ഉശിരുള്ളൊരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ ചിത്രമാണ് ഈ ദിവസം സോഷ്യല്‍ മീഡിയ ഏറ്റവുമേറെ ചര്‍ച്ച ചെയ്തത്. ഹര്‍ത്താലിനെ തുടര്‍ന്നുള്ള പ്രതിഷേധവും അക്രമങ്ങളും അരങ്ങു തകര്‍ക്കുന്നതിനിടയിലും ഇന്നു രാവിലെ പുറത്തുവന്ന ആ ചിത്രം വൈറലാവുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന ബി.ജെ.പി പ്രതിഷേധത്തിനിടെ അക്രമിക്കപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകയുടേതായിരുന്നു ആ ചിത്രം. കണ്ണുനിറഞ്ഞൊഴുകിയിട്ടും തോല്‍ക്കാനൊരുക്കമില്ലാതെ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആ ക്യാമറാവുമണിന്റെ പേര് ഷാജില അലി ഫാത്തിമ. ലോകമാകെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത ആ ഫോട്ടോക്കു പിന്നിലെ അനുഭവങ്ങളും തിരിച്ചറിവുകളും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ് കൈരളി പീപ്പിള്‍ ചാനലിലെ ഷാജില. റിനി രവീന്ദ്രന്‍ നടത്തിയ അഭിമുഖം

എന്തായിരുന്നു സംഭവിച്ചത്?
അഞ്ച് വര്‍ഷമായി ഞാന്‍ ഈ ഫീല്‍ഡിലുണ്ട്. നഗരത്തിലുള്ള എല്ലാ സമരങ്ങളും പരിപാടികളും കവര്‍ ചെയ്യാന്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ പോകാറുണ്ട്. ഇന്നലെ അവസ്ഥ വ്യത്യസ്തമായിരുന്നു. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മുതല്‍ അവര്‍ ആസൂത്രിതമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നെ മാത്രമല്ല എല്ലാ മാധ്യമപ്രവര്‍ത്തകരേയും. ന്യൂസ് 18 ഓബി വാനിലുണ്ടായിരുന്ന സന്തോഷ് രവി എന്ന ചേട്ടനെ അവര്‍ ഓടിച്ചിട്ട് അക്രമിച്ചു. അത് പകര്‍ത്തുകയായിരുന്നു ഞാനും മാതൃഭൂമിയിലെ ബിജു സൂര്യയും. അപ്പോള്‍ അവര്‍ വന്ന് 'വിഷ്വല്‍ എടുക്കരുത്' എന്ന് പറഞ്ഞു. ബിജുവേട്ടന്റെ ക്യാമറ അവര്‍ തകര്‍ത്തു. വേറെ ഒരാളെത്തിയാണ് പിന്നീട് വിഷ്വല്‍ പകര്‍ത്തിയത്. 

ചിത്രത്തിന് കടപ്പാട്: എം.പി ഉണ്ണികൃഷ്ണന്‍ മാതൃഭൂമി 

എന്നെയും അക്രമിക്കും എന്നായപ്പോള്‍ ഞാന്‍ ഓടി. റോഡിന് മറുവശത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറിനടുത്തെത്തി. അവിടെ കുറേ ഫ്‌ളക്‌സുകളൊക്കെ ഉണ്ടായിരുന്നു. അക്രമകാരികള്‍ അത് അടിച്ചു തകര്‍ക്കുന്ന വിഷ്വലെടുക്കുകയായിരുന്നു ഞാന്‍. അപ്പോള്‍, 'നീ ഏതിലെയാടീ? ഈ വിഷ്വലെങ്ങാനും ടീവിയില്‍ പോയാല്‍ നിന്നെ വച്ചേക്കില്ല' എന്നു പറഞ്ഞ് എന്നെയും അക്രമിച്ചു തുടങ്ങി. കുറേ ചീത്ത വിളിച്ചു. ഞാന്‍ ഓടി. അതിനിടയില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക പ്രകുലയെ അവര്‍ അക്രമിച്ചു തുടങ്ങി. ആ ഫോട്ടോ എടുത്തുകൊണ്ടിരുന്ന ഡെക്കാന്‍ ക്രോണിക്കിളിന്റെ സീനിയര്‍ സ്റ്റാഫ് പീതാംബരന്‍ പയ്യേരിയെ മര്‍ദ്ദിച്ചു. നടുവിന് ചവിട്ടി. 

ഞാനും മീഡിയ വണ്ണിലെ സ്റ്റാഫുകളായ രാജേഷ്, അംജേഷ്, സുമേഷ് ഇവരെയൊക്കെ അവര്‍ അക്രമിച്ചു തുടങ്ങി. രാജേഷിനെ അക്രമിക്കുന്ന വിഷ്വല്‍ ഞാനെടുത്തു. ആ സമയത്ത് ഒരാള്‍ പിറകില്‍ കൂടി വന്ന് എന്നെയും ക്യാമറയും അടക്കം ചുറ്റിപ്പിടിച്ചു. ബലം പ്രയോഗിച്ചു. ക്യാമറ ഷെയ്ക്കായി. പിന്നീട് ഓഫായി. ഞാന്‍ നിലവിളിച്ചു പോയി. അംജത് അവനെ പിടിച്ചു മാറ്റി. എന്നെ വലിക്കുന്നതിനിടയില്‍ എന്റെ പിടലി ഉളുക്കി. ആ സമയത്ത് കരയുന്നതാണ് പത്രത്തില്‍ വന്ന ചിത്രം. ആരെടുത്തു എന്നു പോലും എനിക്കറിയില്ല. 

