Asianet News MalayalamAsianet News Malayalam

ജപ്പാൻ സൈനികർ ലൈംഗികാടിമകളാക്കി വച്ചിരുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കൊറിയൻ കോടതി

ജാപ്പനീസ് പട്ടാളക്കാർ ശാരീരിക പീഡനത്തിന് ഇരയാക്കിയ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാനസിക മുറിവുകളാണുണ്ടായതെന്ന് കോടതി പറഞ്ഞു.

South Korean Court ordered Japan to pay $90,000 for its former 'comfort women'
Author
Japan, First Published Jan 11, 2021, 8:59 AM IST

രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനിലെ സൈനികർ ലൈംഗിക അടിമകളാക്കിയിരുന്ന 12 കൊറിയൻ സ്ത്രീകൾക്ക് 91,800 ഡോളർ വീതം നൽകണമെന്ന് ദക്ഷിണ കൊറിയൻ കോടതി ജപ്പാൻ സർക്കാരിനോട് ഉത്തരവിട്ടു. ദക്ഷിണ കൊറിയയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വിധിയാണ് ഇത്. യുദ്ധകാല തൊഴിൽ നഷ്ടപരിഹാരവും മറ്റ് പ്രശ്നങ്ങളെയും ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ കൊമ്പുകോർക്കുമ്പോൾ ഈ വിധി ആ ബന്ധത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്നത് ഉറപ്പാണ്. 'കംഫർട്ട് വുമൺസ്' എന്നറിയപ്പെട്ടിരുന്ന ഈ സ്ത്രീകളെ രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് സൈനികർ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സ്ത്രീകളിൽ രോഗങ്ങൾ, അനാവശ്യ ഗർഭധാരണം, മാനസികമായ മുറിവുകൾ എന്നിവയുണ്ടാകാൻ കാരണമായി.  

ജപ്പാൻ ഈ സ്ത്രീകളെ ലൈംഗിക അടിമകളാക്കി വച്ചിരുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റമാണെന്ന് കോടതി പറഞ്ഞു. 2013 -ൽ യുദ്ധകാലത്തെ ലൈംഗിക അടിമത്തത്തിനെതിരായി കേസ് നൽകിയ 12 വൃദ്ധരായ സ്ത്രീകൾക്കാണ് 91,360 ഡോളർ വീതം നൽകാൻ സിയോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ജപ്പാൻ സർക്കാരിനോട് ഉത്തരവിട്ടത്. 1965 -ലെ ഒരു ഉടമ്പടി പ്രകാരം എല്ലാ യുദ്ധകാല നഷ്ടപരിഹാര പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന പറഞ്ഞ് ജപ്പാൻ ഉടൻ തന്നെ ഈ വിധിയെ എതിർത്തു. ജാപ്പനീസ് സർക്കാരിന് ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി കട്സുനോബു കറ്റോ പറഞ്ഞു.   

അധിനിവേശ ഏഷ്യയിലെയും പസഫിക്കിലെയും പതിനായിരക്കണക്കിന് സ്ത്രീകളാണ് ജാപ്പനീസ് സൈനിക വേശ്യാലയങ്ങളിലേക്ക് തള്ളപ്പെട്ടത്. 1910-45 കാലഘട്ടത്തിൽ ജപ്പാൻ കൊറിയൻ ഉപദ്വീപിൽ അനധികൃതമായി അധിനിവേശം നടത്തിയപ്പോഴാണ് ഇത് സംഭവിച്ചതെന്ന് പറയുന്നു. ഒരു ദിവസം 50 ജാപ്പനീസ് സൈനികരുമായി വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആ സ്ത്രീകൾ നിർബന്ധിതരായിരുന്നു. നിരന്തരമായ ലൈംഗികാതിക്രമത്തിനും, ബലാത്സംഗത്തിനും ഇരയാകളായിരുന്നു അവർ. അവരിൽ 80 ശതമാനം കൊറിയക്കാരാണെങ്കിലും ചൈന, തായ്‌വാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബർമ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെയും 'കംഫർട്ട് വുമൺസ്' ആയി ഉപയോഗിച്ചിരുന്നുവെന്നാണ് സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി റിപ്പോർട്ട്. സൈന്യത്തിന്റെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനും സൈനികർ അധിനിവേശ പ്രദേശങ്ങളിലെ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് തടയാൻ വേണ്ടിയുമുള്ളതായിരുന്നു ഈ സംവിധാനം എന്ന് വിശ്വസിക്കുന്നു. അവിടെ ജോലി ചെയ്തിരുന്ന പല സ്ത്രീകളിലും കുട്ടികളുണ്ടാകാതിരിക്കാൻ മരുന്ന് കുത്തിവയ്ക്കുകയായിരുന്നു.  

ജാപ്പനീസ് പട്ടാളക്കാർ ശാരീരിക പീഡനത്തിന് ഇരയാക്കിയ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാനസിക മുറിവുകളാണുണ്ടായതെന്ന് കോടതി പറഞ്ഞു. ഇരൂന്നൂറ്റിനാൽപ്പതോളം ദക്ഷിണ കൊറിയൻ സ്ത്രീകളാണ് ലൈംഗിക അടിമത്തത്തിന്റെ ഇരകളാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരുന്നത്. ഇപ്പോൾ അവരിൽ 16 പേർ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇതിൽ ഏഴുപേർ വിധിക്കായി കാത്തിരിക്കെ മരിച്ചു. നിയമപരമായ രേഖകൾ സ്വീകരിക്കാൻ ജപ്പാൻ വിസമ്മതിച്ചതിനാൽ കേസിന്റെ നടപടികൾ വൈകുകയായിരുന്നു. അതേസമയം ഈ വിധി ജപ്പാൻ പാലിക്കാൻ സാധ്യതയില്ലെന്ന് നിരീക്ഷകർ പറയുന്നു. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ജപ്പാൻ വിസമ്മതിച്ചാൽ ദക്ഷിണ കൊറിയയിലെ ജാപ്പനീസ് സർക്കാർ വക സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമപരമായ നടപടികൾ കൈക്കൊള്ളാമെന്ന് ലൈംഗിക അടിമകളായി ജോലി ചെയ്യാൻ നിർബന്ധിതരായ സ്ത്രീകൾക്കുള്ള ഒരു പിന്തുണാ സംഘം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios