നിയമഭേദഗതിയുടെ കാര്യത്തില്‍ ഇടതു-വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്‌നേഹവും ഐക്യവും പ്രത്യേകം ശ്രദ്ധിയ്ക്കുക. എം അബ്ദുല്‍ റഷീദ് എഴുതുന്നു

നിലംനികത്തലിനെതിരെ പരാതി നല്‍കാന്‍പോലും ഇനി 500 രൂപ കെട്ടിവയ്ക്കണം. അതും നേരിട്ട് ആഘാതം അനുഭവിക്കുന്നവര്‍ക്ക് മാത്രമേ പരാതി നല്‍കാനാവൂ. വയല്‍ നികത്തല്‍ തടയാന്‍ നിലവിലുണ്ടായിരുന്ന പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം പൂര്‍ണ്ണമായി ഇല്ലാതാക്കപ്പെട്ടു.

രണ്ടു പതിറ്റാണ്ടിലേറെ സിപിഎമ്മിനുള്ളില്‍ വിഎസ് അച്യുതാനന്ദന്‍ നയിച്ച സമരം ആദര്‍ശകേന്ദ്രീകൃതം എന്നതിനേക്കാള്‍ വ്യക്തികേന്ദ്രീകൃതം തന്നെയായിരുന്നു. ചിലപ്പോള്‍ ഒരു ചുവടു മുന്നോട്ടും പലപ്പോഴും രണ്ടു ചുവടു പിന്നോട്ടുംവെച്ചു വിഎസ് കളിച്ച ആ കളിയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടത്തിനുതന്നെയായിരുന്നു എന്നും മുന്‍തൂക്കം.

എങ്കിലും ആ ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ കാലത്തുടനീളം മുന്നോട്ടുവെയ്ക്കപ്പെട്ട പല മുദ്രാവാക്യങ്ങള്‍ക്കും കാലഘട്ടം ആവശ്യപ്പെടുന്ന ആര്‍ജ്ജവവും പ്രസക്തിയും ഉണ്ടായിരുന്നു. വിഎസിന്റെ ഒറ്റയാന്‍ സമരങ്ങളെ പൊതു ജനകീയ സമരങ്ങളാക്കി ഉയര്‍ത്തിയ ഘടകം ആ മുദ്രാവാക്യങ്ങളുടെ കരുത്തായിരുന്നു.

കേരളത്തിന്റെ മണ്ണില്‍ ഇനി ശേഷിക്കുന്ന വെറും അഞ്ചു ശതമാനം വരുന്ന തണ്ണീര്‍ത്തടങ്ങളും വയലുകളുംകൂടി നികത്താനുള്ള നിയമഭേദഗതി കഴിഞ്ഞ ദിവസം നിയമസഭയില്‍ 'വലിയേട്ടനും ചെറിയേട്ടനും' ഒന്നിച്ചു കൈയ്യടിച്ചു പാസാക്കിയപ്പോള്‍ 94 കടന്ന വിഎസിനെകൂടിയാണ് ഭേദഗതി ചെയ്തത്. 2008 ല്‍ അന്നത്തെ വിഎസ് സര്‍ക്കാര്‍ കൊണ്ടുവന്ന വയല്‍സംരക്ഷണ നിയമമാണ് 'വന്‍കിട പദ്ധതികള്‍ക്ക് തടസമാകാതിരിക്കാന്‍' പിണറായി സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനായി കൊണ്ടുവന്ന നിയമത്തെ, പേരുമാറ്റാതെതന്നെ ഭേദഗതിയിലൂടെ നെല്‍വയലുകളുടെ അന്തകനിയമമാക്കാന്‍ പിണറായിക്ക് കഴിഞ്ഞു. കേരളത്തിന്റെ പരിസ്ഥിതിയെ മുച്ചൂടും മുടിക്കുന്ന ഒരു നിയമഭേദഗതിയുടെ കാര്യത്തില്‍ ഇടതു-വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്‌നേഹവും ഐക്യവും പ്രത്യേകം ശ്രദ്ധിയ്ക്കുക.

ഒരു കാലത്ത് പന്ത്രണ്ടു ലക്ഷം ഹെക്ടര്‍ വയല്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്നത് കഷ്ടിച്ചു ഒന്നര ലക്ഷം വരും. അതുകൂടി നികത്താനുള്ള തടസ്സങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്. 30 വകുപ്പുകളുള്ള വയല്‍ സംരക്ഷണനിയമത്തിലെ 11 പ്രധാന വകുപ്പുകളും ഭേദഗതി ചെയ്യപ്പെട്ടു.

