സാഹിത്യത്തെ നിങ്ങൾക്കു കിട്ടിയ ധർമ്മോപദേശങ്ങളുമായും, ധാർമ്മിക മതാചാരക്രമങ്ങളുമായും, നേർരേഖയിൽ ചേർത്തുവയ്ക്കരുത്. സാഹിത്യം വായിക്കുന്നവർ അതിന്‍റെ പരിസരം മനസിലാക്കണം, കഥാപാത്രത്തെ കഥാപാത്രമായി കാണണം. എഴുതിയതെല്ലാം മോശം ലക്ഷ്യത്തോടെയും, തലമുറകളെ പിഴപ്പിക്കാനുമാണ് എന്നതരത്തിലുള്ള തീർപ്പുകളിലേക്ക് എത്തരുത്.
എസ്. ഹരീഷിന്‍റെ 'മീശ' എന്ന നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധി വന്നു. വിവാദഭാഗം സ്ത്രീകളെയും, വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. സാഹിത്യത്തിന്‍റെയും, കലയുടേയും, ആവിഷ്കാരത്തിന്‍റെയും സ്വാതന്ത്ര്യത്തെ കുറിച്ചും കോടതി വിശദീകരിച്ചിരുന്നു. ആശയങ്ങൾക്ക് ചിറകുകളുണ്ട്. ആശയങ്ങളുടെ സ്വതന്ത്രവിഹാരം തടഞ്ഞാൽ, ഭാവനക്ക് പൂട്ടിട്ടാൽ ഒരു കലാവസ്തുവും ഉണ്ടാകില്ല എന്നും കോടതി നിരീക്ഷിച്ചു. ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലെ പ്രസക്ത ഭാഗങ്ങൾ. (പരിഭാഷ: സുജിത് ചന്ദ്രൻ)
ദീപക് മിശ്ര, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ.
ഒരെഴുത്തുകാരൻ തന്‍റെ ആവിഷ്കാരത്തിനായി തെരഞ്ഞെടുക്കുന്ന വഴി ഏതുമാകട്ടെ. അത് നോവലോ, കഥാസമാഹാരമോ, ഇതിഹാസമോ, കവിതാസമാഹാരമോ നാടകമോ, ലഘുനാടകമോ, കഥയോ, നീണ്ട കഥയോ, പ്രബന്ധമോ, പ്രസ്താവനയോ, വിവരണമോ അങ്ങനെ എന്തുമാകട്ടെ... ആവിഷ്കാര സ്വാതന്ത്ര്യം അതിന്‍റെ സാധ്യമായ ഏറ്റവും ഉയർന്ന അളവിൽ ഉപയോഗിക്കാൻ എഴുത്തുകാരന് പരിപൂർണ സ്വാതന്ത്ര്യം ഉണ്ട്, അയാൾ ഭരണഘടനാസാധുതമായ നിയമങ്ങളൊന്നും ലംഘിക്കുന്നില്ലെങ്കിൽ.
എന്തെന്നാൽ, അഭിപ്രായസ്വാതന്ത്ര്യം ഒരു പരിഷ്കൃത സമൂഹത്തിന് അത്രമേൽ വലുതാണ്. ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കേണ്ട അവകാശമാണത്. ആ സ്വാതന്ത്ര്യത്തിന് നേരിയ കോട്ടമെങ്കിലും ഉണ്ടാക്കാവുന്ന ഏതൊരു നീക്കത്തേയും ഒരു പരിഷ്കൃത സമൂഹം അങ്ങേയറ്റം വെറുപ്പോടെ നോക്കിക്കാണും.
പരിഗണനയിൽ വന്ന പ്രധാന വിഷയം ‘മീശ’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ഹർജിക്കാരൻ ആരോപിക്കുന്നതു മാതിരി അസഭ്യവും അശ്ലീലവും നിറഞ്ഞതും സ്ത്രീകളെ അപമാനിക്കുന്നതുമാണോ, അങ്ങനെയെങ്കിൽ അത് സാമൂഹത്തിന്‍റ സാധാരണനില തകർക്കുന്നതാണോ, കോടതിയുടെ ഇടപെടൽ ആവശ്യമാംവിധം വലിയൊരു അപഭ്രംശമാണോ, ഭരണഘടനാ അനുച്ഛേദം 19(2) പ്രകാരം യുക്തിഭദ്രമായ നിരോധനം ഏർപ്പെടുത്തേണ്ടതുണ്ടോ എന്നാണ്.
