സിന്ധു സൂര്യകുമാര്‍ എഴുതുന്നു
ഫഹദ് ഫാസില് അഭിനയത്തിരക്കിലാണ്. നിവിന് പോളി ഇതൊന്നും അറിഞ്ഞില്ല. ദുല്ഖര് സല്മാന് കാശിക്ക് പോയി. താരസംഘടനയുടെ തീരുമാനത്തെപ്പറ്റി നടനും അംഗവുമായ രഞ്ജി പണിക്കര്ക്ക് ഒന്നും പറയാനില്ലേ? അക്രമണത്തിന് ഇരയായ നടിയോട് സ്വന്തം സംഘടന ചെയ്തതിനെപ്പറ്റി ലാലിനൊന്നും(സിദ്ദിഖ് ലാല്) പറയാനില്ലെ?

എംഎ ബേബി, പി.കെ. ശ്രീമതി, എം.സി. ജോസഫൈന്, മെഴ്സിക്കുട്ടിയമ്മ, എ.കെ. ബാലന് , തോമസ് ഐസക് പിന്നെ ധീരസഖാവ് ജി സുധാകരന് ഇവരൊക്കെ ഉടനെ തന്നെ കുത്സിത പ്രവര്ത്തനങ്ങള് നിര്ത്തണം. താരസംഘടനയെ തകര്ക്കാന് ശ്രമിക്കരുതെന്ന് പാര്ട്ടി തിട്ടൂരമുണ്ട്.
ഇതൊന്നും സ്ത്രീകളെ സഹായിക്കാനുള്ളതല്ലെന്നാണ് പാര്ട്ടിയുടെ കണ്ടെത്തല്, അതുകൊണ്ട് ഗോ ടു യുവര് ക്ലാസസ്. അങ്ങനെ ആര് ആര്ക്കൊപ്പമെന്ന് ചെമ്പ് തെളിഞ്ഞു. സിപിഎം താരസംഘടനയ്ക്കൊപ്പം. താരസംഘടന ദിലീപിനൊപ്പം. മലയാള ചലച്ചിത്ര മേഖലയില് നിന്ന് ഉയര്ന്നുവന്ന മീ ടു ക്യാമ്പയിന് പ്രശ്നമാണ്. ഒരു സ്ത്രീ മുന്നേറ്റത്തെ എങ്ങനെ തോല്പ്പിക്കാമെന്ന് ഗവേഷണം നടത്തുന്ന കേരളത്തിലെ രാഷ്ട്രീയ കക്ഷികള്. എം.എം. ഹസന്റെയോ പ്രസിഡന്റില്ലാത്ത ബിജെപിയുടേയോ പ്രതികരണമല്ല, സിപിഎമ്മിന്റെ നിലപാടാണ് കേരളം കാതോര്ത്തിരുന്നത്. ലോകസിനിമാ ചരിത്രത്തിലും ലോകത്താകമാനമുള്ള ലിംഗനീതി പോരാട്ടത്തിലും ഇടം നേടിയ മലയാള നടിമാരുടെ പ്രതിഷേധത്തോട് സിപിഎം മുഖം തിരിച്ചു. ലൈംഗികാതിക്രമത്തിനിരയായ ഒരാള്, തൊഴില് നിരോധനം നേരിടുന്ന മറ്റുള്ളവര് - ഈ സ്ത്രീകളുയര്ത്തിയ പ്രതിഷേധത്തെ പുരോഗമന കേരളം പിന്തുണച്ചപ്പോള് സിപിഎം, എന്നുവച്ചാല് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കണ്ടില്ലെന്ന് നടിക്കാന് തീരുമാനിച്ചു. അഴകൊഴമ്പന് നിലപാടുള്ള , ഉറച്ച നിലപാടില്ലാത്ത പ്രസ്താവന സിപിഎം സെക്രട്ടേറിയറ്റ് ഇറക്കി. മുതിര്ന്ന, വിവരമുള്ള സിപിഎം നേതാക്കളെല്ലാം പോരാളികളായ സ്ത്രീകളെ പരസ്യമായി പിന്തുണച്ചുകഴിഞ്ഞ ശേഷം പിണറായിയും കോടിയേരിയും ഒളിച്ചുകളിക്കുന്നു. കോടിയേരിയും എംഎം ഹസ്സനും ഒരേ തൂവല്പക്ഷികളാകുന്ന അസുലഭ സുന്ദര കാഴ്ച. ഒത്തുതീര്പ്പ് രാഷ്ട്രീയവും സ്ഥാപിത താത്പര്യവും എത്ര മനോഹരമായ ആചാരങ്ങളാണ്. സ്ത്രീകള്ക്ക് വേണ്ടി അതിശക്തമായി ശബ്ദമുയര്ത്തി വലിയ പോരാട്ടമാണല്ലോ എം.എം. ഹസ്സന് നടത്തിയത്.
