Asianet News MalayalamAsianet News Malayalam

എങ്ങനെയാണ് ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ അനേകം അനാഥര്‍ക്ക് അഭയമായി മാറിയത്?

എന്നാൽ, അവിടെ എത്തിയപ്പോഴാണ് അവൾക്ക് ഒരുകാര്യം ബോധ്യപ്പെട്ടത്. താൻ മാത്രമല്ല, തന്നെപ്പോലെ ഒരുപാട് അനാഥർ തനിക്ക് ചുറ്റിലുമുണ്ടെന്ന സത്യം അവൾ തിരിച്ചറിഞ്ഞു.

Sindhuthai the mother of more than 1400 orphans
Author
Maharashtra, First Published Jul 5, 2020, 4:04 PM IST

ഇന്ത്യയിൽ 30 ദശലക്ഷത്തിലധികം അനാഥരായ കുട്ടികളുണ്ട്. അവരിൽ മൂന്നിലൊന്നുപേരും നോക്കാൻ ആരുമില്ലാതെ തെരുവിൽ കഴിയുന്നവരാണ്. വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ ഒറ്റപ്പെട്ട് പോയവരാണ് അവർ. എന്നാൽ, ഒരു വാതിൽ അടയ്ക്കുമ്പോൾ, മറ്റൊന്ന് തുറക്കുമെന്ന് പറയുന്നതുപോലെ അനവധി ആളുകൾ അവരെ ഏറ്റെടുക്കാനും, അവരുടെ ജീവിതത്തിന് പുതിയ അർത്ഥം നൽകാനും പരിശ്രമിക്കുന്നു. അത്തരം വീടില്ലാത്ത അനാഥരെ നിസ്വാർത്ഥമായി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്‍ത വ്യക്തിയാണ് സിന്ധുതായ്. അവരെ എല്ലാവരും അനാഥരുടെ അമ്മയെന്നാണ് വിളിക്കുന്നത്. ഇത് അവരുടെ നിസീമമായ സ്നേഹത്തിന്റെയും കരുണയുടെയും കഥയാണ്.

Sindhuthai the mother of more than 1400 orphans
 

അവരുടെ ജീവിതവും ഒരുപാട് കഷ്ടപ്പാടുകളും, ഒറ്റപ്പെടലുകളും നിറഞ്ഞതായിരുന്നു. ഒരുപക്ഷേ, അവർക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളായിരിക്കാം, മറ്റുള്ളവരുടെ വേദനയെ കുറിച്ച് മനസിലാക്കാൻ അവരെ സഹായിച്ചത്. 1948 -ൽ മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ പാവപ്പെട്ട ഒരു ക്ഷീര കർഷകന് ജനിച്ച അവളെ ചിന്ദി എന്ന് വിളിച്ചു. ചിന്ദി എന്നാൽ കീറിപ്പറിഞ്ഞ തുണിയെന്നാണ് അർത്ഥം. പേരുപോലെ തന്നെ ആരും ആഗ്രഹിക്കാതെ ഭൂമിയിൽ പിറന്നുവീണ അവളെ എല്ലാവരും വെറുത്തു. കുട്ടിക്കാലത്തെ അവളുടെ ജീവിതം കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞുപോയി. വീട്ടുകാർ 10 വയസുള്ളപ്പോൾ അവളുടെ പഠിപ്പ് മതിയാക്കി 20 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു പുരുഷനെ വിവാഹം കഴിപ്പിച്ചു കൊടുത്തു ബാധ്യത തീർത്തു.

