യുകെയിൽ പ്രതിമാസം 100 ദശലക്ഷം മൃഗങ്ങളെയാണ് ഇറച്ചിക്കായി കൊല്ലുന്നത്. പലപ്പോഴും മൃഗങ്ങളുടെ ദുരവസ്ഥയെ കുറിച്ച് ചിന്തിക്കുന്ന നാം പക്ഷേ അറവുശാലയിൽ ജോലിചെയ്യുന്ന ആളുകളുടെ മാനസികാവസ്ഥയെ കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല. അനുദിനം മരണവും, വേദനയുടെ പിടച്ചിലുകളും കണ്ട് ജീവിതം തള്ളിനീക്കുന്ന അവർക്ക് കടുത്ത മനസികസമ്മർദ്ദത്തിനും, വിഷാദത്തിനും ചികിത്സ തേടേണ്ടി വരുന്നു. അവർ കടന്നുപോകുന്ന ജീവിതസാഹചര്യങ്ങൾ ഒട്ടും നിസ്സാരമല്ല. ഇവിടെ, അത്തരമൊരാൾ തൻ്റെ അനുഭവങ്ങളും, അനുഭവിക്കേണ്ടിവന്ന മാനസികസംഘർഷവും പങ്കുവെക്കുകയാണ്. ബിബിസി -യില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പരിഭാഷ. 

(NB: ചിലര്‍ക്കെങ്കിലും ഇത് വായിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാം. അങ്ങനെയെങ്കില്‍ വായന തുടരാതിരിക്കുക)

കുട്ടിക്കാലത്ത് എനിക്കൊരു മൃഗഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. കുറുമ്പുകാട്ടുന്ന നായ്ക്കുട്ടികളുമായി കളിക്കുന്നതും, പേടിച്ചരണ്ട പൂച്ചക്കുട്ടികളെ താലോലിക്കുന്നതും, ഞങ്ങളുടെ വളർത്തുമൃഗങ്ങളെ പരിശോധിക്കുന്നതും ഞാൻ സ്വപ്നം കണ്ടു. പക്ഷേ, ജീവിതം എപ്പോഴും പ്രവചനാതീതമാണല്ലോ. ഒരു സുന്ദരമായ ജീവിതം സ്വപ്‌നം കണ്ട, ഞാൻ അവസാനം എത്തിപ്പെട്ടത് ഒരു അറവുശാലയിലാണ്.    

ആറുവർഷം ഞാനവിടെ ഉണ്ടായിരുന്നു, അസുഖം വന്ന പശുക്കളെ ശുശ്രുഷിക്കുന്നതിന് പകരം ഓരോ ദിവസവും ഇരുന്നൂറ്റിയമ്പതോളം പശുക്കളെ ഞാൻ കൊന്നുകൊണ്ടിരുന്നു.  മാംസം കഴിച്ചാലും ഇല്ലെങ്കിലും, യുകെയിലെ മിക്ക ആളുകളും ഒരിക്കലും ഒരു അറവുശാല  സന്ദർശിക്കാൻ ആഗ്രഹിക്കാറില്ല. അറപ്പുളവാക്കുന്ന ഒരു ഇടമായതിനാൽ അവർ അവിടെ വരാൻ താല്പര്യം കാണിക്കാറേയില്ല. അറവുശാലയുടെ തറയിൽ ചിലപ്പോൾ മൃഗങ്ങളുടെ വിസർജ്ജ്യം കാണാം. ചുവരുകളാകട്ടെ രക്തത്തിൽ പൊതിഞ്ഞിരിക്കും. അവിടത്തെ മണമോ... നിങ്ങളെ ഒന്നാകെ വിഴുങ്ങുന്നതും. ചാവുന്ന മൃഗങ്ങളുടെ ദുർഗന്ധം ഒരു നീരാവിപോലെ നിങ്ങൾക്ക് ചുറ്റും നിറഞ്ഞ് നിങ്ങളെ ശ്വാസംമുട്ടിക്കും.   

ആളുകൾ സന്ദർശിക്കാൻപോലും മടിക്കുന്ന ഇതുപോലുള്ള ഒരു സ്ഥലത്ത്, എങ്ങനെയാണ് ജോലിക്കായി പോകുന്നത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക്  പ്രായം 40 കടന്നിരുന്നു. ഞാൻ ഏതാനും ദശാബ്ദങ്ങളായി ഭക്ഷ്യ വ്യവസായത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കയായിരുന്നു. അതിനാൽ, ഒരു കശാപ്പുശാലയിൽ  ഒരു മാനേജരുടെ ഒഴിവ് വന്നപ്പോൾ അതൊരു ഭേദപ്പെട്ട ഓഫറായി എനിക്ക് തോന്നി. 

