'You are what you eat' എന്ന ചൊല്ല് മിക്കവാറും എല്ലാവരും കേട്ടുകാണും. ഭക്ഷണം നമ്മുടെ മാനസികാവസ്ഥയെയും ശരീരത്തെയും ലോകവീക്ഷണത്തെയും ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ആ നിലയ്ക്ക് ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്ന ഏകാധിപതികളുടെ ഭക്ഷണശീലങ്ങളെ കുറിച്ച് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. പല സ്വേച്ഛാധിപതികളും പ്രായമാകുന്തോറും, അവർ കഴിക്കുന്ന ആഹാരത്തിന്റെ ശുദ്ധതയിൽ കൂടുതൽ കൂടുതൽ ശ്രദ്ധാലുക്കളായി മാറിയിരുന്നു. അവരുടെ ഭക്ഷ്യശീലവും, പ്രിയപ്പെട്ട വിഭവങ്ങളും എന്താണ് എന്ന് നമുക്ക് നോക്കാം.   

സദ്ദാം ഹുസൈൻ 

സദ്ദാം ഹുസൈന്റെ പാചകകാരനായിരുന്നു അബു അലി. പാചകം ഇഷ്ടമായാൽ പ്രസിഡന്റ് തനിക്ക് 50 ദിനാർ ടിപ്പായി നൽകുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഇത് ഒരാഴ്ചത്തെ വേതനത്തിന് തുല്യമായിരുന്നു. എന്നാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഭക്ഷണം ‘പാഴാക്കിയതിന്’ ശിക്ഷയായി 50 ദിനാർ പിഴ ചുമത്തുകയും ചെയ്യുമായിരുന്നു. വളരെ ശ്രദ്ധിച്ചു മാത്രം കഴിക്കുന്ന ഒരാളായിരുന്നു സദ്ദാം. സുരക്ഷാ കാരണങ്ങളാൽ 20 കൊട്ടാരങ്ങളിലെയും പാചക വിദഗ്ധർ ഒരു ദിവസം ഒരേസമയം മൂന്ന് നേരത്തെ ഭക്ഷണം തയ്യാറാക്കുമായിരുന്നു. മത്സ്യം, ലീൻ മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് സദ്ദാം ഹുസൈന്റെ പ്രിയപ്പെട്ട ഭക്ഷണം. വീഞ്ഞിൽ പ്രിയപ്പെട്ട മാറ്റിയസ് റോസ് ഒരു ഗ്ലാസ് വീതം ഭക്ഷണത്തോടൊപ്പം  കഴിക്കും. റൊട്ടിയും തേനും ചേർത്ത ഒട്ടകപ്പാപാൽ പ്രഭാതഭക്ഷണത്തിനൊപ്പവും. ഓൾഡ് പാർ വിസ്കിയും, മധുരപലഹാരങ്ങളും പ്രിയപ്പെട്ടതായിരുന്നു. സദ്ദാം ചിലപ്പോൾ സ്വയം അടുക്കളയിൽ കയറി പാചകം ചെയ്യുമായിരുന്നു. പാചകം പിരിമുറുക്കം കുറക്കാൻ സഹായിക്കുമായിരുന്നു.  