എന്നാൽ, എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്നപോലെ അവളുടെ കഷ്‍ടകാലം അതോടെ ആരംഭിക്കുകയായിരുന്നു. അവളുടെ 20 -ാം വയസ്സിൽ നിറഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് അവളെ ഉപേക്ഷിച്ചു. നിറവയറുമായി തെരുവിലേയ്ക്ക് ഇറങ്ങിയ അവൾ പോകാൻ ഒരിടമില്ലാതെ, കഴിക്കാൻ ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെട്ടു. തിരിച്ച് വീട്ടിൽ പോയാലും വീട്ടുകാർ അവളെ സ്വീകരിക്കില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഈ അവസ്ഥയിൽ എവിടെ പോകാൻ? ഒടുവിൽ ഒരു പശുത്തൊഴുത്തിൽ കിടന്ന് അവൾക്ക് പ്രസവിക്കേണ്ടി വന്നു. സഹായത്തിന് ആരുമില്ലാതെ, അസ്ഥി നുറുങ്ങുന്ന വേദന കടിച്ചിറക്കി അവൾ കൈയിൽ കിട്ടിയ മൂർച്ചയുള്ള ഒരു കല്ലുകൊണ്ട് പൊക്കിൾക്കൊടി മുറിച്ചു .

അത്രയേറെ വേദനയിലും, അനിശ്ചിതത്വത്തിലും പക്ഷേ ജീവിതം അവസാനിപ്പിക്കാൻ അവൾ തയ്യാറായില്ല. മരിക്കാൻ ഒരു നൂറു കാരണങ്ങൾ അവൾക്ക് ഉണ്ടായിരുന്നെങ്കിലും, ജീവിക്കാൻ പ്രേരിപ്പിക്കുന്ന തന്റെ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ അവൾ തീരുമാനിച്ചു, "ഞാൻ ജീവിക്കും." ആ ഒരൊറ്റ കാരണം മതിയായിരുന്നു അവൾക്ക് ഏത് കഷ്ടപ്പാടിലും പുഞ്ചിരിക്കാൻ, എന്തിനെയും അതിജീവിക്കാൻ... അവൾ ജീവിക്കാൻ തീരുമാനിച്ചെങ്കിലും, അവളെ കാത്തിരുന്നത് ഒട്ടും സുഖകരമല്ലാത്ത കാര്യങ്ങളായിരുന്നു. അച്ഛനില്ലാത്ത ഒരു കുഞ്ഞുമായി ജീവിക്കുന്ന ഒരു സ്ത്രീയെ എങ്ങനെയാണ് ലോകം കാണുകയെന്നത്‌ നമുക്കറിയാം. അവളെയും കുഞ്ഞിനെയും സമൂഹം ഒറ്റപ്പെടുത്തും. അവളെ കാണുമ്പോഴേ ആളുകൾ മുഖം തിരിക്കാൻ തുടങ്ങി. വിദ്യാഭ്യസമില്ലാത്ത, പണമില്ലാത്ത അവൾ എങ്ങനെ കുഞ്ഞിനെ പോറ്റും? ഒടുവിൽ മറ്റ് മാർഗ്ഗങ്ങളില്ലാതെ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷയെടുക്കാൻ തുടങ്ങി അവൾ. പകൽ മുഴുവൻ കുഞ്ഞിനെയും കൊണ്ട് ഭിക്ഷയെടുത്തു നടന്ന അവൾ രാത്രിയിൽ കടത്തിണ്ണയിലോ, ശവപ്പറമ്പിലോ, തൊഴുത്തിലോ കിടന്നു നേരം വെളുപ്പിച്ചു. 

എന്നാൽ, അവിടെ എത്തിയപ്പോഴാണ് അവൾക്ക് ഒരു കാര്യം ബോധ്യപ്പെട്ടത്. താൻ മാത്രമല്ല, തന്നെപ്പോലെ ഒരുപാട് അനാഥർ തനിക്ക് ചുറ്റിലുമുണ്ടെന്ന സത്യം അവൾ തിരിച്ചറിഞ്ഞു. അതും ഉപേക്ഷിക്കപ്പെട്ടതും അനാഥരുമായ നൂറുകണക്കിന് കുട്ടികൾ പോകാൻ ഒരിടമില്ലാതെ, നോക്കാൻ ആരുമില്ലാതെ തെരുവുകളിൽ കഴിയുന്നുണ്ടെന്ന് അവൾ മനസ്സിലാക്കി. പറ്റാവുന്നപോലെ ആ മക്കളെ പരിപാലിക്കാൻ കൂടുതൽ വ്യാപകമായി ഭിക്ഷയെടുക്കാൻ അവൾ തീരുമാനിച്ചു. അതിനുശേഷം നടന്നത് ചരിത്രമാണ്. ദത്തെടുത്ത മക്കളോടുള്ള അവളുടെ സ്നേഹവും അർപ്പണബോധവും വളരെയധികമായിരുന്നു. അവർക്കിടയിൽ ഒരിക്കലും ഒരു പക്ഷഭേദം തോന്നാതിരിക്കാൻ സ്വന്തം മകളെ പൂനെയിലെ ഒരു അനാഥാലയത്തിലേക്ക് അയച്ചു അവർ.

