Asianet News MalayalamAsianet News Malayalam

അമ്പതാം വയസിലും അവസാനിക്കാത്ത ആനന്ദം

എന്തിനാണ് മനുഷ്യ ശരീരത്തിൽ ലൈംഗിക ഉത്തേജനങ്ങൾ വാരി വിതറിയിരിക്കുന്നത് എന്ന് പരിശോധിച്ച് നോക്കിയാൽ പരിണാമപരമായ ഒരു കാര്യം കാണാം. ബുദ്ധിശക്തി കൂടി വരുംതോറും നമ്മുടെ തലച്ചോറിന്‍റെ വലിപ്പവും കൂടി വന്നു. അതിന്റെ കൂടെ തന്നെ സമതലങ്ങളിൽ ഇര തേടി ഇറങ്ങിയ മനുഷ്യർ രണ്ടു കാലിൽ നിവർന്നു നിൽക്കാനുള്ള കഴിവ് സമ്പാദിച്ചു. 

sexual life after fifty
Author
Thiruvananthapuram, First Published Jan 7, 2019, 6:26 PM IST

എന്‍റെ ചെറുപ്പത്തിൽ ഞാൻ വിചാരിച്ചിരുന്നത് നാൽപ്പത് - അമ്പത് വയസു കഴിഞ്ഞവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ല എന്നാണ്. എനിക്ക് നാല്‍പത് വയസായി കഴിഞ്ഞാണ് കല്യാണം കഴിഞ്ഞ സമയത്തേക്കാൾ ആവേശം ഇത്തിരി കുറയുമെങ്കിലും പ്രായം ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും വരുത്തുന്നില്ല എന്ന് മനസിലായത്. മാത്രമല്ല പ്രായം കൂടുംതോറും പുതിയ അനുഭവങ്ങളും മറ്റുമായി താല്‍പര്യം കൂടുന്നതെ ഉള്ളൂ, കുറയുന്നില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു വഴക്ക് അവസാനിപ്പിക്കാൻ ഇതിനേക്കാൾ നല്ല മാർഗവും ഇല്ല. ഇനി ഇത് എന്‍റെ മാത്രം പ്രശ്നം ആണോ എന്നറിയാൻ ഇന്‍റർനെറ്റിൽ ഒന്ന് പരാതി നോക്കി, മനുഷ്യർ എപ്പോഴാണ് ലൈംഗിക ബന്ധം അവസാനിപ്പിക്കുന്നത് എന്ന്. ഫലം കണ്ട കണ്ണ് തള്ളിപ്പോയി.

sexual life after fifty

എ) അറുപത്, എഴുപത്, എൺപത് വയസുകളിലും മനുഷ്യർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ട്. തൊണ്ണൂറ് വയസുള്ളവർ പോലും...

ബി) എഴുപത് വയസിന് മുകളിലുള്ള 54 % ആണുങ്ങളും 31% ശതമാനം പെണ്ണുങ്ങളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണ്. ഇതിൽ തന്നെ പലരും മാസത്തിൽ രണ്ടു തവണയെങ്കിലും ശാരീരികമായി ബന്ധപ്പെടുന്നവരാണ്.

സി) ആർത്രൈറ്റിസ്‌, ഡയബെറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയ വാർധക്യകാല രോഗങ്ങൾ കൊണ്ട് മാത്രമാണ് ലൈംഗികതയിൽ അല്‍പമെങ്കിലും കുറവുണ്ടാകുന്നത്.

