Asianet News MalayalamAsianet News Malayalam

അപ്പം കിട്ടിയ സിനിമാക്കാര്‍ കുഴിയെണ്ണണോ?

 

  • അപ്പം കിട്ടിയ സിനിമാക്കാര്‍ കുഴിയെണ്ണണോ? സിന്ധു സൂര്യകുമാര്‍ എഴുതുന്നു
sindhu sooryakumars Cover story About National film award 2018

sindhu sooryakumars Cover story About National film award 2018

വിളിച്ചുവരുത്തിയിട്ട് സദ്യയില്ലെന്നറിയിച്ചാൽ ആർക്കായാലും ദേഷ്യം വരും. അതേ ദേഷ്യമാണ് ദേശീയ ചലച്ചിത്രപുരസ്കാര വേദിയിൽ 66 ചലച്ചിത്ര പ്രവർത്തകർ കാണിച്ചത്. ക്ഷണിച്ചുവരുത്തിയതല്ലേ, സദ്യ തന്നില്ലെങ്കിലെന്താ, കഞ്ഞിവെള്ളം ചിരട്ടേലൊഴിച്ച് തന്നല്ലോ, കുടിച്ചേക്കാം എന്ന് കരുതിയവരുമുണ്ട്. അവരുടെ ആർത്തിയോ നിവൃത്തികേടോ കൊണ്ടാവും.  ദേഷ്യം കാണിച്ചവരുടെ കൂട്ടത്തിലാണ് പുരസ്കാരം കിട്ടിയ ഭൂരിപക്ഷം മലയാളചലച്ചിത്ര പ്രവർത്തകരും. കഞ്ഞ‌ിവെള്ളമെങ്കിലും കിട്ടിയല്ലോ എന്ന് തൃപ്തിയടഞ്ഞവരാണ് യേശുദാസും ജയരാജും.  

രണ്ട് പക്ഷത്തും പിന്തുണയ്ക്കാനും എതിർക്കാനും ആളുണ്ട്, സ്വാഭാവികം.  ഒരു നിലപാടും പറയാതെ പ്രേക്ഷകരുടെ കണ്ണിലുണ്ണികളായി തുടരുന്ന പ്രതിഭകളുമുണ്ട്.   പുരസ്കാരം കിട്ടിയ പ്രവർത്തകർ നടത്തിയത് ഫാഷിസത്തിനെതിരായ പോരാട്ടമൊന്നുമല്ല. പക്ഷേ അതൊരു നിലപാടാണ്. വ്യക്തിപരമായ അന്തസ്സും അഭിമാനവും സൂക്ഷിക്കണമെന്നു കരുതുന്നവർ എടുക്കുന്ന നിലപാട്. നിലപാടുകൾ എടുക്കാനും നടപ്പാക്കാനും വ്യക്തിത്വം വേണം. അങ്ങനെ വ്യക്തിത്വം സൂക്ഷിച്ച് നിലപാടെടുത്ത 66 ചലച്ചിത്ര പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.  

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരവുമൊക്കെ ജൂറിയെ നിശ്ചയിച്ച് അവരുടെ തീരുമാനത്തിനരുസരിച്ച് നടപ്പാക്കുന്നത് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് ആണ്. ആ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ രാഷ്ട്രപതിയാണ് പുരസ്കാരം നൽകുന്നതെന്ന് വളരെ അഭിമാനത്തോടെ പറയുന്നുണ്ട്. ദേശീയ ചലച്ചിത്രപുരസ്കാരം കിട്ടുന്ന ഓരോ ചലച്ചിത്രകാരനും ആഗ്രഹിക്കുന്നത് രാജ്യത്തിന്റെ ഒന്നാം പൗരൻ രാഷ്ട്രപതിയിൽ നിന്ന് ആ പുരസ്കാരം ഏറ്റുവാങ്ങണം എന്നാണ്. 1954 ൽ തുടങ്ങിയതു മുതൽ അതാണ് പതിവ്.  എല്ലാ മേഖലകളിലും കീഴ്വഴക്കങ്ങളും ചട്ടങ്ങളും സൗകര്യത്തിനനുസരിച്ച് വളച്ചൊടിക്കുന്ന രീതി ഇവിടെയും നടന്നു.