നാണമില്ലാത്തവരാണീ രാഷ്ട്രീയക്കാര്. മറ്റുള്ളവരെ പഴിക്കുന്നതിന് മുമ്പ് സ്വന്തം ഗുണമൊന്ന് അന്വേഷിച്ചുനോക്കാത്തവര്. ചുരുക്കത്തില് ഇതാണ് കേരളരാഷ്ട്രീയം സ്ത്രീകള്ക്ക് നല്കുന്ന പിന്തുണ. സിപിഎമ്മിനും കോണ്ഗ്രസിനും ബിജെപിക്കും താത്പര്യമില്ല. സ്ത്രീകള് പോരാടുമ്പോള് ഇവര്ക്ക് പേടിയാണ്. ഇവരുടെ കസേരകള് നഷ്ടമാകുമെന്ന ഭയം. അപ്പോഴിവരെല്ലാം ഒന്നിക്കും. ഇതാണ് വിമന്സ് കളക്ടീവിനോട് കേരളരാഷ്ട്രീയം ഇപ്പോള് ചെയ്യുന്നത്. ഇതിന് വലിയ വില കൊടുക്കേണ്ടിവരും. പിണറായിയും കോടിയേരിയും ഹസനുമൊക്കെ വെറും പിന്തിരിപ്പന്മാരും യാഥാസ്ഥിതികരുമാണെന്ന് കാലം വിലയിരുത്തും. സ്ത്രീ മുന്നേറ്റങ്ങളെ ഒറ്റപ്പെടുത്തുന്ന ഇടതുവലതു രാഷ്ട്രീയം അതിനുള്ള വില ഒടുക്കിയേ പറ്റൂ.
ചുരുക്കത്തില് ഇതാണ് കേരളരാഷ്ട്രീയം സ്ത്രീകള്ക്ക് നല്കുന്ന പിന്തുണ.
ജനപ്രതിനിധികളുടെ തിരക്ക്!
അമ്മയിലെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചാല് ഗണേഷ്കുമാര് എംഎല്എ ചുണ്ടുകള് കൂട്ടിയൊട്ടിച്ച് 'ഇല്ലാ ഇല്ലാ'യെന്ന് കൈവീശിക്കാണിച്ച് കാറില് കയറിപ്പോകും. അമ്മയെക്കുറിച്ച് കേട്ടാല് മുകേഷ് എംപിക്ക് ഓര്മ്മ വരുന്നത് പച്ചക്കറിയാണ്. എത്ര തവണ അമ്മ എന്ന് കേള്ക്കുന്നോ അത്രയും തവണ പച്ചക്കറിയെന്ന് മറുപടി തരും. മുകേഷിന് നെല്ലിക്കയെക്കുറിച്ചും പറയാം. പച്ചക്കറിയുടെ കൂട്ടത്തില് ഉള്പ്പെടുത്തിയാല് തളംവയ്ക്കാന് നല്ലതാണെന്ന ഗുണവും ഉണ്ട്. താരസംഘടനയിലുള്ള ഇടതുജന പ്രതിനിധികളാണ് ഇന്നസെന്റും മുകേഷും ഗണേഷും. നടി ആക്രമിക്കപ്പെട്ട സമയം മുതല് ദിലീപിനൊപ്പം നിന്ന ഇവര് എന്ത് ഇടതുപക്ഷ ധര്മ്മമാണ് നിറവേറ്റിയത്? വിവരക്കേടും പരിഹാസവുമല്ലാതെ നടിക്കുവേണ്ടി ഒരു വാക്ക് ഇവര് പറഞ്ഞിട്ടുണ്ടോ? തന്റെ അവസരങ്ങള് ദിലീപ് തടയുന്നുവെന്ന് ഇന്നസെന്റ് പ്രസിഡന്റായിരിക്കെ സംഘടനയ്ക്ക് പരാതി നല്കിയിട്ടും ചെറുവിരലനക്കിയില്ലെന്ന് രാജിവച്ച ഭാവന വെളിപ്പെടുത്തിയത് ഓര്മ്മിക്കണം. വലിയ വിമര്ശനം കേട്ടു, ഒരുപാട് പ്രതിഷേധം നേരിട്ടു. എന്നിട്ടും ഒരു കൊല്ലത്തിനിപ്പുറം ഈ മൂന്നുപേരും ഒരു തരിയെങ്കിലും നന്നായോ?
വിവരക്കേടിന്റെയും അഹങ്കാരത്തിന്റെയും പര്യായങ്ങളാണ്. കതിരില് വളം വച്ചിട്ടെന്ത് കാര്യം. താരസംഘടനയുടെ പുതിയ അധ്യക്ഷന് മോഹന്ലാലാണ്. ജനറല് സെക്രട്ടറി ഇടവേള ബാബു. ഇവര്ക്കില്ലാത്ത കുറ്റവും ഉത്തരവാദിത്തവും ഇന്നസെന്റിനും മുകേഷിനും ഗണേഷിനുമില്ല. രാജിവച്ച നടിമാര് ഫീല്ഡിലില്ലെന്നാണ് ഇടവേള ബാബുവിന്റെ പക്ഷം. സൂപ്പര് താരമായ ഇടവേള ബാബുവിന് ഷൂട്ടിംഗ് തിരക്കിനിടെ ഇരിടവേളയില്ലെന്ന് ആര്ക്കാണ് അറിയാത്തത്? മമ്മൂട്ടി ജനറല് സെക്രട്ടറിയായിരിക്കെ എടുത്ത തീരുമാനം മോഹന്ലാല് പ്രസിഡന്റായപ്പോള് തിരുത്തിയെന്ന് ദുര്വ്യാഖ്യാനിക്കാം. സത്യം അതല്ല. മമ്മൂട്ടിയും മോഹന്ലാലും ചേര്ന്നെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് അവര് തന്നെ സമ്മതിച്ച് തിരുത്തി. അതാണിപ്പോള് കണ്ട പുകില്. സത്യത്തില് എന്താണിത്ര പുകില് ? ഇവരില് നിന്ന് കൂടുതലെന്തെങ്കിലും നമ്മള് പ്രതീക്ഷിച്ചിരുന്നോ? ഈ സംഭവമുണ്ടായി ഒരു കൊല്ലത്തിലേറെയായി . ഇവരൊക്കെ എന്ത് ധാര്മ്മികതയാണ് ഇക്കാര്യത്തില് കാണിച്ചത്?
ഇവരില് നിന്ന് കൂടുതലെന്തെങ്കിലും നമ്മള് പ്രതീക്ഷിച്ചിരുന്നോ?
സൂപ്പര് താരങ്ങളുടെ പകിടകളി
മലയാള സിനിമയില് ഏറ്റവും സ്വാധീനമുള്ള നടന്മാരാണ് മമ്മൂട്ടിയും മോഹന്ലാലും. താരസംഘടനയുടെ നേതൃത്വത്തില് ഇതുവരെ മമ്മൂട്ടിയുണ്ടായിരുന്നു, ഇപ്പോള് മോഹന്ലാലുണ്ട്. ഭാരവാഹിത്വമില്ലെങ്കിലും ഇവരുടെ വാക്കുകള്ക്ക്, നിലപാടിന്, തീരുമാനങ്ങള്ക്ക് ചലച്ചിത്രമേഖലയില് വലിയ വിലയുണ്ട്.
