ചൈനയിലെ ഒരു ഇ-സ്പോർട്സ് ഹോട്ടലിൽ രണ്ട് വർഷമായി താമസിച്ചിരുന്ന യുവാവ് മുറി ഒഴിഞ്ഞപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ മുറിയുടെ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍.

രണ്ട് വർഷമായി ഹോട്ടലിൽ താമസിക്കുന്ന യുവാവിന്റെ മുറി പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. സംഭവം നടന്നത് ചൈനയിലാണ്. ഒരു ഇ-സ്പോർട്സ് ഹോട്ടലിൽ പതിവ് ചെക്ക്ഔട്ട് പരിശോധന നടന്നപ്പോഴാണ് ഹോട്ടൽ ജീവനക്കാർ പോലും ഞെട്ടിപ്പോയ കാഴ്ച കണ്ടത്. മുറി നിറയെ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ചയായിരുന്നു അത്. മാലിന്യം കൊണ്ട് മുറി കാണാൻ പോലും പറ്റാത്തത്രയും നിറഞ്ഞിരുന്നു. ചാങ്‌ചുനിലെ ഹോട്ടലിൽ നിന്നും പകർത്തിയിരിക്കുന്ന സംഭവത്തിന്റെ വീഡിയോ പിന്നീട് ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.

ഗെയിമിംഗിനോടുള്ള ആസക്തി, ഒറ്റപ്പെടൽ തുടങ്ങിയ അനേകം കാര്യങ്ങളെ കുറിച്ച് ചർച്ച ഉയരാൻ പിന്നീട് ഈ വീഡിയോ കാരണമായി തീർന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ യുവാവ് ഇതേ ഹോട്ടലിൽ തന്നെയാണ് താമസം. ഇ സ്പോർട്സ് തീമിൽ ഒരുക്കിയിരിക്കുന്നതാണ് ഹോട്ടൽ. ഡിസംബർ 12 -നാണ് യുവാവ് ഇവിടെ നിന്നും ചെക്ക് ഔട്ട് ചെയ്യുന്നത്. എന്നാൽ, ഒരിക്കൽ പോലും ഈ റൂം ക്ലീൻ ചെയ്തിരുന്നില്ല. മുറിക്കുള്ളിൽ നിന്നുള്ള ചിത്രങ്ങളിലും ദൃശ്യങ്ങളിലും ടേക്ക് എവേ ബോക്സുകൾ, ഭക്ഷണ പൊതികൾ, പ്ലാസ്റ്റിക് ബാഗുകൾ, തറയിൽ അടുക്കി വച്ചിരിക്കുന്ന ഒഴിഞ്ഞ കുപ്പികൾ എന്നിവയെല്ലാം കാണാം. എന്തിനേറെ പറയുന്നു, ആ റൂമിന്റെ ആകൃതി എങ്ങനെയാണ് എന്ന് പോലും തിരിച്ചറിയാൻ‌ സാധിക്കാത്ത രീതിയിലാണ് റൂമിരുന്നത്.

മുറി മാത്രമല്ല, ടോയ്‍ലെറ്റിന്റെ അവസ്ഥയും സമാനമായിരുന്നു. ഉപയോ​ഗിച്ച ശേഷം വലിച്ചെറിഞ്ഞ ടോയ്‍ലെറ്റ് പേപ്പറുകളും മറ്റും കൊണ്ട് അതാകെ നിറഞ്ഞ അവസ്ഥയിലായിരുന്നു. ഈ യുവാവ് പുറത്തിറങ്ങുന്നത് കാണാറേ ഇല്ല എന്ന് ജീവനക്കാർ പറയുന്നു. വീഡിയോ വൈറലായതോടെ യുവാവിന്റെ മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തെ കുറിച്ച് വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.