ദക്ഷിണ കൊറിയയിലെ ഒരഭയകേന്ദ്രമായിരുന്നു ഹ്യൂങ്‌ജെ ബോക്ജിവോൺ. എന്നാൽ, ആ അഭയകേന്ദ്രത്തിന്റെ മറവിൽ നടന്നിരുന്നത് കൊടുംപീഡനങ്ങളുടെ ഞെട്ടിക്കുന്ന പരമ്പരയായിരുന്നു. ആ പീഡനങ്ങളുടെ കഥയാണിത്. 

അഭയകേന്ദ്രമെന്ന് പേരിട്ടിരുന്നുവെങ്കിലും അക്ഷരാർത്ഥത്തിൽ ഒരു തടങ്കൽ കേന്ദ്രമായിരുന്നു അത്. ആയിരക്കണക്കിന് ആളുകളെ വർഷങ്ങളോളം തടങ്കലില്‍ വച്ച് പീഡിപ്പിച്ചിരുന്നു അവിടെ. അവിടെയുള്ളവർ കൂടുതലും അനാഥരോ, യാചകരോ, ഭവനരഹിതരോ ആയിരുന്നു. ഹാൻ ജോങ്-സൺ എന്ന എട്ടു വയസ്സുകാരൻ സഹോദരിയോടൊപ്പം അവിടെ എത്തുന്നത് 1984 -ലെ ഒരു ശരത്കാലത്തിലാണ്. അവിടത്തെ അനുഭവങ്ങൾ എന്നെന്നേക്കുമായി അവന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.

അവരുടെ കൂട്ടത്തിൽ അവനായിരുന്നു ഏറ്റവും ഇളയവൻ. അവിടെ അവൻ പലവിധത്തിലുള്ള ജോലികൾ ചെയ്തുവന്നു. ആ സ്ഥലത്തെ 'നരകം' എന്നാണ് ഹാൻ വിളിച്ചത്. അച്ഛനും അമ്മയും ഇല്ലാതെ, അപരിചിതരായ ഒരുപറ്റം ആളുകൾക്കിടയിൽ അവൻ അപമാനവും, വേദനയും സഹിച്ച് കഴിഞ്ഞുകൂടി. സ്നേഹത്തിനും ലാളനക്കും പകരം ആ എട്ടു വയസ്സുകാരന് അടിയും, അവഗണനയുമാണ് ലഭിച്ചത്. അവന് ഉടുക്കാനായി ആകെ ഉണ്ടായിരുന്നത് ഒരു നീല സ്യൂട്ടും, റബ്ബർ ഷൂസും, ഒരു നൈലോൺ അടിവസ്ത്രവുമായിരുന്നു. വല്ലപ്പോഴും മാത്രം അവൻ കുളിച്ചു. വിയർപ്പിലും, ചെളിയിലും കുതിർന്ന അവന്റെ ശരീരത്തിലുടനീളം പേനുകൾ ഓടിനടന്നു. എല്ലാ ദിവസവും ചീഞ്ഞ മത്സ്യവും ദുർഗന്ധം വമിക്കുന്ന ബാർലി അരിയുമാണ് അവന് ഭക്ഷണമായി ലഭിച്ചിരുന്നത്. മിക്കവാറും അവിടെയുള്ള എല്ലാ അന്തേവാസികളും പോഷകാഹാരക്കുറവുള്ളവരായിരുന്നു. ഒരു ചെറിയ കട്ടിലിൽ നാലുപേർ തലങ്ങും വിലങ്ങും കിടന്നുറങ്ങും. ഇതെല്ലാം  സഹിക്കാം, എന്നാൽ രാത്രിയാകുമ്പോൾ അധികൃതരിൽ പലരും ഉറങ്ങിക്കിടക്കുന്ന അവനെ അടിച്ച് എഴുന്നേല്പിക്കും. പേടിച്ച് വിരണ്ട്‍ എഴുന്നേറ്റ് ഇരിക്കുന്ന അവനെ അവർ മാറിമാറി ഡോർമെറ്ററിയുടെ അറ്റത്ത് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കും. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ, ഒന്ന് ശബ്‌ദിക്കാൻ പോലുമാകാതെ ഹാൻ പകച്ചിരിക്കും. ആ നരകത്തിൽ നിന്ന് പലതവണ രക്ഷപ്പെടാൻ അവൻ ആഗ്രഹിച്ചു. പക്ഷേ, കാവൽക്കാരെ മറികടന്ന് 7 മീറ്റർ ഉയരമുള്ള മതിൽ ചാടുക അസാധ്യമായിരുന്നു. "എങ്ങാൻ പരാജയപ്പെട്ടാൽ എന്നെ തല്ലിക്കൊല്ലുമെന്ന് എനിക്കറിയാമായിരുന്നു" ഹാൻ പറഞ്ഞു.