വൈകിയാണെങ്കിലും താരസംഘടനയുടെ പ്രസിഡന്റ് പ്രതികരിച്ചു. മൗനം പാലിച്ചുവെന്ന വിമര്ശനം ഇനി വേണമെങ്കില് ഒഴിവാക്കാം. സിപിഎം പറഞ്ഞ അതേ ലൈനില് നിന്നുകൊണ്ട് സമവായ പാത തുറന്നതു പോലൊരു പ്രതികരണം. നടിക്കൊപ്പമാണ് പക്ഷെ ദിലിപിനെ തിരിച്ചെടുത്തത് സംഘടനയുടെ പൊതുവികാരമായിരുന്നു. ഒറ്റക്കെട്ടായ ആ അഭിപ്രായത്തോട് നേതൃത്വം യോജിച്ചു. ദിലീപിനെ തീരുമാനം അറിയിക്കും മുമ്പേ മാധ്യമങ്ങള് അതായുധമാക്കി. ഇതാണ് പ്രതികരണം. ഒറ്റക്കെട്ടായി ഇങ്ങനെ തീരുമാനം എടുക്കാനുള്ള സാഹചര്യം മോഹന്ലാല് പറഞ്ഞിട്ടില്ല. തീരുമാനം മാധ്യമങ്ങള് പുറത്തറിയിച്ചതിലാണ് പ്രശ്നം. മോഹന്ലാലും മമ്മൂട്ടിയും മലയാളികളുടെ ഇഷ്ടതാരങ്ങളാണ്. ഇവരടക്കമുള്ള വമ്പന്മാരുള്ള താരസംഘടനയ്ക്ക് സ്വന്തം തീരുമാനം എടുക്കാന് അവകാശമുണ്ട്. പക്ഷെ എന്തുചെയ്യാം, പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിക്കുന്ന വ്യവസായമല്ലേ, സംഘടനാ പ്രവര്ത്തനവും അതേ പ്രേക്ഷകര് നിരീക്ഷിക്കും. അതുകൂടി താരങ്ങള് മനസ്സിലാക്കി അംഗീകരിക്കണം. വേറെ വഴിയില്ല നിങ്ങള്ക്ക്.
ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് മമ്മൂട്ടിയും മോഹന്ലാലും എത്തിയതെങ്ങനെയെന്ന് ഓര്ക്കുന്നത് ഇപ്പോള് നന്നായിരിക്കും. വാര്ത്താ സമ്മേളനത്തില് വിഡ്ഢിത്തം പറഞ്ഞ മുകേഷിനെയും ഗണേഷിനെയും ഗോളം തിരിയാത്ത പോലെ അഭിനയിച്ച ഇന്നസെന്റിനെയും മലയാളികള് മറന്നിട്ടില്ല. മിണ്ടാതിരുന്നതാണ് മമ്മൂട്ടിയും മോഹന്ലാലും അന്ന് ചെയ്ത കുറ്റം ഗതികേടിന്റെ പുറത്ത് നടപടിയെടുത്തുപോയതാണ് ദിലീപേ മാപ്പാക്കണം എന്ന് ഇവര് പറഞ്ഞോ എന്നറിഞ്ഞുകൂടാ. പക്ഷെ നിര്മ്മാണ വിതരണ പ്രദര്ശന മേഖലയിലെ കരുത്തനായ , ഏകാധിപതിയായ ദിലീപിനെ പ്രീണിപ്പിക്കാതെ ഇവര്ക്കും വയ്യല്ലോ? കൊടുത്താല് കൊല്ലത്തും കിട്ടുമെന്നല്ലേ? സ്വന്തം മേഖലയിലെ സ്ത്രീകളോട് ജന്മികളെപ്പോലെ പെരുമാറുന്നവര്ക്ക് സ്വന്തം സഹപ്രവര്ത്തകരില് നിന്ന് അതേ സമ്മര്ദ്ദം നേരിടേണ്ടിവരുന്നത് രസകരമായ കാഴ്ചയാണ്. പതിവുപോലെ പഴികളെല്ലാം മമ്മൂട്ടിക്കും മോഹന്ലാലിനുമാണ്. പുതിയ കാലം പരിചയമുള്ള, നവസിനിമയുടെ വക്താക്കളായ ചെറുപ്പക്കാരുടെ കൂട്ടം എവിടെപ്പോയി? സഹപ്രവര്ത്തക ബലാത്സംഗം ചെയ്യപ്പെട്ട ക്രൂരസംഭവം ഇവരെ വല്ലതും പഠിപ്പിച്ചോ?
