Asianet News MalayalamAsianet News Malayalam

മായാനദിക്കും യക്ഷിക്കും മഹേഷിന്റെ പ്രതികാരത്തിനുമിടയില്‍ ഒരു കോണി!

മൂന്ന് സിനിമകള്‍. മൂന്ന് കോണികള്‍. മൂന്ന് അനുഭവങ്ങള്‍. പ്രണയത്തിന്റെയും ലൈംഗികതയുടെയും സിനിമാപാഠങ്ങളില്‍ കോണിയുടെ ഇടപെടല്‍. ലക്ഷ്മി പി എഴുതുന്നു

stairs of lust and love in malayalam cinema by Lakshmi P
Author
Thiruvananthapuram, First Published Dec 27, 2018, 4:53 PM IST

മായാനദിയില്‍  അപര്‍ണ്ണ കോണിയിറങ്ങി വരുന്നു. മാത്തനുമായി ഉമ്മവെയ്ക്കുന്നതിനിടെ, അതു പൂര്‍ത്തിയാക്കാനനുവദിക്കാതെ കടക്കാരന്‍ അവരെ പുറത്തിറക്കിവിട്ടപ്പോള്‍, പകുതിയിലവസാനിപ്പിച്ച ഒരുമ്മയുടെ ബാക്കിവന്ന ചിരിയോടെ അപര്‍ണ്ണ കോണിയിറങ്ങിവരുന്ന രംഗം.  ഇത്രയും പറഞ്ഞത് കോണി ലൈംഗികതയുടെ മനോഹരമായ ദൃശ്യസാധ്യതയാണെന്ന് പറയാന്‍വേണ്ടി മാത്രമാണ്. മഹേഷിന്റെ പ്രതികാരത്തിലുമുണ്ട് ഇതേ കോണികള്‍. ഇതേ പടവുകള്‍. ഇതേ കയറ്റങ്ങളുമിറക്കങ്ങളും.

stairs of lust and love in malayalam cinema by Lakshmi P

മലയാളസിനിമയില്‍ എനിക്ക് ഇഷ്ടമുള്ള ചില കോണിരംഗങ്ങള്‍ ഉണ്ട്. ഒന്ന്, മലയാറ്റൂരിന്റെ യക്ഷി എന്ന നോവലിന്റെ സിനിമാപാഠത്തിലാണ്. ഇംപൊട്ടന്റ് ആയ നായകന് സ്വന്തം ഭാര്യയുമായി ശാരീരികമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ആസിഡ് വീണ് പൊള്ളിയ സ്വന്തം മുഖം അയാള്‍ക്ക് നല്‍കിയ ആത്മവിശ്വാസക്കുറവും ഇതിനോടൊപ്പമയാളെ വലയ്ക്കുന്നുണ്ട്. അയാള്‍ ആവര്‍ത്തിച്ചു കാണുന്ന ഒരു സ്വപ്നമുണ്ട്, സിനിമയില്‍. തന്റെ സുന്ദരിയും യൗവനയുക്തയുമായ ഭാര്യ, ഒരു കോണിയുടെ മുകളില്‍ നിന്നയാളെ കാമാധിക്യത്തോടെ ക്ഷണിക്കുന്നു. കോണിയുടെ പടവുകളില്‍ സാലഭഞ്ജികമാരെ ഓര്‍മ്മിപ്പിക്കുന്ന യുവതികളയാള്‍ക്ക് ആശംസകള്‍ നേരുന്നു. കാമാസക്തനായി പടികള്‍ കയറുന്ന അയാള്‍ അവസാനത്തെ പടവു കയറും മുന്‍പ് താഴെയ്ക്ക് മറിഞ്ഞുവീഴുന്നു.

മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിരുന്നു യക്ഷി. കോണി എന്ന ദൃശ്യത്തിലൂടെ പടവുകള്‍ കയറാനാവാതെ മറിഞ്ഞുവീഴുന്ന ഭര്‍ത്താവിന്റെ സെക്ഷ്വല്‍ ഇംപൊട്ടന്‍സിനെ അവതരിപ്പിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നു.

രണ്ടാമത്തെ രംഗം മായാനദിയില്‍.  അപര്‍ണ്ണ കോണിയിറങ്ങി വരുന്നു. മാത്തനുമായി ഉമ്മവെയ്ക്കുന്നതിനിടെ, അതു പൂര്‍ത്തിയാക്കാനനുവദിക്കാതെ കടക്കാരന്‍ അവരെ പുറത്തിറക്കിവിട്ടപ്പോള്‍, പകുതിയിലവസാനിപ്പിച്ച ഒരുമ്മയുടെ ബാക്കിവന്ന ചിരിയോടെ അപര്‍ണ്ണ കോണിയിറങ്ങിവരുന്ന രംഗം.