ഈ ചോദ്യത്തിന് ഒരുത്തരം കണ്ടെത്തുന്നതിന് കല, സാഹിത്യം എന്നതുകൊണ്ട് അടിസ്ഥാനപരമായി എന്താണ് ഉദ്ദേശിക്കുന്നത് എന്നും, കലാപ്രകാശനം സംബന്ധിച്ച പുരോഗമനവാദഗതികൾ കൂടി സൂചിപ്പിക്കേണ്ടതുമുണ്ട്. സാഹിത്യം, ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറേയേറെ വഴികളിൽ പ്രതിരൂപീകരിക്കുന്നുണ്ട്. സൃഷ്ടിപരതയെ ഞെക്കിക്കൊല്ലാതിരുന്നാലേ സാഹിത്യം വായനക്കാരിലേക്കെത്തുന്ന മാധ്യമം ആകൂ. തടസങ്ങളും, അതിരുകളുമില്ലാത്തൊരു അരുവിപോലെ ഭാവന ഒഴുകണം. എഴുത്തുകാരനാകട്ടെ, കലാകാരനാകട്ടെ, സർഗ്ഗമേഖലയിലെ മറ്റേതൊരുവനും ആകട്ടെ, അയാൾക്ക് ചങ്ങലക്കിടാത്ത പ്രതിഭയും തളപ്പൂട്ടുകളില്ലാത്ത ചിന്തയും വേണം.
കാഴ്ചപ്പാടുകളും, കൽപ്പനകളും പ്രകാശിപ്പിക്കാൻ എഴുത്തുകാർ സ്വതന്ത്രരായി ആവിഷ്കാരത്തിനുള്ള അവകാശം ഉപയോഗിക്കുന്നു. രചനകളെ സ്വന്തം കാഴ്ചപ്പാടിൽ ഉൾക്കൊള്ളാനും, ഭാവനാപരതയോടെ വിലയിരുത്താനും വായനക്കാരും അതേ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. ഭാവനക്ക് വിലങ്ങുവീഴുമ്പോൾ ചിന്ത വികലമാകുന്നു.
ക്രിയാത്മക ശബ്ദങ്ങളെ അടിച്ചമർത്തരുത്, നിശ്ശബ്ദമാക്കരുത്. പ്രതിഭാ സ്വാതന്ത്ര്യത്തെ സംഹരിക്കരുത്. സ്വതന്ത്ര സംസാരത്തെ, ആവിഷ്കാരങ്ങളെ, ക്രിയാത്മകതയെ, ഭാവനയെ ഒക്കെ തടസ്സപ്പെടുത്തുന്നത് ആപത്കരമാണ്. ബുദ്ധിയെയും, സാക്ഷരസ്വാതന്ത്ര്യത്തെയും, സ്വതന്ത്രചിന്തയെയും, മനുഷ്യമനസ്സിന്‍റെ സമൃദ്ധമായ ശേഷികളേയും നിയന്ത്രിച്ച് ഞെരുക്കുന്ന നിലയാണത്. ബലശൂന്യമായൊരു അക്ഷരലോകത്തേക്കാകും ആ സാഹചര്യം നമ്മളെ കൊണ്ടെത്തിക്കുക.
ആശയങ്ങൾക്ക് ചിറകുകളുണ്ട്. ആശയങ്ങളുടെ സ്വതന്ത്രവിഹാരം തടഞ്ഞാൽ, ഭാവനക്ക് പൂട്ടിട്ടാൽ ഒരു കലാവസ്തുവും ഉണ്ടാകില്ല. ‘പുസ്തകങ്ങൾ നിരോധിക്കുക’ എന്ന സംസ്കാരം സ്വതന്ത്രാശയങ്ങളെ തടയും. അത് ചിന്തക്കും, സംസാരത്തിനും, ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം എന്ന അവകാശത്തെ അപമാനിക്കലാണ്. ഏതെങ്കിലും സമൂഹത്തിന് അപകീർത്തികരമായതോ, ആക്ഷേപിക്കുന്നതോ, ഹീനമായ അശ്ലീലം നിറഞ്ഞതോ അല്ലാത്ത ഒരു പുസ്തകം പ്രത്യക്ഷമായോ പരോക്ഷമായോ നിരോധിക്കുന്നതോ, സെൻസർ ചെയ്യുന്നതോ, ബൗദ്ധിക സമൂഹത്തിലാകെ വല്ലാതെ ആകുലതകളും ഉത്കണ്ഠയുമുണ്ടാക്കും. ധിഷണാപരമായ സഹിഷ്ണുത ഇല്ലെങ്കിൽ ബൗദ്ധിക സ്വാതന്ത്ര്യം അപകടകരമാംവിധം ഹനിക്കപ്പെടും. ക്രമേണ ചിന്തിക്കാൻ ഭയപ്പെടുന്ന ഒരവസ്ഥയിലേക്ക് എഴുത്തുകാർ എത്തിച്ചേരും. ഒരെഴുത്തുകാരനെ സംബന്ധിച്ച് ചിന്താപരമായ ഭീരുത്വം അയാളുടെ സ്വാതന്ത്ര്യബോധത്തേയും അത്മാവിനെയും ഉടച്ചുകളയുന്ന ഭീകരനായ ശത്രുവാണ്. അത് അസന്തുഷ്ടിയുടെ ഒരു കൊടും ശീതകാലത്തെ ക്ഷണിച്ചുവരുത്തും.
കർശനമായും ഓർക്കണം, നമ്മൾ ജീവിക്കുന്നത് ഒരു സമഗ്രാധിപത്യവാഴ്ചയുടെ കീഴെയല്ല, ആശയങ്ങൾ സ്വതന്ത്രമായി പറയനാകുന്ന, ചിന്തക്കും ആവിഷ്കാരത്തിനും സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാജ്യത്താണ്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും, പരമപവിത്ര തത്വങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. ജസ്റ്റിസ് ലൂയിസ് ബ്രാൻഡിസിന്‍റെ വാക്കുകൾ കടമെടുത്താൽ “നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ ചിന്തിക്കാനുള്ള സ്വാതന്ത്യം, നിങ്ങൾ ചിന്തിക്കും വിധം സംസാരിക്കാനുള്ള സ്വാതന്ത്ര്യവും” എഴുത്തുകാരുടേയും കലാകാരൻമാരുടേയും ക്രിയാത്മകത ഊർജ്ജത്തിൽ വിലങ്ങുവീഴാതെ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ സംരക്ഷിക്കപ്പെടണം. പക്വതയുള്ള ഒരു ജനാധിപത്യസമൂഹം എന്ന നിലയിൽ വായിക്കാനും എഴുതാനുമുള്ള നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ വില പരിപാലിക്കപ്പെടണം.
പക്വതയുടെ, മാനവികതയുടെ, സഹിഷ്ണുതയുടെ ആ എഴുതപ്പെടാത്ത നിയമങ്ങൾ കലയുടേയും, സാഹിത്യത്തിന്‍റേയും, വായനക്കാരും, ആസ്വാദകരും കൂടുതൽ ചേർത്തുപിടിക്കണം. അപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം മഹത്തരമായി നിലനിൽക്കും. ഏതുവിധേനെയും ആരെക്കൊണ്ടും അത് നിഷേധിക്കാനാകില്ല. ജനാധിപത്യമൂല്യങ്ങളുടെ കൊടിക്കൂറയും, സ്വാതന്ത്ര്യബോധവും ഉയരത്തിൽ പാറിപ്പറക്കണം. അതിന് നീതിന്യായ വ്യവസ്ഥ പ്രതിജ്ഞാബദ്ധമാണ്.
