Asianet News MalayalamAsianet News Malayalam

പുരുഷന്മാര്‍ക്ക് ചില ഗര്‍ഭകാല നിര്‍ദ്ദേശങ്ങള്‍

പ്രസവ സമയത്ത് ഭര്‍ത്താവ് കൂടെ ഉണ്ടാവും എന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഒരു കുട്ടി ജനിക്കുന്നത് വളരെ മനോഹരം ആയ സംഭവം ആണെന്നെല്ലാം ഉള്ള ആണുങ്ങളുടെ വിചാരം മാറ്റണം എങ്കില്‍ ഒരു പ്രസവം നേരിട്ട് കാണണം. വേദന ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ഭാര്യയുടെ വായില്‍ നിന്ന് ചീത്ത കേള്‍ക്കാതിരുന്നാല്‍ ഭാഗ്യം. പ്രസവിക്കുന്ന ഓരോ സ്ത്രീയെയും പൂവിട്ടു പൂജിക്കാന്‍ തോന്നും പ്രസവം നേരിട്ട് കണ്ടു കഴിയുമ്പോള്‍.

Special pregnancy intrsuctions for men by Nazeer Hussain kizhakkedathu
Author
Thiruvananthapuram, First Published Jun 16, 2017, 6:28 PM IST

Special pregnancy intrsuctions for men by Nazeer Hussain kizhakkedathu

ഗര്‍ഭിണികള്‍ എന്ത് ചെയ്യണം ചെയ്യരുത്, കഴിക്കണം കഴിക്കരുത് എന്നെല്ലാം ഉള്ള ആയുഷ് വകുപ്പിന്റെ നിര്‍ദ്ദേശം കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍.

പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഭാര്യ ആദ്യമായി ഗര്‍ഭിണി ആയപ്പോള്‍ ഞങ്ങള്‍ അമേരിക്കയില്‍ വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളു. പ്രസവ സമയത്തു സഹായത്തിനായി നാട്ടില്‍ നിന്ന് ആരും വന്നിരുന്നില്ല. ഇവിടെ പല ആശുപത്രികളിലും കുട്ടികളെ എങ്ങിനെ നോക്കണം എന്നുള്ള ക്ലാസുകള്‍ ഉണ്ട്. ഞങ്ങള്‍ ഒന്ന് രണ്ടു ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. കുട്ടികളെ പിടിക്കുന്നത് എങ്ങിനെ, മുലയൂട്ടല്‍, കുളിപ്പിക്കുന്നത് എന്നെല്ലാം ഒരു ഡമ്മി പാവ ഉപയോഗിച്ച് പറഞ്ഞു തരും.

പ്രസവ സമയത്ത് ഭര്‍ത്താവ് കൂടെ ഉണ്ടാവും എന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഒരു കുട്ടി ജനിക്കുന്നത് വളരെ മനോഹരം ആയ സംഭവം ആണെന്നെല്ലാം ഉള്ള ആണുങ്ങളുടെ വിചാരം മാറ്റണം എങ്കില്‍ ഒരു പ്രസവം നേരിട്ട് കാണണം. വേദന ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ഭാര്യയുടെ വായില്‍ നിന്ന് ചീത്ത കേള്‍ക്കാതിരുന്നാല്‍ ഭാഗ്യം. പ്രസവിക്കുന്ന ഓരോ സ്ത്രീയെയും പൂവിട്ടു പൂജിക്കാന്‍ തോന്നും പ്രസവം നേരിട്ട് കണ്ടു കഴിയുമ്പോള്‍.

പക്ഷെ നമ്മുടെ നാട്ടില്‍ പ്രസവം സ്ത്രീയുടെ മാത്രം ഏര്‍പ്പാടാണ്. നാട്ടില്‍ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോലും ഭാര്യയുടെ കൂടെ പോയ എന്നെ ഒരു വിചിത്ര ജീവിയെ പോലെ ആണ് ഡോക്ടറും, മറ്റു സ്ത്രീകളും നോക്കിയത്. ഒരേ ഒരു പുരുഷന്‍ ഞാനായിരുന്നു, എന്നോട് പുറത്തിരിക്കാന്‍ പറഞ്ഞിട്ടാണ് ഡോക്ടര്‍ ഭാര്യയെ പരിശോധിയ്ക്കാന്‍ തുടങ്ങിയത് തന്നെ.

പ്രസവിക്കുന്ന ഓരോ സ്ത്രീയെയും പൂവിട്ടു പൂജിക്കാന്‍ തോന്നും പ്രസവം നേരിട്ട് കണ്ടു കഴിയുമ്പോള്‍.

കുട്ടി ജനിച്ചു കഴിയുമ്പോള്‍ ആണ് തമാശ. നമ്മള്‍ ചിത്രങ്ങളിലും മറ്റും കാണുന്ന ഭംഗിയുള്ള മിടുക്കന്‍ കുട്ടി പുറത്തേക്കു വരും എന്ന് വിചാരിച്ചു നോക്കുന്ന നമ്മള്‍ കാണുന്നത്, മുഴുവന്‍ 'വേവാത്ത', ദേഹം മുഴുവന്‍ ചില പാടകള്‍ എല്ലാം ഒട്ടിപ്പിടിച്ച, മനുഷ്യക്കുഞ്ഞ് തന്നെയാണോ എന്ന് സംശയം ജനിപ്പിക്കുന്ന ഒരു ജീവിയാണ്. അതിനെ തുടച്ചു മിനുക്കി എടുത്തു നമ്മുടെ മനസ്സില്‍ ഉള്ള ഒരു രൂപം ആക്കി മാറ്റാന്‍ ഒന്ന് രണ്ടു ദിവസം പിടിക്കും.

