നമ്മുടെ ജീവിതത്തിലെ പ്രതീക്ഷവും, വെളിച്ചവുമാണ് നമ്മുടെ മക്കൾ. അവരുടെ ചിരിച്ച മുഖമാണ് എത്ര വലിയ പ്രതിസന്ധിയിലും ചിലപ്പോള്‍ നമ്മുടെ കരുത്ത്. എന്നാൽ, പെട്ടെന്ന് ഒരു ദിവസം അച്ഛാ, അമ്മാ എന്ന ആ വിളികൾ ഇല്ലാതായാലോ? ഒരുപക്ഷേ, ചിന്തിക്കാൻ പോലും സാധിക്കില്ല അത്തരമൊരവസ്ഥ ആർക്കും. എന്നാൽ, നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾ അനവധിയാണ്. ഓരോ എട്ട് മിനിറ്റിലും ഇന്ത്യയിൽ ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഗ്രാമങ്ങളിൽ ദാരിദ്ര്യവും, നിരക്ഷരതയും മൂലം പലരും സ്വന്തം മക്കളെ പട്ടണങ്ങളിൽ ജോലിക്കായി അയക്കുന്നു. എന്നാൽ, പിന്നീട് അവർ തങ്ങളുടെ കുട്ടികളെ ഒരു നോക്ക് കാണാൻ കഴിയാതെ, അവർക്ക് എന്ത് സംഭവിച്ചു എന്നറിയാതെ ജീവിതം മുഴുവൻ കണ്ണുനീരൊഴുക്കുന്നു. 

ഇന്ത്യയിൽ ഓരോ വർഷവും 70,000 കുട്ടികളെയാണ് കാണാതാകുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രജിസ്റ്റർ ചെയ്ത കേസുകൾ മാത്രമാണ് ഇത്. യഥാർത്ഥ കണക്കുകൾ ഒരുപക്ഷേ ഇതിലും കൂടുതലാകും. ജാർഖണ്ഡ് പോലുള്ള ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ കടത്തപ്പെടുന്നത്. വലിയ ലോബികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. മിക്കവാറും ഇടനിലക്കാരനാണ് കുട്ടികളെ മാതാപിതാക്കളുടെ അടുത്തുനിന്ന് കൊണ്ട് പോകുന്നത്. വീട്ടു ജോലിക്കെന്നും, കുട്ടികളില്ലാത്ത ധനികരായ ദമ്പതികൾക്ക് എടുത്ത് വളർത്താനാണെന്നും ഒക്കെ പറഞ്ഞാണ് കുട്ടികളെ അവർ കടത്തുന്നത്. പട്ടിണിയും പരിവട്ടവുമായി നരകിക്കുന്ന വീട്ടുകാർ മക്കളെ മനസില്ലാമനസോടെ പറഞ്ഞയക്കുന്നു. എന്നാൽ, റെയിൽവേ സ്റ്റേഷനിലെത്തുന്ന ആ മക്കളെ ഏറ്റുവാങ്ങുന്നത് മറ്റ് പലരുമായിരിക്കും. കൂടുതലും വേശ്യാവൃത്തിക്കും, ബാലവേലയ്ക്കും വേണ്ടിയാണ് അവരെ കടത്തുന്നത്. എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയുമ്പോഴേക്കും, ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത കുരുക്കിലകപ്പെട്ടിരിക്കും അവർ. അവിടെനിന്ന് എങ്ങനെ രക്ഷപ്പെട്ട് പോരണമെന്നറിയാതെ, സ്വന്തം അച്ഛനെയുമമ്മയെയും ഓർത്തു കരയാൻ മാത്രമേ അവർക്ക് കഴിയൂ. 

