വർഷങ്ങൾക്ക് മുമ്പുള്ള ഒരു കാഴ്ച മനസ്സിൽ ഇപ്പോഴും തളം കെട്ടി നിൽപ്പുണ്ട്. ആലപ്പുഴ ഭാഗത്തുള്ള ഒരു  അനാഥമന്ദിരത്തിലേക്ക് അല്പം ഭക്ഷണം എത്തിക്കുന്ന കാര്യത്തിനായാണ്  പള്ളിമേടയിലെ വിശാലമായ എ സി റൂമിലെ  കറങ്ങുന്ന കസേരയിൽ ഇരുന്ന് അനാഥരെ ഉദ്ധരിക്കുന്ന, അനാഥമന്ദിരത്തിന്‍റെ അധിപതിയായ ആ വല്യച്ചനെ കാണാൻ ചെന്നത്. (അനാഥരെ അദ്ദേഹം  സംബോധന ചെയ്തത് "ഇവറ്റകൾ" എന്നാണ്)

അതിന് പിറകെ കേട്ട വാചകങ്ങൾ എന്നിൽ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി

ഇരുന്നു കാര്യങ്ങൾ സംസാരിക്കാം... അച്ചൻ പറഞ്ഞു. ആയിക്കോട്ടെയെന്നു പറഞ്ഞു ഞങ്ങൾ ഇരുന്നു.  ഉടനെ, അകത്തേക്ക് നോക്കി ഒരു വിളിയാണ്, "ട്രീസാ..."സഹായത്തിന് നിൽക്കുന്ന ഏതെങ്കിലും ഒരു സ്ത്രീയെ പ്രതീക്ഷിച്ച ഞങ്ങൾക്ക് മുന്നിലേക്ക് ഇറങ്ങി വന്നത് ദൈന്യത തുളുമ്പുന്ന കണ്ണുകൾ ഉള്ള ഒരു സിസ്റ്റർ... "ചായ കൊടുക്കണം ഇവർക്ക്" ആജ്ഞയാണ്. തലയും കുനിച്ച് അവർ അകത്തേക്ക് പോകുന്നു. ഞങ്ങളുടെ മുഖത്ത് നോക്കി ഒന്നു ചിരിക്കാൻ കൂടി ഭയപ്പെടുന്നത് പോലെ തോന്നി.

ഞങ്ങളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താതെ വേണം ഈ അന്നദാനം നടത്താൻ എന്ന് ചായയും കൊണ്ട് വന്ന സിസ്റ്ററുടെയും അച്ചന്‍റെയും മുഖത്തേക്ക് മാറി മാറി നോക്കി ഞങ്ങൾ പറഞ്ഞു... "ഏയ്, അതൊന്നും പുറത്ത് പറയില്ല" അതിന് പിറകെ കേട്ട വാചകങ്ങൾ എന്നിൽ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. "ഇവളും പുറത്ത് പറയില്ല... ഇവളൊക്കെ നമ്മുടെ സ്വന്തം ആളാ. അല്ലെടീ?" വല്ലാത്ത ഒരു വഷളൻ ചിരിയോടെ അവരുടെ മുഖത്തേക്ക് നോക്കി അയാൾ പറയുന്നത് കേട്ട് ആ സിസ്റ്റർ ആകെ ഉരുകിയൊലിച്ചു തല താഴ്ത്തി.  അവർ ഒന്നും മിണ്ടാതെ, ചിരിക്കാതെ, ഞങ്ങളെ നോക്കാതെ അകത്തേക്ക് പോയി.

കേൾക്കുമ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും തോന്നും അങ്ങനെ ഒന്നു പറഞ്ഞാൽ എന്താണ് തെറ്റെന്നു! ആ വാക്കുകൾ കന്യാസ്ത്രീയെ എത്ര മാത്രം അപമാനപ്പെടുത്തിയെന്നത് അവരുടെ മുഖത്ത് നിന്നു വായിച്ചെടുത്ത ഞങ്ങൾക്കെ ഒരുപക്ഷേ അത് മനസിലാക്കാൻ ആവൂ.

അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അലച്ചിലിൽ ആ ബസ്സിൽ വച്ച് പരിചയപ്പെട്ടതാണ് സിസ്റ്റർ എമിയെ

'ഇവൾ' എന്ന് ഒരു ബഹുമാനവും ഇല്ലാതെ വിളിച്ചത് അച്ചന് ഒപ്പം സമൂഹത്തിൽ ആദരിക്കപ്പെടേണ്ടുന്ന ഒരു കന്യാസ്ത്രീയെ ആണ്. ആ വഷളൻ ചിരി ചിരിച്ചു  കൊണ്ട് ദ്വയാർത്ഥധ്വനിയുള്ള വാക്കുകളാൽ അപമാനിച്ചത് വിശുദ്ധസഭയുടെ സേവനത്തിനായി സ്വയം ത്യജിച്ച് ഇറങ്ങി വന്ന ഒരു സ്ത്രീയെയാണ്!

കോട്ടയം എറണാകുളം ബസിന്‍റെ ജനൽവശത്തെ സീറ്റ് ആയിരുന്നു പിജി പഠന കാലത്ത് എന്‍റെ വീട്... അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അലച്ചിലിൽ ആ ബസ്സിൽ വച്ച് പരിചയപ്പെട്ടതാണ് സിസ്റ്റർ എമിയെ. ഇപ്പോഴും എന്‍റെ ഏറ്റവും അടുത്ത സുഹൃത്തെന്നോ വഴികാട്ടിയെന്നോ ഒക്കെ പറയാവുന്ന ആൾ. പാവപ്പെട്ട വീട്ടിൽ ജനിച്ചു നിവർത്തികേട് കൊണ്ട് വീടുകാർ മഠത്തിൽ കൊണ്ടു ചേർത്തതാണ്. ഉണ്ടായിരുന്ന ഒരു കുഞ്ഞു പ്രണയവും ത്യജിച്ച് മഠത്തിലേക്ക് ചെന്ന എമി സിസ്റ്റർക്ക് ആദ്യശിക്ഷ ലഭിച്ചത് പ്രണയം പരാമർശിക്കുന്ന ഒരു ക്ലാസ്സിക്ക് നോവൽ വായിച്ചു എന്ന കുറ്റത്തിനാണ് എന്നത് അന്ന് കേട്ടപ്പോൾ എന്നിൽ ചിരിയുണർത്തി. പിന്നീട് പലപ്പോഴായി സിസ്റ്ററിൽ നിന്ന് കേട്ട കഥകൾ പലതും കർണ്ണങ്ങളിൽ ഈയമുരുക്കി ഒഴിയ്ക്കുന്നത് പോലെ പൊള്ളുന്നവയായിരുന്നു. 

മഠത്തിലെ മാനസികവും ശാരീരികവുമായ  പീഡനങ്ങൾക്ക് പുറമെ ഇടയ്ക്കിടെ മഠം സന്ദർശിക്കുന്ന അച്ചന്മാരുടെ ദുഷിച്ച നോട്ടവും സംസാരവും സഹിക്കേണ്ടി വരുന്ന പാവം കന്യാസ്ത്രീമാരുടെ ജീവിതം എമി സിസ്റ്റർ വഴി അറിഞ്ഞു. സാധാരണ ഒരു പെണ്ണ് ശബ്ദമുയർത്തിയാൽ തന്നെ ലോകം അവർക്കെതിരെ തിരിയുന്ന കാലത്ത്, തിരുവസത്രമണിഞ്ഞവർ എങ്ങനെ ശബ്ദിക്കും? പുറത്ത് അറിഞ്ഞാൽ നാറുന്ന അബോർഷൻ കഥകൾ വരെ എമി സിസ്റ്റർ വിങ്ങലോടെ പറഞ്ഞിട്ടുണ്ട് ഈ കാലത്തിനുള്ളിൽ... അതിനുമപ്പുറം വരെ ആ അടഞ്ഞ വാതിലുകൾക്കു പിന്നിൽ നടക്കുന്നുണ്ട് എന്നു പറഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടുമോ?

കുമ്പസാരമൊക്കെ വല്ലപ്പൊഴമെങ്കിലും കൊണ്ട് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എറണാകുളത്തുള്ള പ്രസിദ്ധമായ പള്ളിയിലെ അച്ചൻ കുമ്പസാരക്കൂട്ടിൽ വച്ചു പുരുഷബന്ധം മുതൽ സ്വവർഗ്ഗരതിയും സ്വയംഭോഗവും വരെ  പാപമാണെന്ന് പറഞ്ഞു തന്നു. അതിന്‍റെ വിശദാംശങ്ങളിലേക്ക് അച്ചൻ  കടക്കുന്നതിനു മുമ്പ് മെല്ലെ ഞാൻ എഴുന്നേറ്റു. എനിക്ക് പിന്നിൽ നിന്ന പെണ്‍കുട്ടിയെ അയാൾക്ക് ഇരയായി ഇട്ടു കൊടുത്തു കൊണ്ട്. ആ ഇക്കിളി വർത്തമാനത്തിൽ അയാൾ നിർവൃതി കൊള്ളുന്നതായി മുഖഭാവം പറയുന്നുണ്ടായിരുന്നു. അന്ന് നിർത്തിയതാണ് കുമ്പസാരമെന്ന പരിപാടി. 

