ഇന്ന്, എന്‍റെ മകന്‍ അമര്‍ ലാല്‍, വക്കീലായി കോടതിയില്‍ ഹാജരാകുന്നു. പീഡനത്തെ അതിജീവിച്ച ഒരു പതിനേഴുകാരിക്ക് വേണ്ടിയാണ് അവന്‍ വാദിക്കുക. ഇത്, നമ്മള്‍ മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും അഭിമാനമുള്ള നിമിഷമാണ്

അമര്‍ ലാല്‍ എന്ന ഇരുപത്തിരണ്ടുകാരന് കൈലാഷ് സത്യാര്‍ത്ഥിയെന്ന ആ മഹാമനുഷ്യനെ കാണുന്നതുവരെ ജീവിതത്തില്‍ സ്വപ്നങ്ങളില്ലായിരുന്നു. എന്നാല്‍, അദ്ദേഹം അമറിനെ കണ്ടെത്തിയതോടെ അവന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞു. 

ബാലവേലയുടെ ഇരയായ അമര്‍, സത്യാര്‍ത്ഥിയുടെ 'ബച്ച്പന്‍ ബച്ചാവോ ആന്ദോള'ന്‍റെ ഭാഗമായാണ് രക്ഷിക്കപ്പെടുന്നത്. കൈലാഷ് സത്യാര്‍ത്ഥി അവനെ കാണുമ്പോള്‍ അവനൊരു ടെലഫോണ്‍ പോള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ നിന്നും സത്യാര്‍ത്ഥി അവനെ മോചിപ്പിച്ചു. പിന്നീട്, അവനെ പഠിക്കാനയച്ചു. 

അടുത്തിടെ സത്യാര്‍ത്ഥി തന്നെയാണ് അമലിന്‍റെ കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ''ഇന്ന്, എന്‍റെ മകന്‍ അമര്‍ ലാല്‍, വക്കീലായി കോടതിയില്‍ ഹാജരാകുന്നു. പീഡനത്തെ അതിജീവിച്ച ഒരു പതിനേഴുകാരിക്ക് വേണ്ടിയാണ് അവന്‍ വാദിക്കുക. ഇത്, നമ്മള്‍ മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും അഭിമാനമുള്ള നിമിഷമാണ്. അഞ്ചാമത്തെ വയസില്‍ ബാലവേലയില്‍ നിന്ന് രക്ഷിച്ച കുട്ടി ഇവിടെയെത്തിയിരിക്കുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ബാല്‍ ആശ്രമത്തിലായിരുന്നു അവന്‍ താമസിച്ചത്.'' അദ്ദേഹം ട്വീറ്റ് ചെയ്തു. 

Scroll to load tweet…

നോയിഡയിലാണ് അമര്‍ നിയമപഠനം നടത്തുന്നത്. അവന്‍റെ വീട്ടില്‍ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ ആള്‍ അവനാണ്. ''ബഞ്ചാറ സമുദായത്തില്‍ പെടുന്ന ആളാണ് താന്‍. എപ്പോഴും പലയിടത്തും മാറിമാറിത്താമസിക്കുന്നു. അതിനാല്‍ സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല'' എന്ന് അമര്‍ പറയുന്നു. 

പീഡനത്തിനെ അതിജീവിക്കുന്നവര്‍ക്കായി പോരാടണം എന്നാണ് ഒരു വക്കീലെന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നത് എന്നും അമര്‍ പറയുന്നു.