ്റലില്‍ കാണിക്കണം. പാവം രണ്ടു ദിവസമായി വേദന സഹിക്കുകയാണ്. അവിടെ പരിചയമുള്ള ഒരു മലയാളിയുണ്ട്. അയാളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ സഹായിക്കാമെന്നേറ്റു. അങ്ങനെ ലോഡിറക്കാന്‍ പാകത്തിന് വണ്ടി നിര്‍ത്തിക്കൊടുത്ത ശേഷം 
അയാളുടെ കാറില്‍ ഹോസ്പിറ്റലിലേക്ക് പോയി. എല്ലാചെലവും അയാള്‍ വഹിച്ചു. (പാവം.ദൈവം തുണക്കട്ടെ,ആ നല്ല മനസ്സിനെ.)  അയാളോടും തിരുനെല്‍വേലിയോടും വിട പറഞ്ഞു കൊല്ലത്തേക്ക് പുറപ്പെട്ടു.
 
ഇതിനിടയില്‍ ഒരു ഫോണ്‍ വന്നു. കൂട്ടുകാരന്‍!

'എടാ, മറ്റന്നാള്‍ ആണെടാ ന്റെ കല്യാണം. നാളെ കാലത്തു നീയെന്റെ  വീട്ടിലെത്തിയില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലുമെടാ!'-അവനെ പറഞ്ഞിട്ടും കാര്യമില്ല.സ്വന്തം കല്യാണത്തിനു ആത്മ സുഹൃത്തു കൂടെയില്ലാത്ത ദേഷ്യം.
 
ഇതിനിടെ ചേച്ചിയെന്നോട് ഫോണ്‍ ചോദിച്ചു. ഞാന്‍ കൊടുത്തു. 'ഉമ്മാക്കൊന്നു വിളിക്കണം.ഒരു മാസത്തോളമായി വിളിച്ചിട്ട്!'

സത്യം പറഞ്ഞാല്‍ അപ്പോഴാണെന്റെ കണ്ണു നിറഞ്ഞത്. കുറെ നേരം എന്തൊക്കെയോ കരഞ്ഞു പറഞ്ഞു. മറുതലക്കലും അങ്ങനെ തന്നെ.

'എല്ലാ കണക്കും കൂട്ടി വെച്ചോ നീ. നാട്ടിലെത്തിയിട്ട് തരാം.'

'ഏയ്, എന്താണ് ചേച്ചി പറയുന്നേ?'-എനിക്ക് അത് കേട്ട് വല്ലാത്ത വിഷമം തോന്നി.

കൊല്ലം കഴിഞ്ഞു ആലുവയിലേക്ക് പോകുന്ന വഴി ചേച്ചിയെ വീട്ടിലാക്കുന്നതിനു വേണ്ടി കരുവാറ്റയിലെത്തി. വന്‍ ജനക്കൂട്ടമാണ് ചേച്ചിയെ വരവേല്‍ക്കാന്‍ കാത്തു നിന്നത്. പലരും എന്നെയും കെട്ടിപ്പുണര്‍ന്നു. പലരും പൈസയൊക്കെ തരാന്‍ ശ്രമിച്ചു. ഞാനതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചിട്ട് അവിടുന്ന് യാത്ര പറഞ്ഞിറങ്ങി. ആലുവയിലെ ഡെലിവറിയും കഴിഞ്ഞു പിറ്റേന്ന് വൈകീട്ടാണ് വീട്ടിലെത്തുന്നത്. വണ്ടിയൊതുക്കി വിട്ടിലേക്ക് നടന്നു പോകുമ്പോള്‍ എന്റെ കൂട്ടുകാരനും അവന്റെ മണവാട്ടിയും ബൈക്കില്‍ എങ്ങോട്ടോ പോകുന്നു. 'ആഹാ! നീ ഇത്രയും നേരത്തെ കല്യാണം കൂടാനെത്തിയോ?' എന്ന പരിഹാസവും ഒരു ചിരിയും. പിന്നീട് എല്ലാം അറിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷിച്ചതും അവന്‍ തന്നെ.
 