ഇനി അത് പറ്റിയിലേൽ ചിലര്‍ പീഡിപ്പിക്കും. അങ്ങനെ പല വകുപ്പുകൾ ഉണ്ട് പാതിരിമാർക്ക്

പീഡനങ്ങളുടെ അവസാനിക്കാത്ത നിരയിൽ ഇടയിലെവിടെയോ ഉണ്ട് കന്യാസ്ത്രീകളും. അടിവസ്ത്രം മാത്രമിട്ടു വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന അച്ചന്മാരെ  കണ്ടു ഒരിക്കൽ അതിരപ്പള്ളി ടൂർ പോയപ്പോൾ. ഒരു കൂട്ടം കോളേജ് കുട്ടികൾക്കൊപ്പം.  അതില്‍ കുഴപ്പമൊന്നുമില്ല. അതങ്ങനെ നടന്നോട്ടെ! തലയിൽ നിന്നു ശിരോവസ്ത്രം മാറിക്കിടന്നാൽ നിഷേധിയാവുന്ന സിസ്റ്റർമാർ മാത്രമാണ് ഇവിടെയൊരു വിരോധാഭാസം...

ബ്രഹ്മചര്യം പിന്നെ ഇവർക്ക് നിർബന്ധമേ അല്ലല്ലോ. ഏകയായി കഴിയേണ്ടവൾ കന്യാസ്ത്രി മാത്രം! കത്തോലിക്കയല്ലാത്ത അച്ചന്മാർക്ക് പെണ്ണും കെട്ടാം. ഇനി അത് പറ്റിയിലേൽ ചിലര്‍ പീഡിപ്പിക്കും. അങ്ങനെ പല വകുപ്പുകൾ ഉണ്ട് പാതിരിമാർക്ക്... (അതിലും ബഹുരസം ഇതിനൊക്കെ കൂട്ടുനിൽക്കുന്ന കുറച്ചു പേർ കന്യാസ്ത്രീക്കൂട്ടത്തിലും ഉണ്ടെന്നതാണ്.) സഭയുടെയും, സഭാസ്ഥാപനങ്ങളുടെയും, അതിലേക്കുള്ള വരവുചിലവുകളുടെയും കടിഞ്ഞാൺ കൈയ്യിൽ  കരുതാനുള്ള  അവകാശവും  അച്ചന്മാരുടെ കുത്തക!!

അതിനുള്ള ശിക്ഷയും സഭ വിധിച്ചു കഴിഞ്ഞു

സഭാവസ്ത്രത്തിൽ മറയ്ക്കപ്പെട്ട കന്യാസ്ത്രീമാർ വാ തുറക്കരുത്. ഡ്രൈവിംഗ് ലൈസൻസ് എടുക്കരുത്. വാർത്താസമ്മേളനം നടത്തരുത്. പൊതുപ്രവർത്തനത്തിന് ഇറങ്ങരുത്. ചുരിദാർ ഇടരുത്, പുസ്തകം എഴുതരുത്.... പാപങ്ങളുടെ പട്ടിക വലുതാണ്. ശ്വാസം വിടാമോ ആവോ!

വ്യതസ്തയാവുകയാണ് സിസ്റ്റർ ലൂസി. അതിനുള്ള ശിക്ഷയും സഭ വിധിച്ചു കഴിഞ്ഞു. പക്ഷെ, ഉറച്ച ശബ്ദത്തിൽ സിസ്റ്റർ പറയുന്ന ചിലതുണ്ട്... ചിന്തിക്കപ്പെടേണ്ടതാണ്...

