ലാഷ്ലിയും ഹരിതയും പ്രണയത്തിലായിരുന്നു. ലെസ്റ്ററിലൂടെയാണ് ഇവരുടെ പ്രണയകഥ ലാഷ്ലിയുടെ വീട്ടില്‍ അറിയുന്നത്. രണ്ടുപേരും വ്യത്യസ്ത മതത്തില്‍ പെട്ടവരായിരുന്നത് കൊണ്ടുതന്നെ വീട്ടിലത് വലിയ പ്രശ്നം തന്നെയുണ്ടായി. 

ഈ 'സേവ് ദ ഡേറ്റ്' കാണുമ്പോള്‍ മനസ് ഒന്നു പിടയും, കണ്ണ് നിറയും. ഹരിതയുടേയും ലാഷ്ലിയുടേയും വിവാഹത്തിന്‍റെ 'സേവ് ദ ഡേറ്റ്' ആണിത്. വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത് ലാഷ്ലിയുടെ പ്രിയപ്പെട്ട അനിയന്‍ ലെസ്റ്ററാണ്. പക്ഷെ, ഒന്നര വര്‍ഷം മുമ്പ് ഒരപകടത്തില്‍ ലെസ്റ്റര്‍ മരിച്ചു. സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് ഏറെ വേദനയുള്ള ഒരനുഭവം തന്നെ പ്രമേയമാക്കിയാണ് 'സേവ് ദ ഡേറ്റ്' തയ്യാറാക്കിയിരിക്കുന്നത്. 

ലാഷ്ലിയും ഹരിതയും പ്രണയത്തിലായിരുന്നു. ലെസ്റ്ററിലൂടെയാണ് ഇവരുടെ പ്രണയകഥ ലാഷ്ലിയുടെ വീട്ടില്‍ അറിയുന്നത്. രണ്ടുപേരും വ്യത്യസ്ത മതത്തില്‍ പെട്ടവരായിരുന്നത് കൊണ്ടുതന്നെ വീട്ടിലത് വലിയ പ്രശ്നം തന്നെയുണ്ടായി. അതോടെ ചേട്ടന്‍ അനിയനോട് മിണ്ടാതെയുമായി. താന്‍ കാരണം ഉണ്ടായ പ്രശ്നങ്ങള്‍ താന്‍ തന്നെ പരിഹരിക്കണമെന്നായി ലെസ്റ്ററിന്. 

അച്ഛനേയും അമ്മയേയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. അമ്മയുടെ കുറേ അടിയും വഴക്കും കൊണ്ടു. പക്ഷെ, ഒടുവില്‍ വീട്ടുകാര്‍ കല്ല്യാണത്തിന് സമ്മതിച്ചു. പക്ഷെ, ഏറെ പ്രിയപ്പെട്ട ചേട്ടന്‍റെ കല്ല്യാണം കാണാന്‍ ലെസ്റ്റര്‍ കാത്തുനിന്നില്ല. ഒരപകടത്തില്‍ ഒന്നര വര്‍ഷം മുമ്പ് ലെസ്റ്റര്‍ മരിച്ചു. പക്ഷെ, ലെസ്റ്റര്‍ തന്നെ, വിവാഹം ക്ഷണിക്കുന്ന വീഡിയോ തയ്യാറാക്കി 'സേവ് ദ ഡേറ്റി'ന്.

എല്‍.വി വെഡ്ഡിങ്സ് ഉടമ ലിയോ വിജയനാണ് 'സ്റ്റോറി ബിഹൈന്‍ഡ് ദ വെഡ്ഡിങ്' എന്ന ടാഗ് ലൈനോടെ വീഡിയോ ഇറക്കിയിരിക്കുന്നത്. ഹരിതയുടെ സുഹൃത്ത് കൂടിയായ ലിയോ ആദ്യം മറ്റൊരു തീമാണ് ആലോചിച്ചിരുന്നതെങ്കിലും ഇങ്ങനെയൊരു സ്നേഹത്തിന്‍റെ കഥ അതില്‍ അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന് തോന്നിയതുകൊണ്ട് അതുതന്നെ ചെയ്യുകയായിരുന്നുവെന്ന് ലിയോ പറയുന്നു. ഗോകുല്‍, അശോക് എന്നിവരാണ് വീഡിയോയില്‍ ലെസ്റ്ററും ലാഷ്ലിയുമായി അഭിനയിച്ചിരിക്കുന്നത്. 

ഇന്നായിരുന്നു ഹരിതയുടേയും ലാഷ്ലിയുടെയും വിവാഹം.