കഴിഞ്ഞ ദിവസം കേരള യൂണിവേഴ്‌സിറ്റിയുടെ പി.ജി എന്‍ട്രന്‍സ് പരീക്ഷ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ 'മാത്രം' പഠിക്കുന്ന തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്കൂളില്‍ വച്ചായിരുന്നു നടത്തിയത്. ലിംഗപരമായ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനോട് ലവലേശം യോജിപ്പ് ഇല്ലെങ്കിലും സാഹചര്യവശാല്‍ മൂന്ന് കൊല്ലം ഡിഗ്രി പഠനം നടത്തിയത് ഒരു ബോയസ് കോളേജിലായിരുന്നു. കേരളത്തില്‍ ഈ മാതൃകയില്‍ പല കോളേജുകളും സ്കൂളുകളും നിലവിലുണ്ട്. ലിംഗസമത്വം എന്നൊക്കെ വാതോരാതെ പ്രസംഗിക്കുമ്പോഴും ഇത്തരം സാഹചര്യങ്ങള്‍ മലയാളിക്ക് അന്യമല്ല.

ഇന്നലെ എനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെയാണ്. പരീക്ഷയെഴുതാന്‍ കൃത്യ സമയത്ത് പരീക്ഷാഹാളില്‍ കയറി. എക്‌സാം കഴിഞ്ഞ് മൂത്രശങ്ക തീര്‍ക്കാന്‍ പറ്റിയ ഇടം ആ സ്ക്കൂളിന്റെ പല ഭാഗത്തും അന്വേഷിച്ചു. പല ഭാഗങ്ങളിലും ശുചിമുറി ഉണ്ടെങ്കിലും അവയെല്ലാം പെണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്നതാണ്. ചുരുക്കത്തില്‍ ആണ്‍കുട്ടികള്‍ക്ക് ആ സ്ക്കൂളില്‍ ശുചിമുറിയില്ല! പെണ്‍കുട്ടികളുടെ ടോയ്‍ലറ്റില്‍ പോയി കയറാന്‍ മനസ് അനുവദിക്കുന്നതുമില്ല. സി.ഐ.ഡി മൂസ എന്ന സിനിമയില്‍ ലേഡീസ് ടോയിലറ്റിലേക്ക് ഓടി കയറുന്ന ഹരിശ്രീ അശോകന്റെ സീനാണ് മനസില്‍ ഓടിയെത്തിയത്. ആ പേടി കാരണം പെണ്‍കുട്ടികളുടെ ശുചിമുറി ഉപയോഗിക്കാനും മടിച്ചു. ഒടുവില്‍ ഒരു സുഹൃത്ത് പെണ്‍കുട്ടികളുടെ ശുചിമുറി ലക്ഷ്യമാക്കി നടക്കുന്നത് കണ്ടു. ആ ഒരു ധൈര്യത്തിന്റെ പുറത്ത് ഞാനും ശുചിമുറിയില്‍ കയറി കാര്യം സാധിച്ചു. പെണ്‍കുട്ടികളുടെ സ്കൂളില്‍ എന്തിനാണ് ആണ്‍കുട്ടികള്‍ക്ക് ശുചിമുറി എന്ന് നിങ്ങള്‍ ചിന്തിക്കാം. പക്ഷേ ആ സമയത്ത് ഞാന്‍ അനുഭവിച്ച നിസ്സഹായവസ്ഥ വാക്കുകളിലൂടെ പറയുക സാധ്യമല്ല. ഒരു ബോയസ് സ്കൂളിലോ കോളേജിലോ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? ഈ പ്രതിസന്ധികളെ നമ്മുക്ക് എങ്ങനെ മറികടക്കാനാകും? 