ആ സ്വാതന്ത്ര്യം നിഷേധിക്കേണ്ടിവരുക, നിയമം കൊണ്ട് നിരോധിക്കപ്പെട്ട ഏതെങ്കിലും പരിഗണിക്കുമ്പോൾ മാത്രമാകും. അത് ശ്രദ്ധിച്ച്, ശ്രദ്ധിച്ചുമാത്രം ചെയ്യേണ്ട കാര്യമാണ്. അങ്ങനെ ഒരു നിരോധനത്തിനുള്ള സാധ്യത വേണ്ടിവന്നാൽ അത് ആരുടെയെങ്കിലും ഭാവനക്കും വീക്ഷണത്തിനും വഴങ്ങിയാകരുത് എന്ന് പറയേണ്ടതില്ലല്ലോ.
‘മീശ’ നോവലിലെ കഥാപാത്രം ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ ആക്ഷേപിക്കുന്നു എന്നാണല്ലോ പരാതി. അത്തരമൊരു സംഭാഷണം ഏതെങ്കിലും ജനവിഭാഗത്തെ ആക്ഷേപിക്കാനോ, അവരുടെ വികാരത്തെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതാണെങ്കിൽ അത് തിരിച്ചറിയേണ്ടത് കോടതിയുടെ കടമയാണ്. പക്ഷേ, ഒരു കലാവസ്തുവിനെ സമീപിക്കേണ്ടത് പക്വമായ ബോധത്തോടെയും വിശാലഹൃദയത്തോടെയും സഹിഷ്ണുതയോടെയും ആകണം, വികലമായ വിപരീതബുദ്ധിയോടെ ആയിക്കൂടാ. സാഹിത്യത്തെ നിങ്ങൾക്കു കിട്ടിയ ധർമ്മോപദേശങ്ങളുമായും, ധാർമ്മിക മതാചാരക്രമങ്ങളുമായും, നേർരേഖയിൽ ചേർത്തുവയ്ക്കരുത്. സാഹിത്യം വായിക്കുന്നവർ അതിന്‍റെ പരിസരം മനസിലാക്കണം, കഥാപാത്രത്തെ കഥാപാത്രമായി കാണണം. എഴുതിയതെല്ലാം മോശം ലക്ഷ്യത്തോടെയും, തലമുറകളെ പിഴപ്പിക്കാനുമാണ് എന്നതരത്തിലുള്ള തീർപ്പുകളിലേക്ക് എത്തരുത്.
എഴുത്തുകാരനൊപ്പം ബൗദ്ധികമായും, സാമൂഹ്യമായും സംവദിക്കുന്ന, അയാൾക്കൊപ്പം നടക്കുന്ന ഒരു തലത്തിലേക്ക് വായനാവേളയിൽ വായനക്കാരൻ/ വായനക്കാരി ഉയരണം. മുൻവിധികൾ കളയണം. സാഹിത്യഭാവനകൾ എഴുത്തിനോട് തന്മയീഭവിക്കുന്ന വായനകളെയാണ് ആശിക്കുന്നത്. വിമർശനം പാടില്ലെന്നല്ല, പക്ഷേ അനുചിതമായ പ്രതിഷേധങ്ങൾ പാടില്ലെന്നാണ്. 'Wuthering Heights' എന്ന പുസ്തകം വായിക്കുന്നവർ 'ഹീത്ക്ലിഫ്' എന്ന കഥാപാത്രത്തിന്‍റെ ദൂഷ്യങ്ങളെ ഉൾക്കൊള്ളുമെന്ന് എഴുത്തുകാരൻ പ്രതീക്ഷിക്കുന്നുണ്ട്. 'നളദമയന്തി'യിൽ നായികയെ അംഗോപാംഗം വർണ്ണിക്കുമ്പോൾ ദമയന്തിയുടെ ചന്തം വായനക്കാർ ഉൾക്കൊള്ളുമെന്നാണ് കവി പ്രതീക്ഷിക്കുന്നത്, വായനക്കാർ അശ്ലീലം ചിന്തിക്കുമെന്നല്ല.