പറഞ്ഞുവരുമ്പോൾ മരിക്കുന്നത് വരെ മനുഷ്യർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുണ്ട്. നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ അച്ഛനമ്മമാരും, അമ്മൂമ്മ/ അപ്പൂപ്പന്മാരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണ്. ഒരുപക്ഷെ സമൂഹം ലൈംഗികത ഒരു ടാബൂ ആയി കാണുന്നത് കൊണ്ട്, കല്യാണം കഴിഞ്ഞ കുട്ടികളുടെ അടുത്ത് നിന്ന് പോലും ഇത് ഒളിച്ചു വയ്ക്കാൻ അവർ നിർബന്ധിക്കപ്പെടുന്നുണ്ട്. വീട്ടിനുള്ളിൽ കുട്ടികളുടെ മുൻപിൽ പോലും കൈ പിടിക്കുകയോ കെട്ടി പിടിക്കുകയോ ചെയ്യുന്നത് നമുക്ക് പാപമാണല്ലോ. വിക്ടോറിയൻ ബ്രിട്ടീഷ് സംസ്കാരം സ്വീകരിച്ചതിന് ശേഷം ഇന്ത്യാക്കാർ ലൈംഗിക ബന്ധം ഒരു വിലക്കപ്പെട്ട വസ്തുവാണെന്ന് കരുതുന്നത് വരെ ഭാരതീയർ ലൈംഗീകത ഒരു സ്വാഭാവിക പ്രക്രിയ ആയി കണ്ടവരാണ്. ക്ഷേത്രങ്ങളിൽ പോലും ലൈംഗിക ദൃശ്യങ്ങൾ കൊത്തിവച്ചിരിക്കുന്നത് അതാണ് കാണിക്കുന്നത്.

താരതമ്യേന തടിച്ച ചുണ്ടുകൾ പരസ്പരം ആകർഷിക്കാൻ ഉള്ളതാണ്

ശാസ്ത്രം നോക്കിയാൽ മനുഷ്യ ശരീരം ഉണ്ടാക്കിയിരിക്കുന്നത് തന്നെ ആണിനും പെണ്ണിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടിയായാണ് എന്ന് തോന്നിപ്പോകും. അതിനൊരു ജൈവ പരിണാമ കാരണവുമുണ്ട്.

മറ്റു സസ്തനികളും ആയി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന തടിച്ച ചുണ്ടുകൾ പരസ്പരം ആകർഷിക്കാൻ ഉള്ളതാണ്. പുരുഷന്‍റെ ലൈംഗിക അവയവം ധൃഢമാകുന്നത് Vasocongestion എന്ന ഒരു പ്രക്രിയ മൂലമാണ്. ഒരു പ്രത്യേക ഭാഗത്തേക്ക് കൂടുതൽ രക്തം പമ്പ് ചെയ്തു അവിടെ രക്തസമ്മർദ്ദം കൂട്ടുന്ന ഒരു പ്രക്രിയ ആണിത്. അത് കൊണ്ടാണ് വെറും മസിൽ മാത്രമുള്ള പുരുഷ ലൈംഗിക അവയവം ധൃഢമായി നിൽക്കുന്നത്.

പക്ഷെ, പലരും കരുതുന്നത് പോലെ ഇത് ലൈംഗിക അവയവങ്ങളിൽ മാത്രം സംഭവിക്കുന്നത് അല്ല. ലൈംഗിക വൃത്തി തുടങ്ങുന്നതിന് മുമ്പ് തന്നെ ലൈംഗീകമായി ആകര്‍ഷിക്കപ്പട്ട ഇണകളിലെ ചുണ്ടിലും കവിളിലും മറ്റും ഇതേ കാര്യം നടക്കുന്നുണ്ട്. കൂടുതൽ രക്തം ഈ ഭാഗങ്ങളിൽ വരുമ്പോഴാണ് കവിളുകളും ചുണ്ടുകളും തുടുക്കുന്നത്. പരസ്പരം ലൈംഗികമായി ഇഷ്ടമുള്ള ആളുകൾക്ക് ഈ ചെറിയ നിറം മാറ്റം കണ്ടുപിടിക്കാൻ പ്രത്യേക കഴിവുണ്ട്. ചുരുക്കി പറഞ്ഞാൽ വസ്ത്രം അഴിക്കാതെ തന്നെ മുൻപ് തന്നെ രണ്ടു പേർ ലൈംഗികമായി പ്രചോദിക്കപ്പെടുന്നുണ്ടോ എന്ന് മനസിലാക്കാന് ഇത് സഹായിക്കും.

ചുണ്ടുകൾ പോലെ തന്നെ തടിച്ച മുലകളും ലൈംഗിക ചോദന കൂട്ടുവാൻ ഉള്ളതാണ്. യഥാർത്ഥത്തിൽ ഇന്ന് സ്ത്രീകളിൽ കാണുന്ന മുലകളുടെ അർദ്ധ ഗോളാകൃതി കുട്ടികൾക്ക് പാല് കുടിക്കുവാൻ കുറച്ച് ബുദ്ധിമുട്ടുള്ള ഷേപ്പ് ആണ്. പതിഞ്ഞ മുലകളും നീളമുള്ള മുല ഞെട്ടും ആണ് കുട്ടികൾക്ക് പാല് കുടിക്കാൻ കൂടുതൽ നല്ലത്. (കുട്ടികൾക്ക് കുപ്പിപ്പാല് കൊടുക്കാൻ ഉപയോഗിക്കുന്ന നിപ്പിളിലെ അഗ്രം പോലെ). ഇപ്പോഴുള്ള ആകൃതി ലൈംഗിക ആകര്‍ഷണത്തിനു കൂടി വേണ്ടിയാണ്.