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്‌ത്രീ സൗഹൃദ ശുചിമുറി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുന്ന ഈ കാലയഘട്ടത്തില്‍ ആ നയം പുനഃപരിശോധിക്കണമെന്ന് തോന്നുന്നു. രാജ്യത്ത് ട്രാന്‍സ്‍ജെന്‍ഡര്‍ നയം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ആണിനും പെണിനും ലഭിക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ അവര്‍ക്കും അര്‍ഹതപ്പെട്ടതാണ്. ഒരുപക്ഷേ സ്‌ത്രീകള്‍ അനുഭവിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ട്രാന്‍സ്‍ജെന്‍ഡര്‍ സഹോദരങ്ങളാണ്. അവര്‍ പുരുഷന്മാരുടെ ശുചിമുറി ഉപയോഗിക്കണോ അതോ സ്‌ത്രീകളുടെയോ? ഈ ചോദ്യം നമ്മുടെ മുമ്പില്‍ ചോദ്യചിഹ്നമായിത്തന്നെ നില്‍ക്കുകയാണിപ്പോഴും. ട്രാന്‍സ്‍ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്‍ ഈ പ്രശ്നം പരിഹരിക്കേണ്ടത് നമ്മുടെ സര്‍ക്കാരിന്റെ കടമയാണ്.

അവിടെയാണ് ലിംഗസമത്വ ശുചിമുറി എന്ന ആശയത്തിന്റെ പ്രാധാന്യം ഉരുവം കൊള്ളുന്നത്. ആണ്‍-പെണ്‍-ട്രാന്‍സ് എന്നിങ്ങനെയുള്ള ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ശുചിമുറിയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ശുചിമുറി. പലരാജ്യങ്ങളും ലിംഗസമത്വ ശുചിമുറി എന്ന മാതൃക ഏറ്റെടുത്തുകഴിഞ്ഞു. നിരവധി യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും അതിന് ഉദാഹരണമാണ്. ഇന്ത്യയിലും ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ശുചിമുറികള്‍ ഒരുക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഷിംഗ്ടണില്‍ Trans coalition എന്ന സംഘം ട്രാന്‍സ്‍ജെന്‍ഡറുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 70% പേര്‍ക്കും പൊതു ശുചിമുറികള്‍ ഉപയോഗിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ വെച്ച് മാനസിക-ശാരീരിക പീഢനങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നും പഠനം തെളിയിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലിംഗസമത്വ ശുചിമുറികള്‍ക്ക് കഴിയും. ഇന്ത്യയില്‍ തന്നെ ബഹുരാഷ്‌ട്ര കമ്പനികളുടെ പല ശാഖകളിലും ലിംഗ സമത്വ ശുചിമുറികള്‍ കാണാന്‍ കഴിയും. പാലക്കാട് ജില്ലയിലെ ക്വാളിറ്റി ക്ലിനിക് & പാത്ത് ലാബ് എന്ന സ്ഥാപനത്തിലെ ജെന്‍ഡര്‍ ന്യൂട്രല്‍ ടോയ്‍ലറ്റിനെപ്പറ്റി സമീപകാലത്ത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ആണ്‍-പെണ്‍ ബൈനറികള്‍ക്കപ്പുറം ജെന്‍ഡറിനെ നിര്‍വചിക്കാനോ മനസിലാക്കാനോ ഉള്‍ക്കൊള്ളാനോ ഇന്നും മലയാളിയുടെ പൊതുബോധത്തിന് സാധ്യമാവുന്നില്ലെന്ന് വ്യക്തമാണ്. അതിനാലാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. അവയുടെ നിലനില്‍പ്പിന് ആണ്‍ പെണ്‍ ബൈനറികള്‍ അത്യന്താപേക്ഷിതവുമാണ്. അതിന്റെ ഉപരിപ്ലവമായ പ്രശ്നങ്ങളില്‍ ഒന്നു മാത്രമാണ് ആണ്‍-പെണ്‍ സ്കൂള്‍, കോളേജുകളിലെ ശുചിമുറി ഉപയോഗം. കേവലം നിസ്സാര പ്രശ്നമായി പലര്‍ക്കും ഇതിനെ കാണാം. ഞാന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ബാലിശമാണെന്നും വാദിക്കാം. പക്ഷേ ഇത്തരം സാഹചര്യങ്ങളില്‍ കൂടി കടന്ന് പോകുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് അതിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിക്കു. കൊച്ചി മെട്രോയിലെ ശുചിമുറികള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആണെന്നാണ് മനസിലാക്കുന്നത്. ഇത്തരം മാതൃകകള്‍ക്ക് കേരളത്തില്‍ മാറ്റം സൃഷ്‌ടിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.