ചരിത്രത്തിലാദ്യമാണ് ഇത്തരത്തിൽ വ്യാപകമായ പ്രതിഷേധം. 1989ൽ സഫ്ദർ ഹാഷ്മി വധത്തിന്റെ പശ്ചാത്തലത്തിൽ ഷബാന ആസ്മി പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തവണത്തേത് അതിലും വലിയ പ്രതിഷേധമായി.  ഒരു  മണിക്കൂർ മാത്രമേ ഒരു ചടങ്ങിൽ പങ്കെടുക്കൂ എന്ന് രാഷ്ട്രപതിക്ക് പുതിയ പ്രോട്ടോക്കോൾ ഉണ്ടെങ്കിൽ പുരസ്കാര ജേതാക്കളെ അക്കാര്യം നേരത്തെ അറിയിക്കണമായിരുന്നു. അതല്ലെങ്കിൽ ജേതാക്കളെ അപമാനിക്കാത്ത തരത്തിൽ ചടങ്ങ് പുനക്രമീകരിക്കണമായിരുന്നു. 

കേന്ദ്രമന്ത്രി പുരസ്കാരം നൽകുന്നതും, കേന്ദ്രമന്ത്രിയിൽ നിന്ന് പുരസ്കാരം വാങ്ങുന്നതും കുറച്ചിലല്ല. ഇപ്പോൾ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയെ പഴയ സീരിയൽ നടി എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഒരു തരം അസൂയകൊണ്ടാണ്. പണ്ട് ചായ വിറ്റോ, സീരിയലിൽ നടിച്ചോ, തറിയിൽ നെയ്തോ എന്നതല്ല,  ഇന്ന് അവരെന്തു ചെയ്യുന്നു എന്ന് നോക്കണം. പണ്ട് ചെയ്ത തൊഴിലുകൾ അപമാനമാക്കി വിമർശകർ പറയരുത്, ആ നിലയ്ക്ക് വിമർശനം വഴിതെറ്റിയാൽ പ്രശ്നത്തിന്റെ , പ്രതിഷേധത്തിന്റെ മുനയൊടിയും.  

ബഹിഷ്കരണം നടത്തിപ്പിനോടുള്ള വിയോജിപ്പുകൊണ്ടാണ്, പുരസ്കാരത്തോടുള്ള എതിർപ്പുകൊണ്ടല്ല എന്ന് തിരിച്ചറിയണം. അവാർഡ് തിരിച്ചുകൊടുത്തോ, പണം തിരിച്ചയച്ചോ എന്നുള്ളതൊക്കെ വിവരദോഷികളുടെ ചോദ്യം. ഇന്ദുലേഖയില്ലെങ്കിൽ തോഴിയായാലും മതിയെന്ന് പറയുന്നവർക്ക് എന്തുമാകാം നിലപാട്.

ഇത്തവണത്തെ പ്രതിഷേധത്തോടെ നടപടിക്രമങ്ങൾ മാറുകയാണ്. ഇത്തവണ തുടങ്ങിയത് ഇനി ശീലമാക്കാനാണ് സാധ്യത. രാഷ്ട്രപതി വിതരണം ചെയ്ത അവസാന ചലച്ചിത്ര പുരസ്കാരമായി ഇത്തവണത്തേത് മാറിയേക്കാം. എന്തായാലും ചരിത്രം ചലച്ചിത്ര പ്രവർത്തകർ മാറ്റിയെഴുതി. മലയാളത്തിൽ നിന്ന് പുരസ്കാരജേതാക്കളായവർക്ക് അഭിമാനിക്കാം, അന്തസ്സുയർത്തിപ്പിടിച്ചതിന്.  ഇക്കൂട്ടത്തിൽ യേശുദാസും ജയരാജും കൂടി ഉണ്ടായിരുന്നെങ്കിൽ.  