കഥാപാത്രങ്ങളുടെ സവിശേഷസ്വഭാവവും ആഖ്യാനവും ഉപാഖ്യാനങ്ങളുമൊക്കെ വായനക്കാരൻ മനസിലാക്കണം. മീശ എന്ന കഥാപാത്രം അസംഖ്യം സാഹചര്യങ്ങളിലും അനുഭവങ്ങളിലും കൂടി കടന്നുപോകുന്നുണ്ട്. മുഖ്യകഥാപാത്രത്തെ ചുറ്റിപ്പറ്റി നിരവധി ഉപകഥകളും നോവലിലുണ്ട്. കഥാപാത്രത്തിന്‍റെ സ്വഭാവത്തിന്‍ തുടർച്ചയുണ്ടാകാൻ എഴുത്തുകാർ ശ്രദ്ധിക്കും. പരിസരങ്ങൾ മാറുന്നു, പക്ഷേ പ്രധാന കഥാപാത്രത്തിന്‍റെ സ്വഭാവം മാറുന്നില്ല. ഈ പറഞ്ഞതും ഒരു വായനക്കാരന്‍റെ വ്യാഖ്യാനം മാത്രം. മറ്റൊരു വായനക്കാരന് കഥാപാത്രത്തിന്‍റെ സ്വഭാവം രൂപപ്പെടുത്താൻ വേണ്ടിയാണ് എഴുത്തുകാരൻ ഉപകഥകൾ ഉണ്ടാക്കിയത് എന്നും തോന്നാം. എന്തായാലും ഭാവനയുടെ ഭാഷാനിർമ്മിതി തന്നെയാണ് സാഹിത്യമെന്നത് നിഷേധിക്കാനാകില്ല. കഥാപാത്രത്തിന്‍റെ കാഴ്ചപ്പാടിലൂടെയാകും നല്ല വായനക്കാരൻ കഥാപരിസരങ്ങളെ കാണുക.
പക്വമായ സംവേദനത്വം ഉള്ള വായനക്കാരൻ കഥാപാത്രത്തെ ഉൾക്കൊള്ളും, അല്ലെങ്കിൽ വിയോജിക്കും. ചിലർ ഒരു വിഭാഗം ആളുകളെയാകെ അപമാനിക്കുന്നതും മുറിവേൽപ്പിക്കുന്നതുമാണ് പുസ്തകമെന്ന് കരുതും. കോടതി ഒരു കാഴ്ചപ്പാടുകളുടേയും കൂടെക്കൂടുകയല്ല. ചില തരം ആവിഷ്കാരത്തോട് നിങ്ങൾക്ക് വലിയ ഇഷ്ടക്കേടുണ്ടാകാം, പക്ഷേ അത് കോടതി അതിന് ചേരുന്ന ഒരു തീർപ്പിൽ എത്താനുള്ള കാരണമല്ല. പുസ്തകത്തിലെ സംഭാഷണത്തെ വിദൂരമായി പോലും അശ്ലീലമെന്ന് കരുതാനാകില്ല, അത് ആർക്കും അപകീർത്തികരമല്ല. അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് ആ സംഭാഷണമെന്ന ആശയം സൂക്ഷിക്കുന്നവർ അടിസ്ഥാനമില്ലാത്ത ഒരു പടുകൂറ്റൻ നിർമ്മിതി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
ഏതൊക്കെ ചിന്താസാധ്യതകൾ പരിഗണിച്ചാലും, എതിർപ്പുയർന്ന ആ സംഭാഷണം, സെൻസേഷനുണ്ടാക്കാൻ വേണ്ടി കുത്തിത്തിരുകിയ ഒന്നല്ല. അത് ആ കഥാപാത്രത്തിന്‍റെ സ്വഭാവത്തിന്‍റെ പ്രകാശനമാണ്. ഒരു തരത്തിൽ ഭാവനയുടെ ഒരു പ്രതീതിയാഥാർഥ്യം. പാബ്ലോ പിക്കാസോ ഒരിക്കൽ ഇങ്ങനെ പറഞ്ഞു. “നിങ്ങൾ ഭാവനയിൽ കാണുന്നതെല്ലാം സത്യം തന്നെയാണ്.” വക്രബുദ്ധിയായ ഒരു വായനക്കാരൻ ചിലപ്പോൾ അതിൽ മാന്യതയില്ലായ്മയും സൻമാർഗ്ഗ വിരുദ്ധതയും അശ്ലീലവും ഒക്കെ സങ്കൽപ്പിച്ചുകൂട്ടിയേക്കും. പക്ഷേ യഥാർത്ഥത്തിൽ മീശയിൽ അശ്ലീലമായി ഒന്നുമില്ല.
