ഒമ്പതു വര്‍ഷം മുമ്പ് കാണാതായ മകനെതേടി ഇപ്പോഴും സ്‌കൂളിലെത്തുന്ന ഒരമ്മ! സിജി വൈലോപ്പിള്ളി എഴുതുന്നു വര: കരീം ഗ്രാഫി കക്കോവ്  

വര: കരീം ഗ്രാഫി കക്കോവ്
...........................................................

അമ്മയുടെ നഷ്ടത്തിന്റെ പേര് 'അഭിമന്യു' വെന്നോ 'അഷറഫ്' എന്നോ ആയിരിക്കാം. ജാതിയോ,മതമോ,രാഷ്ട്രീയമോ അമ്മക്ക് ബാധകമല്ല. ഉച്ചവെയിലുകളിലും, രാത്രി മഷിയിലും അവര്‍ അവന്റെ കുപ്പായങ്ങളെ മണപ്പിക്കും, അവന് പൊതിഞ്ഞു വെച്ച പൊതിച്ചോര്‍, അവന്റെ പുസ്തകങ്ങള്‍,ചുമരില്‍ അവശേഷിപ്പിച്ച വിരല്‍പ്പാടുകള്‍....അവന്റെ ചിത്രങ്ങളില്‍ അമ്മ ആഞ്ഞടിക്കും. 'എന്തിനാടാ പൊട്ടാ നീയന്ന് വേഗം തിരിച്ചുപോയത്' എന്ന് ചോദിച്ചു വിതുമ്പും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മമാര്‍ അസ്വസ്ഥതപ്പെടുത്തുന്നു. പല ഘട്ടങ്ങളില്‍ പല അമ്മമാരെ കണ്ടിട്ടുണ്ട്. എല്ലാവരും പൂവിട്ട് പൂജിക്കേണ്ട ദേവതമാരല്ല. പൂവിട്ട് പൂജിക്കാന്‍ തോന്നിയവരുണ്ട്, ഒരിക്കലും മറക്കാനാകാത്ത ഒരു അമ്മയെക്കുറിച്ചാണ് ഈ കുറിപ്പ് ഹൃദയത്തില്‍ എന്നേ കുറിച്ച് വെച്ചതാണ് എടുത്തെഴുതാന്‍ സമയം വൈകി.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ അമ്മയെ ഞാന്‍ കണ്ടത് മകന്‍ (അപ്പു) രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഞാന്‍ അവന്റെ ക്ലാസ്സില്‍ അസിസ്റ്റന്റ് ടീച്ചര്‍ ആയി പോകുന്നു. രാവിലെ ഞങ്ങള്‍ ഒരുമിച്ചാണ് പോകുക. കാര്‍ പാര്‍ക്കിങ്ങിനും കുട്ടികളെ സ്‌കൂള്‍ വാതിലില്‍ ഇറക്കി വിടുന്നതിനുമായി കാറുകളുടെ ഒരു വലിയ നിര കാണും. അക്ഷമയോടെയുള്ള കാത്തിരിപ്പ് എന്നും പതിഞ്ചുമിനുട്ടോളം നീളും. മടുപ്പിനെ മറികടക്കാന്‍ മുഹമ്മദ് റഫിയുടെ പാട്ടില്‍ അലിഞ്ഞ് മൂളുകയായിരുന്നു അപ്പോഴാണ് ഒരു സ്ത്രീ വന്ന് കാറിന്റെ ചില്ലില്‍ തട്ടിയത്. മാന്യമായ വേഷം, കുഴിഞ്ഞ കണ്ണ്, കോതിയൊതുക്കാതെ പാറി പറന്ന തലമുടി. ജനുവരി മാസമാണ്. അസ്ഥിയെ മരവിപ്പിക്കുന്ന തണുപ്പും ഭ്രാന്ത് പിടിച്ച കാറ്റും. ജാക്കറ്റ് ഇടാതെ വെറുമൊരു ടീ ഷര്‍ട്ടും ജീന്‍സും ഇട്ടിട്ടാണ് അവര്‍ നില്‍ക്കുന്നത്. ഞാന്‍ ജനല്‍ തുറന്നു. തണുത്ത കാറ്റ് ഓളിയിട്ടു കടന്നു വന്നു.

'അമ്മ ഇവിടെ എന്നും വരും വൈകുവോളം കാത്തിരിക്കും. എല്ലാവരോടും അവനെ തിരക്കും'

'Have you seen my osn?'- വളരെ പരിഭ്രാന്തയായാണ് അവര്‍ ചോദിക്കുന്നത്. ഞാന്‍ ആകെ അമ്പരന്നു..
'A boy with curly hair'

 വീണ്ടും ഞാന്‍ അവരെ മിഴിച്ചുനോക്കി. ഇല്ല എന്ന് തലയാട്ടി.

