ബീഹാറിലെ ഗ്രാമത്തിൽ ബന്ധുക്കളും നാട്ടുകാരും സഹായിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് രണ്ട് പെൺമക്കൾക്ക് അമ്മയുടെ ശവമഞ്ചം ചുമന്ന് സംസ്കാര ചടങ്ങുകൾ നടത്തി. കടുത്ത ദാരിദ്ര്യത്താൽ ഒറ്റപ്പെട്ട കുടുംബത്തിൻ്റെ ദുരവസ്ഥ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ചു.
ബന്ധുക്കളും ഗ്രാമവാസികളും നിസഹകരിച്ചപ്പോൾ അമ്മയുടെ ശവമഞ്ചം ചുമന്ന് പെണ്‍മക്കൾ ചിതയ്ക്ക് തീ കൊളുത്തി. സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചോദ്യത്തിന് തുടക്കമിട്ടു. കുടുംബത്തിന്‍റെ കടുത്ത ദാരിദ്ര്യവും ഒറ്റപ്പെടലും കാരണമാണ് ഗ്രാമവാസികളും ബന്ധുക്കളും പെണ്‍കുട്ടികളെ സഹായിക്കാൻ വിസമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ദാരിദ്രം മനുഷ്യരെ ഏങ്ങനെ സമൂഹികമായി ഒറ്റപ്പെടുത്തലുകൾക്ക് വിധേയമാക്കുന്നെന്ന് നെറ്റിസെന്‍സ് ആശ്ചര്യപ്പെട്ടു. ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. സമൂഹികമായി ഒറ്റപെടൽ അനുഭവിക്കുന്ന കുടുംബങ്ങളെ പ്രാദേശിക ഭരണകൂടങ്ങൾ സഹായിക്കേണ്ടതാണെന്നും അത്തരം ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്നും നെറ്റിസെന്‍സ് ആവശ്യപ്പെട്ടു.
സഹായിക്കാതെ ബന്ധുക്കളും ഗ്രാമവാസികളും
ബീഹാറിലെ ഛപ്രയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മധോരയ്ക്കടുത്തുള്ള ജവൈനിയൻ ഗ്രാമത്തിൽ നിന്നാണ് ഏറെ ദുഃഖകരമായ ഈ വാർത്ത പുറത്ത് വന്നത്. പെണ്‍കുട്ടികളുടെ അച്ഛൻ രവീന്ദ്ര സിംഗ് ഒന്നര വർഷം മുമ്പ് മരിച്ചതിന് പിന്നാലെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതോടെ കുടുംബത്തെ സാമ്പത്തികമായോ സമൂഹികമായോ സഹായിക്കാൻ ഗ്രാമീണരോ ബന്ധുക്കളോ തയ്യാറായില്ല. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ അമ്മ ബബിത ദേവിയും മരണത്തിന് കീഴടങ്ങി. അമ്മയുടെ മരണശേഷം മറ്റാരുടെയും സഹായം ലഭിക്കാതായതോടെ പെണ്‍കുട്ടികൾ സ്വന്തം നിലയിൽ അമ്മയുടെ ശവമഞ്ചം ചുമന്ന് ചിത ഒരുക്കി, സ്വന്തം നിലയിൽ സംസ്‌കാര ചടങ്ങുകൾ നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മരണാനന്തരം 13 -ാം ദിവസം നടത്തുന്ന ശ്രാദ്ധ ചടങ്ങുകൾക്കായി പണം കണ്ടെത്താനായി പെണ്‍കുട്ടികൾ ഗ്രാമത്തിലെ ഓരോ വീടും കയറി ഇറങ്ങി സാമ്പത്തിക സഹായം തേടുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്ത്യൻ ഗ്രാമങ്ങൾ ഇന്നും നൂറ്റാണ്ടുകൾ പിന്നിൽ
മുള കൊണ്ട് കെട്ടിയ ശവമഞ്ചത്തിൽ അമ്മയുടെ മൃതദേഹം ചുമന്ന് നടക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും തുടരുന്ന ബഹിഷ്ക്കരണത്തെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെയിൽ സജീവമായൊരു ചർച്ച തന്നെ നടത്തപ്പെട്ടു. അതേസമയം അനാഥരായ പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം, ഭക്ഷ്യസുരക്ഷ, ദീർഘകാല പുനരധിവാസ സഹായം എന്നിവയുൾപ്പെടെ അടിയന്തര സഹായം നൽകണമെന്ന് നാട്ടുകാരും പ്രദേശത്തെ സമൂഹിക പ്രവർത്തകരും ജില്ലാ ഭരണകൂടത്തോടും സാമൂഹിക ക്ഷേമ അധികാരികളോടും അഭ്യർത്ഥിച്ചു. ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും സംഭവിക്കുന്ന ഇത്തരം മാറ്റിനിർത്തലുകൾ രാജ്യത്തിന് തന്നെ അപമാനമാണെന്നും ബന്ധുക്കളെ ഒഴിവാക്കിയാലും ഗ്രാമവാസികൾ എന്തുകൊണ്ട് അവരെ സഹായിക്കാൻ തയ്യാറായില്ലെന്നും ചിലർ ചോദിച്ചു. പുറമേ പറയുന്ന സാമൂഹിക സാംസ്കാരിക ബോധ്യങ്ങൾക്ക് പുറത്താണ് ഇന്നും ഇന്ത്യൻ ഗ്രാമങ്ങളെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.


