ഫ്രഞ്ച് സുവോളജിസ്റ്റായ പിയറി ആൻഡ്രെ ലട്രില്ലെ ആധുനിക എൻ‌ടോമോളജിയുടെ പിതാവെന്നാണ് അറിയപ്പെടുന്നത്. ഷഡ്പദശാസ്ത്രത്തെയാണ് എൻ‌ടോമോളജി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നൂറുകണക്കിന് ടാക്സകൾക്കും നിരവധി പ്രാണികൾക്കും അദ്ദേഹം പേരിട്ടു. എന്നാൽ, അതിലെ രസകരമായ കാര്യം അദ്ദേഹത്തിന്റെ ആ താല്പര്യം തന്നെയാണ് അദ്ദേഹത്തെ ഒരു ഘട്ടത്തിൽ മരണത്തിൽ നിന്ന് രക്ഷിച്ചത് എന്നതാണ്. പിയറി ആൻഡ്രെ ലട്രില്ലെ തന്റെ ജീവന് ഒരു വണ്ടിനോട് കടപ്പെട്ടിരിക്കുന്നു. 

1762 നവംബർ 29 -ന് ലിമോസിൻ പ്രവിശ്യയിലെ ബ്രൈവ് പട്ടണത്തിലാണ് പിയറി ജനിച്ചത്. അവിഹിത സന്തതിയായ അദ്ദേഹം ജനിച്ച ഉടനെ അമ്മ അവനെ ഉപേക്ഷിച്ചു. അച്ഛൻ ഒരിക്കലും അവനെ തിരിച്ചറിഞ്ഞില്ല. അനാഥനായിരുന്ന ലാട്രെയ്‌ലിന് പക്ഷേ സംരക്ഷകരുണ്ടായിരുന്നു. അവർ അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കി. പുരോഹിതനാകാൻ പഠിക്കുമ്പോഴാണ് ലട്രില്ലെയ്ക്ക് പ്രകൃതിയോട് കൂടുതൽ താല്പര്യം തോന്നിയത്. അദ്ദേഹം പലപ്പോഴും ജാർഡിൻ ഡു റോയിയുടെ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുകയും പാരീസിന്റെ സമീപപ്രദേശങ്ങളിൽ പ്രാണികളെ പിടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ താല്പര്യം എൻ‌ടോമോളജിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷാധികാരികളിൽ ഒരാളായ പ്രശസ്ത മിനറോളജിസ്റ്റ് ആബെ ആർ. ജെ. ഹാലി സസ്യശാസ്ത്രത്തെക്കുറിച്ചുള്ള പാഠങ്ങളും അദ്ദേഹത്തിന് പകർന്നു നൽകി.    

അതേസമയം, ഫ്രാൻസിൽ ഒരു വലിയ സാമൂഹിക-രാഷ്ട്രീയ കൊടുങ്കാറ്റ് വീശുകയായിരുന്നു. രാജവാഴ്ചയും ഫ്യൂഡൽ സമ്പ്രദായവും കൊണ്ട് ആളുകൾ മടുത്തു, കലാപങ്ങൾ ഉയർന്നു. എസ്റ്റേറ്റ്സ് ജനറൽ നിയമസഭയുടെ നിയന്ത്രണം ഏറ്റെടുത്തു. കർഷകർ റോയൽ അതോറിറ്റിയുടെ പ്രതീകമായ ബാസ്റ്റിലിൻ ആക്രമിച്ചു. ലൂയി പതിനാറാമൻ രാജാവ് ഉൾപ്പെടെ നിരവധി പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്തു. കത്തോലിക്കാസഭയെ ഫ്രഞ്ച് സർക്കാരിനു കീഴിലാക്കാൻ ഒരു പുതിയ നിയമം പാസാക്കി. ഓരോ പുരോഹിതനും ഭരണകൂടത്തോട് കൂറുള്ളവരായിരിക്കാൻ ഈ നിയമം ആവശ്യപ്പെട്ടു. 