വർഷങ്ങളുടെ കഠിനാധ്വാനത്തിനുശേഷം, അവർ ചിക്കൽ‌ധാരയിൽ അനാഥർക്കായി ഒരു സ്ഥാപനം തുടങ്ങി. സ്ഥാപനത്തിനായി പണം സ്വരൂപിക്കാൻ അവർ ഗ്രാമങ്ങൾതോറും, നഗരങ്ങൾതോറും സഞ്ചരിച്ചു. പലപ്പോഴും പണമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട് അവർക്ക്. എന്നിട്ടും അവർ അതിൽ നിന്നും പിന്മാറിയില്ല. ഏകദേശം 1200 -ഓളം അനാഥരായ കുട്ടികളെ അവർ ദത്തെടുക്കുകയും, വളർത്തുകയും ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങൾ അവരെ സ്നേഹപൂർവ്വം ‘മായ്’ എന്ന് വിളിക്കുന്നു. അവരുടെ ദത്തെടുത്ത കുട്ടികളിൽ പലരും ഇന്ന് അഭിഭാഷകരും ഡോക്ടർമാരുമൊക്കെയാണ്. ഇപ്പോൾ അവരുടെ മകളും ദത്തെടുത്ത കുട്ടികളും സ്വന്തമായി അനാഥാലയങ്ങളും നടത്തുന്നുണ്ട്.
 

Sindhuthai the mother of more than 1400 orphans

ഇന്ത്യയിൽ അനാഥർക്കായി ആറ് സംഘടനകൾ അവരുടെ പേരിൽ പ്രവർത്തിക്കുന്നു. ചില സംഘടനകൾ ഇവയാണ്: അഭിമാൻ ബാൽ ഭവൻ, മമത ഭായ് സദാൻ, മായുടെ ആശ്രമം ചിക്കൽധാര. അതുകൂടാതെ വിവിധ സാമൂഹിക പരിപാടികളിൽ അവർ പ്രഭാഷണങ്ങളും നടത്തുന്നു. അതിൽനിന്ന് കിട്ടുന്ന പണം മുഴുവൻ മക്കളെ വളർത്താനാണ് അവർ വിനിയോഗിക്കുന്നത്. സോഷ്യൽ വർക്കർ ഓഫ് ദി ഇയർ അവാർഡ് 2016, നാരി ശക്തി അവാർഡ് 2017 എന്നിവയുൾപ്പെടെ 500 ഓളം അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

ആ അമ്മയുടെ സ്നേഹത്തിനും അനുകമ്പയ്ക്കും ഒരു പരിധിയുമില്ല. വർഷങ്ങൾക്കുശേഷം അവരുടെ ഭർത്താവ് മാപ്പ് പറഞ്ഞു മടങ്ങി വന്നപ്പോൾ പൂർണ്ണ മനസ്സോടെ ഭർത്താവിനെ സ്വീകരിക്കാൻ തയ്യാറായവരാണ് അവർ. മറ്റൊരാൾക്ക് നന്മ ചെയ്യാൻ ഒരുപാട് പണമോ, സൗകര്യങ്ങളോ ഒന്നും വേണ്ട, പകരം മറ്റുള്ളവരുടെ വേദന കാണാൻ കഴിയുന്ന നല്ലൊരു ഹൃദയം മാത്രം മതിയെന്ന് സിന്ധുതായ് നമ്മെ ഓർമിപ്പിക്കുന്നു.  

 

Follow Us:
Download App:
  • android
  • ios