എന്തിനാണ് തിരക്കിട്ട് കല്യാണം നടത്തിയതെന്ന് പറഞ്ഞുതന്നത് സച്ചിന്‍റെ അമ്മയായിരുന്നു, 'ഭവ്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനൊക്കെ ഭവ്യയുടെ അച്ഛന്‍ മാത്രമാണുള്ളത്. ഇടക്ക് ആ ചുമതല സച്ചിനേറ്റെടുത്തു. 

ശനിയാഴ്ച രാവിലെയാണ് നിലമ്പൂരിന് സമീപമുള്ള പോത്തുകല്ലിലെത്തുന്നത്. പ്രണയത്താല്‍ ക്യാന്‍സറിനെ പൊരുതി തോല്‍പ്പിക്കുന്ന സച്ചിനെയും ഭവ്യയെയും കാണാന്‍. മലബാര്‍ മാന്വല്‍ ഷൂട്ട് ചെയ്യാനായി പോയതായിരുന്നു. ഒരുവര്‍ഷം മുമ്പ് നിലമ്പൂരിലെ അക്കൗണ്ടിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍വെച്ചാണ് സച്ചിനും ഭവ്യയും കണ്ടുമുട്ടുന്നത്. അത് പ്രണയമായി. പ്രണയത്തിന്‍റെ രണ്ടാം മാസം.... ഭവ്യക്ക് സഹിക്കാനാകാത്ത പുറംവേദന. പരിശോധിച്ചപ്പോഴാണ് അറിഞ്ഞത് അസ്ഥികളില്‍ ക്യാന്‍സറാണെന്ന്. അങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ സച്ചിനാകുമായിരുന്നില്ല.

സച്ചിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, 'ഞങ്ങള് കണ്ട സ്വപ്നങ്ങള്‍ക്ക് ഇതൊന്നും തടസമല്ല. അസുഖം ഉണ്ടെന്നുവെച്ച് ഒരാളെ ഒഴിവാക്കുന്നത് ശരിയല്ലല്ലോ.' സെപ്റ്റംബര്‍ എട്ടിന് നിലമ്പൂര്‍ നടുവിലക്കളം ക്ഷേത്രത്തില്‍ സച്ചിന്‍ ഭവ്യയെ താലിചാര്‍ത്തി ഒപ്പം കൂട്ടി. ഏഴ് കീമോ കഴിഞ്ഞ ഭവ്യ വെപ്പുമുടിയുമായിട്ടായിരുന്നു വിവാഹ മണ്ഡപത്തിലെത്തിയത്.

എന്തിനാണ് തിരക്കിട്ട് കല്യാണം നടത്തിയതെന്ന് പറഞ്ഞുതന്നത് സച്ചിന്‍റെ അമ്മയായിരുന്നു, 'ഭവ്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനൊക്കെ ഭവ്യയുടെ അച്ഛന്‍ മാത്രമാണുള്ളത്. ഇടക്ക് ആ ചുമതല സച്ചിനേറ്റെടുത്തു. ഇടക്കിടെ ഭവ്യയുടെ വീട്ടില്‍ വന്നുപോകുമ്പോള്‍ നാട്ടുകാര്‍ സംശയിക്കരുതല്ലോ. അങ്ങനെ മോതിരം മാറ്റം നടന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സച്ചിന്‍ പറഞ്ഞു, ഭവ്യയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരണമെന്ന്. അവള്‍ക്കൊരു സന്തോഷമാകുമെങ്കില്‍ അതല്ലേ അമ്മേ നല്ലതെന്നായിരുന്നു സച്ചിന്‍ ചോദിച്ചത്.

'ഒരുപാട് ഭാഗ്യം ചെയ്തവളാ ഞാന്‍. അല്ലെങ്കില്‍ ഇങ്ങനൊരാളെ ആരേലും കെട്ടുവോ?' ഭവ്യയുടെ ചോദ്യമാണ്. വിധിക്ക് മുന്നില്‍ ഭവ്യയെ വിട്ടുകൊടുക്കാന്‍ സച്ചിന്‍ തയ്യാറല്ല. ഡോ. വി.പി. ഗംഗാധരന്‍റെ കീഴില്‍ എറണാകുളത്താണ് ചികിത്സ. ഭവ്യയെ പഴയ ഭവ്യയായി തിരികെ കൊണ്ടുവരണം. ടൈല്‍സ് പണിക്കാരനായ ഇരുപത്തിമൂന്നുകാരന്‍ സച്ചിനെക്കൊണ്ട് മാത്രം അതിനൊന്നും കൂട്ടിയാല്‍ കൂടില്ല. മാസത്തില്‍ 10 ദിവസമെങ്കിലും പരിശോധനകള്‍ക്കായി ആശുപത്രിയിലാകും. ബാക്കിയുള്ള ദിവസം മാത്രമേ ജോലിക്ക് പോകാനാകൂ. നിലവില്‍ സുഹൃത്തുക്കളും നാട്ടുകാരുമാണ് സഹായിക്കുന്നത്. അതുകൊണ്ട് മാത്രം ഒന്നുമെത്തില്ല.

അസ്ഥിക്ക് പിടിച്ച ക്യാന്‍സറിനെ അസ്ഥിക്ക് പിടിച്ച പ്രണയം കൊണ്ട് തന്നെ സച്ചിന് തോല്‍പ്പിക്കാനാകണം. വിധിയെ മറികടക്കണം. നല്ല പ്രണയത്തിന്‍റെ നല്ല ഓര്‍മ്മകള്‍ക്ക് നമ്മളൊക്കെ അവര്‍ക്ക് സഹായമാകണം.

ഇതാണ് അക്കൌണ്ട് വിവരങ്ങള്‍:

BHAVYA P
Kerala Gramin Bank
a/c: 40160101056769
IFSC CODE :KLGB0040160
KARULAI BRANCH