പല പുരോഹിതന്മാരും സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചു, കാരണം ദൈവത്തോടുള്ള വിശ്വസ്തതയ്ക്ക് മുമ്പായി ഫ്രാൻസിനോടുള്ള വിശ്വസ്തത പുലർത്താൻ അവർക്ക് കഴിഞ്ഞില്ല. ലട്രില്ലെ അവരിൽ ഒരാളായിരുന്നു, തന്മൂലം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. ബാർഡോയിലെ തടവറകളിൽ ശിക്ഷിക്കപ്പെടാൻ കാത്തിരിക്കുന്നതിനിടയിൽ, ലട്രില്ലെ തന്റെ തടവറ സെല്ലിൽ ഒരു പ്രത്യേക ഇനം വണ്ടിനെ കണ്ടെത്തി. ജയിൽ ഡോക്ടർ സന്ദർശനത്തിനായി വന്നപ്പോൾ അദ്ദേഹം വണ്ടിനെ ആകാംക്ഷയോടെ പഠിക്കുകയായിരുന്നു. ഇത് കണ്ട് ഡോക്ടർ അമ്പരന്നു. ലട്രെയിൽ ശ്രദ്ധാപൂർവ്വം വണ്ടിനെ എടുത്ത് ജയിൽ ഡോക്ടറുടെ നേരെ തിരിഞ്ഞു പറഞ്ഞു, “ഇത് വളരെ അപൂർവ ഇനം വണ്ടാണ്.” ഡോക്ടർക്ക് അദ്ദേഹത്തിന്റെ അറിവിൽ മതിപ്പുളവായി. ലാട്രെയിൽ പറഞ്ഞത് ശരിയാണോ എന്നദ്ദേഹം പരിശോധിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞത് ശരിയാണ് എന്ന് ബോധ്യപ്പെട്ടപ്പോൾ ഇത്ര അറിവുള്ള ലട്രില്ലെയെ മരണത്തിന് വിട്ടുകൊടുക്കാൻ അവർക്ക് തോന്നിയില്ല. ഒരു മാസത്തിനുള്ളിൽ കുറ്റം വിധിച്ച മറ്റെല്ലാവരും മരിച്ചു. എന്നാൽ, അദ്ദേഹം മോചിതനായി. 

എന്നാൽ, അതിന് ശേഷം ലട്രില്ലെ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ബാക്കി ജീവിതം എൻ‌ടോമോളജിക്കായി സമർപ്പിക്കുകയും ചെയ്തു. ജോഹാൻ ക്രിസ്റ്റ്യൻ ഫാബ്രിക്കസിന്റെ (നെക്രോബിയ റൂഫിക്കോളിസിനെ ആദ്യമായി തരംതിരിച്ച) പ്രോത്സാഹനത്തോടെ, ലട്രെയിൽ തന്റെ ആദ്യകൃതി Précis des caractères génériques des insectes പ്രസിദ്ധീകരിച്ചു. 1798 -ൽ ഫ്രഞ്ച് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലേക്ക് ലട്രെയ്‌ലിനെ നിയമിച്ചു. അവിടെ ജീൻ-ബാപ്റ്റിസ്റ്റ് ലാമർക്കിനൊപ്പം പ്രവർത്തിക്കുകയും ആർത്രോപോഡ് ശേഖരങ്ങൾ ക്യൂറേറ്റ് ചെയ്യുകയും നിരവധി സുവോളജിക്കൽ കൃതികൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1833 -ൽ ലട്രില്ലെ മരിച്ചപ്പോൾ, ഫ്രഞ്ച് എൻ‌ടോമോളജിക്കൽ സൊസൈറ്റി പെരെ ലാചൈസ് സെമിത്തേരിയിലെ ലട്രില്ലെയുടെ ശവക്കുഴിക്ക് മുകളിൽ ഒരു സ്മാരകം തീർത്തു. അതിൽ, “ലാട്രില്ലെയുടെ രക്ഷകനായ നെക്രോബിയ റൂഫിക്കോളിസ്” എന്ന് എഴുതി. അത് അന്നദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ച വണ്ടിന്റെ ശാസ്ത്രനാമമാണ്.