കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത, ഭയാനകമായ കേസുകളിലൊന്നാണ് ജെനിയുടെ കഥ. അവൾക്ക് കുട്ടിക്കാലം മുതലേ സ്നേഹമോ, കരുതലോടെയുള്ള ഒരു മനുഷ്യസ്പർശമോ ലഭിച്ചിരുന്നില്ല. ചായംപൂശിയ ജാലകങ്ങളുള്ള ഒരു ഇരുട്ടുമുറിയിൽ അവളുടെ മാതാപിതാക്കൾ അവളെ പൂട്ടിയിട്ടിരിക്കുകയായിരുന്നു, അതും നീണ്ട 13 വർഷക്കാലം. ജനിച്ചശേഷം അവൾക്ക് അവരിൽ നിന്ന് ലഭിച്ചത് പീഡനവും, നിസ്സംഗതയും മാത്രമാണ്. അതിലും മോശമായ കാര്യം, പതിമൂന്നാം വയസ്സിൽ അവളുടെ ദുരവസ്ഥയെക്കുറിച്ച് അധികൃതർ അറിയുന്നത് വരെ അവളെ ഒന്ന് ശബ്‌ദിക്കാൻ പോലും മാതാപിതാക്കൾ അനുവദിച്ചിരുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ അധികൃതർ അവളെ കണ്ടെത്തുമ്പോൾ സംസാരിക്കാനുള്ള കഴിവ് അവൾക്ക് നഷ്ടമായിരുന്നു. 

1957 -ൽ കാലിഫോർണിയയിലെ ആർക്കേഡിയയിലാണ് ജെനി ജനിച്ചത്. ജെനിയുടെ പിതാവ് ക്ലാർക്ക് വൈലിയ്ക്ക് കുട്ടികളെ ഇഷ്ടമായിരുന്നില്ല. കുട്ടികളെ വെറുക്കുന്നുണ്ടെങ്കിലും, അയാൾക്ക് ഡൊറോത്തി ഐറിൻ വൈലിയിൽ നാലു മക്കളുണ്ടായി. അയാൾ കുട്ടികളോട് മോശമായി പെരുമാറുകയും, ആരെയും വീട്ടിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. ജെനിയുടെ അമ്മയ്ക്ക് ജെനിയുടെ പിതാവിനേക്കാൾ ഇരുപത് വയസ്സ് കുറവായിരുന്നു, ഒപ്പം ഒരു കണ്ണിന്റെ കാഴ്ചയും കുറവായിരുന്നു. ഇതുമൂലം ഭർത്താവിനെ കൂടുതലായി ആശ്രയിക്കാൻ അവർ നിർബന്ധിതയായി. ജെനിയുടെ ജനനത്തിനുശേഷം അയാൾ മറ്റുള്ളവരിൽ നിന്ന് കുടുംബത്തെ കൂടുതൽ ഒറ്റപ്പെടുത്താൻ തുടങ്ങി. 

കുട്ടികൾ ഉണ്ടാക്കുന്ന ശബ്ദവും, സമ്മർദ്ദവും അയാൾക്ക് സഹിക്കാനാകുമായിരുന്നില്ല. ആദ്യത്തെ പെൺകുഞ്ഞ് ജനിച്ചപ്പോൾ, ഒരു ദിവസം നിർത്താതെ കരഞ്ഞുകൊണ്ടിരുന്നതിന്റെ പേരിൽ കുട്ടിയെ അയാൾ ഗാരേജിൽ ഉപേക്ഷിച്ചു. അവിടെ കിടന്ന് തണുത്തുറഞ്ഞ് ആ കുഞ്ഞ് മരിച്ചു. വൈലിയുടെ രണ്ടാമത്തെ കുഞ്ഞും ശ്രദ്ധ കിട്ടാതെ മരിക്കുകയായിരുന്നു. ജെനിയും സഹോദരൻ ജോണും മാത്രമാണ് അതിജീവിച്ചത്. ജോണിനും പിതാവിന്റെ പീഡനം നേരിട്ടിരുന്നുവെങ്കിലും, അതിലും ക്രൂരമായിട്ടായിരുന്നു അയാൾ ജെനിയോട് പെരുമാറിയിരുന്നത്.  

ജെനിക്ക് 20 മാസം പ്രായമുള്ളപ്പോൾ, അവളുടെ പിതാവ് കുടുംബത്തെ അമ്മയുടെ വീട്ടിലേക്ക് മാറ്റി. അവിടെ ജെനിയെ ഒരു പോട്ടി കസേരയിൽ പകൽ മുഴുവൻ അയാൾ കെട്ടിയിടും. ഇരുട്ടിൽ അവൾ അനങ്ങാൻ പോലുമാകാതെ മണിക്കൂറുകളോളം ആ ഇരിപ്പിരിക്കും. രാത്രിയിൽ അയാൾ അവളെ ഒരു ഡയപ്പർ കെട്ടിച്ച്, കൈകാലുകൾ അനക്കാൻ സാധിക്കാത്ത രീതിയിൽ ഒരു ചെറിയ സ്ലീപ്പിംഗ് ബാഗിൽ കിടത്തി ഉറക്കുകയും ചെയ്യും. കുഞ്ഞിന് ധാന്യങ്ങൾ, ഇടയ്ക്കിടെ മൃദുവായ വേവിച്ച മുട്ടകൾ, ദ്രാവക രൂപത്തിലുള്ള ആഹാരങ്ങൾ എന്നിവ മാത്രമാണ് നൽകിയിരുന്നത്.