'With a red T- shirt' 

അവന്‍ ഏത് ക്ലാസില്‍ ആണ്? ഞാന്‍ ചോദിച്ചു.

Second grade ല്‍ 2-F

'Oh' എന്ന എന്റെ ഉത്തരത്തെ വകവെക്കാതെ അവര്‍ അടുത്ത കാറിലേക്ക് ഓടി. ചിലര്‍ കാറിന്റെ ചില്ല് താഴ്ത്തി അവരോട് എന്നെപ്പോലെ മിണ്ടുന്നു. ചിലര്‍ അവരെ നോക്കാതെ അവഗണിക്കുന്നു. 

2-F അപ്പുവിന്റെ ക്ലാസ്സ് ആണ്. അവിടെ ചുരുണ്ട മുടിയുള്ള ഒരു ആണ്‍കുട്ടി ഉള്ളതായി എനിക്കറിയില്ല. അവിടെയുള്ള കുട്ടികളെ എനിക്ക് നന്നായി അറിയാം. അവരെ കണക്കില്‍ സഹായിക്കുന്നതും കഥകള്‍ വായിപ്പിക്കുന്നതും ഞാന്‍ ആണ്. അവിടെ മുടി ബ്രെയ്ട് ചെയ്തവരും നീട്ടി വളര്‍ത്തിയവരും കോലന്‍ മുടിക്കാരുമുണ്ട് പക്ഷെ ചുരുണ്ട മുടിയുള്ള കുട്ടി? അവനെയാണ് അവന്റെ അമ്മയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അവരെ എനിക്ക് സഹായിക്കണം എന്നത് എന്റെ കടമയാണ്. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് വേഗം ക്ലാസ്സിലേക്ക് ഓടി. എവിടെയാണ് ആ ചുവന്ന കുപ്പായമിട്ട ചുരുണ്ട മുടിക്കാരന്‍ എന്ന് തിരഞ്ഞു, കുട്ടികളോട് ചോദിച്ചു അങ്ങിനെയൊരാള്‍ അവിടെ ഇല്ല എന്ന് കുട്ടികള്‍ ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു. അപ്പുവിന്റെറ ക്ലാസ്സ് ടീച്ചര്‍ .വന്നപ്പോള്‍ ഞാന്‍ അവരോട് 'A boy with curly hair' നെ പറ്റി പറഞ്ഞു.

'ഓഹ് നിങ്ങള്‍ അവരെ മുമ്പ് കണ്ടിട്ടില്ലേ?' അവര്‍ ഇവിടെ സ്ഥിരമായ് വരാറുണ്ടല്ലോ'- അവര്‍ അലസമായ് ചോദിച്ചു.

'ഇല്ല'

ആ കുട്ടിയെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായതാണ്. രാവിലെ സ്‌കൂളില്‍ വന്നു പിന്നെ വീട്ടില്‍ തിരിച്ചെത്തിയില്ല.

'എന്നിട്ട്?'

തൊണ്ടയിലെ വെള്ളം വറ്റി എനിക്ക്. 

'എന്നിട്ട് ഒന്നുമില്ല. പൊലീസ് കുറെ തിരഞ്ഞു. ജീവിച്ചിരിക്കുന്നതിന്റെയോ മരിച്ചുപോയതിന്റെയോ തെളിവില്ല. 'He just vanished without a trace'.

ഒരു കുട്ടി ഈ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷനാവുക, അമ്മക്ക് ഒരു ദിവസംകൊണ്ട് വര്‍ഷങ്ങളുടെ പ്രയത്‌നത്തെ നഷ്ടപ്പെടുക..എന്തൊരു ദുര്‍വിധിയാണത്..!

'അമ്മ ഇവിടെ എന്നും വരും വൈകുവോളം കാത്തിരിക്കും. എല്ലാവരോടും അവനെ തിരക്കും' മിസ് മാര്‍ട്ടിന്‍ എന്നെ ഉണര്‍ത്തി.

അന്ന് മുഴുവന്‍ ആ അമ്മയുടെ മുഖമായിരുന്നു. 

ദയനീയത, ഇടറുന്ന നോട്ടം, വ്യാകരണ നിയമങ്ങള്‍ തെറ്റിച്ച ഭാഷ. വീട്ടിലെത്തിയതും മിസ് മാര്‍ട്ടിന്‍ പറഞ്ഞ കൊല്ലവും സ്ഥലവും അനുസരിച്ച് ഗൂഗിള്‍ ചെയ്തു. ചുരുണ്ട മുടിയുള്ള ഒരു മിടുക്കന്റെഫോട്ടോ പൊന്തി വന്നു. രാവിലെ അമ്മ പൊതിഞ്ഞു കൊടുത്തുവിട്ട സാന്‍വിച്ചും വെള്ളവും,പുസ്തകങ്ങള്‍ നിറഞ്ഞ ബാഗുമായ് വീട്ടില്‍ നിന്നും തുള്ളിച്ചാടിയിറങ്ങിയ ചെക്കന്‍ എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. 