1. കാലാകാലങ്ങളോളം തന്‍റെ ശമ്പളം സഭയ്ക്ക് നല്‍കിക്കൊള്ളണം എന്ന നിബന്ധന അനുസരിക്കാൻ എന്നും കഴിയില്ല. തന്‍റെ ശമ്പളം ഉപയോഗിച്ചു കാർ മേടിക്കുകയും, പുസ്തകം പസിദ്ധീകരിക്കുകയും ചെയ്തു. അതിന് അനുവാദം ചോദിച്ചു മുട്ടി മുട്ടി കൈ കഴച്ചപ്പോൾ സ്വന്തമായി തീരുമാനിച്ചു നടപ്പിലാക്കി... എന്താണ് തെറ്റ്?

2. സാമൂഹ്യപ്രതിബദ്ധത നിലനിർത്താൻ,  സമൂഹത്തിന്‍റെ നന്മയ്ക്കായി തന്‍റെ മനസിൽ ഉള്ള ആശയങ്ങൾ പുറം ലോകത്തേക്ക് എത്തിക്കാൻ എഴുത്തിനെയും പുസ്തകങ്ങളെയും മാധ്യമങ്ങളെയും ആശ്രയിച്ചു. അതിനു അനുവദിക്കാതെയിരിക്കുന്നത്  ഭരണഘടനയുടെ ലംഘനം അല്ലേ?

3. വനിതാ മതിലിൽ പങ്കെടുക്കുകയും, ചുരിദാർ അണിയുകയും ചെയ്തത് വ്യക്തിസ്വാതന്ത്ര്യമാണ്. കർത്താവിനോ സഭയ്‌ക്കോ എതിരായി എന്താണ് അതിൽ ഉള്ളത്? 

4. ബിഷപ്പ് തെറ്റ് ചെയ്തു എന്ന് തനിക്ക് ഉത്തമബോധ്യം ഉള്ളതിനാൽ പീഡിതയ്ക്ക് ഒപ്പം നിന്നു ബിഷപ്പിനെതിരെ പ്രതികരിച്ചു. തന്‍റെ മനസാക്ഷിയെ വഞ്ചിച്ചു മൗനമായി ഇരിക്കാൻ സമ്മതമല്ല... തെറ്റുണ്ടോ?

5. എന്നും എല്ലാത്തിനും അച്ചൻമാരുടെ നിഴലിൽ നിന്നുകൊള്ളാം, അവരുടെ അടിമകളായി അവരുടെ ചൂഷണങ്ങൾ സഹിച്ചു കൊള്ളമെന്നുറപ്പിച്ച ഒരു കൂട്ടം കന്യാസ്ത്രീ സമൂഹത്തിന്‍റെ പ്രതിനിധിയായ മദർ ജനറലിനെ കണ്ടു വിശദീകരണം കൊടുക്കാൻ സൗകര്യമില്ല. താൻ എന്താണ് എന്ന് അവരെ ബോധിപ്പിക്കേണ്ട കാര്യം  തനിക്കില്ല. കാരണം തെറ്റു ചെയ്തിട്ടില്ല.

6. താൻ "യെസ്" മൂളുന്നത് തനിക്കും സമൂഹത്തിനും ഗുണമുള്ള കാര്യങ്ങൾക്ക് മാത്രം... അല്ലാത്ത ഒരു കാര്യത്തിന് 'യെസ്' പറയുന്നത് അടിമത്തമാണ്.

ഉയർന്നു കേട്ടിട്ടുണ്ടോ എന്നെങ്കിലും ഇങ്ങനെയുള്ള  ശബ്ദങ്ങൾ? ഉറച്ചു സംസാരിച്ചിട്ടുണ്ടോ  ശിരോവസ്ത്രത്തിൽ കുരുക്കിയിട്ടിരിക്കുന്ന ഈ നാവുകൾ?  ഇന്നത്‌ കേൾക്കുന്നെങ്കിൽ അത് മാറ്റമാണ്. ഫെമിനിച്ചി, ഫെമിനിസ്റ്റ്, പെണ്ണെഴുത്ത് തുടങ്ങിയ കുറെ വാക്കുകൾ കൊണ്ട് കീറി മുറിച്ചിട്ടും ആത്മവീര്യം ചോരാതെ  തല ഉയർത്തി പിടിച്ചു നിന്ന കുറെ പെണ്ണുങ്ങളുടെ വിജയം.

ഉയരട്ടെ... ഇങ്ങനെ ഉയർന്നു വരട്ടെ ശബ്ദങ്ങൾ... തല താഴ്ത്തി എന്‍റെ  മുന്നിൽ അന്ന് നിന്ന ആ കന്യാസ്ത്രീയമ്മയ്ക്ക് സമർപ്പിക്കുന്നു ഈ എഴുത്ത്.