നിര്ഭാഗ്യകരമെന്ന് പറയട്ടെ ഇവരൊന്നും പഠിച്ചിട്ടില്ല.
ഫഹദും ദുല്ഖറും നിവിനും പോയ വഴി
നിര്ഭാഗ്യകരമെന്ന് പറയട്ടെ ഇവരൊന്നും പഠിച്ചിട്ടില്ല. നട്ടെല്ലില്ലാത്തവര്, ആത്മാഭിമാനം ഇല്ലാത്തവര്, സംഘടനയ്ക്കകത്തോ പുറത്തോ സ്വന്തം അഭിപ്രായം പറയാതെ, രോഷത്തിലാണ്, ദുഃഖത്തിലാണ് എന്ന് വാര്ത്തയെഴുതിക്കുന്നവര്. ഒന്നും പറയരുത് , അടുത്ത പടത്തിന് തിയേറ്റര് കിട്ടിയില്ലെങ്കിലോ? ഫഹദ് ഫാസില് അഭിനയത്തിരക്കിലാണ്. നിവിന് പോളി ഇതൊന്നും അറിഞ്ഞില്ല. ദുല്ഖര് സല്മാന് കാശിക്ക് പോയി. താരസംഘടനയുടെ തീരുമാനത്തെപ്പറ്റി നടനും അംഗവുമായ രഞ്ജി പണിക്കര്ക്ക് ഒന്നും പറയാനില്ലേ? അക്രമണത്തിന് ഇരയായ നടിയോട് സ്വന്തം സംഘടന ചെയ്തതിനെപ്പറ്റി ലാലിനൊന്നും(സിദ്ദിഖ് ലാല്) പറയാനില്ലെ? അന്ന് വികാരനിര്ഭരനായി ആ നടിക്ക് വേണ്ടി കണ്ണീരൊഴുക്കിയ നടനല്ലേ ലാല്. ചുരുക്കിപ്പറഞ്ഞാല് താരസംഘടന എന്നത് ഇപ്പറഞ്ഞവരുടെ കൂട്ടായ്മയാണ്. വ്യക്തിപരമായി ഉയര്ന്ന കാഴ്ചപ്പാടും, പുരോഗമന ചിന്തയും നല്ല വിവരവുമൊന്നുമില്ലാത്തവര് ഒന്നിച്ചുകൂടിയിരുന്നാല് ലോകാദ്ഭുതമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നവരല്ലേ വിഡ്ഢികള്? ഇവരെന്താണെന്ന് ഇവരൊക്കെ നടിക്കുന്ന സിനിമകള് പലകുറി നമ്മെ കാണിച്ചു തന്നിട്ടുണ്ട്. എന്തിനാണ് പിന്നെ കൂടുതല് പ്രതീക്ഷ.
