നമ്മളിൽ ചിലർക്ക് കൈയിൽ കിട്ടുന്നതെന്തും സൂക്ഷിച്ചുവയ്ക്കുന്ന ശീലമുണ്ട്. ആവശ്യമില്ലെങ്കിൽപോലും അവയെല്ലാം കളയാൻ നമുക്ക് മടിയാണ്. എന്നാൽ, അപൂർവ്വം ചിലർക്ക് ഈ വിനോദം അപകടകരമായ ഒരു മാനസികാവസ്ഥയായി മാറുന്നു. ഈ സ്വഭാവംകൊണ്ട് ചരിത്രത്തിൽ ഇടംനേടിയ രണ്ട് പേരാണ് കോലിയർ സഹോദരന്മാർ. ഏകദേശം 120 ടണ്ണോളം ചവറാണ് അവർ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഒടുവിൽ, ഈ ശീലം അവരുടെ മരണത്തിന് തന്നെ കാരണമാവുകയായിരുന്നു. 

പുറംലോകം ഇതിനെ കുറിച്ചറിയുന്നത് പൊലീസിന് ലഭിക്കുന്ന ഒരു ഫോൺകോളിലൂടെയാണ്. 1947 മാർച്ചിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിൽനിന്ന് വല്ലാത്ത ദുർഗന്ധം വരുന്നു എന്നൊരു പരാതി പ്രദേശത്തെ പൊലീസിന് ലഭിക്കുകയുണ്ടായി. അതിൻപ്രകാരം സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയാണ് കണ്ടത്. എല്ലാത്തരം വസ്‍തുക്കളും കൊണ്ട് നിറഞ്ഞ ഒരു വീടായിരുന്നു അത്. അവർക്ക് അകത്തേക്ക് പോകാൻപോലും കഴിയാത്തവിധം സാധനങ്ങൾ കുന്നുകൂട്ടി ഇട്ടിരിക്കുകയായിരുന്നു അതിനകത്ത്. ഒടുവിൽ വേറെ മാർഗ്ഗമൊന്നും കാണാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജനൽപൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അതിനകത്തെ ചവറ് നീക്കം ചെയ്യുന്നതിനിടയിൽ സഹോദരന്മാരിൽ ഒരാളായ ഹോമർ കോലിയറുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ അനുസരിച്ച്, പട്ടിണിയും ഹൃദയസംബന്ധമായ അസുഖവും കാരണമാണ് ഹോമർ മരിച്ചത്. പത്ത് മണിക്കൂറോളം ആ മൃതദേഹം ആരും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. അഞ്ച് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഹോമറുടെ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ തുടർന്നും അവിടെ തിരച്ചിൽ നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. 

കൂടാതെ കാണാതായ സഹോദരൻ ലാംഗ്ലി കോലിയറിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‍തു. ലാംഗ്ലിയെ എങ്ങും കണ്ടെത്താനായില്ല. അതേസമയം, ആ വീട്ടിൽ നിന്ന് എല്ലാത്തരം വിചിത്രവസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഒരു കുതിരയുടെ താടിയെല്ല്, ആദ്യകാല എക്സ്-റേ മെഷീൻ, ധാരാളം തോക്കുകൾ, 25,000 -ത്തിലധികം പുസ്‍തകങ്ങൾ, കുപ്പികളിൽ അടച്ച മനുഷ്യഅവയവങ്ങൾ, എട്ട് ജീവനുള്ള പൂച്ചകൾ, ഉപയോഗിക്കാത്ത സിൽക്കുകൾ, പതിനാല് പിയാനോകൾ, എണ്ണമറ്റ പത്രങ്ങളും മാസികകളും എല്ലാം പൊലീസ് അവിടെ നിന്ന് കണ്ടെത്തി. ഈ വൃത്തിയാക്കൽ മഹാമഹം കാണാൻ രണ്ടായിരത്തിലധികം ആളുകളാണ് വീടിന് ചുറ്റും തടിച്ചുകൂടിയത്. മൂന്ന് ആഴ്ചകൾ വേണ്ടിവന്നു കോലിയർ അപ്പാർട്ട്മെന്റിലെ മാലിന്യം നീക്കം ചെയ്യാൻ. എന്നാൽ, അതിൽ ഞെട്ടിക്കുന്ന കാര്യം ലാംഗ്ലി കോളിയറിന്റെ മൃതദേഹവും ആ ചപ്പുചവറുകൾക്കിടയിൽ നിന്ന് തന്നെ പൊലീസ് ഒടുവിൽ കണ്ടെത്തി എന്നതാണ്. ഹോമറിന്റെ മൃതദേഹം കിടന്നിടത്ത് നിന്ന് പത്തടി മാറിയായിരുന്നു ഇത് കിടന്നിരുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ ലാംഗ്ലി കോലിയർ രണ്ടാഴ്ച മുമ്പാണ് മരിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ആ സഹോദരന്മാരുടെ മരണവും ആരും അറിഞ്ഞില്ല. ലാംഗ്ലി മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പട്ടിണി കിടന്ന് ഹോമറും മരിക്കുകയായിരുന്നു. ഹോമർ ഒരു അഭിഭാഷകനായിരുന്നു, ലാംഗ്ലി എഞ്ചിനീയറും.  

