ഹിന്ദു ആചാര പ്രകാരം ജലന്ധറിലെ പകാ ബാഗ് പ്രദേശത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. വിവാഹശേഷം നഗരത്തിലെ ഒരു ഹോട്ടലില്‍ നടത്തിയ വിരുന്നില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്തു. ഇതിനു ശേഷം ആചാര പ്രകാരം രഥത്തില്‍ ഇരുവരും വീട്ടിലേക്ക് എത്തി. പരമ്പരാഗത ചടങ്ങുകളോടെ ബന്ധുക്കള്‍ ഇരുവരെയും സ്വീകരിച്ചു. 

18 വര്‍ഷമായി സര്‍ക്കാര്‍ ജീവനക്കാരിയായി പ്രവര്‍ത്തിക്കുന്ന മന്‍ജീത് കൗര്‍ സ്വവര്‍ഗ പ്രണയികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗം കൂടിയാണ്. മന്‍ജീത് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായതായി നേരത്തെ പ്രചാരണമുണ്ടായിരുന്നു. മന്‍ജീതിന്റെ പങ്കാളിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. വിവാഹത്തിനെ അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ രംഗത്തുണ്ട്. 

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ ക്രിമിനല്‍ കുറ്റമാണ്. സുപ്രീം കോടതി വിധിക്കെതിരെ എല്‍ജിബിടി സമൂഹം നടത്തുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഇരുവരുടെയും വിവാഹം.