ന്യൂസിലാൻഡ് അടുത്തിടെ കൊറോണ വൈറസ് കേസുകൾ രാജ്യത്ത് ഇല്ലാത്തതിനെ തുടർന്നു നിയന്ത്രണങ്ങൾ എടുത്തുമാറ്റുകയുണ്ടായി. കൊറോണ വൈറസ് രഹിതമെന്ന് പ്രഖ്യാപിച്ച ഏക രാജ്യമല്ല ന്യൂസിലാൻഡ്. വൈറസിന്‍റെ പിടിയിൽ നിന്ന് മോചിതമായി എന്ന് അവകാശപ്പെടുന്ന എട്ട് രാജ്യങ്ങൾ കൂടിയുണ്ട്.   

വത്തിക്കാൻ 

ചികിത്സയിലായിരുന്ന 12 രോഗികളും സുഖം പ്രാപിച്ചതിനെ തുടർന്ന് ജൂൺ ആറിന് വത്തിക്കാൻ കൊവിഡ് മുക്തമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പകർച്ചവ്യാധി മൂലം ഇവിടെ ഒരാൾ പോലും മരണപ്പെട്ടിട്ടില്ല. ജൂൺ ഏഴിന് രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ ആരംഭിച്ചതിനുശേഷം ആദ്യമായി ഫ്രാൻസിസ് മാർപാപ്പ സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ജനങ്ങളെ അഭിസംബോധന ചെയ്‍തു.  

ഫിജി

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 18 കൊവിഡ്  കേസുകളും സുഖപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്‌നിമാരാമ ജൂൺ ആദ്യവാരത്തിൽ ഫിജിയെ കൊറോണ വൈറസ് ഇല്ലാത്തതായി പ്രഖ്യാപിക്കുകയുണ്ടായി. ട്വിറ്ററിലേക്ക് അദ്ദേഹം എഴുതി, ‘രാജ്യത്ത് ടെസ്റ്റുകളുടെ എണ്ണം ദിവസന്തോറും കൂടുന്നുണ്ടെങ്കിലും, അവസാന കേസ് റിപ്പോർട്ട് ചെയ്‍തിട്ട് ഇപ്പോൾ 45 ദിവസമായി. മരണങ്ങളൊന്നുമില്ലാതെ, ഞങ്ങൾ 100% രോഗത്തെ നിയന്ത്രിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകൾക്കും, കഠിനാധ്വാനത്തിനും ഫലമുണ്ടായിരിക്കുന്നു!'

ടാൻസാനിയ

ഈ ആഴ്‍ച ആദ്യം, ടാൻസാനിയയുടെ പ്രസിഡന്‍റ് തന്‍റെ രാജ്യം കൊറോണ വൈറസ് മുക്തമാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും ആഫ്രിക്കൻ രാഷ്ട്രം പുറത്തുവിട്ട ഡാറ്റയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രസിദ്ധീകരിക്കുന്നത് സർക്കാർ ആറാഴ്‍ച മുൻപ് നിർത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ അവകാശവാദം വിശ്വസിക്കാൻ പ്രയാസമാണ്. “ദൈവത്തിന്‍റെ ശക്തിയാൽ കൊറോണ നമ്മുടെ രാജ്യത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു” പ്രസിഡന്റ് ജോൺ മഗ്‌ഫുലി പ്രഖ്യാപിച്ചു.

മോണ്ടിനെഗ്രോ

ആദ്യത്തെ കൊവിഡ് -19 കേസ് റിപ്പോർട്ട് ചെയ്‍ത അറുപത്തിയൊമ്പത് ദിവസത്തിന് ശേഷം മെയ് 24 -നാണ് മോണ്ടിനെഗ്രോ കൊറോണ വൈറസ് രഹിതമെന്ന് പ്രഖ്യാപിക്കപ്പെട്ടു. കൊറോണ വൈറസ് രഹിതമെന്ന് പ്രഖ്യാപിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യമാണിത്. 324 കൊവിഡ് -19 കേസുകളും ഒമ്പത് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു.  

സെയ്ഷെൽസ്

ഈ ദ്വീപ് രാഷ്ട്രം മെയ് 18 മുതൽ തന്നെ കൊറോണ വൈറസ് രഹിതമാണെന്ന് അവകാശപ്പെട്ടിരുന്നു. മൊത്തം 11 കൊവിഡ് -19 കേസുകൾ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയിരുന്നു. മരണങ്ങളൊന്നുമില്ല.

സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്

ഈ വെസ്റ്റ് ഇൻഡീസ് രാജ്യം മെയ് 19 -നാണ് കൊറോണ വൈറസ് രഹിതമെന്ന് പ്രഖ്യാപിച്ചത്. സ്ഥിരീകരിച്ച 15 രോഗികളും സുഖം പ്രാപിച്ചതിനെ തുടർന്നാണ് ഇത്. ഇവിടത്തെ രോഗികൾ എല്ലാവരും തന്നെ പുറമെ നിന്ന് വന്നവരാണ്.

പാപുവ ന്യൂ ഗ്വിനിയ

ഈ പസഫിക് രാഷ്ട്രം മെയ് നാല് മുതൽ തന്നെ കൊറോണ വൈറസിൽ നിന്ന് മുക്തമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവിടെ രോഗികളുടെ എണ്ണം ഇരുപത്തിനാലായിരുന്നു. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.