ഞാൻ അവിടെയെത്തിയ ആദ്യദിവസം തന്നെ അവർ എന്നെ അവിടെയെല്ലാം ചുറ്റിക്കാണിച്ചു. എൻ്റെ ജോലികളെ പറ്റി വിശദീകരിച്ചുതന്നു. ഈ ജോലിയിൽ പ്രവേശിക്കുന്നതിന് എനിക്ക് പൂർണ്ണസമ്മതമല്ലേ എന്നവർ എടുത്തു ചോദിച്ചു. എനിക്ക് എന്തോ വല്ലായ്മ തോന്നി. പക്ഷെ, പതിയെ ശരിയാകും എന്ന് ഞാൻ കരുതി. എല്ലാവർക്കും അങ്ങനെയാണോ എന്നറിയില്ലെങ്കിലും, എനിക്ക് അതൊരു ക്രൂരവും അപകടകരവുമായ ഒന്നായിട്ടാണ് തോന്നിയത്. എനിക്ക് ശാരീരികമായിട്ടല്ല മുറിവേറ്റത്, മനസികമായിട്ടാണ്.

ജനലുകളില്ലാത്ത വായുകയറാത്ത ആ പെട്ടിക്കുളിൽ ഞാൻ ഓരോ ദിവസവും ചിലവഴിക്കാൻ തുടങ്ങിയപ്പോൾ എൻ്റെ ഹൃദയത്തിൻറെ ഭാരം കൂടിവന്നു. ഞാൻ അവിടെ കണ്ട ഭയാനകമായ കാഴ്ച്ചകൾ എന്നെ വേട്ടയാടാൻ തുടങ്ങി. അവിടെ ജോലിചെയ്തു തുടങ്ങിയാൽ പിന്നെ മരണത്തെയും വേദനയെയും ഒരു മരവിപ്പോടെ മാത്രമേ നമ്മുക്ക് കാണാൻ കഴിയൂ. പശുവിനെ ജീവനുള്ള ഒരു മൃഗമായല്ല പകരം വെറും കഴിക്കാനും, വിൽക്കാനുമായുള്ള മാംസകഷ്ണ‍ങ്ങളായി കണ്ടു തുടങ്ങാൻ നിങ്ങൾ ശീലിക്കും. ഈ മനോഭാവം ജോലിയെ എളുപ്പമാക്കില്ലെങ്കിലും, അവിടെ പിടിച്ച് നില്ക്കാൻ അത് നിങ്ങളെ സഹായിക്കും. പക്ഷെ, എൻ്റെ മരവിപ്പിനെ പോലും തകർക്കുന്ന ഒന്നുണ്ട് അവിടെ. അത് തലകളാണ്. മാംസം മുഴുവൻ അറുത്തു മാറ്റിയ അതിൽ ഒന്ന് മാത്രം അവശേഷിക്കും, പുറത്തേക്ക് തള്ളിനിൽക്കുന്ന അതിൻ്റെ കണ്ണുകൾ. 

അറവുശാലയുടെ അറ്റത്ത് ഇതുപോലെ നൂറോളം തലകൾ കെട്ടിത്തൂക്കിയിട്ടിട്ടുണ്ടാകും. അതിന് മുൻപിലൂടെ പോകുമ്പോൾ അവയുടെ കണ്ണുകൾ എന്നെത്തന്നെ നോക്കുന്നപോലെ എനിക്ക് തോന്നും. അവയുടെ മരണത്തിൽ എനിക്കും പങ്കുണ്ടെന്ന് അവയിൽ ചിലത് കുറ്റപ്പെടുത്തും. മറ്റുചിലത് രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന മട്ടിൽ യാചിക്കും. ഒരേസമയം വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതുമായ അത് എൻ്റെ  ഹൃദയത്തെ തകർത്തുകളയും. ഇത് എന്നിൽ എന്തെന്നില്ലാത്ത കുറ്റബോധം ഉണ്ടാക്കി. 

എനിക്ക് മാത്രമല്ല ഇത്തരം ബുദ്ധിമുട്ടുകൾ. എൻ്റെ ഒപ്പം ജോലിചെയ്യുന്ന എല്ലാവരുംതന്നെ ഇത് അനുഭവിക്കുന്നവരാണ്. ഒരിക്കൽ എൻ്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരാൾ ഒരു പശുവിനെ അറക്കുകയായിരുന്നു. പെട്ടെന്നു അതിൻ്റെ വയറ്റിൽ നിന്ന് ഒരു  പശുകിടാവിൻ്റെ മാംസപിണ്ഡം താഴെ വീണു. അത് ഗർഭിണിയായിരുന്നു. ഇത് കണ്ട അറവുകാരൻ ഉറക്കെ കരയാനും ഇത് ശരിയല്ല എന്ന് പിറുപിറുക്കാനും തുടങ്ങി. പൊതുവെ വികാരങ്ങളൊന്നും പുറത്തു കാണിക്കാത്ത അയാളുടെ കണ്ണിൽനിന്ന് പക്ഷേ അന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. പക്ഷേ, എൻ്റെ അഭിപ്രായത്തിൽ ഗർഭിണികളായ പശുക്കളെയല്ല മറിച്ച് കിടാങ്ങളെ കൊല്ലാനാണ് കൂടുതൽ പ്രയാസം.  