നാല് ദിവസം കഴിഞ്ഞു പത്തു മണിയായിട്ടും എഴുന്നേല്‍ക്കാത്ത എന്നെ തട്ടിവിളിച്ചു ഉമ്മയും അനിയനും പറഞ്ഞു. 'കുഞ്ഞാണീ, നിന്നെ അന്വേഷിച്ചു കുറേ പെണ്ണുങ്ങള്‍ വന്നിരിക്കുന്നു. എണീക്ക്!'

'അത് അവറ്റകള്‍ക്ക് വീട് മാറിയതാവും!'

'അല്ല. ആലപ്പുഴയില്‍ നിന്നാണത്രെ!'

ഞാന്‍ മുണ്ടെല്ലാം ചുറ്റിവാരിയുടുത്തു വാതിലിലെത്തിയപ്പോള്‍ അതാ ചേച്ചി.

'ഇവനെന്താ 11 മണിയായിട്ടും എഴുനേല്‍ക്കാത്തത്? ജോലിക്കൊന്നും പോകുന്നില്ലേ?'

'അവന്‍ ജോലിയില്‍ നിന്നെല്ലാം ഇറങ്ങി. അവന് വിസ ശരിയായിട്ടുണ്ട്.'- ഉമ്മ പറഞ്ഞു.

'അത് നല്ല ശേലായി. പുതിയ ബന്ധുക്കളെ ഒക്കെ കിട്ടിയപ്പോള്‍ അവന്‍ പോവ്വാണോ?'

'പണത്തിനു ആവശ്യമുണ്ടായിട്ടല്ല. ഈ അടിപിടിയും പോലീസും കേസുമായി ഇങ്ങനെ നടന്നാല്‍ ശരിയാവില്ല. പിന്നെ അവന്റെ കൂട്ടുകെട്ടും ശരിയല്ല.'

ചേച്ചി ഓരോരുത്തരെ പരിചയപ്പെടുത്തി. രണ്ടു അനിയത്തിമാര്‍, ഒരു ചേച്ചി, രണ്ടു അനിയന്മാര്‍, ഉമ്മ...അങ്ങനെ.

ഒരുകെട്ട് നോട്ട് എന്റെ  കൈയ്യില്‍ വച്ചിട്ടു ചേച്ചി പറഞ്ഞു.
 
'നീ ചെയ്ത സഹായത്തിനു എന്ത് തന്നാലും മതിയാവില്ലെന്നറിയാം.എങ്കിലും ഇത് വെക്കണം.'

'എന്തായിത്?'

'ഞങ്ങളുടെ ഒരു സന്തോഷത്തിന'

'അതൊന്നും വേണ്ട'

ഇതെല്ലാം കണ്ട എന്റെ  വീട്ടുകാര്‍ അന്ധാളിച്ചു എന്നെ നോക്കുകയായിരുന്നു.

'ഇതെന്താ ഇങ്ങള് ഈ കാണിക്കുന്നത്?' -എന്റെ ഉമ്മ ചോദിച്ചു.

'ഇവനൊന്നും പറഞ്ഞില്ലേ?'

'ഇല്ല. എന്ത് പറ്റി? വല്ല കേസും?'

എല്ലാം ചേച്ചി ഉമ്മയെ പറഞ്ഞു മനസ്സിലാക്കി. ഉമ്മ ആ പണം ചേച്ചിക്ക് തന്നെ തിരിച്ചു കൊടുത്തു.
 
അന്ന് അവര്‍ വീട്ടില്‍ താമസിച്ചു അടുത്ത ദിവസമാണ് പോയത്. പുതിയ കുടുംബത്തെ കിട്ടിയ സന്തോഷമുണ്ടായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും.
 
സോനാഗച്ചിയിലും ആന്ധ്രായിലും ഒറീസയിലും കല്‍ക്കരിപ്പാടങ്ങളിലും ചേച്ചി കണ്ടിട്ടുള്ള അനുഭവങ്ങള്‍ പിന്നീടൊരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ പറയുകയുണ്ടായി.

loader