എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് സന്ധ്യാസമയത്തെ കടലോരക്കാഴ്‍ചകള്‍. അവിടത്തെ കാറ്റും, തിരകളുടെ ശബ്‌ദവും ഏതു പ്രായത്തിലുള്ളവരെയും ആകർഷിക്കും. എന്നാൽ, ചില ബീച്ചുകൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മാസ്മരികതയുണ്ട്. രാത്രിയിൽ ആകാശത്തിന് കീഴെ നീല വെളിച്ചം വാരിവിതറിയപോലെ അവ ഇരുട്ടിൽ തിളങ്ങും. ഓരോ അലകളും നീലപ്രകാശത്തിൻ്റെ വർണ്ണകാഴ്ചയാകും. അത്തരമൊരു അപൂർവ കാഴ്ചയാണ് ഓക്ലാൻഡിലെ ടിൻഡാൾസ് ബേയിലുമുണ്ടായത്.

ഓക്ലാൻഡിലെ ടിൻഡാൾസ് ബേയിൽ അമ്മയ്‌ക്കൊപ്പം ബീച്ചിലേക്കുള്ള ഒരു യാത്രയിലായിരുന്നു അലിസ്റ്റർ ബെയ്ൻ. അപ്പോഴാണ് അദ്ദേഹം ഈ പ്രതിഭാസം കണ്ടത്. കടലുമുഴുവൻ നക്ഷത്രങ്ങൾ വാരിവിതറിയപോലെ നീല പ്രകാശത്തിൽ തിളങ്ങുന്നു. കടലിൻ്റെ സൗന്ദര്യവും നിഗൂഢതയും പതിന്മടങ്ങ് വർധിച്ച പോലെ അദ്ദേഹത്തിന് തോന്നി. ഫോട്ടോഗ്രാഫറും ഹൈസ്കൂൾ അദ്ധ്യാപകനുമായ അലിസ്റ്റർ പറഞ്ഞു, "ഈ നിമിഷത്തിൻ്റെ യഥാർത്ഥ ഭംഗി ഒരിക്കലും പകർത്താനാവില്ല". കടലിനടിയിലെ തിളക്കമുള്ള ഈ നീല വെളിച്ചത്തെ ബയോലുമിനെസെൻസ് എന്നാണ് വിളിക്കുന്നത്.


പ്ലവകങ്ങൾ എന്നറിയപ്പെടുന്ന സൂക്ഷ്‍മജീവികളാണ് ഇതിൻ്റെ പിന്നിൽ. ഒഴുകിനടക്കുന്ന ജലസസ്യങ്ങളുടെ അഴുകിയ ഭാഗങ്ങളിൽ ഇവ വസിക്കുന്നു. എന്നാൽ ഈ ജീവികളെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയില്ല. ഇവയുടെ ശരീരത്തിനുള്ളിലെ നടക്കുന്ന രാസപ്രവർത്തനത്തിൻ്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.  

സൂര്യാസ്തമയത്തിന് ഏകദേശം 30 മിനിറ്റിനുശേഷമാണ് ഇത് കാണാൻ സാധിക്കുന്നതെങ്കിലും, ഇതിൻ്റെ പൂർണ്ണമായ ഭംഗി ആസ്വദിക്കണമെങ്കിൽ ഇരുട്ടാകണം. "അപ്പോഴാണ് അത് ശരിക്കും തിളങ്ങാൻ തുടങ്ങുന്നത്. ജീവിതത്തിൽ മുമ്പൊരിക്കൽ മാത്രമേ ബയോലൂമിനസെന്റ് പ്ലാങ്ക്ടണിന് സാക്ഷ്യം വഹിച്ചിട്ടുള്ളൂ. ഞാൻ പല മനോഹരമായ പ്രകൃതിദൃശ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഇതാണ് എന്നെ ഏറ്റവും വിസ്മയിപ്പിച്ച അത്ഭുത കാഴ്ച," അദ്ദേഹം പറഞ്ഞു. 40 വർഷത്തിലേറെയായി ഈ പ്രദേശത്ത് താമസിക്കുന്ന അമ്മയും ഈ പ്രതിഭാസം കാണാൻ ബെയ്‌നൊപ്പം ചേർന്നു.

മറൈൻ സയൻസിൽ ബിരുദം നേടിയ മിസ്റ്റർ ബെയ്‌നിൻ്റെ സഹപ്രവർത്തകനായ ഡാനിയേൽ വാർഡ് പറഞ്ഞു, 'പ്ലവകങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്നവയെ ഒഴിവാക്കാനും, അവയുടെ ശ്രദ്ധ തിരിപ്പിക്കാനുമാണ് ഈ ജീവികൾ ഇങ്ങനെ പ്രകാശം പുറപ്പെടുവിക്കുന്നത്. മറ്റ് ജീവികൾക്ക് ഇവയെ എളുപ്പത്തിൽ കണ്ടുപിടിക്കാതിരിക്കാനായി അവ കൈക്കൊള്ളുന്ന ഒരു പ്രതിരോധ മാർഗ്ഗമാണ് ഈ പ്രതിഭാസം. ഇത് എപ്പോൾ സംഭവിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്.  “ബയോലുമിനെസെൻസിൻ്റെ ഏറ്റവും ശക്തമായ പ്രവർത്തനം കാണണമെങ്കിൽ വെള്ളത്തെ ഉലച്ചു കൊടുത്താൽ മതി. ഇളകിക്കൊണ്ടിരിക്കുന്ന ജലത്തിൽ അവയുടെ പ്രതിരോധ പ്രവർത്തനം കൂടും” അദ്ദേഹം പറഞ്ഞു.  എന്തുതന്നെയായാലും രാത്രിയുടെ ഇരുട്ടിൽ കടലിൻ്റെ മടിത്തട്ടിലെ ഈ പ്രകാശ കാഴ്ച ആരുടേയും മനം കവരും.