ഇത്തരത്തില്‍ അകപ്പെട്ടു പോയ കുട്ടികളെ രക്ഷിക്കാൻ പല സംഘടനകളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. അത്തരമൊരു സംഘടനയുടെ ഭാഗമാണ് പൂനം ടോപ്പോ. കുട്ടികളെ കച്ചവടം ചെയ്യുന്നതിനെതിരെ പോരാടുന്ന അവർ പറയുന്നു, "ഗ്രാമങ്ങളിൽ ജോലിസാധ്യത കുറവാണ്. ആളുകൾക്ക് കാര്യമായ ജോലിയോ, വരുമാനമോ കാണില്ല. തികഞ്ഞ ദാരിദ്ര്യത്തിലായിരിക്കും അവർ കഴിയുന്നുണ്ടാവുക. മക്കളെ പഠിപ്പിക്കാനോ, ഒരു നല്ല വസ്ത്രം വാങ്ങിക്കൊടുക്കാനോ ആ മാതാപിതാക്കൾക്ക് കഴിയാറില്ല. ഇത് മുതലെടുത്ത് ഇടനിലക്കാർ കുട്ടികളെ രക്ഷിക്കാനാണെന്ന ഭാവത്തിൽ അവിടെ വന്ന് ജോലിയോ, നല്ല വിദ്യാഭ്യാസമോ വാഗ്ദാനം ചെയ്തു പട്ടണത്തിലേക്ക് കൊണ്ടുപോകുന്നു." 

ഇരുപത് കുടുംബങ്ങളുള്ള ഒരു ഗ്രാമമാണ് ജരോ. അവിടെ ഇപ്പോൾ പതിനാലോളം കുട്ടികളെയാണ് ഇതുപോലെ കാണാതായിട്ടുള്ളത്. എന്നാൽ, ചിലപ്പോൾ കുടുംബാംഗങ്ങളുടെ ഒത്താശയോടെയായിരിക്കും ഇത് നടക്കുക. അമൃതയെ  (സാങ്കല്പിക നാമം) ഇതുപോലെ പട്ടണത്തിൽ ഒരു വലിയ വീട്ടിൽ കുട്ടികളെ നോക്കാൻ എന്ന പേരിൽ കൊണ്ടുപോയതാണ്. "എന്റെ അമ്മാവനോട് സംസാരിച്ച ശേഷമാണ് അവർ എന്നെ കൊണ്ടുപോയത്. ഞങ്ങൾ പട്ടിണിയിലായിരുന്നു. ഞങ്ങൾക്ക് കഴിക്കാൻ പോലും ഒന്നും ഉണ്ടായിരുന്നില്ല. മൂത്തമകളായ ഞാൻ എന്റെ കുടുംബത്തെ രക്ഷിക്കാനായി ഒടുവിൽ പട്ടണത്തിൽ പോകാൻ തീരുമാനിച്ചു." വെറും ഒൻപത് വയസ്സ് മാത്രമുള്ളപ്പോളാണ് അമൃത പട്ടണത്തിൽ ജോലിക്ക് പോയത്. അവിടെ അവളുടെ ജോലി അഞ്ചും മൂന്നും വയസ്സായ രണ്ടു കുട്ടികളെ നോക്കുക എന്നതായിരുന്നു. ''അവിടെ എനിക്ക് എല്ലാ ദിവസവും വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേൽക്കണമായിരുന്നു. എങ്ങാൻ ക്ഷീണം മൂലം ഉറങ്ങിപ്പോയാൽ, അടി ഉറപ്പായിരുന്നു. എന്തെങ്കിലും തെറ്റ് പറ്റിയാൽ, എന്‍റെ ചെകിടടിച്ച് പൊട്ടിക്കുമായിരുന്നു അവർ.'' ആ പെണ്‍കുട്ടി പറയുന്നു. 

അഞ്ചു വർഷത്തോളം ആ പീഡനങ്ങൾ സഹിച്ച് അവൾ അവിടെ നിന്നു. ഒടുവിൽ വീട്ടിൽ മടങ്ങി എത്തിയപ്പോഴേക്കും അവളുടെ അമ്മ മരിച്ചിരുന്നു. അമ്മയെ അവസാനമായി ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല അവൾക്ക്. അന്ന് പൂനം ഇടപെട്ടാണ് അമൃത പൊലീസിൽ പരാതി നൽകിയത്. ഇന്ന് അവളുടെ അമ്മാവൻ ജയിലിലാണ്. അമൃതയുടെതുപോലെ വളരെ ചുരുക്കം കേസുകളിൽ മാത്രമാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത്. സർക്കാർ ഇതിനെതിരെ ശക്തമായ നിയമനടപടികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അതിനെ പൂർണമായി നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.  

തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് മുൻസിയും സുഗിയും താമസിക്കുന്നത്. അവരുടെ മകൾ സുനിതയ്ക്ക് 12 വയസുള്ളപ്പോഴാണ് ഒരു ദമ്പതികൾ അവരെ സമീപിക്കുന്നത്. സുനിതയെ പൊന്നുപോലെ നോക്കാമെന്ന് അവർ ഈ മാതാപിതാക്കൾക്ക് വാക്ക് കൊടുത്തു. മകൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ സാധിക്കാതെ വിഷമിച്ചിരുന്ന ആ പാവങ്ങൾ അവരുടെ വാഗ്ദാനങ്ങളിൽ വീണു. അവർ അവളെ അവരുടെ വീട്ടിൽ നിർത്തി പഠിപ്പിക്കാമെന്ന് വാക്ക് കൊടുത്തു. ഒരു മാസം കഴിഞ്ഞപ്പോൾ മുൻസിയും സുഗിയും ആ ദമ്പതികൾ പറഞ്ഞ സ്ഥലത്ത് മകളെ കാണാനായി പോയി. പക്ഷേ, സുനിത അവിടെ ഉണ്ടായിരുന്നില്ല. "ഞാൻ അയാളുടെ വീട്ടിൽ പോയി. അയാളോട് ഞാൻ ചോദിച്ചു, "എന്റെ കുട്ടി എവിടെ? മോളെ കുറച്ചു കൂടി വലിയ വീട്ടിൽ കൊണ്ടുചെന്നാക്കി എന്നാണ് അയാൾ അപ്പോൾ എന്നോട് പറഞ്ഞത്. അവൾ നന്നായി പഠിക്കുന്നുണ്ടെന്നും അയാൾ പറഞ്ഞു" മുൻസി പറയുന്നു. എന്നാൽ, പിന്നീട് ഇതുവരെ അവർക്ക് സ്വന്തം മകളെ കാണാൻ സാധിച്ചിട്ടില്ല. 

അവൾ എവിടെയാണെന്നും, ആരുടെ കൂടെയാണെന്നും, അവൾക്ക് സുഖമാണോ എന്ന് പോലും ആ പാവം അച്ഛനുമമ്മയ്‌ക്കും അറിയില്ല. "ഞങ്ങൾ പഠിപ്പും വിവരവും ഇല്ലാത്തവരാ. ഞങ്ങൾക്ക് വായിക്കാൻ പോലും അറിയില്ല. ഞങ്ങൾ ഞങ്ങളുടെ വിഷമം ആരോട് പറയും?'' കരഞ്ഞുകൊണ്ട് സുനിതയുടെ അമ്മ ചോദിച്ചു. "എനിക്ക് ഇനി ഒരിക്കലും അവളെ കാണാൻ സാധിക്കില്ലേ? ഓരോ നിമിഷവും അവളെ ഓർത്തു കരഞ്ഞാണ് ഞാൻ ഇരിക്കുന്നത്. എന്റെ മോൾക്ക് നേരെ കഴിക്കാൻ പോലും കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് അവളെ ഞങ്ങൾ വിട്ടത്" വിങ്ങിപ്പൊട്ടിക്കൊണ്ട് ആ അമ്മ പറഞ്ഞു. പൂനത്തിന്റെ സഹായത്തോടെ ഒടുവിൽ മുൻസി മകൾക്ക് വേണ്ടി പൊലീസിൽ പരാതി കൊടുത്തു. പൊലീസ് അന്വേഷിച്ചെങ്കിലും, അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ത്യ വിട്ടു കാണുമെന്നാണ് പൊലീസ് ഊഹിക്കുന്നത്. 

ഇങ്ങനെ എത്രയെത്ര സുനിതമാർ വീട്ടുവേല ചെയ്തും, വേശ്യാവൃത്തിക്ക് നിർബന്ധിതരായും ജീവിതം തള്ളിനീക്കുന്നു. എന്നെങ്കിലും മടങ്ങി വരുമെന്നോർത്തു അവരുടെ മാതാപിതാക്കൾ കണ്ണുനീരോടെ വഴിക്കണ്ണുമായി അവരെ കാത്തിരിക്കുന്നു.  

(ബി‌ബി‌സിയുടെ രജനി വൈദ്യനാഥൻ ഇന്ത്യയിലെ കുട്ടികളെ കടത്തുന്ന ശൃംഖലയെക്കുറിച്ച് അന്വേഷിക്കുകയും കാണാതായ കുഞ്ഞുങ്ങളുടെ വീട്ടുകാരില്‍ ചിലരുമായി സംസാരിക്കുകയും ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ ലേഖനം. ബിബിസി -ക്ക് കടപ്പാട്)