15 അടി നീളമുള്ള ഒരു പെരുമ്പാമ്പിനെ കണ്ടാൽ പേടിച്ച് ഒരുമാതിരിപ്പെട്ടവരുടെയെല്ലാം ബോധം പോവും. എന്നാൽ, എട്ടുവയസ്സുള്ള എമി എന്ന പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, അതവളുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. ആളുകൾ സാധാരണ വീട്ടിൽ പട്ടിയെയും, പൂച്ചയെയുമൊക്കെ വളർത്തുമ്പോൾ അവൾക്ക് താല്പര്യം പെരുമ്പാമ്പുകളോടാണ്. അതും ഒന്നല്ല, രണ്ടെണ്ണമാണ് അവളുടെ വീട്ടിലുള്ളത്. അവൾ പാമ്പുകളുമായി തമാശപറയുന്നതും കളിക്കുന്നതുമായ വീഡിയോകൾ  സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു. അവയുടെ വലിപ്പമോ അപകടസാധ്യതയോ ഒന്നും അവൾക്കൊരു പ്രശ്‌നമല്ല. എന്നാൽ, അവൾക്ക് ഈ ധൈര്യം നൽകിയത് അവളുടെ അച്ഛൻ എഡ് താവോകയാണ്. 

സർറേയിലുള്ള മസാജ് തെറാപ്പിസ്റ്റായ ഈ 39 -കാരന് പാമ്പുകളോട് തോന്നിയ ചെറുപ്പം മുതലേയുള്ള കമ്പമാണ് ഈ രണ്ട് പെരുമ്പാമ്പുകളെ വീട്ടിൽ എത്തിച്ചത്. ഏഴ് വയസ്സുള്ള സോണിയും ആറ് വയസ്സുള്ള ചെറും ആ വീട്ടിൽ അച്ഛനും, മകൾക്കുമൊപ്പം സുഖമായി കഴിയുന്നു. നീളമുള്ള പാമ്പിനെ മുഖാമുഖം കാണുന്നത് ആരെയും ഭയപ്പെടുത്തുമെങ്കിലും, അതിനെ അങ്ങനെ ഭയപ്പെടേണ്ട കാര്യമൊന്നുമില്ലെന്നാണ് എഡ് പറയുന്നത്. തന്റെ മകൾ പാമ്പുകളുമായി ചങ്ങാത്തം കൂടുന്നത് വളരെയധികം ആസ്വദിക്കുന്നുവെന്നും, ദിവസം ചെല്ലുന്തോറും അവരുമായി വല്ലാത്ത ആത്മബന്ധമാണ് അവൾക്കെന്നും എഡ് പറയുന്നു. “പാമ്പുകളെ വളർത്തുന്നതിനെ ചൊല്ലി ഒരുപാട് തെറ്റിദ്ധാരണകൾ നമുക്കിടയിലുണ്ട്" എഡ് പറഞ്ഞു. കാട്ടിൽ അവ ആക്രമണകാരികളാകാമെങ്കിലും, വീട്ടിനുള്ളിൽ വളർത്തുന്ന ഇവർ ശാന്തസ്വഭാവക്കാരാണ് എന്നാണ് എഡ് പറയുന്നത്. "പാമ്പുകളുമായി കൂട്ടംകൂടാൻ ഞാൻ ഒരിക്കലും അവളെ നിർബന്ധിച്ചിട്ടില്ല. പക്ഷേ, സ്വാഭാവികമായും അവയുമായി ഇടപഴകാൻ അവൾ ആഗ്രഹിക്കുന്നു. പാമ്പുകൾ പലപ്പോഴും വീടിനുള്ളിലെ കൂട്ടിലാണ്. എന്നാൽ, ചൂടുസമയത്ത് ഞാൻ അവരെ പൂന്തോട്ടത്തിൽ കറങ്ങാൻ വിടുന്നു" എഡ് പറഞ്ഞു.  