കിം ജോങ് ഉൻ I

കിം ജോങ് ഉൻ I -ന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ സ്രാവ്-ഫിൻ സൂപ്പും, പട്ടി ഇറച്ചി സൂപ്പുമായിരുന്നു. “ലോകത്തിലെ ഏറ്റവും ഭക്ഷണപ്രിയനായ ഏകാധിപതി” ആയിരുന്നു ഉത്തര കൊറിയൻ നേതാവ്. പാചകപുസ്തകങ്ങൾ നിറഞ്ഞ ഒരു ലൈബ്രറിയുടെ ഉടമയുമായിരുന്നു.   ഇറാനിയൻ കാവിയാർ, ഡാനിഷ് പന്നിയിറച്ചി, തായ് മാമ്പഴം, ജാപ്പനീസ് റൈസ് കേക്കുകൾ എന്നിവ പോലുള്ള ഏറ്റവും പുതിയ പലഹാരങ്ങൾ കണ്ടെത്തുന്നതിനായി ലോകമെമ്പാടുമുള്ള സ്ഥലങ്ങളിലേയ്ക്ക് പലപ്പോഴും തന്റെ സ്വകാര്യ പാചകക്കാരെ അയച്ചിരുന്നു. ഒരുതരം ബ്രാണ്ടിയായ ഹെന്നസിയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് എന്നും പറയപ്പെടുന്നു. 1994 മുതൽ 2011 വരെ ഉത്തരകൊറിയയുടെ പരമോന്നത നേതാവായിരുന്നു കിം ജോങ് ഇൽ. അദ്ദേഹത്തിന് വിളമ്പിയ ഓരോ അരിയുടെയും വലുപ്പവും, ആകൃതിയും, നിറവും ഒരുപോലെ ഇരിക്കണമെന്ന് നിർബന്ധമായിരുന്നു. അരികളെല്ലാം സമാനമാണെന്ന് ഉറപ്പുവരുത്താൻ ഒരുകൂട്ടം സ്ത്രീകളെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. തന്റെ ആയുസ്സ് കൂടാനുള്ള വഴികൾ കണ്ടെത്താൻ ഒരു സ്ഥാപനം തന്നെ അദ്ദേഹം ആരംഭിക്കുകയുണ്ടായി.  

അഡോൾഫ് ഹിറ്റ്ലർ 
 

ഹിറ്റ്‌ലർ സസ്യാഹാരം മാത്രമാണ് കഴിച്ചിരുന്നത്. ഗ്യാസ്ട്രിക് ബുദ്ധിമുട്ടുകളും, മലബന്ധവും ഉണ്ടായിരുന്നതിനാലാണ് അയാൾ മാംസം കഴിക്കാതിരുന്നത് എന്ന് കണക്കാക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഹിറ്റ്‌ലർ പുഴുങ്ങിയ ഉരുളക്കിഴങ്ങും സൂപ്പും മാത്രമാണ് കഴിച്ചിരുന്നത്. ആഹാരം രുചിക്കുന്ന 15 പേരടങ്ങുന്ന ഒരു ടീം ഹിറ്റ്ലറിനുണ്ടായിരുന്നു. ആദ്യം അവർ ആഹാരം കഴിക്കും. 45 മിനിറ്റിനുശേഷം അവരാരും മരിച്ചില്ലെങ്കിൽ മാത്രം ആഹാരം ഹിറ്റ്ലർ കഴിക്കും.    

ജോസഫ് സ്റ്റാലിൻ

വാൽനട്ട്, വെളുത്തുള്ളി, പ്ലം, മാതളനാരങ്ങ, വൈൻ എന്നിവ ഉൾക്കൊള്ളുന്ന പരമ്പരാഗത ജോർജിയൻ വിഭവങ്ങളാണ് സ്റ്റാലിന് പ്രിയം. വ്‌ളാഡിമിർ പുടിന്റെ മുത്തച്ഛനായ സ്പിരിഡൺ പുടിനായിരുന്നു സ്റ്റാലിന്റെ സ്വകാര്യ പാചകക്കാരിൽ ഒരാൾ. സ്റ്റാലിനെ പോലെ  അത്താഴ മേശയ്ക്കു ചുറ്റും ഇരുന്നു കുടിച്ച് ഇത്രയേറെ സമയം പാഴാക്കിയ മറ്റൊരു നേതാവുണ്ടാകില്ല. സ്റ്റാലിൻ പതിവായി ആറ് മണിക്കൂറെടുത്താണ് അത്താഴം കഴിക്കുന്നത്. കൂടാതെ സ്റ്റാലിൻ തന്റെ അതിഥികൾക്കൊപ്പം മദ്യപാന ഗെയിമുകളിൽ ഏർപ്പെടാറുമുണ്ട്.  