എന്തിനാണ് മനുഷ്യ ശരീരത്തിൽ ലൈംഗിക ഉത്തേജനങ്ങൾ വാരി വിതറിയിരിക്കുന്നത് എന്ന് പരിശോധിച്ച് നോക്കിയാൽ പരിണാമപരമായ ഒരു കാര്യം കാണാം. ബുദ്ധിശക്തി കൂടി വരുംതോറും നമ്മുടെ തലച്ചോറിന്‍റെ വലിപ്പവും കൂടി വന്നു. അതിന്റെ കൂടെ തന്നെ സമതലങ്ങളിൽ ഇര തേടി ഇറങ്ങിയ മനുഷ്യർ രണ്ടു കാലിൽ നിവർന്നു നിൽക്കാനുള്ള കഴിവ് സമ്പാദിച്ചു. ഇതിന്റെ ഒരു പ്രശ്നം പൂർണ വളർച്ച എത്തിയ മനുഷ്യ കുട്ടിയുടെ തല സ്ത്രീയുടെ യോനിയിലൂടെ പുറത്തു വരാൻ കഴിക്കുന്നതിനേക്കാൾ വലുതായി മാറി. അതിന് പ്രകൃതി കണ്ടു പിടിച്ച ഒരു പ്രതിവിധി പൂർണ വളർച്ച എത്താതെ തന്നെ കുട്ടികളെ പ്രസവിക്കുക എന്നതായിരുന്നു. പക്ഷെ, അങ്ങനെ ചെയ്യുമ്പോൾ ഈ കുട്ടികളെ പൂർണ വളർച്ച എത്തുന്നത് വരെ നോക്കാൻ ഒരാണും പെണ്ണും ഒരുമിച്ച് കുറെ നാൾ കഴിയണം. പണ്ട് കാലത്തു ആണുങ്ങൾ പുറത്തു വേട്ടയാടാൻ പോവുകയും സ്ത്രീകൾ വീട്ടിൽ ഇരുന്നു കുട്ടികളെ നോക്കുകയും അടുത്തുള്ള മരങ്ങളിൽ നിന്ന് കായ്കനികൾ പറിക്കുകയും ചെയ്യുന്ന ഒരു സമ്പ്രതായം ഇങ്ങിനെ തുടങ്ങിയതാണ്.

ഞാൻ തന്നെ മുൻപ് എഴുതിയ ഒരു പോസ്റ്റിൽ നിന്ന്

"ഇതിന്‍റെ പരിണാമപരമായ കാരണം തേടിപ്പോയാൽ നമ്മൾ എത്തി നിൽക്കുന്നത് മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പത്തിൽ ആണ്. മിക്ക ജീവികളുടെ കുഞ്ഞുങ്ങളും ജനിക്കുമ്പോൾ തന്നെ സ്വയം ഇര തേടാൻ പര്യാപ്തർ ആണെങ്കിൽ മനുഷ്യന്റെ കുട്ടി സ്വയം നിലനില്പിനുള്ള ഒരു കഴിവും ഇല്ലാതെ ആണ് ജനിക്കുന്നത്. തലച്ചോറ് പൂർണ വളർച്ച എത്താതെ ആണ് മനുഷ്യൻ ജനിക്കുന്നത്. പൂർണ വളർച്ച എത്തുന്ന വരെ ഗർഭപാത്രത്തിൽ കഴിഞ്ഞാൽ അത്രയും വലുപ്പമുള്ള തല സ്ത്രീകളുടെ ഇടുപ്പെല്ലിലൂടെ പുറത്തു വരില്ല. മനുഷ്യനെ മനുഷ്യൻ ആക്കുന്നത് ഇത്രയും വലുപ്പമുള്ള തലച്ചോർ ആണ്. ജനിച്ചു മൂന്നു മാസം കൊണ്ട് തലച്ചോറിന്റെ വലുപ്പം ഇരട്ടി ആയി വർദ്ധിക്കും. എന്ന് വച്ചാൽ എല്ലാ മനുഷ്യ കുട്ടികളും ജനിക്കുന്നത് വളർച്ച തികയാതെ ആണ്, പുറത്താണ് പിന്നീടുള്ള വളർച്ച നടക്കുന്നത്, പ്രത്യകിച്ചും തലച്ചോറിന്റെ വളർച്ച.