പാമ്പുകൾ വളരെ ശക്തരായ വേട്ടക്കാരാണ്. അതുകൊണ്ട് തന്നെ ഒരിക്കലും മകളെ പാമ്പുകൾക്കിടയിൽ തനിച്ച് വിടാറില്ലെന്നും എഡ് പറയുന്നു. ഒരു വയസ്സുള്ളപ്പോഴാണ് അവൾ പാമ്പുകളുമായി ഇടപഴകാൻ തുടങ്ങിയത്. അപ്പോൾ മുതൽ പാമ്പുകളോട് എങ്ങനെ പെരുമാറണമെന്ന് എഡ് മകളെ പഠിപ്പിക്കുന്നു. സൗമ്യതയോടെ എങ്ങനെ അതിനെ തലോടണമെന്ന് അവൾക്ക് അദ്ദേഹം മനസ്സിലാക്കി കൊടുത്തു. സൂക്ഷിച്ച്  കൈകാര്യം ചെയ്‍താൽ അവയെ പരിപാലിക്കുന്നത് സുരക്ഷിതമാണ് എന്നാണ് എഡിന്‍റെ അഭിപ്രായം. എലിയും, മുയലുമൊക്കെയാണ് പാമ്പുകളുടെ ആഹാരം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഫ്രീസറിൽ സൂക്ഷിച്ച രണ്ട് മുയലുകളെ വീതം അവയ്ക്ക് എഡ് ആഹാരമായി ഇട്ടുകൊടുക്കുന്നു. 

അവ പേടിക്കേണ്ട മൃഗങ്ങളല്ലെന്ന് തെളിയിക്കാനായി എഡ് തന്റെ മകളുടെയും, പാമ്പുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു. ഒരു പെൺകുട്ടി ഒരു വലിയ പെരുമ്പാമ്പിനെ കളിപ്പിക്കുന്നത് ആളുകളെ ആകർഷിക്കുന്നു. പാമ്പുകളെക്കുറിച്ചുള്ള ആളുകളുടെ ധാരണകളെ വെല്ലുവിളിക്കാൻ എഡ് ആഗ്രഹിക്കുന്നു, ഒപ്പം വീട്ടിൽ പാമ്പുകളെ വളർത്താൻ സാധിക്കുമെന്ന് തെളിയിക്കാനും എഡ് ശ്രമിക്കുന്നു.   

പാമ്പുകൾക്ക് അപകടസാധ്യതയുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, എഡ് വിശദീകരിച്ചു: “അവളുടെ കഴുത്തിൽ ചുറ്റിവരിഞ്ഞാൽ ഒരുപക്ഷേ അവൾക്ക് ശ്വാസം മുട്ടുമായിരിക്കും, എന്നിരുന്നാലും എന്റെ മകളെ ഈ വലുപ്പത്തിൽ അവയ്ക്ക് ഭക്ഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.” തന്റെ മകളെ പാമ്പുകളുമായി ഇടപഴകാൻ അനുവദിച്ചതിന് കാരണം അവൾ അവരുടെ ഇരയല്ലെന്ന് ബോധ്യപ്പെടുത്താനാണ്. “അവൾ ഭക്ഷണമോ ഭീഷണിയോ അല്ലെന്ന് അവർ മനസ്സിലാക്കിയാൽ, അവർ പിന്നെ അവളെ ഒന്നും ചെയ്യില്ല.” ഈ പെരുമ്പാമ്പുകളുടെ ആയുർദൈർഘ്യം ഏകദേശം 20 മുതൽ 30 വർഷമാണ്. ഇനിയും ഒരുപാട് വർഷം എമിക്കൊപ്പം അവ കാണുമെന്ന് എഡ് പ്രതീക്ഷിക്കുന്നു. “നിങ്ങൾ അവരെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യാത്തിടത്തോളം കാലം അവ വളരെ സൗമ്യവും ശാന്തവുമായ മൃഗങ്ങളാണ്. ഒരുപക്ഷേ ചില മനുഷ്യരേക്കാളും ഇവയെ നമുക്ക് വിശ്വസിക്കാം” എന്നൊക്കെയാണ് എഡിന്‍റെ വാദം.