ബി ഉണ്ണികൃഷ്ണന് ഒരക്ഷരം പറയരുത്. വേണ്ടപ്പോള് ഡേറ്റുതരുന്ന താരങ്ങള്, നിലനില്പ്പിനുള്ള ഉപാധിയാണ്. അവരെ പിണക്കണ്ട. മറുകയ്യില് ഇടതുരാഷ്ട്രീയവും മുറുകെപിടിക്കണം. എന്നിട്ട് സംസാരിക്കേണ്ട സമയത്ത് തന്ത്രപരമായ മൗനം പാലിക്കണം. അതാണ് മിടുക്ക്. കയ്യിലിരിക്കുന്ന ദിലീപ് ചിത്രം നഷ്ടപ്പെടാതെ , ഇടതോരം ചേര്ന്ന്, അമ്മയെ പിന്താങ്ങി, നടിക്കൊപ്പമെന്ന് പറയുന്ന അതിസാമര്ത്ഥ്യം. ചലച്ചിത്ര അക്കാദമി അധ്യക്ഷന് കമലിനേയും മാധ്യമവിമര്ശകന് ലാല് ജോസിനേയും ഒന്നും വെളിച്ചത്ത് കാണുന്നില്ല. താരങ്ങളുടെ ഡേറ്റ് വാങ്ങുന്ന തിരക്കിലാകും. സ്വന്തം തടിക്ക് കേടുപാടില്ലെങ്കില് എല്ലാം ശരിയെന്ന് കരുതുന്ന അനുശ്രീ, നമിത, മിയ, പ്രയാഗ തുടങ്ങിയ യുവസിംഹിണികളൊക്കെ ദിലീപേട്ടന്റെ അടുത്ത പടത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാള സിനിമയില് ഒരു ഹാര്വി വെയ്ന്സ്റ്റീന് നിമിഷം ഉണ്ടാകുമോയെന്നാണ് ഇപ്പോള് നിരീക്ഷിക്കേണ്ടത്.
നിലവാരത്തിനൊത്ത നിലപാട്
അതുകൊണ്ട് താരസംഘടന ചെയ്തത് ശരിയാണ്. ഓരോ സംഘടനയ്ക്കും ഓരോ നിലവാരമുണ്ട്. അവരുടെ നിലവാരവും വിവരവും അവര് ഒന്നുകൂടി പ്രദര്ശിപ്പിച്ചു. അഭ്രപാളികളില് ജീവിക്കുന്നവരാണ്. പരിസരങ്ങളിലെ ജീവിത യാഥാര്ത്ഥ്യം അവര്ക്കറിയില്ല. പൊതുസമൂഹത്തിന്റെ ചിന്തയും വിമര്ശനവും അവര്ക്ക് പ്രശ്നവുമല്ല. പിന്നെ ഇതൊക്കെ പറഞ്ഞാലും നാളെയും സംഭവത്തിനും ലീലയ്ക്കുമൊക്കെ കയ്യടിച്ച് തിയേറ്റര് നിറയ്ക്കാന് എത്തുന്നവരാണീ പൊതുസമൂഹം എന്ന് താരങ്ങള്ക്കറിയാം. എന്നുവച്ചാല് പൊതുസമൂഹത്തിന്റെ പരിച്ഛേദമാണ് ഈ താരസംഘടന. നമുക്ക് ചുറ്റും ഇവരെയൊക്കെ കാണാം. നിലപാടു പറഞ്ഞ പെണ്ണുങ്ങളെ പുറമേ പിന്തുണച്ച് പുരോഗമനം കാണിച്ച് വീടിനുള്ളിലെ സ്ത്രീകളെ അടിച്ചമര്ത്തുന്ന പൊതുസമൂഹം. എന്നാലും അതില് വലിയൊരു കനല് വീണിട്ടുണ്ട്. അത് ഊതിക്കത്തിക്കാന് ആണും പെണ്ണുമായി ഒരുപാട് പേര് വന്നിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്. ചെറിയ കാല്വയ്പ്പുകളാണ് വന്മുന്നേറ്റമാകുന്നത്. താരസിംഹാസനങ്ങളൊക്കെ തകര്ന്നടിഞ്ഞ് മനുഷ്യത്വമുള്ള നടീനടന്മാരുടേതായി സംഘടന മാറട്ടെ.
