അപൂര്‍വം ചിലര്‍ക്കെങ്കിലും ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു രോഗമായി മാറാറുണ്ട് കാൻസർ. സ്റ്റുവർട്ട് ആംസ്ട്രോംഗും കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് അനുഭവിക്കുന്നയാളാണ്. മരണമെത്തുന്ന ആ ദിവസത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോൾ കൂടുതലും ചിന്തിക്കുന്നത്. ന്യൂസിലന്‍ഡിൽ താമസിക്കുന്ന 60 -കാരനായ സ്റ്റുവർട്ടിന് രണ്ടു മക്കളാണ്. 2015 -ലാണ് അദ്ദേഹത്തിന് ടെർമിനൽ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നത്. 

ന്യൂസിലാന്‍ഡില്‍ ഇപ്പോള്‍ പലരും എൻഡ് ഓഫ് ലൈഫ് ചോയ്സ് ബില്ല് സ്വാഗതം ചെയ്യുന്നുണ്ട്. അടുത്ത മാസം ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോൾ, ന്യൂസിലന്‍ഡുകാർക്ക് 'എൻഡ് ഓഫ് ലൈഫ് ചോയ്സ് ബില്ലി'നായി വോട്ടുചെയ്യാം. 'എൻഡ് ഓഫ് ലൈഫ് ചോയ്സ് ആക്റ്റ്' അല്ലെങ്കിൽ 'ദയാവധ റഫറണ്ടം' അസുഖമുള്ള ആളുകൾക്ക് ദയാവധം ആവശ്യപ്പെടാനുള്ള നിയമഭേദഗതിയാണ്. ഒരു രോഗി അനുഭവിക്കുന്ന വേദന, ഭേദമാക്കാനാവില്ലെന്നു വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചാൽ, വേദനയിൽനിന്നും മുക്തനാകാനുള്ള അവസാന മാർഗ്ഗമെന്ന നിലക്ക് മരണം ആഗ്രഹിക്കുന്ന രോഗിയെ ഡോക്ടർക്ക് സഹായിക്കാം എന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യം പൊതുവോട്ടെടുപ്പിൽ ഉൾപ്പെടുത്തുന്നത്.

ഈ നിയമം പാസാക്കിയാൽ, സ്റ്റുവർട്ടിനെപ്പോലുള്ള രോഗികൾക്ക് അവരുടെ ജീവിതത്തിന്റെ അവസാന ആറുമാസങ്ങളിൽ സഹായത്തോടെ മരിക്കാനുള്ള അവസരം നിയമം നൽകും, ഒരു മെഡിക്കൽ പ്രൊഫഷണൽ അവർക്ക് വീര്യമേറിയ മരുന്നിന്റെ ഒരു ഡോസ് നൽകും. അഞ്ചുവർഷത്തെ പോരാട്ടത്തിന്റെ ഒടുക്കമാണ് ഇത് പൊതുജനാഭിപ്രായത്തിന് വിട്ടുകൊടുക്കുന്നത്. ഫലങ്ങൾ പ്രഖ്യാപിച്ച് 12 മാസത്തിനുശേഷം ഇത് പ്രാബല്യത്തിൽ വരും. എന്നാൽ ബിൽ പാസായില്ലെങ്കിൽ, ന്യൂസിലന്‍ഡ് ക്രൈംസ് ആക്ടിന്റെ സെക്ഷൻ 179 പ്രകാരം ദയാവധം ആത്മഹത്യയെ സഹായിക്കുന്ന ഒന്നായി തുടരും. 

"ഞാൻ അവിടെ പോകുന്നതിനെക്കുറിച്ച് ഒരുപാട് ആലോചിച്ചിട്ടുണ്ട്. ഏതോ ആശുപത്രി കിടക്കയിൽ, സീലിംഗിലേക്ക് നോക്കി രാവും പകലും തള്ളിനീക്കുക. വേദന അസഹ്യമാവുമ്പോൾ ഇടക്കിടെ നൽകുന്ന മോർഫിൻ ഡോസുകൾ... അത്തരമൊരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല" എന്നാണ് സ്റ്റുവര്‍ട്ട് പറയുന്നത്. "ഇതിനെ എതിർക്കുന്ന ആളുകളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഇത് ഉപയോഗിക്കേണ്ട. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ ഇഷ്ടമാണ്, എന്റെ ജീവിതമാണ്. അന്തസ്സുള്ള, സമാധാനപരമായ ഒരു മരണം മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഒരു കപ്പ് കാപ്പിയും കുടിച്ച് രാഷ്ട്രീയ ചർച്ച നടത്താനുള്ള ഒരു വിഷയമല്ല ഇത്, മറിച്ച് ഇതെന്റെ ജീവിതവും മരണവുമാണ്. നിങ്ങൾക്ക് ക്യാൻസർ ഇല്ലെങ്കിൽ, ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ എന്നോട് പറയരുത്.." സ്റ്റുവര്‍ട്ട് കൂട്ടിച്ചേർത്തു. 

അടുത്ത കാലത്തായി എൻഡ് ഓഫ് ലൈഫ് ചോയ്സ് ആക്റ്റിന്റെ ശക്തമായ പ്രചാരകനാണ് സ്റ്റുവർട്ട്. പ്രോസ്റ്റേറ്റിൽ ആരംഭിച്ച ക്യാൻസർ എല്ലുകളിലേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ ഇതിനെ കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങി അദ്ദേഹം. ബോൺ കാൻസർ വേദനാജനകമാണെന്ന് എല്ലാവർക്കും അറിയാം. ഇത് മോശമാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ താൻ പതറി പോകുന്നുവെന്നാണ് സ്റ്റുവര്‍ട്ട് പറയുന്നത്. ഒരു വ്യക്തിയ്ക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ സഹായം തേടാമോ, വേണ്ടയോ എന്നത് കഴിഞ്ഞ കാൽനൂറ്റാണ്ടായി ന്യൂസിലന്‍ഡില്‍ ചർച്ചാവിഷയമാണ്. ഒരുപാട് പേര്‍ ഇതിനെ എതിര്‍ക്കുകയും പ്രതിഷേധവുമായി മുന്നോട്ട് വരികയും ചെയ്യുന്നുണ്ട്. അതിനെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും നിരവധിയാണ്. എന്നാൽ, ഇപ്രാവശ്യം ഈ വിഷയത്തിൽ ഒരു അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.