ഇവരുടെ ചരിത്രം അന്വേഷിച്ച പൊലീസ് വളരെ വേദനിപ്പിക്കുന്ന കുറെ കാര്യങ്ങൾ കണ്ടെത്തുകയുണ്ടായി. 1932 -ലാണ് ഇരുവരുടെയും ജീവിതം വലിയൊരു വഴിത്തിരിവിലെത്തുന്നത്. ഹോമറിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. ഇത് ജോലി ഉപേക്ഷിച്ച് സഹോദരനെ പരിപാലിക്കാൻ ലാംഗ്ലിനെ നിർബന്ധിതനാക്കി. രണ്ടു സഹോദരന്മാരും ദിവസം മുഴുവൻ അവരുടെ വീട്ടിൽ തന്നെ ഒതുങ്ങിക്കഴിഞ്ഞു. സമൂഹത്തിൽ നിന്ന് ഉൾവലിയാൻ ഇത് കാരണമായി. ലാംഗ്ലി സഹോദരന് വേണ്ടി ആഴ്ചയിൽ 100 ഓറഞ്ച്, റൊട്ടി, പീനട്ട് ബട്ടർ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കി. സഹോദരന്റെ അന്ധതയെ പൂർണ്ണമായും സുഖപ്പെടുത്താൻ ഈ ഡയറ്റിന് കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. സഹോദരന് സമയം പോകാൻ അദ്ദേഹം പുസ്തകങ്ങൾ വായിക്കുകയും ക്ലാസിക്കൽ പിയാനോ വായിക്കുകയും ചെയ്യുമായിരുന്നു.

അവരുടെ ഈ ഒതുങ്ങിയ ജീവിതം ആളുകളിൽ കൗതുകമുണർത്തി. ഒരിക്കൽ അവരെ ശല്യം ചെയ്യാനായി അയൽപക്കത്തുള്ള ചില കുട്ടികൾ അവരുടെ ജനലിൽ കല്ലെറിയുകയുണ്ടായി. ഇത് ജനാലകൾ അടച്ചുകെട്ടി ലോകത്തിൽ നിന്ന് തന്നെ പിൻവാങ്ങാൻ അവരെ പ്രേരിപ്പിച്ചു. അവരുടെ അടച്ച വാതിലുകൾ ആർക്കു മുൻപിലും പിന്നെ തുറന്നിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ്, മറ്റൊരു വിപത്ത് അവർക്ക് സംഭവിക്കുന്നത്. ഹോമറിന് വാതം പിടിപെട്ട് ഒരുവശം പൂർണ്ണമായും തളർന്നു. അപ്പോഴും വൈദ്യസഹായം തേടാൻ അവർ തയ്യാറായില്ല. ജോലിയുടെ അഭാവം അവരുടെ എല്ലാ വരുമാന സ്രോതസ്സുകളെയും ഇല്ലാതാക്കി. ബില്ലുകൾ അടയ്ക്കാൻ കഴിയാത്തതിനാൽ അവരുടെ വെള്ളവും കറണ്ടും വിച്ഛേദിക്കപ്പെട്ടു. എന്നാൽ, എഞ്ചിനീയറായ ലാംഗ്ലി സ്വയം ഒരു ജനറേറ്റർ ഉണ്ടാക്കി. വീടിന് ചൂട് നൽകാൻ ഒരു ചെറിയ മണ്ണെണ്ണ ഹീറ്ററും നിർമ്മിച്ചു. അവർ വെള്ളത്തിനായി പ്രദേശത്തെ പാർക്കുകളെ ആശ്രയിച്ചു..  

പകൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്ന ലാംഗ്ലി അർദ്ധരാത്രിയാകുമ്പോൾ പുറത്തുപോയി കൈയിൽ കിട്ടുന്ന കൗതുകകരമായ വസ്‍തുക്കൾ എല്ലാം വീട്ടിലേയ്ക്ക് കൊണ്ടുവരുമായിരുന്നു. ഉപയോഗിക്കാത്ത വസ്‍തുക്കളും പുസ്‍തകങ്ങളും തുണിത്തരങ്ങളും എല്ലാം അദ്ദേഹം വീട്ടിൽ സൂക്ഷിച്ചു. തന്‍റെ സഹോദരന് കാഴ്ച തിരിച്ചുകിട്ടിയശേഷം വായിക്കാനായി അദ്ദേഹം പത്രക്കെട്ടുകളും വീട്ടിൽ അടുക്കി വയ്ക്കുമായിരുന്നു. അവരുടെ അസാധാരണമായ ഈ സ്വഭാവശീലങ്ങൾ അവരെ പ്രശസ്തരാക്കി. ന്യൂയോർക്ക് ടൈംസ് ഒരിക്കൽ അവർക്ക് 125,000 ഡോളർ ഓഫർ ചെയ്യുകയുണ്ടായി. എന്നാൽ അവർ അത് നിരസിക്കുകയാണ് ഉണ്ടായത്. അതേസമയം അവരുടെ ഹോർഡിങ് എന്ന ഈ സാധനശേഖരണ സ്വഭാവം ഒരു മാനസികാവസ്ഥയാണെന്ന് ആർക്കും അറിയില്ലായിരുന്നു. 2013 -ലാണ് ഹോർഡിംഗ് ആദ്യമായി ഒരു മാനസികാവസ്ഥയായി നിർവചിക്കപ്പെടുന്നത്. രണ്ട് ശതമാനം മുതൽ അഞ്ച് ശതമാനം വരെയുള്ള മുതിർന്നവരിൽ ഈ അസുഖം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇന്ന് സഹോദരന്മാരുടെ വീടിരുന്നയിടം അവരോടുള്ള ബഹുമാനാർത്ഥം ഒരു ചെറിയ പാർക്കാക്കി മാറ്റിയിരിക്കുന്നു.