ആദ്യത്തെ ദിവസങ്ങളിലെ മുലപ്പാല്‍ (Colotsrum) കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യം ആണ്. നമ്മുടെ നാട്ടില്‍ ചിലര്‍ വിവരക്കേട് കൊണ്ട് ഇത് പിഴിഞ്ഞ് കളയാന്‍ പറയും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ വീട്ടില്‍ തന്നെ പ്രസവം കഴിഞ്ഞാല്‍ വെള്ളം അധികം കുടിക്കരുത് എന്നൊക്കെ തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യം ആണ്.

സ്ത്രീകള്‍ ശാരീരികമായി ഏറ്റവും തളര്‍ന്നിരിക്കുന്ന സമയം ആണ് പ്രസവം കഴിഞ്ഞുള്ള ദിവസങ്ങള്‍. എന്റെ കാര്യത്തില്‍ കുട്ടിയെ പിടിക്കാന്‍ ഭാര്യയ്ക്ക് പേടി ആയതു കൊണ്ട്, ഞാന്‍ ആണ് മുഴുവന്‍ സമയവും നോക്കിയത്. മുമ്പ് പങ്കെടുത്ത ക്ലാസുകള്‍ ഉപകാരം ആയി. അടുക്കളയില്‍ ഒരു ബേബി ബാത്ത് ടബ്ബില്‍ വച്ച് സ്‌പോഞ്ച് വെള്ളത്തില്‍ മുക്കി ദേഹം മുഴുവന്‍ തുടച്ചാണ് ആദ്യ ദിവസങ്ങളിലെ കുളിപ്പിക്കല്‍ നടത്തിയിരുന്നത്, കുറച്ചു ദിവസം കഴിഞ്ഞ് പൊക്കിള്‍ കൊടി ഉണങ്ങി കഴിഞ്ഞാണ് വെള്ളം ഒഴിച്ച് കുളിപ്പിക്കാന്‍ തുടങ്ങിയത്. 

നമ്മുടെ നാട്ടില്‍ ആണുങ്ങള്‍ക്കാണ് ഗര്‍ഭ കാല നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ വേണ്ടത്.

നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ഒരു പ്രവണത, കുട്ടിയെ നോക്കാന്‍ ഒരു ആയയെ വയ്ക്കുന്നതാണ്. മിക്കപ്പോഴും ഇവര്‍ക്ക് ശിശു പരിപാലനത്തില്‍ ഒരു വിവരവും ഉണ്ടായിരിക്കില്ല. ഇങ്ങിനെ ഉള്ളവര്‍  ചില കുട്ടികളെ എല്ലാം ദേഹം മുഴുവന്‍ ഉഴിയുന്നതും, ഭക്ഷണ കാര്യത്തില്‍ ഉള്‍പ്പടെ കേട്ടുകേള്‍വി വച്ച് തികച്ചും അശാസ്ത്രീയമായ കാര്യങ്ങള്‍ ചെയ്യുന്നതും എല്ലാം കണ്ടിട്ടുണ്ട്. കുട്ടിയെ നോക്കാന്‍ ഏറ്റവും നല്ലതു കുട്ടിയുടെ അച്ഛനും അമ്മയും തന്നെയാണ്. അതിന്റെ ഒരു പ്രധാന കാരണം കുട്ടിയും മാതാപിതാക്കളും ആയി ഉണ്ടാവുന്ന മാനസിക അടുപ്പം ആണ്. ഇന്നും വളര്‍ന്നു വലുതായെങ്കിലും നിതിനെ കാണുമ്പോഴെല്ലാം എന്റെ മനസ്സില്‍ ആദ്യമായി എന്റെ കൈയില്‍ കിട്ടിയ ചെറിയ കുട്ടിയെ ആണ് ഓര്‍മ വരുന്നത്.

കുട്ടിയെ നോക്കുന്നത് പോലെ തന്നെ പ്രധാനം ആണ് അമ്മയെ നോക്കുന്നതും. അത് വരെ ചായ പോലും തിളപ്പിച്ചിട്ടില്ലാത്ത ഞാന്‍ സാമ്പാര്‍ ഉണ്ടാക്കാന്‍ വരെ പഠിച്ചത് ഈ സമയത്താണ്. മാനസികമായ സപ്പോര്‍ട്ട് ഏറ്റവും വേണ്ടതും ഈ സമയത്തു തന്നെ. ഇവിടെ പ്രസവം ഒരു സാധാരണ സംഭവം ആയി കണക്കാക്കുന്നത് കൊണ്ട്, നാട്ടിലെ പോലെ മാസങ്ങളോളം പ്രസവ ശുശ്രൂഷ ഇല്ല. സാധാരണ പ്രസവങ്ങള്‍ക്കു രണ്ടു ദിവസം കൊണ്ട് ഡിസ്ചാര്‍ജ് ചെയ്യും. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ ചെയ്യാന്‍ കഴിയുന്ന ജോലികള്‍ ചെയ്തു തുടങ്ങാം. കൊഴുപ്പും മറ്റും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ആണ് പ്രധാനം.

ഗര്‍ഭിണി ആകുന്നതു പെണ്ണ് മാത്രം ആയിരിക്കരുത്, മനസ്സില്‍ ആണും ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും വേണം. എന്റെ മകനെ ഇങ്ങിനെ നോക്കിയ ആ ദിവസങ്ങള്‍ ആയിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങള്‍ എന്ന് ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാകുന്നു. നമ്മുടെ നാട്ടില്‍ ആണുങ്ങള്‍ക്കാണ് ഗര്‍ഭ കാല നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ വേണ്ടത്.

Follow Us:
Download App:
  • android
  • ios