കാണാതായ ദിവസത്തെ കുറിച്ചുള്ള വിവരണം, തെളിവെടുപ്പുകള്‍. പ്രിയപ്പെട്ടവരുടെ കുറിപ്പുകള്‍. കുട്ടിയുടെ നഷ്ടപ്പെടലോടെ മാതാപിതാക്കളുടെ വിവാഹ ബന്ധം മുറിഞ്ഞു. അമ്മയ്ക്ക് മാനസികരോഗം ബാധിച്ചു. അവരെ മനോരോഗ ആശുപത്രിയിലടച്ചു. രണ്ടു തവണ അവിടെ നിന്നും അവര്‍ ചാടിപ്പോന്നു. മകനെ അന്വേഷിച്ച് അലഞ്ഞു. പിന്നേയും ആശുപത്രിയിലേക്കുള്ള മടക്കം. കുറച്ച് സുഖമാകുമ്പോള്‍ വീട്ടിലേക്ക് വീണ്ടും മടക്കം. 

അമ്മയുടെ നഷ്ടത്തിന്റെ പേര് 'അഭിമന്യു' വെന്നോ 'അഷറഫ്' എന്നോ ആയിരിക്കാം

വര: കരീം ഗ്രാഫി കക്കോവ്

അമ്മയുടെ മനസ്സിലെ കാലവും സമയവും കുട്ടിയുടെ നഷ്ടത്തോടെ നിലക്കുന്നു. പിന്നീട് അവര്‍ക്ക് മുന്നോട്ട് തിരിയുന്ന സൂചികളില്ല. എത്ര താക്കോലിട്ട് തിരിച്ചാലും ചത്തുപോകുന്ന ഘടികാരമാകുന്നു അമ്മ! അവരുടെ മനസ്സില്‍ ആ രണ്ടാം ക്ലാസ്സുകാരന്‍ വളര്‍ന്നിട്ടില്ല. ചുവന്ന ഉടുപ്പ് മാറ്റിയിട്ടില്ല. പൊതിഞ്ഞുവെച്ച സാന്‍വിച്ച് അവന്‍ കഴിച്ചിട്ടില്ല. വഴിതെറ്റിപ്പോയ ആ 'പൊട്ടന്‍' തിരിച്ചു വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.അവന്‍ വീട്ടിലെ ഫോണ്‍ നമ്പര്‍ ഓര്‍ത്ത് വെക്കാത്തതില്‍, വിലാസം ഓര്‍ക്കാത്തതില്‍, വഴികള്‍ മറന്നതില്‍ അവര്‍ അവനുമായി കലഹിക്കുന്നു. 

കുട്ടികള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ അടര്‍ന്ന് വീഴാറായ പാലങ്ങളാണ്. അവര്‍ പിന്നെ ഒരു വഴിയാത്രക്കാരെയും നോക്കി പുഞ്ചിരിക്കില്ല. ഹൃദയത്തിലേക്കുള്ള വഴി അവര്‍ എന്നെന്നേക്കുമായി അടച്ച് വെക്കും. അമ്മയുടെ നഷ്ടത്തിന്റെ പേര് 'അഭിമന്യു' വെന്നോ 'അഷറഫ്' എന്നോ ആയിരിക്കാം. ജാതിയോ,മതമോ,രാഷ്ട്രീയമോ അമ്മക്ക് ബാധകമല്ല. ഉച്ചവെയിലുകളിലും, രാത്രി മഷിയിലും അവര്‍ അവന്റെ കുപ്പായങ്ങളെ മണപ്പിക്കും, അവന് പൊതിഞ്ഞു വെച്ച പൊതിച്ചോര്‍, അവന്റെ പുസ്തകങ്ങള്‍,ചുമരില്‍ അവശേഷിപ്പിച്ച വിരല്‍പ്പാടുകള്‍....അവന്റെ ചിത്രങ്ങളില്‍ അമ്മ ആഞ്ഞടിക്കും. 'എന്തിനാടാ പൊട്ടാ നീയന്ന് വേഗം തിരിച്ചുപോയത്' എന്ന് ചോദിച്ചു വിതുമ്പും. നിന്റെ അശ്രദ്ധ, നിന്റെ ധീരത,നിന്റെ മറവികള്‍ നിന്നെ എനിക്ക് നഷ്ടപ്പെടുത്തി എന്ന് കലഹിക്കും. സ്വന്തം ജീവനടരും വരെ അവന്റെ ശേഷിപ്പുകളെ കെട്ടിപ്പിടിച്ച് ആ അമ്മ പൊട്ടിക്കരയും..!