1990 -കളിലെ കന്നുകാലികളിൽ ക്ഷയരോഗം പടർന്നുപിടിച്ച സമയം. പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ അവയെ കൊന്നൊടുക്കുക മാത്രമേ ഒരു മാർഗ്ഗം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ദൗത്യം ഞങ്ങൾ ഏറ്റെടുത്തു. അതിൽ കാളകളും, പശുക്കളും, പശുക്കിടാങ്ങളുമുണ്ടായിരുന്നു. ചിലപ്പോൾ ഒരേസമയം അഞ്ച് പശുക്കിടാങ്ങളെവരെ അറുക്കേണ്ടതായി വന്നിട്ടുണ്ട്. പശുക്കിടാങ്ങളെ അറവുശാലയുടെ റെയിലുകൾക്കുള്ളിൽ സൂക്ഷിക്കാൻ ഞങ്ങൾ ശ്രമിച്ചു, പക്ഷേ അവ വളരെ ചെറുതായിരുന്നു. പുതുതായി ജനിച്ചു വീണ അവ കാലുകളെ ചെറുതായി അനക്കി കൊണ്ടിരുന്നു. ഞങ്ങളുടെ അടുത്ത് വന്ന അവ സ്നേഹത്തോടെ തൊട്ടുരുമ്മി നടന്നു. ഞാൻ അവയെ തോലോടിയപ്പോൾ സ്നേഹത്തോടെ എൻ്റെ കൈകളിൽ അവ നക്കിക്കൊണ്ടിരുന്നു.   

അവരെ കൊല്ലാനുള്ള സമയം വന്നപ്പോൾ, ഞാൻ ധൈര്യം സംഭരിച്ചു. വലിയ മൃഗങ്ങളെ അറുക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അറവുശാലകളിൽ, പശുക്കിടാങ്ങളെ നിർത്താൻ സാധിക്കില്ല. അവ ഊർന്നു വീഴുമായിരുന്നു. അവസാനം ഞങ്ങൾ അഞ്ച് പശുക്കുട്ടികളെ വരെ ഒരേസമയത്ത് അതിലിട്ടു. എന്നിട്ട് അവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നു. വളരെ സങ്കടത്തോടെയാണെങ്കിലും ഞങ്ങൾ അത് ചെയ്തു. കുറച്ചുനാളുകൾക്ക് ശേഷം ഞാൻ ആ ജോലി ഉപേക്ഷിച്ചു. പക്ഷേ, ഇപ്പോഴും അതിൻ്റെ ഓർമ്മകൾ എന്നെ വേട്ടയാടാറുണ്ട്. എൻ്റെ മുൻ സഹപ്രവർത്തകർ കരകാണാത്ത കടലിൽ തുഴയുന്ന പോലെ ഇടതടവില്ലാതെ ജോലി ചെയ്യുന്നത് ഞാൻ ഓർക്കും. അതിനിടയിൽ അവിടെ അതിജീവിക്കാനാകാതെ ആത്മഹത്യചെയ്ത എൻ്റെ സുഹൃത്തുക്കളെയും ഞാൻ ഓർക്കും. ഇപ്പോഴും രാത്രിയിൽ, ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ, ആയിരകണക്കിന് കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോന്നും. 
 
അധികമാരും അറിയാത്ത ആ ലോകത്തെ കുറിച്ചെഴുതുമ്പോൾ ഈ അറവുശാല ജീവനക്കാരന്‍, അവരുടെ ജീവിതത്തിലെ നിസ്സഹായാവസ്ഥയുടെയും, നൊമ്പരങ്ങളുടെയും, വേദനകളുടെയും കാണാപ്പുറങ്ങൾ നമുക്കായി തുറന്നുതരുന്നു. മരണവും, വേദനയും മാത്രം കാണേണ്ടിവരുന്ന ആ തൊഴിലാളികളുടെ  ജീവിതത്തിൽ അവസാനം ഒരു മരവിപ്പ് മാത്രമാണ് ബാക്കിയാവുന്നത്. അവർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം നിർവ്വചിക്കാനാവില്ല. മിക്കവരിലും ഒന്നിൽ കൂടുതൽ മാനസിക രോഗങ്ങൾ കണ്ടുവരുന്നു. വിഷാദാവസ്ഥയും, ആത്മഹത്യ പ്രവണതയും അതിൽ ചിലത് മാത്രമാണ്. തീർത്തും ഒറ്റപ്പെടുത്തുന്ന ഭയാനകമായ ഒരു തൊഴിൽ  മേഖലയാണ് ഇത്. പലരും ജീവിക്കാനായി മറ്റ് മാർഗ്ഗങ്ങളില്ലാതെ ഇവിടെ വന്നെത്തുന്നവരാണ്. 

 

(കടപ്പാട് : ബിബിസി)