ഒരുകാലത്ത് രാജാക്കന്മാർ അതിമനോഹരമായ കൊട്ടാരങ്ങൾ സ്വന്തമാക്കിയിരുന്നു. നാടുവാഴികളുടെ പഴയകാല പ്രതാപത്തിനെയും, അധികാരത്തിന്റെയും പ്രതീകമായി അവ ഇന്നും നിലനിൽക്കുന്നു. അവയിൽ പലതും ഇന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ജപ്പാനിലെ ബിച്ചു മാറ്റ്സുയാമ കൊട്ടാരവും അത്തരത്തിൽ പഴയകാല പ്രൗഢിയുൾക്കൊള്ളുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന്. എന്നാൽ, മറ്റ് കൊട്ടാരങ്ങൾക്കില്ലാത്ത ഒരു പ്രത്യേകത അതിനുണ്ട്. എന്താണെന്നല്ലേ? ആ കൊട്ടാരത്തിന്റെ ഉടമസ്ഥൻ അല്ലെങ്കിൽ പ്രഭു ഒരു പൂച്ചയാണ്. വിശ്വസിക്കാൻ പ്രയാസം തോണുന്നുണ്ടെങ്കിലും, സംഭവം സത്യമാണ്. എന്നാൽ ആ പൂച്ചയെ ചുമ്മാ പിടിച്ചങ്ങു പ്രഭുവാക്കിയതല്ല. അതിന്റെ പിന്നിൽ ഒരു കാരണമുണ്ട്. 

440 മീറ്ററോളം ഉയരമുള്ള ബിച്ചു മാറ്റ്സുയാമ, ജപ്പാനിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന കൊട്ടാരമാണ്. പർവതത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ഇത് 1240 -ലാണ് നിർമ്മിച്ചത്. ഡിസംബർ 16 -നാണ് ആ മൂന്നുവയസ്സുകാരൻ കൊട്ടാരത്തിൽ സ്ഥിരതാമസമാക്കിയത്. സഞ്ജുറോ എന്ന് പേരിട്ടിരിക്കുന്ന ആ പൂച്ച യഥാർത്ഥത്തിൽ 40 -കാരനായ മെഗുമി നാൻബയുടെ വളർത്തുമൃഗമായിരുന്നു. പടിഞ്ഞാറൻ ജപ്പാനിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടർന്ന് ജൂലൈ 14 -ന് ഓടിപ്പോന്നതാണ് അവൻ. ഒരാഴ്ച അലഞ്ഞുനടന്നത്തിന് ശേഷം ഒടുവിൽ ഈ കൊട്ടാരത്തിൽ എത്തിച്ചേരുകയായിരുന്നു. ജൂലൈ 21 ന് കോട്ടയിലെ കാവൽക്കാരനായ റയോചി മോട്ടോഹാരയാണ് കോട്ടയിലെ സനോമാരു പ്രദേശത്ത് അലഞ്ഞുതിരിയുന്ന അവനെ ആദ്യമായി കണ്ടത്. “തീരെ മെലിഞ്ഞ അവനെ കണ്ടപ്പോൾ ആരോ ഉപേക്ഷിച്ച പൂച്ചയാണെന്നാണ് ഞാൻ കരുതിയത്” മോട്ടോഹാര പറഞ്ഞു. 

അയാൾ അതിന് ഭക്ഷണം കൊടുക്കാൻ തുടങ്ങി. പതുകെ അവൻ കോട്ടയിലെ വിനോദസഞ്ചാരികളുമായി ഇടപഴകി തുടങ്ങി. എല്ലാവരുമായി പെട്ടെന്നു ഇണങ്ങുന്ന സഞ്ജുറോ സന്ദർശകരുടെ ഹൃദയം കവർന്നു. സഞ്ജുറോയെ കുറിച്ച് ആളുകൾ കൂടുതൽ കൂടുതൽ അറിയാൻ തുടങ്ങി. അങ്ങനെ പത്രങ്ങളിലും, ടിവി പ്രോഗ്രാമുകളിലും ഇതൊരു വാർത്തയായി. കൊട്ടാരത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കാനും തുടങ്ങി. അങ്ങനെയാണ് കൊട്ടാരത്തിന് ഭാഗ്യം കൊണ്ടുവന്ന പൂച്ചയെ കൊട്ടാരത്തിന്റെ ഉടമയാക്കാൻ കൊട്ടാരം ഭാരവാഹികൾ തീരുമാനിച്ചത്. കഴിഞ്ഞ വർഷത്തേക്കാളും സന്ദർശകരുടെ വരവ് 40 ശതമാനം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ കൊട്ടാരം സമിതി സഞ്ജുറോയുടെ ഫോട്ടോ ഉപയോഗിച്ച് കീ ചെയിനുകൾ, പോസ്റ്റ്കാർഡുകൾ, ഡിജിറ്റൽ സ്റ്റാമ്പുകൾ എന്നിവ നിർമ്മിക്കുകയാണ്. 

എഡോ കാലഘട്ടത്തിലെ (1603-1867) സമുറായി സ്ക്വാഡായ ഷിൻസെൻഗുമിയുടെ ട്രൂപ്പ് ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച ബിച്ചു മാറ്റ്സുയാമ വംശത്തിലെ സമുറായ് യോദ്ധാവായ താനി സഞ്ജുറോയോടുള്ള ആദരസൂചകമായി ടൂറിസ്റ്റ് അസോസിയേഷൻ പൂച്ചയ്ക്ക് സഞ്ജുറോ എന്ന പേര് നൽകി.