ഇത്രയും പറഞ്ഞത് കോണി ലൈംഗികതയുടെ മനോഹരമായ ദൃശ്യസാധ്യതയാണെന്ന് പറയാന്‍വേണ്ടി മാത്രമാണ്. മഹേഷിന്റെ പ്രതികാരത്തിലുമുണ്ട് ഇതേ കോണികള്‍. ഇതേ പടവുകള്‍. ഇതേ കയറ്റങ്ങളുമിറക്കങ്ങളും.

മഹേഷിന്റെ പ്രതികാരത്തിലുമുണ്ട് ഇതേ കോണികള്‍. ഇതേ പടവുകള്‍. ഇതേ കയറ്റങ്ങളുമിറക്കങ്ങളും.

മഹേഷ് തനിക്കു ചുറ്റുമുള്ള ലോകത്തെ കാണുന്നത് എപ്പോഴും ഒരു കയറ്റത്തില്‍ നിന്നു കൊണ്ടാണ്. ഒന്നുകില്‍ തന്റെ വീട്ടിലേക്കുള്ള പടവുകള്‍ക്ക് മുകളില്‍ നിന്ന് താഴേക്ക് . അല്ലെങ്കില്‍ തന്റെ 'ഭാവന' സ്റ്റുഡിയോയുടെ ഒരുനില മുകളിലെ കെട്ടിടത്തിന്റെ വരാന്തയില്‍ നിന്ന് താഴേക്ക്. അയാളുടെ നോട്ടങ്ങള്‍ എപ്പോഴും മുകളില്‍ നിന്ന് താഴേക്കാണ്. ഇടുക്കി എന്ന ഗാനത്തിന്റെ രംഗങ്ങളില്‍ ഒരു വിവാഹച്ചടങ്ങിന്റെ ഫോട്ടോ എടുക്കുന്ന മഹേഷിനെ കാണാം. വരനും വധുവും ഒരു ചെറിയ മണ്‍പടവുകള്‍ കയറുന്നതു കാണുമ്പോള്‍, അടുത്തുനില്‍ക്കുന്നവരെയെല്ലാം തട്ടിമാറ്റിച്ചെന്ന് മഹേഷ് വധൂവരന്മാര്‍ ഒന്നിച്ച് പടികള്‍ കയറുന്നതിന്റെ പടമെടുക്കുന്നു. അയാളുടെ കണ്ണില്‍ ഒരു ഫോട്ടോയെടുക്കാന്‍ പറ്റിയ മികച്ച മൊമന്റ് അതായിരുന്നിരിക്കണം .

അയാളുടെയും സൗമ്യയുടെയും പ്രണയകാലങ്ങളില്‍ ആത്മവിശ്വാസത്തോടെ മഹേഷ് സ്റ്റുഡിയോയിലേയ്ക്കുള്ള പടവുകള്‍ ഓടിക്കയറുന്നുണ്ട്. കയറ്റത്തിന്റെ പാതിവഴിയില്‍ സൗമ്യയെ താഴോട്ട് തിരിഞ്ഞുനോക്കുന്നുണ്ട്. പക്ഷേ സൗമ്യയെ നഷ്ടപ്പെട്ട മഹേഷിനെ സിനിമ കാണിക്കുന്നത് പടികളുടെ താഴെ നില്‍ക്കുന്നതായാണ്. വിവാഹസദ്യയുണ്ട ശേഷം കൈകഴുകാന്‍ വന്ന സൗമ്യ കാണുന്നത് ഒരുപാട് താഴെ നിന്ന് തന്നെ നോക്കുന്ന മഹേഷിനെയാണ്. സൗമ്യയുടെ വിവാഹം കഴിഞ്ഞയന്ന് തന്റെ വീട്ടില്‍ തിരിച്ചുവന്നശേഷം രഹസ്യമായി പൊട്ടിക്കരയുന്ന മഹേഷ് പിന്നീട് മുഖംതുടച്ച് സ്റ്റുഡിയോയില്‍ പോകാന്‍ ഇറങ്ങുന്നു. പക്ഷേ മഴ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് ചാച്ചനയാളെ തടയുന്നു. മഴ പെയ്യുന്നതും നോക്കി ഉമ്മറത്തിരിക്കുമ്പോള്‍ മഹേഷ് സൗമ്യയെ ഓര്‍ക്കുന്നു. അയാളുടെ വിരഹത്തിന് അനുയോജ്യമായ ബാക്ഗ്രൗണ്ട് മ്യൂസിക്കിനും പഴയൊരു മഴയുടെ പശ്ചാത്തലത്തിനുമിടയിലൂടെ സൗമ്യ കറുത്തകുട ചൂടിക്കൊണ്ട് പള്ളിയിലേക്കുള്ള പടികള്‍ കയറുമ്പോള്‍, എതിര്‍ദിശയിലൂടെ കുടക്കീഴില്‍ ഇറങ്ങിവരുന്ന മഹേഷും ചാച്ചനും. ഈ രംഗത്തിലും സൗമ്യ പടികള്‍ കയറുമ്പോള്‍ അവള്‍ക്ക് സമാന്തരമായി അയാള്‍ പടവുകള്‍ ഇറങ്ങുകയാണ് ചെയ്യുന്നത്.