ബെനിറ്റോ മുസ്സോളിനി  

ഇറ്റാലിയൻ സ്വേച്ഛാധിപതിയുടെ പ്രിയപ്പെട്ട വിഭവം അരിഞ്ഞ വെളുത്തുള്ളികളിട്ട ലളിതമായ ഒരു സാലഡായിരുന്നു. “ അത് ഒരു പാത്രം മുഴുവൻ കഴിക്കാറുണ്ടായിരുന്നു” ഭാര്യ റേച്ചൽ ഒരിക്കൽ കുടുംബ പാചകക്കാരനോട് സ്നേഹപൂർവ്വം പറഞ്ഞു. പൂന്തോട്ടത്തിൽ നിന്നുള്ള മർജോറം ഉൾപ്പെടെയുള്ള വിവിധ ഔഷധസസ്യങ്ങൾ പുരട്ടി വേവിച്ചെടുത്ത കന്നുകുട്ടിയുടെ മാംസം കഴിക്കാൻ മുസോളിനി വളരെ ഇഷ്ടപ്പെട്ടിരുന്നു. അതും ഭാര്യയോടും അഞ്ച് കുട്ടികളോടും ഒപ്പം വീട്ടിൽ ഇരുന്ന് കഴിക്കാനാണ് മുസോളിനി ആഗ്രഹിച്ചിരുന്നത്. മധുരപലഹാരത്തിന്റെ കൂട്ടത്തിൽ സിയാംബെലോൺ (റിംഗ് ആകൃതിയിലുള്ള കേക്ക്) വളരെ ആസ്വദിച്ചിരുന്നു.  മുസ്സോളിനി മഹാത്മാഗാന്ധിയുടെയും ജോർജ്ജ് ബെർണാഡ് ഷായുടെയും സസ്യാഹാരത്തെ വളരെയധികം പ്രശംസിക്കുകയും 40 വയസ്സുള്ളപ്പോഴേക്കും മദ്യം പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു. ദേശീയ പാചകരീതിയെക്കുറിച്ചുള്ള വീക്ഷണത്തിൽ ഫ്രഞ്ച് പാചകം വിലകെട്ടതാണെന്നും ഇറ്റാലിയൻ ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും മുസോളിനി കരുതി. അതേസമയം പാസ്തയോട് മുസോളിനിക്ക് താൽപ്പര്യമില്ലായിരുന്നു.

ഇദി അമീൻ

ഉഗാണ്ടൻ പ്രസിഡന്റ് ഇദി അമീൻ ആതിഥേയത്വം വഹിക്കുന്ന ഒരു വിരുന്നിൽ സാധാരണയായി തേനീച്ച ലാർവ, ഗ്രീൻ ബുഷ് ചീവീട്, ഉറുമ്പുകൾ, വെട്ടുക്കിളി എന്നിവ വിളമ്പുമായിരുന്നു. വെട്ടുക്കിളികളെയും, ചീവിടുകളെയും സവാള, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവ പുരട്ടി വറുത്തെടുക്കുന്നത് ഇദി അമീൻ ഒരുപാട് കഴിക്കുമായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ആർമിയിൽ അസിസ്റ്റന്റ് പാചകക്കാരനായി സേവനമനുഷ്ഠിച്ച അമീൻ ഉച്ചതിരിഞ്ഞ് ചായ, ഫാസ്റ്റ് ഫുഡ്, പിസ്സ എന്നിവ കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. വരട്ടിയ ആട്, കസവ, മില്ലറ്റ് ബ്രെഡ് എന്നിവയായിരുന്നു പ്രിയപ്പെട്ട ഭക്ഷണം. ഒരു ദിവസം 40 ഓറഞ്ച് വരെ അമീൻ കഴിക്കുമായിരുന്നു. അവയെ ‘പ്രകൃതിയുടെ വയാഗ്ര’എന്നാണ് അമീൻ വിശേഷിപ്പിച്ചത്. ഭരണകാലത്ത് അമീൻ തന്റെ സൈനിക എതിരാളികളെ ഭക്ഷിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഒരിക്കൽ  നരഭോജിയാണോ എന്ന് ചോദിച്ചപ്പോൾ അമീൻ മറുപടി പറഞ്ഞത് ഇങ്ങനെയാണ്: “എനിക്ക് മനുഷ്യ മാംസം ഇഷ്ടമല്ല - അതിന് നല്ല ഉപ്പാണ്."