മാംസവ്യാപരത്തിന്‍റെ ഇരകളാകുന്ന ഒരോ ശരീരത്തിലും ഒരു മാതാവുണ്ട്, നടന്‍ കുനാല്‍ കപൂര്‍ ഈ കവിത പാടിയപ്പോള്‍ അത് ലോകം ഏറ്റെടുക്കുകയാണ്. അണ്‍ ഇറേസ്ഡ് പോയട്രിയും കിറ്റോയും മൈ ചോയ്‌സ് ഫൗണ്ടഷനും ചേര്‍ന്നാണ് 'സോള്‍ഡ് ബോഡീസ്' എന്ന കവിതയ്ക്ക് ദൃശ്യം നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ കാണുന്ന ആ ശരീരത്തിനുള്ളില്‍ ഒരു വ്യക്തിത്വമുണ്ടെന്ന് തുടങ്ങുന്ന കവിത ഇതിനകം ശ്രദ്ധയമായി കഴിഞ്ഞു. 

രാത്രിയില്‍ പലപ്പോഴും സ്‌നേഹം വില്‍ക്കപ്പെടുന്ന തെരുവുകള്‍ കടന്നതാകും നിങ്ങളുടെ കാറുകള്‍ വീട്ടിലേയ്‌ക്കെത്തുന്നത്. അവിടെ സ്‌നേഹം വില്‍ക്കുന്നവരെ തുറിച്ചു നോക്കാന്‍ മാത്രമായി നിങ്ങളുടെ കാറുകള്‍ പതുക്കെ ഓടിക്കരുത്. അവരെ നോക്കി സൗമ്യമായി ചിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. നിങ്ങള്‍ അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവര്‍ക്ക് മനസ്സിലാകണം.

അങ്ങനെ ശ്രദ്ധിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലാകും. അവര്‍ അണിഞ്ഞിരിക്കുന്ന തിളങ്ങുന്ന സാരിക്കുള്ളില്‍ വാരിപ്പൂശിയ ചമയങ്ങള്‍ക്കുള്ളില്‍ ഒരു അമ്മയുണ്ടായിരിക്കും. സ്വന്തം മക്കള്‍ക്കു വേണ്ടി പണമുണ്ടാക്കാന്‍ ഇറങ്ങി തിരിച്ച ഒരു അമ്മ. ഏറെ ചിന്തിപ്പിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന ഈ വരികള്‍ എഴുതിയിരിക്കുന്നത് മുഹമ്മദ് സദ്രിവാലൗ, നവല്‍ദീപ്, സിമര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ്.