stairs of lust and love in malayalam cinema by Lakshmi P

Image Courtesy: Lakshmi P

സൗമ്യയെ നഷ്ടമായ ശേഷം അയാളുടെ പടവുകളില്‍ അയാള്‍ ഒറ്റയ്ക്കായിരുന്നു. അയാളുടെ വീട്ടിലേക്കുള്ള പടവുകളില്‍ ദൂരേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ അയാളുടെ വളര്‍ത്തുപട്ടി മാത്രം ആ പടവുകളിലൂടെ ഓടിക്കളിക്കുന്നു. 'നൈസായിട്ട് ഒഴിവാക്കിക്കളഞ്ഞല്ലേ' എന്ന് സൗമ്യയോട് ചോദിച്ചശേഷം മഹേഷ് നേരെചെന്നത് ഈ പട്ടിയ്ക്ക് ഭക്ഷണം കൊടുക്കാനായിരുന്നുവല്ലോ.

സ്റ്റുുഡിയോയിലേക്കുള്ള പടികള്‍ കയറുന്ന മഹേഷിന് പിന്നീടൊരിക്കലും പഴയ വേഗമില്ല. അയാള്‍ ക്ഷീണിച്ചിട്ടുണ്ട്. ജിംസന്റെ പ്രഹരത്തേക്കാള്‍ വലിയൊരു പ്രഹരം കൊണ്ടയാളുടെ ഉള്ള് ഉലഞ്ഞിരിക്കുന്നു. ക്ഷീണിച്ചും പതുക്കെയിടക്കിടെ നിന്നും, അയാള്‍ തന്റെയിടത്തിലേയ്ക്ക് കയറുന്നു. അവിടെ നിന്നയാള്‍ പകലുകളിലും രാത്രികളിലും ഒന്നിനുമല്ലാതെ താഴെയ്ക്ക് നോക്കുന്നു.

മഹേഷ് ജിംസിയെ ആദ്യമായി കാണുന്നതും ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് താഴെയ്ക്കുള്ള നോട്ടത്തിലാണ്. അവിടെ ജിംസി ഫ്‌ളാഷ് മോബിന്റെ ഭാഗമായി ഡാന്‍സ് ചെയ്യുന്നു. മഹേഷിന്റെ ക്ഷീണങ്ങളെ അതിജീവിക്കാന്‍ പോന്ന പ്രസരിപ്പാണ് ജിംസിയിലാദ്യാവസാനം കാണുന്നത്. ജിംസിയുടെ നല്ലൊരു ഫോട്ടോ മഹേഷ് എടുക്കുന്നതും അവള്‍ കോണിയിറങ്ങുമ്പോളാണ്. ജിംസിയുടെ വരവോടുകൂടി അയാളുടെ കോണികള്‍ വീണ്ടും സജീവമാകുന്നു. മഹേഷിന്റെ വീട്ടിലേയ്ക്ക് ആദ്യമായി കയറിച്ചെന്ന ജിംസി ആ വീട്ടിലെ പടവുകള്‍ ഓടിക്കയറുന്നത്, ഓടിയിറങ്ങി വരുന്നത് , ജിംസിയവളുടെ വീട്ടിലെ പടവുകളിലിരുന്ന് മഹേഷിന് മെസേജുകളയക്കുന്നത്, വെയില്‍ തട്ടുമ്പോള്‍ സുതാര്യമായ വെള്ളപ്പാവാടയിട്ട ജിംസി പടികളിറങ്ങുന്നത്, ജിംസിയെ ബസ്‌റ്റോപ്പില്‍ കാത്തുനിന്ന് ഒരുനോക്ക് കണ്ടശേഷം സന്തോഷത്തോടെ മഹേഷ് സ്റ്റുഡിയോയിലേക്കുള്ള പടികള്‍ കയറുന്നത് - എന്നിങ്ങനെ മഹേഷിന്റെ കോണിപ്പടവുകള്‍ ജിംസിയിലൂടെ വീണ്ടും ഊര്‍ജ്ജസ്വലമാകുന്നു.