നിലംനികത്തലിനെതിരെ പരാതി നല്‍കാന്‍പോലും ഇനി 500 രൂപ കെട്ടിവയ്ക്കണം. അതും നേരിട്ട് ആഘാതം അനുഭവിക്കുന്നവര്‍ക്ക് മാത്രമേ പരാതി നല്‍കാനാവൂ. വയല്‍ നികത്തല്‍ തടയാന്‍ നിലവിലുണ്ടായിരുന്ന പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം പൂര്‍ണ്ണമായി ഇല്ലാതാക്കപ്പെട്ടു.

നിയമഭേദഗതിയുടെ കാര്യത്തില്‍ ഇടതു-വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്‌നേഹവും ഐക്യവും പ്രത്യേകം ശ്രദ്ധിയ്ക്കുക.

നിലംനികത്തല്‍ ഒരു തടസ്സവുമില്ലാതെ ഇനി നടത്താം, ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ മതി. ഏതു വയല്‍ നികത്തലും അനായാസം ക്രമപ്പെടുത്താനുമാവും.

'പൊതു ആവശ്യമെന്നു അഭിപ്രായമുള്ള ഏതു പദ്ധതിക്ക് വേണ്ടിയും' വയലുകളും തണ്ണീര്‍ത്തടങ്ങളും ഉദ്യോഗസ്ഥ അനുമതിയോടെ നികത്താം എന്ന ഈ നിയമഭേദഗതിക്കായി വന്‍കിട റിയല്‍ എസ്‌റ്റേറ്റുകാരും യുഡിഎഫിലെ അടക്കമുള്ള മുതലാളിമാരും നടത്തിയ നീണ്ട ശ്രമങ്ങള്‍ വിജയിച്ചിരിക്കുന്നു. മണ്ണിന്റെ മൂല്യമെന്നാല്‍ വില്‍പ്പന വില മാത്രമെന്ന് ധരിച്ചുവെച്ചിരിക്കുന്ന മലയാളിക്ക് ശേഷിക്കുന്ന വെറും അഞ്ചു ശതമാനം വയലുകള്‍ കുഴിച്ചുമൂടാന്‍ എത്ര കുറഞ്ഞ സമയം മതിയാകും!

കേരളത്തിലെ, ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിക്കുള്ളില്‍ നടന്ന അവസാനത്തെ പാരിസ്ഥിതികസമരം എന്നു കൂടിയാവും വിഎസ് നയിച്ച സമരം ഭാവിയില്‍ ഓര്‍ക്കപ്പെടുക. ഒരുപക്ഷേ, ഇനിയൊരിക്കലും കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു ഹരിതസമരം ഉയരാനിടയില്ല. ബല്‍റാമൊക്കെ എത്ര വലിയ കോമഡിയാണെന്നു കേരളം അറിഞ്ഞുകഴിഞ്ഞുവല്ലോ.

പഴയ സഖാക്കളില്‍ നിന്നൊക്കെ ഏറെക്കുറെ അകന്ന്, തൊണ്ണൂറ്റഞ്ചു കടക്കുന്ന വാര്‍ധക്യത്തിന്റെ അവശതകളുമായി, ഭരണ പരിഷ്‌കാര സമിതി അധ്യക്ഷന്‍ എന്ന ആലങ്കാരിക പദവിയില്‍ തലസ്ഥാന നഗരിയില്‍ ഒതുങ്ങിക്കഴിയുന്ന വിഎസിന് അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ കേരളത്തിലെ അവസാനത്തെ നെല്‍വയലിന്റെ മരണവും കാണാന്‍ കഴിഞ്ഞേക്കും. വയലുകള്‍ സംരക്ഷിക്കാനായി ഒരിക്കല്‍ വെട്ടിനിരത്തല്‍ സമരത്തിന് കേരളമാകെ അണികളെ ഇറക്കിയ തലമുതിര്‍ന്ന സഖാവിന് ഇനി, മാറിയ കാലത്തെ പാര്‍ട്ടിസഖാക്കള്‍ കൈയ്യടിച്ചു വയല്‍ നികത്തുന്നതും കാണാം.ഒരേയൊരു സങ്കടം, നികത്തപ്പെടുന്നത് മലയാളിയുടെ ശേഷിക്കുന്ന ജീവനും ജീവജലവും കൂടിയാകും. അതിന്റെ ആഘാതം എത്ര വലുതാണെന്ന് ഇപ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നില്ല എന്നുമാത്രം.