അച്ഛനൊപ്പം ഹാനും സഹോദരിയും നഗരത്തിലേക്ക് ഒരു യാത്ര പോയതായിരുന്നു. അച്ഛന് പെട്ടന്നൊരത്യാവശ്യം വന്നപ്പോൾ കുറച്ചു നേരത്തേയ്ക്ക് അടുത്തുനിന്ന പൊലീസുകാരന്റെ അടുക്കൽ കുട്ടികളെ ഏൽപിച്ച് അദ്ദേഹം പോയി. എന്നാൽ, ആ പൊലീസ് ഉദ്യോഗസ്ഥൻ അവരെ തട്ടിക്കൊണ്ടു വന്ന് ഇവിടെയാക്കി. അച്ഛൻ തിരിച്ച് വന്നപ്പോഴേക്കും മക്കളെ കാണാനില്ലായിരുന്നു. ഹാനിന്റെ കുടുംബം അവർക്കായി എല്ലായിടത്തും തിരച്ചിൽ നടത്തി. പൊലീസിൽ പരാതിപ്പെട്ടെങ്കിലും മക്കൾ എവിടെയാണെന്ന് നന്നായി അറിയാവുന്ന പൊലീസ് അവരുടെ പരാതി അവഗണിച്ചു. എന്നാൽ 1980 -കളുടെ പകുതിയോടെ, ക്ഷേമകേന്ദ്രം എന്ന് വിളിക്കപ്പെടുന്ന അത് ആളുകളെ പീഡിപ്പിക്കുന്നതായി അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി.    

തന്റെ കുട്ടികൾ അവിടെയുണ്ടെന്ന് മനസ്സിലാക്കിയ ഹാനിന്റെ അച്ഛൻ ഒടുവിൽ മക്കളെ വിട്ടുകിട്ടണമെന്ന് പറഞ്ഞു സമരത്തിനിറങ്ങി. അദ്ദേഹത്തിന്റെ നീണ്ട കാലത്തെ പ്രതിഷേധത്തിനൊടുവിൽ 1986 -ൽ മക്കളെ മോചിപ്പിക്കാൻ സെന്റർ മാനേജർമാർ തീരുമാനിച്ചു. ഒരു വർഷത്തിനുശേഷം, അഭയകേന്ദ്ര നടത്തിപ്പുകാരൻ പാർക്ക് ഇൻ-ഗ്വെൻ അറസ്റ്റിലായി. കേന്ദ്രം താമസിയാതെ അടച്ചുപൂട്ടി. എന്നാൽ, പിന്നീടുള്ള ജീവിതം എളുപ്പമല്ലെന്നും, തന്റെ ജീവിതം ഒരു 'മൃഗത്തിന്റെ' ജീവിതം പോലെയായിരുന്നുവെന്നും ഹാൻ പറഞ്ഞു. അവിടത്തെ ഓർമ്മകൾ അവനെ വേട്ടയാടി. അതിന്റെ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ മാനസിക ആശുപത്രിയിൽ ഒരുപാട് കാലത്തെ ചികിത്സതന്നെ വേണ്ടിവന്നു. ഹ്യൂങ്‌ജെ ബോക്ജിവോൺ പ്രവർത്തിച്ചിരുന്ന 12 വർഷത്തിനിടെ 500 -ലധികം തടവുകാരാണ് മനുഷ്യത്വരഹിതമായ പീഡനത്തിൽ മരിച്ചത്. പക്ഷേ, അവരുടെ മരണത്തിനോ സംഭവിച്ച മനുഷ്യാവകാശ ലംഘനത്തിനോ ഇതുവരെ ആരും ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല.  

ഹ്യൂങ്‌ജെ ബോക്ജിവോണിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കടുത്ത പ്രതിഷേധത്തിലേയ്ക്ക് ആളുകൾ നീങ്ങി. ഹാനും അതിന്റെ ഭാഗമായിരുന്നു. നീണ്ടകാലത്തെ സമരത്തിന്റെ ഫലമായി ആ സംഭവത്തിൽ ഒരുപുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ അടുത്തിടെ ഒരു ഉത്തരവിറക്കി. ഹാൻ ഇപ്പോൾ പ്രതീക്ഷയിലാണ്. "സർക്കാരിനോടും ബന്ധപ്പെട്ട ആളുകളോടും എനിക്ക് ക്ഷമിക്കാൻ കഴിയില്ല. എന്നിരുന്നാലും, എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി, ഇരകളോട് മാപ്പ് ചോദിച്ചാൽ ചിലപ്പോൾ എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞേക്കും" ഹാന്‍ പറയുന്നു.