നടിയെ ആക്രമിച്ച കേസില് ദിലീപ് കുറ്റക്കാരനാണോയെന്ന് കോടതി തീരുമാനിക്കട്ടെ. ദിലീപിനെ പുറത്താക്കിയ സാഹചര്യത്തില് ഇപ്പോഴെന്ത് മാറ്റം വന്നുവെന്നാണ് താരസംഘടന വിശദീകരിക്കേണ്ടത്. മലയാള സിനിമയില് ഒരു ഹാര്വി വെയ്ന്സ്റ്റീന് നിമിഷം ഉണ്ടാകുമോയെന്നാണ് ഇപ്പോള് നിരീക്ഷിക്കേണ്ടത്. കാലാകാലങ്ങളായി ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള് ഓരോരുത്തരായി ചൂഷകര്ക്കെതിരെ സംസാരിക്കുന്ന ഒരു ചരിത്രനിമിഷം. 30 കൊല്ലത്തിനിടെ വെയ്ന്സ്റ്റീന് നടത്തിയ ലൈംഗികാതിക്രമങ്ങള് തുറന്നുപറഞ്ഞത് 80 ലേറെ സ്ത്രീകളാണ്. അവസരം നല്കാമെന്ന പതിവ് ന്യായങ്ങളുടെ പുറത്തുള്ള ചൂഷണം തന്നെയായിരുന്നു മിക്കവയും. അന്ന് അവസരത്തിന് വേണ്ടി , തൊഴിലിന് വേണ്ടി വഴങ്ങേണ്ടിവന്നവര് അതിലെ ചൂഷണവും അതിക്രമവും തിരിച്ചറിഞ്ഞ് രംഗത്തെത്തി. വെയ്ന്സ്റ്റീന് ഇഫക്ട് മറ്റൊരുപാട് രംഗങ്ങളില് പ്രതിഫലിച്ചു. കരുത്തരായി നിന്ന ഒരുപാട് പുരുഷന്മാര് ചൂഷകരായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞു. ഇന്നിപ്പോള് അക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പം നിന്ന് പ്രതിഷേധിക്കുന്ന സ്ത്രീതാരങ്ങള് മലയാള സിനിമാ രംഗത്ത് വലിയ പൊളിച്ചെഴുത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. കൊലകൊമ്പന്മാരായ മാടമ്പിത്താരങ്ങളുടെ ഔദാര്യത്തിലല്ല തങ്ങളുടെ തൊഴിലും തൊഴിലിടവുമെന്ന് തലയുയര്ത്തി ആത്മാഭിമാനത്തോടെ പ്രഖ്യാപിക്കുകയാണ് ഇവര്. തൊഴില് സംരക്ഷണ നിയമങ്ങളും ലൈംഗിക ചൂഷണ വിരുദ്ധനിയമങ്ങളും മനുഷ്യാവകാശങ്ങളും തുല്യതയും ബാധമകമല്ലാത്ത രാജ്യമാണ് സിനിമാവ്യവസായം. സ്ഥിരമായി പടങ്ങള് നിലംതൊടാതെ പൊട്ടിയാലും രാജപദവിയില് വിരാജിക്കുന്ന രണ്ടോ മൂന്നോ ആണുങ്ങളും അവരുടെ ശിങ്കിടികളും വിധേയകളും ഒക്കെ ചേര്ന്നതാണ് താരസംഘടന. ഇത്തവണ പൊതുയോഗത്തിനെത്തിയത് 250 ല് താഴെപ്പേര്. ആകെ അഞ്ഞുറോളം അംഗങ്ങളുണ്ട്.
കേരളം നോക്കുന്നുണ്ട് മഞ്ജുവിനെ , മഞ്ജുവിന്റെ നിലപാടിനെ
മഞ്ജു മിണ്ടുന്നില്ല!
