Asianet News MalayalamAsianet News Malayalam

150 വര്‍ഷം വരെ ജീവിക്കാനാവുന്ന തിമിംഗല സ്രാവ്, ലോകത്തിലെ ഏറ്റവും വലിയ മത്സ്യം പെണ്‍തിമിംഗല സ്രാവ്?

തിമിംഗല സ്രാവുകൾ 100 മുതൽ 150 വർഷം വരെ ജീവിച്ചിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. ഏറ്റവും നീളമേറിയ തിമിംഗല സ്രാവിന് ഏകദേശം 60 അടി വരെ നീളമുണ്ടാകുമെന്നാണ് അനുമാനിക്കുന്നത്. 

The biggest fish in the world is female whale shark
Author
Australia, First Published Sep 20, 2020, 9:36 AM IST

സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ കൂടുതലാണ് എന്ന് 2019 -ൽ ഇന്ത്യൻ രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ എസ്ആർ‌എസ് റിപ്പോർട്ടിൽ പറയുന്നു. നഗരകേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് 73.70 വർഷവും പുരുഷന്മാർക്ക് 71.20 വർഷവുമാണെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകൾക്ക് 69 -വര്‍ഷവും പുരുഷന്മാർക്കും 66.40 വർഷവുമാണ് ആയുർദൈർഘ്യം. മനുഷ്യരുടെ കാര്യം മാത്രമല്ല ചില മൃഗങ്ങൾക്കിടയിലും സ്ത്രീകൾക്കാണ് ആയുർദൈർഘ്യം കൂടുതലെന്നാണ് പറയുന്നത്. ഭൂമിയുടെ ഏറ്റവും വലിയ മത്സ്യത്തിന്റെ ജീവശാസ്ത്രത്തെക്കുറിച്ച് നടത്തിയ ഒരു ഗവേഷണപ്രകാരം, തിമിംഗല സ്രാവുകൾക്കിടയിലും സ്ത്രീകൾക്കാണ് കൂടുതൽ ആയുർദൈർഘ്യം എന്ന് കണ്ടെത്തിയിരിക്കുന്നു. അതിനൊരു പ്രധാന കാരണം, പെൺ തിമിംഗല സ്രാവുകൾ വളരെ പതുക്കെയാണ് വളരുന്നത് എന്നതാണ്.  

അവ വളരുന്നത് വളരെ സാവധാനത്തിലാണെങ്കിലും, ആൺതിമിംഗലത്തേക്കാള്‍ അവ വളരെ വലുതായിത്തീരുന്നു എന്നും പഠനം വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന വിശാലമായ നിംഗലൂ റീഫിലെ 54 തിമിംഗല സ്രാവുകളുടെ വളർച്ചയെ 10 വർഷക്കാലം നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു ഈ കണ്ടെത്തൽ. പ്രതിവർഷം നൂറുകണക്കിന് തിമിംഗല സ്രാവുകളാണ് ഇവിടേക്ക് കുടിയേറുന്നത്. ചെറുതായിരിക്കുമ്പോൾ അവയുടെ വളർച്ചാ നിരക്ക് ഏകദേശം ഒരേപോലെയാണ്. ഇരുലിംഗത്തിലെയും തിമിംഗല സ്രാവുകൾ പ്രതിവർഷം എട്ട് മുതൽ 12 ഇഞ്ച് വരെ (20-30 സെ.മീ) അതിവേഗം വളരുന്നതായി പഠനത്തിൽ കണ്ടെത്തി. എന്നാൽ, പ്രായം ചെല്ലുമ്പോൾ പുരുഷന്മാർ സ്ത്രീകളേക്കാൾ അല്പം വേഗത്തിൽ വളരുന്നുവെന്നും പഠനത്തിൽ പറയുന്നു. ഏകദേശം 30 വയസ്സ് പ്രായമുള്ള ഒരു തിമിംഗല സ്രാവിന്  ഏകദേശം 26 അടി (എട്ട് മീറ്റർ) നീളമുണ്ടാകും. 50 വയസിൽ 46 അടിയും.   

തിമിംഗല സ്രാവുകൾ 100 മുതൽ 150 വർഷം വരെ ജീവിച്ചിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. ഏറ്റവും നീളമേറിയ തിമിംഗല സ്രാവിന് ഏകദേശം 60 അടി വരെ നീളമുണ്ടാകുമെന്നാണ് അനുമാനിക്കുന്നത്. "പെൺ തിമിംഗല സ്രാവുകൾക്ക് പ്രസവത്തിൽ 300 കുഞ്ഞുങ്ങൾ വരെയുണ്ടാകാം. അതുകൊണ്ടായിരിക്കാം അവയെ ഇത്ര വലുതായി സൃഷ്ടിച്ചിരിക്കുന്നത്" ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസ് മറൈൻ ബയോളജിസ്റ്റ് മാർക്ക് മീക്കൻ പറഞ്ഞു.   

"ആണും പെണ്ണുമായ തിമിംഗല സ്രാവുകൾ വ്യത്യസ്‍തമായിട്ടാണ് വളരുന്നത് എന്നതിന്റെ ആദ്യത്തെ തെളിവാണ് ഞങ്ങളുടെ പഠനം. മുമ്പ്, ഗവേഷകർ ചത്ത സ്രാവുകളുടെ കശേരുക്കൾ വേർതിരിച്ചെടുത്താണ് വളർച്ചയും പ്രായവും കണ്ടെത്തിയിരുന്നത്. സാമ്പിളുകൾ വളരെ പരിമിതമായിരുന്നു" അദ്ദേഹം പറഞ്ഞു. ഫ്രോണ്ടിയേഴ്സ് ഇൻ മറൈൻ സയൻസ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഈ മൃഗങ്ങൾക്ക് പക്വത പ്രാപിക്കാൻ  30 വർഷമോ അതിൽ‌ കൂടുതലോ സമയമെടുക്കുന്നുവെങ്കിൽ‌, വേട്ടയാടൽ‌, കപ്പൽ‌ ആക്രമണം തുടങ്ങിയ ഭീഷണികൾ മൂലം അവ പ്രജനനത്തിന്റെ പ്രായമാകുന്നതിന് മുൻപ് തന്നെ മരണപ്പെടാം. വംശനാശ ഭീഷണിയുടെ വക്കിലെത്തി നിൽക്കുന്ന ഈ മൃഗങ്ങളുടെ സംരക്ഷണം അടിയന്തിര ശ്രദ്ധ വേണ്ടുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios