രാവിലെ ഒരു കെട്ട് പപ്പടവുമായി ഉനൈർ വീട്ടിൽ നിന്നും ഇറങ്ങും. ആ പപ്പടക്കെട്ട് തീരുന്നത് വരെ നടക്കും. ആ നടത്തം ചിലപ്പോൾ കിലോമീറ്ററുകളോളം നീണ്ടുപോകും. ഇങ്ങനെ പാതി തളർന്ന ശരീരവുമായി ഈ മനുഷ്യൻ നടക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ കഴിഞ്ഞ ദിവസം ഉനൈറിനെ സോഷ്യൽ മീഡിയ കണ്ടുമുട്ടി. ജീവിക്കാനായി ആരുടെ മുന്നിലും കൈനീട്ടില്ലെന്ന ഇദ്ദേഹത്തിന്റെ നിശ്ചയദാർഡ്യത്തിന് പ്രതിഫലവും നൽകി. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മനുഷ്യസ്നേഹികൾ അയച്ചു കൊടുത്തത് അമ്പത് ലക്ഷം രൂപയാണ്. 

തന്നെ തോൽപിച്ചെന്ന് അഹങ്കരിക്കുന്ന വിധിയുടെ മുഖത്ത് നോക്കി ഉനെർ ചിരിച്ചു കൊണ്ട് ഉനെർ ഇങ്ങനെ പറയുന്നു, -പടച്ചോൻ കയ്യും കാലും തന്നിരിക്കുന്നത് ആരുടെ മുന്നിലും കൈനീട്ടാനല്ല, പണിയെടുത്ത് ജീവിക്കാനാണ്.- ജീവിതത്തെ ലാഘവബുദ്ധിയോടെ നേരിടാൻ ഉനൈർ കണ്ടുപിടിച്ച സൂത്രവാക്യമാണ് ഈ വാക്കുകൾ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഉനൈറിനെ അലട്ടുന്നത് ശാരീരിത പരിമികളാണ്.

ഇദ്ദേഹത്തിന്റെ കണ്ണുകൾക്ക് അമ്പത് അമ്പത് ശതമാനത്തിൽ താഴെ മാത്രമേ കാഴ്ചയുള്ളൂ. കൈയ്ക്കും കാലിനു സ്വാധീനക്കുറവുണ്ട്. എന്നാൽ അധ്വാനിച്ചു ജീവിക്കാനുളള ആത്മാഭിമാനത്തിന് മുന്നിൽ ഉനെറിന് ഇതൊന്നും ഒരു പ്രതിസന്ധിയേയല്ല. പത്ത് കിലോമീറ്റർ വരെ പപ്പടക്കെട്ടുമായി ഉനെർ നടക്കും. മുന്നൂറ് രൂപയാണ് ഒരു ദിവസത്തെ വരുമാനം. ഭാര്യയും  രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബം ഈ പണം കൊണ്ടാണ് ഒരു ദിവസം കഴിച്ചു കൂട്ടുന്നത്. കാൻസർ രോഗിയായ ഉമ്മ ചികിത്സയിലാണ്. ആരോടെങ്കിലും സഹായം ചോദിച്ചു കൂടെ എന്ന ചോദ്യത്തിന് തനിക്ക് പടച്ചവൻ തന്ന കയ്യും കാലുമില്ലേ? പിന്നെങ്ങനെ മറ്റൊരാളോട് സഹായം ചോദിക്കും എന്നൊരു മറുചോദ്യമാണ് ഉനെർ ചോദിക്കുന്നത്.

എന്തായാലും ഉനൈറിന്റെ നല്ല മനസ്സ് കണ്ടെത്തിയ സോഷ്യൽ മീഡിയ ഹൃദയം കൊണ്ടാണ് ഇദ്ദേഹത്തെ സഹായിച്ചത്. സുമനസ്സുകൾ തനിക്ക് നൽകിയ അമ്പത് ലക്ഷം രൂപയിൽ ഇരുപത് ലക്ഷം രൂപ രോഗികളായവരെ ചികിത്സിക്കാൻ വേണ്ടി മാറ്റി വച്ചിരിക്കുകയാണ് ഉനൈർ. ബാക്കി പണം കൊണ്ട് ഒരു വീട് വയ്ക്കണം. ഉമ്മയുടെ ചികിത്സ നന്നായി നടത്തണം. അത്രയുമേയുള്ളൂ ഉനെറിന്റെ മോഹങ്ങൾ. സുശാന്ത് നിലമ്പൂർ എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ ഉനെറിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച സഹായങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.