സ്വിറ്റ്സർലൻഡിലെ CERN (യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്) ലബോറട്ടറിയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ സിൽവാനോ ഡി ജെന്നാരോ 1989 -ൽ ഒരു സംഗീതമേള ആരംഭിക്കുകയുണ്ടായി. അതിനെ അദ്ദേഹം 'സെർൺ ഹാർഡ്രോണിക് ഫെസ്റ്റിവൽ' എന്ന് വിളിച്ചു. അവിടെ ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനൊരിടമായി മാത്രമേ അദ്ദേഹം അതിനെ കണ്ടുള്ളൂ. എന്നാൽ, തന്റെ ഈ ശ്രമം പെൺകുട്ടികളുടെ ഒരു ഗായകസംഘത്തെ സൃഷ്ടിക്കുമെന്നോ, അവരുടെ ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ആദ്യത്തെ ഫോട്ടോ ആയിരിക്കുമെന്നോ അദ്ദേഹം സ്വപ്‍നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടാവില്ല. 

1992 ജൂലൈ 18 -നാണ് സംഭവം നടക്കുന്നത്. പെൺ പാരഡി-പോപ്പ് ഗ്രൂപ്പായ, 'ലെസ് ഹൊറിബിൾസ് സെർനെറ്റ്സ്' അഥവാ ദ ഹൊറിബിൾ സെർൺ ഗേൾസ് പാട്ടുകൾ പാടി ആളുകളുടെ മനം കവരുന്ന സമയമായിരുന്നു. 'The one and only high energy rock band' എന്നാണ് അവർ സ്വയം വിളിച്ചിരുന്നത്. അന്ന് ഇതുപോലെ സി‌ആർ‌എൻ ഹാർഡ്‌റോണിക് ഫെസ്റ്റിവലിൽ പങ്കെടുക്കുമ്പോഴാണ് ജെന്നാരോ അവരുടെ ഈ ഫോട്ടോയെടുത്തത്. സ്റ്റേജിലേയ്ക്ക് കയറുന്നതിന് മുൻപ് സെർനെറ്റ്സ് അംഗങ്ങൾ മേക്കപ്പ് ധരിച്ച് തയ്യാറായി നിൽക്കുമ്പോഴാണ് ജെന്നാരോ ക്യാമറയുമായി പ്രത്യക്ഷപ്പെടുന്നത്‌. "ഓക്കേ, ഗേൾസ്, ആൽബത്തിന്റെ കവറിൽ കൊടുക്കാനായി എനിക്ക് ഒരു ഫോട്ടോ തരൂ" അദ്ദേഹം പറഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ അവർ ഒരുമിച്ച് നിന്നു.  

പിന്നീട്, ജെന്നാരോ തന്റെ കമ്പ്യൂട്ടറിൽ ഫോട്ടോ എഡിറ്റ് ചെയ്‍തുകൊണ്ടിരിക്കുന്ന സമയത്ത് വേൾ‌ഡ് വൈഡ് വെബിന്‍റെ ഉപജ്ഞാതാവായ ടിം ബെർ‌ണേഴ്സ്-ലീ മുറിയിലേയ്ക്ക് കടന്നുവന്നു. ആൽബം കവറിനായി ആ ചിത്രത്തെ മാറ്റുകയായിരുന്നു ജെന്നാരോ അപ്പോൾ. ചിത്രം കണ്ടപ്പോൾ അദ്ദേഹം ജെന്നാരോയോട് സെർനെറ്റ്സിന് ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞു. 'വെബ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു' ജെന്നാരോ പറയുന്നു. 

ബെർണേഴ്സ്-ലീ അവർക്കായി ഒരു വെബ്‌പേജ് ഉണ്ടാക്കാൻ തീരുമാനിച്ചു. കൂടാതെ മ്യൂസിക് ക്ലബിനായി പേജിൽ അദ്ദേഹം സെർനെറ്റുകളുടെ ചിത്രവും ഉൾപ്പെടുത്തി. ഇന്നത്തെ നിലവാരമനുസരിച്ച് ചിത്രത്തിന്റെ ആദ്യ പതിപ്പ് വളരെ ചെറുതാണ്. ആ ദിവസങ്ങളിൽ, വെബിന് വലിയ ചിത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. "ആ ചിത്രത്തിന് ഒരു സ്റ്റാമ്പിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പം സ്ക്രീനിൽ ലോഡുചെയ്യാൻ ഒരു മിനിറ്റെടുക്കുമായിരുന്നു" അദ്ദേഹം പറഞ്ഞു. അവ സ്വയം വെബ്‌സൈറ്റിൽ ലോഡാകുമായിരുന്നില്ല, ചിത്രം ദൃശ്യമാകുന്നതിന് നിങ്ങൾ അവയിൽ ക്ലിക്കുചെയ്യേണ്ടതുണ്ടായിരുന്നു. അങ്ങനെ ആ പെൺകുട്ടികൾ അവർ പോലുമറിയാതെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

സെർനെറ്റ്സിന്റെ ഈ ഫോട്ടോയെ സാധാരണയായി 'ഇന്റർനെറ്റിലേക്ക് അപ്‌ലോഡുചെയ്‌ത ആദ്യ ഫോട്ടോ' എന്ന് വിളിക്കുന്നുണ്ടെങ്കിലും അത് പൂർണമായും സത്യമല്ല. ഭൗതികശാസ്ത്രജ്ഞർക്ക് ഡാറ്റ പങ്കിടാനായി വെബ് നിർമ്മിച്ചതിനാൽ, ആ ഡാറ്റയിൽ പലപ്പോഴും ശാസ്ത്രീയ ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു. സെർനെറ്റിന്റെ ഫോട്ടോക്കു മുൻപ് തന്നെ വെബിൽ ധാരാളം ചിത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വെബിൽ അപ്‌ലോഡ് ചെയ്ത സാങ്കേതിക കാര്യങ്ങളുമായി ബന്ധമില്ലാത്ത ആദ്യചിത്രമാണ് ഇത്.