സ്വന്തമായൊരു ഇടമുണ്ടെന്നും വ്യക്തിത്വമുണ്ടെന്നും വിവാഹമോചനത്തിന് ശേഷം തെളിയിച്ച വ്യക്തിയാണ് മഞ്ജു വാര്യര്. നടി ആക്രമിക്കപ്പെട്ടപ്പോള് ഏറ്റവുമാദ്യം ഏറ്റവും യുക്തിഭദ്രമായി പ്രതികരിച്ച മഞ്ജു, അന്വേഷണത്തിന്റെ വേഗവും മൂര്ച്ചയും കൂട്ടാന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട മഞ്ജു, പ്രതിസ്ഥാനത്തുള്ള ദിലീപിനെതിരെ അവരൊന്നും പറയാത്തതില് തെറ്റുകാണണ്ട. ഇപ്പോള് മഞ്ജു വാര്യര് എടുക്കുന്ന സമീപനം ദുരൂഹമാണ്. ദിലീപിന്റെ ചിത്രം രാമലീല എല്ലാവരും കാണണമെന്ന് ആഹ്വാനം ചെയ്തതും വിട്ടുകളയാം. എന്നാലും മഞ്ജൂ, നിങ്ങളിപ്പോള് കാണിക്കുന്നത് ഭീരുത്വമാണോ, തൊഴില് സംരക്ഷണമാണോ എന്ന് വ്യക്തമാക്കാനുള്ള ബാധ്യത നിങ്ങള്ക്കുണ്ട്. മലയാളികള് സ്നേഹിച്ച നടിയാണ് മഞ്ജുവാര്യര്. അവരുടെ സിനിമ മാത്രമല്ല, അവരുടെ ഓരോ വാക്കും ശ്രദ്ധിച്ചു കേട്ടു കേരളം, പ്രോത്സാഹിപ്പിച്ചു. അങ്ങനെ മഞ്ജു വാര്യര് ഒരു വിശ്വാസ്യത ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില് അവര് എവിടെയാണ്? അവര്ക്കൊപ്പമുള്ള നാലു പേര് സംഘടനയില് നിന്ന് രാജിവച്ചു. മൂന്ന് പേര് പൊതുയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി. കുട്ടി മിണ്ടുന്നില്ല. അമ്മ പ്രസിഡന്റ് മോഹന്ലാലിനൊപ്പം രണ്ട് ചിത്രങ്ങളില് അഭിനയിക്കുന്നു, ഇനി ചിത്രങ്ങള് കിട്ടാനുണ്ട് . കൂട്ടുകാരിക്ക് നീതി കിട്ടുന്നതിനേക്കാള് പ്രധാനം സ്വന്തം തൊഴിലാണെന്ന് മഞ്ജു വാര്യര് കരുതിയാല് കുറ്റം പറയാനില്ല. ആണ്കോയ്മയെ ചോദ്യം ചെയ്യാന് മഞ്ജു വളര്ന്നിട്ടില്ലെന്ന് കരുതിയാല് തീരുന്ന പ്രശ്നമേയുള്ളൂ.
രാജി സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണുണ്ടാകേണ്ടത്. ആ ബോധ്യം മറ്റുള്ളവരുടെ സമ്മര്ദ്ദത്തിന് വഴങ്ങുന്നതാണെങ്കില് അവര്ക്ക് ഊര്മ്മിളാ ഉണ്ണിയുടെ പക്ഷത്ത് നില്ക്കാം, വഴങ്ങിയില്ലെങ്കില് റിമ കല്ലിംഗലിന്റെ പക്ഷത്താകാം, സ്വന്തമായി മറ്റൊരു കാഴ്ചപ്പാടുണ്ടെങ്കില് രേവതിയും പത്മപ്രിയയും പാര്വതിയും നില്ക്കുന്നിടത്തേക്ക് മാറാം. കേരളം നോക്കുന്നുണ്ട് മഞ്ജുവിനെ , മഞ്ജുവിന്റെ നിലപാടിനെ. അതു പറയാന് മഞ്ജു വാര്യര്ക്ക് ഉത്തരവാദിത്തമുണ്ട്. അത് പറയല് അവരുടെ ബാധ്യതയാണ്. ആ നിലപാട് ഉടനെ പരസ്യമായി വ്യക്തമായി പറയും എന്ന് പ്രതീക്ഷിക്കുന്നു.
