രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. വ്യാപകമായ വിമർശനങ്ങളെ തുടർന്നാണ് പിന്‍വലിച്ചത്. തീരുമാനം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പിന്നീട് വിശദീകരണം.
രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിനുണ്ടായിരുന്ന വിലക്ക് നിലവിൽ വരും മുമ്പ് പിൻവലിച്ചു. മൂപ്പന്മാരാണ് വിലക്ക് കൊണ്ടുവന്നത്. സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ ഉപയോഗം വിലക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരെ പലയിടത്തുനിന്നും വ്യാപകമായ എതിർപ്പുകൾ ഉയർന്നിരുന്നു. പിന്നാലെയാണ് ഈ വിലക്ക് പിൻവലിക്കുന്നത്. വ്യാഴാഴ്ച ഗാസിപൂർ ഗ്രാമത്തിൽ ഗ്രാമമൂപ്പന്മാരുടെ ഒരു യോഗം വിളിച്ചുചേർത്തിരുന്നു. അവിടെവച്ചാണ് അവർ ഏകകണ്ഠമായി നിരോധനം പിൻവലിക്കാൻ വേണ്ടിയുള്ള തീരുമാനം എടുത്തത്. കുട്ടികളെ മനസ്സിൽ വെച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും എന്നാൽ അത് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും യോഗത്തിൽ അവർ പറഞ്ഞു.
ഡിസംബർ 21 -ന് ഗാസിപൂർ ഗ്രാമത്തിൽ സുന്ദമാത പാട്ടി പഞ്ചായത്തിലെ ചൗധരി സമൂഹത്തിന്റെ ഒരു യോഗത്തിലാണ് ഗ്രാമത്തിലെ പെൺമക്കളും അവിടേക്ക് വരുന്ന മരുമക്കളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും തടഞ്ഞുകൊണ്ടുള്ള നിരോധനം വരുന്നത്. ജനുവരി 26 മുതൽ 15 ഗ്രാമങ്ങളിൽ ഇത് നടപ്പിലാക്കാനായിരുന്നു തീരുമാനം. അവർക്ക് സാധാരണ കീപാഡ് ഫോണുകൾ ഉപയോഗിക്കാമെന്നും ഗ്രാമത്തിലെ മുതിർന്നവർ തീരുമാനമെടുക്കുകയായിരുന്നു.
സ്കൂളിലെ പഠനാവശ്യങ്ങൾക്ക് പെൺകുട്ടികൾക്ക് ഫോൺ ഉപയോഗിക്കാം. അത് വീടിന്റെ അകത്തായിരിക്കണം. വിവാഹങ്ങൾക്കോ മറ്റ് പരിപാടികൾക്കോ ഒന്നും പോകുമ്പോൾ സ്മാർട്ട് ഫോൺ കൊണ്ടുപോകാൻ അനുവാദം ഉണ്ടായിരുന്നില്ല. കുട്ടികൾ സ്കൂളിൽ നിന്നും വന്നാൽ പഠിക്കുകയോ ആഹാരം കഴിക്കുകയോ പോലും ചെയ്യാതെ ഫോൺ നോക്കിയിരിപ്പാണ്. അമ്മമാർക്കാണ് ഇത് നിയന്ത്രിക്കാനാവുക. അതുപോലെ, സ്ത്രീകളും മറ്റും സൈബർ തട്ടിപ്പുകളിലൂടെയും മറ്റും പറ്റിക്കപ്പെടുന്നു. ഇതൊക്കെ തടയാനായിട്ടാണ് സ്ത്രീകളിലെ സ്മാർട്ട് ഫോൺ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയത്. അത് പക്ഷേ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നാണ് ഗ്രാമത്തിലെ മുതിർന്നവർ പറയുന്നത്.