അത്തരം ആരോപണങ്ങളുടെ മേൽ കോടതികൾ പുസ്തകങ്ങൾ നിരോധിച്ചാൽ പിന്നെ ക്രിയാത്മകതക്ക് ഇടമില്ല. കോടതികൾ അത്തരത്തിൽ ഇടപെട്ടുതുടങ്ങിയാൽ അത് കലയുടെ മരണമാണ്. ഒരു എഴുത്തുകാരന് നിയമവിരുദ്ധമായതൊന്നും എഴുതി പ്രസിദ്ധീകരിക്കാനാകില്ല എന്നത് ശരിതന്നെ, പക്ഷേ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നതിന് മുമ്പ് ഭരണഘടനാ അനുച്ഛേദം 19(2) ന്‍റെ പരിധിയിൽ അത് സത്യമായും പെടുന്നുണ്ടോ എന്ന് ആവർത്തിച്ച് ഉറപ്പിക്കേണ്ട ഉത്തരവാദിത്തം കോടതിക്കുണ്ട്.
കവിതയെപ്പറ്റി ചിന്തിക്കുമ്പോൾ കവിയുടെ പ്രപഞ്ചവീക്ഷണവും, അയാളുടെ ഭാവനാസ്വാതന്ത്ര്യവും കണക്കിലെടുക്കണം. കവിതക്ക് ചേരുന്ന വിശകലനങ്ങളെല്ലാം നോവലിനും മറ്റേതൊരു സാഹിത്യ സൃഷ്ടിയുടെ കാര്യത്തിലും ചേരും. മനസിന്‍റെ ഏറ്റവും ഉയർന്ന തലത്തിൽ ഒരുകാര്യം ഓർത്തുവയ്ക്കണം, എഴുത്തുകാരന്‍റെ ഭാവനക്ക് സ്വാതന്ത്ര്യം വേണമെന്ന്.
ഒരു ചിത്രകാരൻ സ്വതന്ത്രമായി തന്‍റെ നിറങ്ങൾ ഉപയോഗിക്കും പോലെ വാക്കുകൾ ഉപയോഗിക്കാൻ എഴുത്തുകാരന് സ്വാതന്ത്ര്യം വേണം. സങ്കൽപ്പശക്തിയെ, അതിനോടുള്ള അയാളുടെ അടങ്ങാത്ത സ്നേഹത്തെ നിയന്ത്രിക്കരുത്.
അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം വിഖ്യാത ചിന്തകനും എഴുത്തുകാരനുമായ വോൾട്ടയറുടെ വാക്കുകൾ ഓർമ്മയിലുണ്ടാകണം. “നിങ്ങൾ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടാകാം. പക്ഷേ, നിങ്ങൾക്ക് അത് പറയാനുള്ള അവകാശത്തിനു വേണ്ടി ഞാൻ മരണം വരെ പോരാടും”
ഈ വാക്കുകൾ അഭിപ്രായ സ്വാതന്ത്ര്യ ചർച്ചകളെയെല്ലാം വഴിനടത്തുന്ന പ്രകാശകിരണമാകുന്നു. ഈ വിശകലനങ്ങൾക്കെല്ലാം ശേഷം, അടിസ്ഥാനമില്ലെന്ന് തെളിഞ്ഞതുകൊണ്ട് മീശ നോവൽ നിരോധിക്കണമെന്ന ഹർജി തള്ളിക്കളയുന്നു.
ന്യൂ ഡെൽഹി
സെപ്റ്റംബർ 05,2018
ജസ്റ്റിസ്. ദീപക് മിശ്ര (CJI)
ജസ്റ്റിസ്. എ.എം.ഖാൻവിൽകർ
ജസ്റ്റിസ്.ഡോ.ഡി,വൈ.ചന്ദ്രചൂഡ്