മഹേഷിന്റെ കോണിപ്പടവുകള്‍ ജിംസിയിലൂടെ വീണ്ടും ഊര്‍ജ്ജസ്വലമാകുന്നു.

പക്ഷേ എനിക്കാ ക്ഷീണിച്ച മഹേഷിനെയാണ് മറക്കാന്‍ പറ്റാത്തത്.

കാളിദാസനും ക്ലാസിക്കുകളും പലതവണ പറഞ്ഞിട്ടുണ്ട്, വിരഹികള്‍ എന്തു കഴിച്ചാലും കഴിച്ചില്ലെങ്കിലും ക്ഷീണിക്കുമെന്നും കാണെക്കാണെയവരെ കാണാതായിപ്പോകുമെന്നും. ഒരിക്കല്‍ അരോഗദൃഢഗാത്രനായിരുന്ന ദുഷ്യന്തന്റെ തോളുകള്‍ ശകുന്തളയെ ഉപേക്ഷിച്ച കുറ്റബോധത്താല്‍ മെലിയുകയും അയാളുടെ തോള്‍വളകള്‍ താഴേക്ക് ഊര്‍ന്നുപോവുകയും ചെയ്തു. മേഘസന്ദേശത്തില്‍ യക്ഷനെ വേര്‍പ്പെട്ട യക്ഷി വളകള്‍ ഊര്‍ന്നു പോയകൈകള്‍കൊണ്ട് ഒരു രാഗം മുഴുവന്‍ പാടിത്തീര്‍ക്കാനാവാതെ തന്റെ വീണ താഴെ വെയ്ക്കുന്ന രംഗമുണ്ട്. 'കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നുപോയ് വേനലില്‍ ദലങ്ങള്‍പോല്‍ വളകളൂര്‍ന്നു പോയി' എന്ന് പാട്ടിലുമുണ്ടല്ലോ. ജീവിതത്തിനോടുള്ള നിരാശ ഒരാളെ അപ്പാടെ ഊറ്റിക്കളയുന്നു.

പ്രേമനൈരാശ്യത്തിന്റെ ഒരു സ്ഥിരം പരിപാടി വളരെയെളുപ്പത്തില്‍ ജീവിത നൈരാശ്യമായി മാറുക എന്നതാണ്. മറ്റൊരാളുടെ നൈരാശ്യങ്ങളെക്കുറിച്ച് എഴുതുന്ന ഒരാള്‍ക്ക് ഇതൊന്നും എന്നെക്കുറിച്ചല്ല എന്ന് ഭാവിക്കാനുള്ള പെടാപ്പാട് പോലെത്തന്നെയാണ് പ്രേമനൈരാശ്യത്തിലിരിക്കുന്ന ഒരാള്‍ക്ക് തനിക്ക് ഒരു ചുക്കുമില്ല എന്ന് അഭിനയിച്ചുകാട്ടാനുള്ള പാട്. മുറിക്കുള്ളില്‍ ഒറ്റക്കിരുന്നു കരഞ്ഞ്, പുറത്തിറങ്ങുമ്പോള്‍ കരയാതിരിക്കുന്ന ഒരു മഹേഷുണ്ട്. മഹേഷിന്റെ പ്രതികാരത്തില്‍ ഞാനേറ്റവും ഇഷ്ടപ്പെടുന്ന രംഗങ്ങള്‍ മഹേഷ് ആ പെടാപ്പാട് പെടുന്ന രംഗങ്ങളാണ്. പലതവണ ഓടിക്കയറിയിരുന്ന പടവുകള്‍ ക്ഷീണത്തോടെ അയാള്‍ കയറുന്ന രംഗമാണ്. 

കാരണം, എത്ര അഭിനയിച്ചു കാണിച്ചാലും പലപ്പോഴും ഒരു ഭാവത്തില്‍, ഒരു ചലനത്തില്‍, അല്ലെങ്കില്‍ ഒരു നിശ്ചലതയില്‍ പോലും നമ്മളും കൈയ്യോടെ പിടിക്കപ്പെടാറുണ്ടല്ലോ.

Follow Us:
Download App:
  • android
  • ios