യേശുദാസും ജയരാജുമൊന്നും കുറ്റക്കാരല്ല. പക്ഷേ ഒരവസരം വന്നപ്പോൾ  അന്തസ്സുയർത്തിപ്പിടിക്കാൻ നിൽക്കാതെ ഒത്തുതീർപ്പിന് വഴങ്ങിയവരായി രേഖപ്പെടുത്താം. ആ ഒത്തുതീർപ്പ് അവർക്ക് പ്രായോഗികമായി ഗുണം ചെയ്തേക്കാം.  മതേതരത്വം ഉയർത്തിപ്പിടിച്ച, വിയോജിപ്പുകൾ ഉറക്കെപ്പറഞ്ഞിട്ടുള്ള എആർ. റഹ്മാനും ഇക്കൂട്ടത്തിലുണ്ട്. ബഹിഷ്കരണം നടത്തിപ്പിനോടുള്ള വിയോജിപ്പുകൊണ്ടാണ്, പുരസ്കാരത്തോടുള്ള എതിർപ്പുകൊണ്ടല്ല എന്ന് തിരിച്ചറിയണം. അവാർഡ് തിരിച്ചുകൊടുത്തോ, പണം തിരിച്ചയച്ചോ എന്നുള്ളതൊക്കെ വിവരദോഷികളുടെ ചോദ്യം. ഇന്ദുലേഖയില്ലെങ്കിൽ തോഴിയായാലും മതിയെന്ന് പറയുന്നവർക്ക് എന്തുമാകാം നിലപാട്.

രാഷ്ട്രപതി സമ്മാനിച്ച 11 പുരസ്കാരങ്ങൾ തെരഞ്ഞെടുത്തതിൽ പോലും മാനദണ്ഡം പാലിച്ചില്ല. ഒരു പന്തിയിൽ പലതരം വിളന്പ് , അതിനെ ന്യായീകരിക്കാനും വേണം ഉളുപ്പ്.  കൂടെയുള്ളവർ പറയുന്ന ന്യായം മനസ്സിലായില്ലെന്ന് ജയരാജ് നടിക്കരുത്. കൂടെയുള്ളവരുടെ നിലപാട് അംഗീകരിക്കണമെന്നില്ല, പക്ഷെ സ്വന്തം കീഴടങ്ങലിനെ ന്യായീകരിക്കരുത്. യേശുദാസ് പ്രതികരിച്ചുകണ്ടില്ല. നന്നായി പാടുന്നവർ നല്ല സാമൂഹിത പ്രതിബദ്ധതയും നിലപാടും ഉള്ളവരാകണമെന്നില്ലെന്ന് വളരെ മുന്പേ നമ്മളെക്കൊണ്ട് പറയിച്ചയാളാണ്. 

ഏതു പ്രതിഷേധത്തിലും ഏത് സമരത്തിലും ഉണ്ടാകും വർഗവഞ്ചകർ. അങ്ങനെ കണ്ടാൽ മതി. പക്ഷെ ഈ പ്രതിഷേധത്തെ ഊതിവീർപ്പിക്കരുത്, മറ്റൊരു മാനം നൽകരുത്. ഇത് വിവേചനത്തിനെതിരായ പ്രതിഷേധം മാത്രമാണ്. പന്തിയിലെ പക്ഷഭേദത്തിനെതിരായി പ്രതിഷേധം. അതിനപ്പുറം ഫാസിസ്റ്റ് വിരുദ്ധതയോ, മാനവികതയോ, പോരാട്ടവീര്യമോ ഒന്നും കൽപ്പിച്ചുകൊടുക്കരുത്. ലൈംഗിക ചൂഷണത്തിനും  ലൈംഗികാതിക്രമത്തിനും വേതന തുല്യതയ്ക്കും ബാഹ്യസമ്മർദ്ദങ്ങൾക്കുമൊന്നും എതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാൻ കഴിയാത്തവരാണ് സിനിമാക്കാർ. കൂട്ടത്തിലുള്ളവരെ വള‌ഞ്ഞിട്ടാക്രമിച്ചാലും  ഒന്നിച്ചുനിന്ന് ചെറുക്കാത്തവർ. ഒറ്റുകാർ അനുഭവത്തിലൂടെയെങ്കിലും കുറച്ച് മനസ്സിലാക്കട്ട.

Follow Us:
Download App:
  • android
  • ios