പതുക്കെ അയാൾ കൂടുതൽ കർശന നിയന്ത്രണങ്ങൾ വീട്ടിൽ ഏർപ്പെടുത്താൻ ആരംഭിച്ചു. ശബ്ദത്തെ വെറുത്ത അയാൾ വീട്ടിൽ റേഡിയോയോ, ടെലിവിഷനോ വയ്ക്കാൻ സമ്മതിച്ചില്ല. ജെനിയുമായി വീട്ടിലാർക്കും സംസാരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അയാളുടെ അനുവാദമില്ലാതെ അവർ അങ്ങനെ ചെയ്യുമ്പോഴെല്ലാം അവരെ അയാൾ ശിക്ഷിക്കുമായിരുന്നു. ഇതിനെല്ലാം പുറമെ, ജെനിയെ ഉപദ്രവിക്കാൻ സഹോദരനെ അയാൾ നിർബന്ധിക്കുമായിരുന്നു. അയാൾ അവൾക്ക് ആഹാരം പോലും നേരെ കൊടുത്തിരുന്നില്ല. പതിമൂന്നാം വയസ്സിലും അവൾക്ക് ആറോ ഏഴോ വയസ്സ് മാത്രമേ തോന്നിക്കുമായിരുന്നുള്ളൂ. എന്നാൽ, രാത്രിയിൽ, അമ്മ ആരും കാണാതെ മകൾക്ക് ആഹാരം ഒളിച്ചു കൊണ്ടുപോയി കൊടുക്കുമായിരുന്നു. എന്നാൽ, ഈ ജീവിതരീതി അവളുടെ അവയവങ്ങളുടെ ചലനത്തെ ബാധിച്ചു. ശരീരം ചലിപ്പിക്കാൻ സാധിക്കാത്തവിധം അവളുടെ അവയവങ്ങളെല്ലാം മരവിച്ചുപോയി. അവ വികസിക്കാതായി. 

അവൾ വളരെ പ്രയാസപ്പെട്ട് നടക്കുക മാത്രം ചെയ്യും. ഭക്ഷണം വിഴുങ്ങാനോ, സംസാരിക്കാനോ അവൾക്ക് കഴിഞ്ഞിരുന്നില്ല. മലവും, മൂത്രവും നിയന്ത്രണമില്ലാതെ പോകുമായിരുന്നു. മാത്രമല്ല ദേഷ്യമോ, നിരാശയോ തോന്നുമ്പോഴെല്ലാം അവൾ സ്വയം വേദനിപ്പിക്കാൻ തുടങ്ങി. അവളുടെ കാഴ്ചശക്തി നല്ലതാണെങ്കിലും, അവൾക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 1970 -ൽ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത്, ജെനിയുടെ അമ്മ ജെനിക്കൊപ്പം അന്ധർക്ക് വൈകല്യ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനായി പുറത്തുപോയി. പക്ഷേ, കണ്ണ് കാണാത്ത അവർക്ക് ഓഫീസ് മാറിപ്പോയി. അബദ്ധത്തിൽ ചെന്ന് കയറിയത് അടുത്തുള്ള പൊതുസാമൂഹികസേവന ഓഫീസിലാണ്. അവിടെ ഒരു സാമൂഹിക പ്രവർത്തകയും, കൂടെയുള്ളയാളും കഥകൾ അറിഞ്ഞപ്പോൾ ഉടനെ പൊലീസുമായി ബന്ധപ്പെട്ടു. ഇത് കുട്ടികളെ ദുരുപയോഗം ചെയ്തതിന് ജെനിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യാൻ കാരണമായി. കാര്യങ്ങൾ പെട്ടെന്നുതന്നെ പരസ്യമായി. കോടതിയിൽ ഹാജരാകുന്നതിന് തലേദിവസം രാവിലെ, 'ലോകം ഒരിക്കലും ഒന്നും മനസ്സിലാക്കില്ല' എന്ന ഒരു കുറിപ്പും എഴുതിവച്ച് അവളുടെ പിതാവ് ആത്മഹത്യ ചെയ്തു.

ജെനിയെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 -ാം വയസ്സിൽ നാലടി ആറിഞ്ച് ഉയരവും, 27 കിലോഗ്രാം മാത്രം ഭാരവുമുള്ള അവൾ അവിടെ ചികിത്സ തേടി. അവളുടെ വയർ വീർത്തിരുന്നു. ശരീരത്തിൽ അവിടവിടെയായി മുറിവുകൾ ഉണ്ടായിരുന്നു. ഒന്ന് നേരെ നിൽക്കാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല. മുയലിനെ പോലെ കൈകൾ മുന്നിൽ പിടിച്ച് ഒരു പ്രത്യേക രീതിയിലാണ് അവൾ നടന്നിരുന്നത്.  ആശുപത്രിയിൽ അവൾക്ക് ലഭിച്ച ശ്രദ്ധയും പരിചരണവും അവളെ പുതിയൊരാളാക്കി മാറ്റി. പതുക്കെ അവളുടെ ശരീരഭാരം വർദ്ധിക്കുകയും, സുഹൃത്തുക്കളായിത്തീർന്നവരുമായി സംവദിക്കാൻ അവൾ ശ്രമിക്കുകയും ചെയ്തു. ഇപ്പോൾ ലോസ് ഏഞ്ചൽസിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ലളിതമായ ജീവിതം നയിക്കുകയാണ് അവൾ. അവളുടെ അമ്മ 87 -ാം വയസ്സിൽ സ്വാഭാവിക കാരണങ്ങളാൽ മരിച്ചു. പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഓടിപ്പോയ അവളുടെ സഹോദരൻ 2011 -ൽ പ്രമേഹ പ്രശ്നങ്ങളാലും മരണപ്പെട്ടു.