മാതാപിതാക്കളെ കുട്ടി വലുതാവുന്ന വരെ ഇങ്ങിനെ കൂട്ടി ഇണക്കി നിർത്താൻ പ്രകൃതി കണ്ടു പിടിച്ച വിദ്യ ആണ് ലൈംഗികത

ഇതിൽ ഒരു കുഴപ്പം ഉള്ളത്, മറ്റു ജീവികളെ പോലെ മനുഷ്യന് തന്റെ കുഞ്ഞിനെ ഇട്ടിട്ടു ഇര തേടാൻ പോവാൻ കഴിയില്ല എന്നതാണ്. പാല് കൊടുക്കാൻ കഴിവുള്ള മാതാവ് കുഞ്ഞിനെ നോക്കുകയും പിതാവ് ഇര തേടാൻ പോവുകയും ചെയ്യന്ന ഒരു സിസ്റ്റം തുടങ്ങുന്നത് ഇതിൽ നിന്നാണ്. പക്ഷെ, മാതാപിതാക്കളെ കുട്ടി വലുതാവുന്ന വരെ ഇങ്ങിനെ കൂട്ടി ഇണക്കി നിർത്താൻ പ്രകൃതി കണ്ടു പിടിച്ച വിദ്യ ആണ് ലൈംഗികത. കൃഷി തുടങ്ങിയതിൽ പിന്നെ ആണ് ഒരു ഭർത്താവിന് ഒരു ഭാര്യ എന്നെല്ലാം ഉള്ള നിയമങ്ങൾ വന്നത്, അതിനു മുൻപ് വേട്ടയാടുന്ന കാലത്തു ബഹു ഭാര്യത്വവും ബഹു ഭർതൃത്വവും വളരെ സാധാരണം ആയിരുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു.

മനുഷ്യ ലൈംഗികതയെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന കാര്യം ഈ കുട്ടിയെ നോക്കൽ കൊണ്ടുണ്ടായതാണ്. സ്ത്രീക്ക് വിശ്വാസം ഉള്ളവരെ ആണ് അവൾ ലൈംഗിക പങ്കാളിയായി തിരഞ്ഞെടുക്കുന്നത്. കുട്ടിയെ നോക്കൽ ഒരു പ്രശ്നം ആയി കാണാത്ത പുരുഷൻ തന്റെ വിത്തുകൾ എല്ലായിടത്തും വിതയ്ക്കാൻ വെമ്പൽ കൊള്ളുമ്പോൾ, സ്ത്രീ തനിക്കും കുട്ടിക്കും വളരെ നാൾ സംരക്ഷണം നൽകുന്ന ഒരാളെ ലൈംഗിക പങ്കാളി ആയി തിരഞ്ഞെടുക്കുന്നു."

ചുരുക്കി പറഞ്ഞാൽ മനുഷ്യകുലത്തിന്റെ നിലനിൽപ്പിനും നമ്മുടെ പുരോഗതിക്കും അത്യാവശ്യമായ കാര്യമാണ് ലൈംഗികത. അമ്പതു വയസ്സിലും ഒന്നും അതവസാനിക്കുന്നില്ല. പുരുഷന്മാർക്ക് മരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞു പോലും ഉദ്ധാരണം ഉണ്ടാകും എന്നൊരു തമാശ എവിടെയോ കേട്ടതായി ഓർക്കുന്നു. പങ്കാളിയും ആയി ഒരു വഴക്ക് കഴിഞ്ഞുള്ള ലൈംഗിക ബന്ധത്തിന്റെ ഊഷ്മളതയും കാണിക്കുന്നത് മനുഷ്യന് പ്രകൃതി തന്ന വരദാനമാണ് സെക്സ് എന്നാണ്. അത് ആസ്വദിക്കാനോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
 

Follow Us:
Download App:
  • android
  • ios