എത്ര വര്‍ഷമായി ക്യാമറ എടുത്ത് തുടങ്ങിയിട്ട്?
ഞാന്‍ 12 വര്‍ഷമായി ഇതേ സ്ഥാപനത്തിലാണ്. പക്ഷേ, ക്യാമറ എടുത്ത് തുടങ്ങിയിട്ട് നാലര- അഞ്ച് വര്‍ഷമായതേ ഉള്ളൂ. ഡി.ടി.പി ഓപ്പറേറ്ററായിരുന്നു കൈരളിയില്‍. ആ വിഭാഗത്തെ ഒഴിവാക്കിയപ്പോള്‍ ഞങ്ങളോട് വേറെ വിഭാഗത്തില്‍ കയറാന്‍ പറഞ്ഞു. ഞാന്‍ റിക്വസ്റ്റ് കൊടുത്തില്ല. അന്ന് എം ഡി സാറ് പറഞ്ഞു ക്യാമറ ചെയ്താല്‍ മതിയെന്ന്. ഒരാഴ്ച ബ്യൂറോയിലെ ചേട്ടന്മാര്‍ ക്യാമറയില്‍ പരിശീലനം തന്നു. പിന്നെ ഞാന്‍ വിഷ്വലെടുത്തു തുടങ്ങി. താല്‍പര്യത്തോടെ വന്ന മേഖലയല്ല. പക്ഷെ, ഇപ്പോഴെനിക്ക് ഒരുപാട് ഇഷ്ടമാണ്. 

വീട്ടുകാര്‍ പേടിച്ചുപോയോ?
ഞാന്‍ കരയുന്നതൊക്കെ കണ്ട് വീട്ടില്‍ ഉമ്മയും സഹോദരിമാരും കരച്ചിലായിരുന്നു. അവരേ ഉള്ളൂ വീട്ടില്‍. ഉപ്പ കഴിഞ്ഞ വര്‍ഷം മരിച്ചതാണ്. പിന്നെ, ഫേസ്ബുക്കിലൊക്കെ കുറേപ്പേര് എന്റെ ചിത്രം ഇട്ടിട്ടുണ്ട് എന്ന് പറഞ്ഞു. കഴുത്ത് ഇന്നലത്തെ അക്രമത്തില്‍ പരിക്കേറ്റതുകൊണ്ട് നോക്കാന്‍ വയ്യ. അതിനാല്‍ ഒന്നും കണ്ടിട്ടില്ല. എല്ലാവരോടും നന്ദിയുണ്ട്. 

ക്യാമറാ വുമണെന്ന നിലയില്‍?
ഒരുപാട് വലിയ വലിയ പരിപാടികള്‍, തീപ്പിടിത്തം, അക്രമം ഒക്കെ പകര്‍ത്താന്‍ പോയിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. പക്ഷെ, ഇന്നലത്തെ സംഭവം ആസൂത്രിതമാണ്. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അക്രമിച്ചു. ഒറ്റ വിഷ്വലും പകര്‍ത്തരുത് എന്ന് നിര്‍ബന്ധമായിരുന്നു അവര്‍ക്ക്. 

ഈ ഫീല്‍ഡില്‍ സ്ത്രീകള്‍ വളരെ കുറവാണ്. ഞാനും ഫ്രീലാന്‍സറായ രാഗി എന്നൊരാളുമാണ് മിക്ക പരിപാടികളിലും സ്ത്രീയായിട്ടുണ്ടാകാറ്. ഇത്തരം അക്രമം ആദ്യമായാണ്. ഇന്നലെ അവര്‍ വനിതാ മാധ്യമപ്രവര്‍ത്തകരോട് കൂടുതല്‍ അക്രോശിച്ചു. ബി.ജെ.പി നേതാക്കള്‍ വിളിച്ച് 'സോറി' ഒക്കെ പറഞ്ഞിരുന്നു. പക്ഷെ, അവിടെ ഉണ്ടായിരുന്നവര്‍ തരം കിട്ടിയാല്‍ ഇനിയും അക്രമിക്കും എന്ന നിലയില്‍ത്തന്നെയായിരുന്നു നിന്നത്.

തോല്‍പ്പിക്കാമെന്ന് കരുതണ്ട
ഭയമില്ല ഒന്നിലും. ഇനിയുംഏത് അസൈന്‍മെന്റും ഞാന്‍ ഏറ്റെടുക്കും. ഈ ഫീല്‍ഡില്‍ തന്നെ കാണും. ചെയ്തത് എന്റെ ജോലിയാണ്. അത് എന്റെ അവകാശമാണ്. അത് തന്നെ തുടര്‍ന്നും ചെയ്യും.